പ്രഖ്യാപനത്തില്‍ തന്നെ കല്ലുകടിച്ചിരിക്കുകയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ഇനിയിപ്പോള്‍ തലസ്ഥാനത്ത് എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണണം. രാജ്യാന്തര ഫിലം ഫെസ്റ്റിവല്‍ കഴിഞ്ഞയുടന്‍ തലസ്ഥാനം കണ്മു തുറക്കുന്നത് ക്രിസ്മസ്സിലേക്കാണ്. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ എതിരേറ്റു കഴിഞ്ഞാല്‍ കലോത്സവത്തിന് തിരിതെളിയുകയായി. കഴിഞ്ഞ കാലങ്ങളില്‍ കലോത്സവത്തിന്റെ നടത്തിപ്പുമായി ഉയര്‍ന്നുകേട്ട അപശ്രുതികളെല്ലാം അന്തപുരിയിലെത്തുമ്പോള്‍ ഇല്ലാതാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, മന്ത്രിയുടെ വിടുവായത്തരം കൊണ്ട് പ്രഖ്യാപനത്തിലേ പാളിപ്പോയിരിക്കുകയാണ്.
യുവജനോത്സവത്തിലെ സ്വാഗത ഗാനത്തിന് ഒരു സിനിമാനടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയാണ് ഇന്നലെ വൈകുവോളം സോഷ്യല്‍ മീഡിയയിലും ചലച്ചിത്ര മേഖലയിലും സജീവ ചര്‍ച്ചയായത്. കലോത്സവത്തിന്റെ തീയതി പ്രഖ്യാപിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ വിദേയഭ്യാസ മന്ത്രിയാവുകയും, പണം ആവശ്യപ്പെട്ട നടി വിമര്‍ശിക്കുകയും ചെയ്ത ശിവന്‍കുട്ടി, വാര്‍ത്താ സമ്മേളനം കഴിഞ്ഞിറങ്ങിയപ്പോള്‍ തൊഴില്‍മന്ത്രി ആയി മാറി. ഇതോടെ നേരത്തെ നടിയെ കുറിച്ചു പറഞ്ഞ പ്രസ്താവന മുഴുവനായി വിഴുങ്ങുകയും ചെയ്തു. തൊഴില്‍ ചെയ്താല്‍ കൂലി ചോദിച്ചു വാങ്ങേണ്ട കടമയുണ്ടെന്ന ബോധം തൊഴില്‍മന്ത്രിക്കുണ്ടെങ്കിലും വിദ്യാഭ്യാസമന്ത്രിക്ക് അതുണ്ടാകണമെന്ന് വാശി പിടിക്കാനാവില്ല.
പക്ഷെ, വിദ്യാഭ്യാസമന്ത്രിയും തൊഴില്‍ മന്ത്രിയും ഒരാളായാല്‍ എന്തു ചെയ്യും. അതാണ് ശിവന്‍കുട്ടിക്ക് പറ്റിയ അമളി. സ്വാഗത ഗാനത്തിന് അഞ്ചു ലക്ഷം ചോദിച്ച നടിയെ തൊഴില്‍ മന്ത്രിക്ക് സംരക്ഷിച്ചേ മതിയാകൂ. കാരണം, അത് അവരുടെ തൊഴിലും അതിലൂടെ ലഭിക്കുന്ന വരുമാനവുമാണ്. അത് നഷ്ടപ്പെടുത്താനാവില്ല. എന്നാല്‍, പത്തുമിനിട്ട് പരിപാടിക്ക് കവുത്തറുപ്പന്‍ തുക ചോദിക്കുന്നത് ലോകത്തെ ഒരു വിദ്യാഭ്യാസ മന്ത്രിക്കും സഹിക്കുന്ന കാര്യമല്ല. അതാണ് വിദ്യാഭ്യാസ മന്ത്രിയായി ശിവന്‍കുട്ടി പറഞ്ഞതും. ഈ രണ്ടഭിപ്രായവും നിഴലും നിലാവും പോലെ തന്നിലേക്കു തന്നെ പതിച്ചതാണ് ഇന്നലെ വൈകിട്ടോടെ സംഭവിച്ചത്. തുപ്പാനും വയ്യ ഇറക്കാനും വയ്യാതെ മന്ത്രി ശിവന്‍കുട്ടി ബുദ്ധിമുട്ടി.
കടുത്ത അമര്‍ഷമായിരുന്നു സൈബര്‍ ലോകത്ത് ശിവന്‍കുട്ടി നേരിട്ടത്. വിവാദത്തില്‍ മന്ത്രി ശിവന്‍കുട്ടിയെ പിന്തുണക്കാന്‍ ആരും തയ്യാറായില്ല. സൈബറിടത്തിലെ സി.പി.എം അണികള്‍ പോലും ശിവന്‍കുട്ടിയുടെ പ്രസ്താവനയെ തള്ളി. അധ്വാനിക്കുന്നവര്‍ക്ക് പണം കൊടുക്കണം എന്ന സാമാന്യ മര്യാദ പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് അറിയില്ലേ എന്ന ചോദ്യം പാളയത്തില്‍ പട ഉയര്‍ത്തിയതോടെ മന്ത്രി പെട്ടു. ഇത്തരം വിമര്‍ശനങ്ങള്‍ കടുത്തതോടെയാണ് മന്ത്രി പറഞ്ഞ പ്രമുഖ നടി ആരെന്ന ചോദ്യം ഉയര്‍ന്നത്. ഇതോടെ പലരും വിവാദത്തില്‍ പ്രതികരിച്ചു രംഗത്തുവന്നു. മന്ത്രി ശിവന്‍കുട്ടി സൂചിപ്പിച്ച ആ നടി നവ്യ നായരാണെന്ന് സൈബര്‍ലോകം കണ്ടെത്തുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് സൗജന്യമായി അവരുടെ അധ്വാനത്തിന് വിലകല്‍പ്പിക്കാത്തത് എന്ന വിധത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഈ വിഷയത്തില്‍ മന്ത്രിയെ ആരും പിന്തുണക്കാതെ വരികയും സംസ്ഥാന സര്‍ക്കാറിലെ ഓരോ ധൂര്‍ത്തുകളും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമായി ഉയരുകയും ചെയ്തു. മന്ത്രി ശിവന്‍കുട്ടിയുടെ കുടുംബത്തിലേക്ക് തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളവും മറ്റ് ആനൂകൂല്യവും ലഭ്യമാക്കുന്നതും ചര്‍ച്ചയായി. സംസ്ഥാന യുവജനോത്സവത്തില്‍ 14,000 കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുക എന്നത് വലിയ ടാസ്‌ക്ക് തന്നെയാണെന്ന് പലരും അഭിപ്രായപ്പെട്ടു. നടിയുടെ ഡാന്‍സിന് പണം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ നിയമസഭയില്‍ പണ്ട് മന്ത്രി തന്നെ നടത്തിയ ‘ശിവതാണ്ഡവം’ ഫ്രീ ആയി്ട് ചെയ്താല്‍ പോരേ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം.
ഇതിനിടെ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിക്കെതിരെ രംഗത്തുവന്നു. കേരളീയത്തിന്റെ പേരില്‍ നടത്തിയ ധൂര്‍ത്തും കലാമണ്ഡലത്തില്‍ പുതിയ ചാന്‍സലര്‍ക്കായി പണം ചിലവാക്കുന്നതും അടക്കമുള്ള കാര്യങ്ങളും ഇതോടെ ചര്‍ച്ചയായി. മന്ത്രിയുടെ പ്രസ്താവനയില്‍ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങി. സംസ്ഥാന യുവജനോത്സവത്തിലെ ബാക്കി എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ സേവനമാണോ? ഭക്ഷണത്തിനും ശബ്ദ സംവിധാനത്തിനും പന്തലിനും ഒക്കെ പണം നല്‍കാമെങ്കില്‍ എന്തുകൊണ്ട് ആ കലാകാരിക്ക് പണം നല്‍കിക്കൂട എന്നാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ചോദിച്ചത്. മന്ത്രി ആയതിനുശേഷം ശിവന്‍കുട്ടി ശമ്പളം വാങ്ങുന്നില്ലേ ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത് ? ആശുപത്രിയില്‍ പോയി കിടക്കുമ്പോള്‍ കണ്ണടക്കും തോര്‍ത്തുമുണ്ടിനും പഴം പൊരിക്കും വരെ സര്‍ക്കാരില്‍ നിന്ന് റീ ഇമ്പേഴ്സ്മെന്റ് വാങ്ങുന്ന മന്ത്രിമാര്‍ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വിലയിടാന്‍ നില്‍ക്കരുതെന്നുമാണ് സന്ദീപ് വാര്യര്‍ പറയുന്നത്.
വിവാദം കൈവിട്ടു പോയതോടയാണ് നടിയെക്കുറിച്ച് താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കാനാണ് പ്രസ്താവന പിന്‍വലിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ”എന്റെ പ്രസ്താവനയ്ക്കു പിന്നാലെ പലരുടെയും പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. ആരെയും സംശയിക്കേണ്ട. ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട. കലോത്സവം നടക്കുന്ന സമയത്ത് ആരെയും വിഷമിപ്പിക്കേണ്ടതില്ല. അതുകൊണ്ടു പ്രസ്താവന ഞാന്‍ പിന്‍വലിച്ചു. ഇനി അതു വിട്ടേക്ക്” മന്ത്രി പറഞ്ഞു. കലോത്സവത്തിലേക്ക് കൂടുതല്‍ ജനശ്രദ്ധ കൊണ്ടു വരുന്നതിനും കലോത്സവ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും കലോത്സവ വേദിയില്‍ സെലിബ്രിറ്റികളെ കൊണ്ടു വരാറുണ്ട്.
കൊല്ലം കലോത്സവത്തില്‍ മമ്മൂട്ടി, ആശാ ശരത്, നിഖിലാ വിമല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ആശാ ശരത്താണ് സ്വാഗത ഗാന നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയത്. കോഴിക്കോട് കലോത്സവത്തില്‍ കെ.എസ്.ചിത്ര, ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ എല്ലാവരും പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തത്. കലോത്സവ വേദികളില്‍ എത്തുന്ന സെലിബ്രിറ്റികള്‍ ആ വേദിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് പ്രതിഫലം ഒന്നും ഇല്ലാതെയാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സാംസ്‌കാരിക പരിപാടിയില്‍ താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വാര്‍ത്തയായത് ശ്രദ്ധയില്‍പ്പെട്ടു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല ആ പരാമര്‍ശങ്ങള്‍. അതിനാല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
വെഞ്ഞാറമ്മൂട്ടില്‍ സംസ്ഥാന നാടക മത്സരത്തിന്റെ സമ്മാനദാനത്തിനു പോയപ്പോഴാണ് നടിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയതെന്നു മന്ത്രി പറഞ്ഞു. സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നിവര്‍ അവിടെ ഉണ്ടായിരുന്നു. ലോകത്ത് എവിടെ ആയിരുന്നാലും സുരാജ് വെഞ്ഞാറമൂട്, പഴയ നാടകനടന്‍ എന്ന നിലയില്‍ നാടകോത്സവം നടക്കുന്ന സമയത്ത് അവിടെ എത്തുമെന്നു പറഞ്ഞു. അത് ആ നാടിനോടും നാടകത്തോടുമുള്ള സ്‌നേഹമാണ്. ഇത് എല്ലാ സെലിബ്രിറ്റികളും പിന്തുടരുന്നത് നല്ലതാണെന്ന് ഞാന്‍ പറഞ്ഞു. യുവജനോത്സവത്തിന്റെ ലോഗോ പ്രകാശനം ആയിട്ടേ ഉള്ളു. കുട്ടികളെ നിരാശപ്പെടുത്തുന്ന വിവാദങ്ങള്‍ വേണ്ട. അതുകൊണ്ട് വെഞ്ഞാറമൂട്ടില്‍ ഞാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ പറയുമ്പോള്‍ താന്‍ വഹിക്കുന്ന മന്ത്രിപദം ഏതൊക്കെയാണെന്ന സാമാന്യ ബോധ്യമെങ്കിലും മന്ത്രിമാര്‍ക്കുണ്ടാകണം. മാത്രമല്ല, ഒരു നടി 5 ലക്ഷം രൂപ ചോദിച്ചാല്‍ കേരളത്തില്‍ വേറെ നടികള്‍ ഇല്ലാത്തതു പോലെ, ആ നടിയെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തരുത്. അവര്‍ക്ക് കൊടുക്കാന്‍ പണമില്ലെങ്കില്‍ മന്ത്രിയെപ്പോലെ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന മറ്റാരെയെങ്കിലും നോക്കണമായിരുന്നു. നടിമാരോ നടന്‍മാരോ ഇല്ലാത്ത ഇടമല്ലല്ലോ കേരളം. എന്നാല്‍, പ്രതിഫലം ചോദിച്ച നടിയെ സമൂഹത്തിനു മുമ്പില്‍ അപമാനിക്കാന്‍ വേണ്ടി മാത്രം പറഞ്ഞ പ്രസ്താവന പോലെയാണ് ഇത് പ്രതിഫലിച്ചിരിക്കുന്നത്.
CONTENT HIGHLIGHTS; If there is no money to pay for the dance of the actress, should Shivankutty perform the old Shivtandavam in the Legislative Assembly for free?