Explainers

പുതുവത്സരം ആഘോഷിക്കാന്‍ ഗുണ്ടാപ്പടയുടെ നീക്കം: ശാപമോക്ഷം കിട്ടാതെ തലസ്ഥാന വാസികള്‍; ഭയപ്പാടിന്റെ കത്തിമുനയില്‍ എത്ര നാള്‍ കഴിയണം മനുഷ്യര്‍; ഉറങ്ങാത്ത ഗുണ്ടാ സംഘങ്ങളും മയക്കുമരുന്ന് കച്ചവടവും ഡി.ജെ പാര്‍ട്ടികളും

തലസ്ഥാന നഗരത്തില്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്നും, എന്തു ചെയ്യണമെന്നുമൊക്കെ ഉത്തരവിടുന്നത് ഗുണ്ടാ-ക്വട്ടേഷന്‍ സംഘങ്ങളാണ്. എന്നാണ് നമ്മുടെ വീട്ടു പടിക്കല്‍ ഗുണ്ടകള്‍ എത്തുന്നതെന്ന് ഭയപ്പാടോടെ ജീവിക്കേണ്ട ഗതികേട് പറഞ്ഞറിയിക്കാനാവില്ല. പോലീസ് ഇവിടെ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമല്ല. നിയമവും നിതിന്യായവും ഗുണ്ടായിസത്തിലും ക്വട്ടേഷന്‍ സംഘത്തിനൊപ്പവും ചേര്‍ന്നും ചേരാതെയും നില്‍ക്കുന്നുവെന്ന ചിന്ത വന്നതോടെ ആശ്രയം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുകയാണ് നഗരവാസികള്‍.

പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തൊട്ട്, മണ്ണെടുപ്പ്, മണല്‍വാരല്‍, ഫ്‌ളാറ്റ് നിര്‍മ്മാണം, മയക്കുമരുന്ന് വില്‍പ്പന, ചെറു ക്വട്ടേഷന്‍ മുതല്‍ ആളെ കൊല്ലുന്ന വലിയ ക്വട്ടേഷന്‍ വരെ എടുക്കുന്നവരുടെ പിടിയിലേക്ക് നഗരം എത്തിപ്പെട്ടു കഴിഞ്ഞു. ഗുണ്ടാപ്പക തീര്‍ക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ പരസ്പരം വെട്ടിയും കുത്തിയും നഗരത്തിന്റെ തെരുവോരങ്ങള്‍ ചുവപ്പിച്ചിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ഡി.ജെ. പാര്‍ട്ടിയും തമ്മില്‍ത്തല്ലും. ഈഞ്ചയ്ക്കലിലെ ഡാന്‍സ് ബാറില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തലസ്ഥാന നഗരത്തില്‍ ഗുണ്ടകള്‍ക്ക് ഉറക്കമില്ലെന്ന് മനസ്സിലാക്കാനായത്.

ഡാന്‍സ് ബാറില്‍ ഡി.ജെ പാര്‍ട്ടിക്കിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായത് ആസൂത്രിത ഏറ്റുമുട്ടലായിരുന്നു. സംഗീതനിശയ്ക്കിടെ നൃത്തം ചെയ്തുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുപോയ ഓംപ്രകാശിനെ എയര്‍പോര്‍ട്ട് സാജന്റെ സംഘത്തിലുള്ളവര്‍ പിന്നില്‍നിന്നു കയ്യേറ്റം ചെയ്യുന്ന ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. സാജന്റെ മകന്‍ ഡാനി ഡി.ജെ നയിക്കുമ്പോള്‍, തൊട്ടുമുന്നിലൂടെ നടന്നുപോയ ഓംപ്രകാശിനെ സാജന്റെ സംഘത്തിലുള്ളവര്‍ രണ്ടുതവണ പിന്നില്‍നിന്നു പിടിച്ചുതള്ളുന്നതാണു ദൃശ്യത്തിലുള്ളത്. ഒരു തവണ തിരിഞ്ഞുനോക്കിയ ഓംപ്രകാശ് പ്രതികരിക്കാതെ പോകുന്നതും കാണാം. ഈ സമയം ഓംപ്രകാശിനെ തള്ളിയ ആളെ ബാറിലെ സുരക്ഷാജീവനക്കാരന്‍ (ബൗണ്‍സര്‍) പിടിച്ചുവലിക്കാന്‍ നോക്കുന്നത് ഡാനി തടയുന്നുണ്ട്.

സാജന്റെ സംഘത്തിലെ ഇരുപതോളം പേര്‍ വളഞ്ഞതോടെ ഓംപ്രകാശ് പുറത്തേക്കുപോയി. ഈ സമയം ഓംപ്രകാശിനു തൊട്ടുപിന്നില്‍ വന്ന സുഹൃത്ത് നിധിനെ, സാജന്റെ സംഘം ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും കുപ്പി ഗ്ലാസ് വലിച്ചെറിയുകയുമായിരുന്നു. കേസില്‍ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജനും മകന്‍ ഡാനിയും അടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് വിടുകയായിരുന്നു. സാജന്റെ സംഘത്തിലുള്ള അരുണ്‍, ജോസ് ബ്രിട്ടോ, സജിത്, സൗരവ്, രാജേഷ്, ബിജു എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാസംഘങ്ങള്‍ 2 മണിക്കൂറോളം ക്യാംപ് ചെയ്തു വെല്ലുവിളി തുടര്‍ന്നിട്ടും ബാര്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചില്ല. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഞായറാഴ്ച രാവിലെയാണ് ഫോര്‍ട്ട് പൊലീസ് കേസ് എടുത്തത്.

ഏറ്റുമുട്ടലിനെക്കുറിച്ച് ശനിയാഴ്ച രാവിലെ തന്നെ പൊലീസ് സ്പെഷല്‍ ബ്രാഞ്ച് വിവരങ്ങള്‍ നല്‍കിയിരുന്നു. ഗുണ്ടാപ്പോര് പുറത്തായാല്‍ വിവാദമാകുമെന്നു കണ്ട് പൊലീസ് സംഭവം രഹസ്യമാക്കി. ഞായറാഴ്ച ഇതു വാര്‍ത്തയായതിനൊടുവില്‍ ബാര്‍ മാനേജറെ കണ്ട് പരാതി വാങ്ങി കേസ് എടുക്കുകയായിരുന്നു. ഓംപ്രകാശ്, എയര്‍പോര്‍ട്ട് സാജന്‍, ഡാനി, നിധിന്‍ എന്നിവരടക്കം എഴുപത്തഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്. അടിപിടിക്കും ബാറിലെ ഡിജെ പാര്‍ട്ടി തടസ്സപ്പെടുത്തി നാശനഷ്ടം വരുത്തിയതിനുമാണ് കേസ്. ബാര്‍ മാനേജര്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്നു പൊലീസ് പറയുന്നു.

അതേസമയം, ഡാന്‍സ് ബാറില്‍ ഡി.ജെ പാര്‍ട്ടിക്കിടെ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയ കേസില്‍ ഒന്നും അറിയില്ലെന്നാണ് ഓംപ്രകാശിന്റെ മൊഴി. ഡാനിയുടെ പരിപാടിയാണെന്ന് അറിഞ്ഞല്ല ഓംപ്രകാശ് അവിടെ പോയത്. സാജന്റെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്ത വെള്ളയാണിക്കാരനായ നിതന്‍ പരാതി കൊടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താന്‍ കഴിയാത്തത്. ഓംപ്രകാശിനൊപ്പം ബാറിലെത്തിയ യുവതിക്കും പൊലീസ് നോട്ടിസ് അയച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയായ യുവതി സ്റ്റേഷനില്‍ എത്തുമെന്നാണ് സൂചന.

ഓംപ്രകാശുമായി ഏറ്റുമുട്ടിയ വലിയതോപ്പ് സ്വദേശി സാജന്‍, മകന്‍ ഡാനി എന്നിവരടക്കം കേസില്‍ പ്രതികളായ 25 പേര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായിരുന്നു. പാറ്റൂര്‍ കേസില്‍ ആഴ്ചതോറും ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഒപ്പിടാന്‍ എത്താറുള്ള ഓംപ്രകാശ് മാസങ്ങളായി കുളത്തൂരിലാണ് താമസം. കുളത്തൂരിലെ തമ്പൂരാന്‍മുക്കിലെ വീട്ടില്‍ നിന്നാണ് ഓംപ്രാശിനെ പിടിച്ചത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. താന്‍ ഒന്നിനും പോയിട്ടില്ലെന്നാണു ബാറിലെ ഏറ്റുമുട്ടലിനെക്കുറിച്ച് ഓംപ്രകാശിന്റെ മറുപടിയെന്നു പൊലീസ് പറയുന്നു. ഗുണ്ടകളെ നിരീക്ഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ചിനും ഷാഡോ സംഘത്തിനും കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ദിവസം ബാറിലുണ്ടായിരുന്ന മുഴുവന്‍ ആളുകളുടെയും തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ ഫോണ്‍ നമ്പരും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ 25 പേര്‍ സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്. ഇനി ബാറിലെ ഏറ്റുമുട്ടലിന്റെ പേരില്‍ ആക്രമണം ഉണ്ടാകാതെ തടയുകയാണ് ലക്ഷ്യം. ഭീഷണിയെത്തുടര്‍ന്നു സാജന്റെ സംഘത്തിലെ പലരും സമൂഹമാധ്യമങ്ങളില്‍ നിന്നു ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നുണ്ട്. രാത്രി 9.30ന് കഴക്കൂട്ടം കുളത്തൂരുള്ള അതിഥിസത്ക്കാര കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. ഈഞ്ചയ്ക്കല്‍ ബാറിലെ ഗുണ്ടാ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഓംപ്രകാശിനെ ഒന്നാം പ്രതിയാക്കി ഫോര്‍ട്ട് പൊലീസ് കേസെടുത്തിരുന്നു.

ഇതില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇയാള്‍ ഹാജരായില്ല. തുടര്‍ന്നാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. പൊലീസ് ഓംപ്രകാശിന് ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം വന്നത്. സംഘം കൂടി സംഘര്‍ഷം, പൊതുജനശല്യം തുടങ്ങി ആറ് വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും എല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പായിരുന്നു. നഗരമദ്ധ്യത്തിലെ ഈഞ്ചയ്ക്കലിലെ ഡാന്‍സ് ബാറിലാണ് സാജന്‍ നടത്തിയ ഡി.ജെ പാര്‍ട്ടിക്കിടെ ഗുണ്ടാസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും സാജന്റെ സംഘവുമാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടിയത്. വെള്ളനാട് സുരേന്ദ്രന്റെ ബാറിലായിരുന്നു ആക്രമണം. ഓംപ്രകാശ് വിവാഹ മോചിതനായെന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഗുണ്ടാ തലവന്മാരില്‍ എയര്‍പോര്‍ട്ട് സാജന് നല്ല കരുത്തുണ്ടുത്രേ. ഇത് തകര്‍ക്കാനുള്ള ഓംപ്രകാശിന്റെ ശ്രമമാണ് ഈഞ്ചയ്ക്കലില്‍ കണ്ടെതെന്നും പോലീസ് വിലയിരുത്തുന്നു. സാജന്റെ മകനും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഡാനി നടത്തിയ ഡി.ജെ പാര്‍ട്ടി ഓംപ്രകാശ് തടസപ്പെടുത്തിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇവര്‍ തമ്മിലുള്ള കുടിപ്പകയുടെ തുടര്‍ച്ചയാണ് ഏറ്റുമുട്ടല്‍.

പരിപാടി നടക്കുന്നതിനിടെ ഓംപ്രകാശും നിതിനും അസഭ്യം വിളിക്കുകയും വാക്കേറ്റം ഉണ്ടായതിനെത്തുടര്‍ന്ന് ബാറിനുള്ളില്‍ ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇരുകൂട്ടരും സ്ഥലംവിട്ടു. പാറ്റൂരില്‍ റിയല്‍ എസ്റ്റേറ്റുമായി ഉണ്ടായ തര്‍ക്കത്തില്‍ നിധിന്‍ എന്ന ചെറുപ്പക്കാരനെ വെട്ടിയ കേസിലാണ് അവസാനമായി ഓംപ്രകാശ് നഗര പരിധിയില്‍ അറസ്റ്റിലാകുന്നത്. രണ്ടു മാസം മുന്‍പ് കൊച്ചിയിലെ ലഹരിക്കേസില്‍ ഓംപ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിരുന്നു. തിരുവനന്തപുരത്ത് ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന വ്യക്തിയാണ് നിതിന്‍. ഡാനിയും ഈ ബിസിനസ്സില്‍ ഇറങ്ങിയതാണ് പ്രശ്‌നമുണ്ടാക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ഓംപ്രകാശും എയര്‍പോര്‍ട്ട് സാജനും തമ്മിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇഞ്ചക്കലിലെ സംഘര്‍ഷം. വന്‍കിട ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ മറവിലാണ് സംഘത്തിന്റെ ഇപ്പോഴത്തെ ഓപ്പറേഷനുകള്‍. എയര്‍പോര്‍ട്ട് സാജന്റെ മകനായ ഡാനിയാണ് ഓം പ്രകാശിന്റെ എതിര്‍ചേരിയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. അപ്രാണി കൃഷ്‌കുമാര്‍ വധ കേസില്‍ ഓം പ്രകാശിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് തലസ്ഥാനത്തെ ഗുണ്ടാ ഏറ്റുമുട്ടലിന് ഒരു പരിധിവരെ അറുതിയായത്. ഓം പ്രകാശിന്റെ അസാന്നിധ്യത്തില്‍ അതുവരെ ഭയന്ന് നിന്നവര്‍ പലരും സ്വന്തം സംഘത്തെ വളര്‍ത്തി. എയര്‍പോര്‍ട്ട് സാജനൊപ്പം മകന്‍ ഡാനിയും വളര്‍ന്നു.

നഗരത്തിലെ ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഡാനി വാര്‍ത്തയില്‍ ഇടം പിടിച്ചത് സ്വന്തം സുഹൃത്തിനെ ക്രൂരമായി പീഡിപ്പിച്ച് കാല് പിടിപ്പിക്കുന്ന വീഡിയോയിലൂടെയാണ്. ഡാനിയുടെ സംഘം ഉപേക്ഷിച്ചതിനായിരുന്നു വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. അപ്രാണി കേസില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കിയതോടെ ഓം പ്രകാശ് വീണ്ടും കളത്തിലിറങ്ങി. റിയല്‍ എസ്റ്റേറ്റ് ഇടപാടും വന്‍കിട ഹോട്ടലിലെ ഡിജെ പാര്‍ട്ടികളുമായിരുന്നു പ്രധാന വരുമാനമാര്‍ഗം. പരസ്യമായ ക്വട്ടേഷന്‍ ഇടപാടുകളില്ലായിരുന്നു. പാറ്റൂരിലെ അടിപിടിയില്‍ ഓംപ്രകാശിന്റെ ശത്രുക്കള്‍ക്ക് ഒളിത്താവളം അടക്കമുള്ള സഹായം ചെയ്തത് ഡാനിയാണ്.

കേസില്‍ ഒളിവിലായിരുന്ന ഓം പ്രകാശിനെ ഗോവയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. പിന്നാലെ കൊച്ചിയില്‍ വന്‍കിട ഹോട്ടലിലെ ലഹരി പാര്‍ട്ടിയുടെ പേരിലും ഓം പ്രകാശ് പിടിയിലായി. കഴിഞ്ഞ ഏതാനും കാലമായി എയര്‍പോര്‍ട്ട് സാജന്റെ മകന്‍ ഡാനിയാണ് തലസ്ഥാനത്തെ ഡിജെ പാര്‍ട്ടികളുടെ പ്രധാന സംഘാടകന്‍. ഡിജെ പരിപാടികളുമായി ഓം പ്രകാശും തലസ്ഥാനത്ത് സജീവമാണ്. ഇഞ്ചക്കലില്‍ ഡാനി സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയിലേക്ക് ഓം പ്രകാശ് എത്തി സംഘര്‍ഷമുണ്ടാക്കിയത് ഏത് സാഹചര്യത്തിലാണ് എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.

CONTENT HIGHLIGHTS;Gang move to celebrate New Year: The inhabitants of the capital did not get relief from the curse; How long should people stay on the edge of fear; Sleepless gangs, drug dealing and DJ parties

Latest News