Explainers

മുഖ്യമന്ത്രി മോഹവുമായി ചെന്നിത്തല: പെരുന്നയും, കണിച്ചുകുളങ്ങരയും കൈയ്യിലുണ്ടെങ്കില്‍ എന്തും നടക്കുമെന്ന് കണക്കുകൂട്ടല്‍; ഓട് പൊളിച്ചും, കയറില്‍ തൂങ്ങി ഇറങ്ങാനും നിരവധി പേരുണ്ടെന്ന ബോധ്യത്തോടെ കരുനീക്കം; തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ ഇതുപക്ഷവും

കേരളത്തിന്റെ മുഖ്യമന്ത്രി പദം അത്രയ്ക്കും വിശിഷ്ടമാകുന്നത്, ഇന്ത്യയുടെ പ്രധാനമന്ത്രി പദം സ്വപ്‌നം കാണാന്‍ കഴിയാത്തതു കൊണ്ടാണെന്ന് രാഷ്ട്രീയ ബുദ്ധി ജീവികള്‍ക്ക് നന്നായറിയാം. അതുകൊണ്ടാണ്, എം.പിയായി മത്സരിക്കാതെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കട്ടയ്ക്ക് നിന്ന് പടപൊരുതുന്നത്. താന്‍ ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും, പാര്‍ട്ടി ജയിക്കുമ്പോള്‍ താന്‍ തോല്‍ക്കുകയും ചെയ്ത് ഒടുവില്‍ മുഖ്യമന്ത്രി പദം ലഭിച്ചൊരു സഖാവുണ്ട്. പുന്നപ്ര സമര നായകന്‍ വി.എസ്. അച്യുതാനന്ദന്‍. വിജയനെന്ന പാര്‍ട്ടിയിലെ എതിരാളി പിണറായിയില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്കെത്തപ്പെട്ടതോടെ വി.എസിന് ക്ഷീണം തട്ടി. ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്.

വി.എസിന്റെ കഥ ഇവിടെ പറഞ്ഞതിന് കാരണം, കോണ്‍ഗ്രസിലെ ഒതുക്കപ്പെട്ട നേതാവിനെ കുറിച്ച് പറയാന്‍ വേണ്ടിയാണ്. അതായത്, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയാണ് താരം. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായത് വി.ഡി. സതീശനാണ്. സതീശന് പിന്നിലെ സീറ്റിലേക്ക് മുന്‍നിര നേതാവായ രമേശ് ചെന്നിത്തല നീക്കപ്പെട്ടതോടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി എന്ന പദത്തിന് ആവശ്യക്കാര്‍ ഏറെയായി. ഡെല്‍ഹിയില്‍ നിന്നും കെട്ടിയറക്കാന്‍ വരെയുള്ള നീക്കങ്ങളും സജീവമായി. ശശി തരൂരും, കെ.സി. വേണുഗോപാലുമെല്ലാം പാകമല്ലാത്ത മുഖ്യമന്ത്രിയുടെ കോട്ട് തയ്ച്ചു വെച്ചു.

പിണറായി സര്‍ക്കാരിന് ഇനി ഒരു വര്‍ഷം കൂടെ ഉണ്ടെന്നതാണ് കോണ്‍ഗ്രസിലെ പുതിയ നീക്കങ്ങള്‍ക്കു കാരണമെന്നാണ് വിലയിരുത്തല്‍. സമവാക്യങ്ങള്‍ മാറുന്നതും, വി.ഡി. സതീശനെതിരേ നേതാക്കളുടെ പടയൊരുക്കങ്ങളുമെല്ലാം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയം കോണ്‍ഗ്രസിലേക്ക് വഴി തുറക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും ജനങ്ങളെ പരമാവധി വെറുപ്പിച്ചിട്ടുണ്ട്. ഇത് മുതലെടുക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ആയില്ലെങ്കില്‍ വന്‍ പരാജയമായിപ്പോകും. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ യു.ഡി.എഫിന് അനുകൂലമാണ്.

ഉമ്മന്‍ചാണ്ടി രണ്ടാമതും മുഖ്യമന്ത്രിയാകുമ്പോള്‍ ഉള്ളില്‍ കരഞ്ഞുകൊണ്ട് വഴി മാറികൊടുക്കേണ്ട അവസ്ഥയിലായിരുന്നു ചെന്നിത്തല. പിന്നീട് കോണ്‍ഗ്രസ് പച്ച തൊട്ടില്ല. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും കാലയവനികയില്‍ മറഞ്ഞു. ഇനി ചെന്നിത്തലയാണ് സീനിയര്‍ നേതാവ്. യു.ഡി.എഫ് കേരളത്തില്‍ വിജയിച്ചാല്‍ സ്വാഭാവികമായും മുഖ്യമന്ത്രി പദം ചെന്നിത്തലയില്‍ വന്നു ചേരേണ്ടതുമാണ്. എന്നാല്‍, നിലവിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചെന്നിത്തലയുടെ പേരുപോലും അപ്രസ്‌കതമായിരിക്കുകയാണ്. ഇത് മനസ്സിലാക്കിയുള്ള രാഷ്ട്രീയ കരുനീക്കമാണ് നടക്കുന്നതെന്നു വേണം കരുതാന്‍. എന്‍.എസ്.എസ്സുമായും, എസ്.എന്‍.ഡി.പിയുമായും സഖ്യത്തിലായാല്‍ പിന്നെ, കാര്യങ്ങള്‍ എളുപ്പമാകുമെന്ന കണക്കു കൂട്ടലിലാണ് ചെന്നിത്തല.

പക്ഷെ, തകര്‍ന്നു തരിപ്പണമായ ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനും പ്രതീക്ഷയുടെ നാമ്പായി മാറുകയാണ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ നീക്കങ്ങളെന്നാണ് എതിര്‍ ചേരിയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ചെന്നിത്തല വെള്ളാപ്പള്ളിയെ കൂട്ട് പിടിച്ച് നടത്തുന്ന നീക്കങ്ങള്‍ യു.ഡി.എഫിന്റെ സാധ്യതക്ക് മങ്ങലേല്‍പിക്കുമെന്നും കണക്കുകൂട്ടല്‍. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാവികാസ് അഘാഡിയെ അധികാരത്തില്‍ ഏറ്റും എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുന്‍പ് മാധ്യമങ്ങളോടുള്ള ചെന്നിത്തല പറഞ്ഞിരുന്നത്. ഫലം വന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. മഹാവികാസ് അഘാഡിയുടെ ദയനീയ തോല്‍വിയോടെ ചെന്നിത്തല വീണ്ടും വനവാസത്തിനു പോയി.

2021ല്‍ ആയിരുന്നു ഇതിന് മുമ്പ് ചെന്നിത്തലയുടെ ദയനീയ പ്രകടനം കണ്ടത്. ദയനീയ തോല്‍വി നേരിട്ട ചെന്നിത്തല ഒടുക്കം കന്റോണ്‍മെന്റ് ഹൗസ് വിട്ട് സ്വവസതിയില്‍ അഭയം തേടി എന്നത് ചരിത്രം. 2016 ലും 2021 ലും തകര്‍ന്ന് തരിപ്പണമായി ആത്മവിശ്വാസം നഷ്ടപ്പെട്ട യു.ഡി.എഫ് – കോണ്‍ഗ്രസ് അണികളുടെ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതായിരുന്നു സുധാകര – സതീശ സഖ്യത്തിന്റെ പ്രഥമ പരിഗണന. അതിലവര്‍ വിജയിക്കുകയും ചെയ്തു. ഒപ്പം തുടര്‍ ഭരണത്തിന്റെ അഹന്ത പിണറായിക്കും സംഘത്തിനും പിടി കൂടിയതോടെ കാര്യങ്ങള്‍ പതിയെ യു.ഡി.എഫിന്റെ കോര്‍ട്ടിലായി. നിയമസഭ, തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ ജയിച്ച് യു.ഡി. എഫ് മേധാവിത്വം കാട്ടി.

ഇടതു കോട്ടയായ ചേലക്കരയില്‍ ഭൂരിപക്ഷം മുന്നിലൊന്നായി കുറച്ചു. വെള്ളാപ്പള്ളി പിന്തുണച്ച സരിന്റെ തോല്‍വിയായിരുന്നു ഏറ്റവും ദയനീയം. സരിന്‍ മിടുക്കനാണെന്നായിരുന്നു ചെന്നിത്തലയുടെ ആദ്യ കമന്റും. സന്ദീപ് വാര്യരുടെ വരവ് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം എന്നായിരുന്നു ചെന്നിത്തലയുടെ മുനവച്ചുള്ള മറുപടി. പാലക്കാട് ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ അഞ്ചിരട്ടി ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിച്ചപ്പോള്‍ സരിനൊപ്പം തോറ്റത് വെള്ളാപ്പള്ളി കൂടെ ആയിരുന്നു. അപ്രതീക്ഷിതം ആയിരുന്നില്ല സതീശ സുധാകര സഖ്യത്തിന്റെ വിജയം. കൃത്യമായ ഹോം വര്‍ക്കില്‍ ആണ് ഇരുവരും വിജയം പടുത്തുയര്‍ത്തിയത്. ടീം വര്‍ക്കായിരുന്നു വിജയത്തിന്റെ പ്രധാന കാരണം.

തോല്‍വിയില്‍ പാഠം പഠിക്കാതെ വൈദ്യുത ചാര്‍ജ് അടക്കം കൂട്ടി ജനദ്രോഹ പരിപാടികളുമായി പിണറായി മുന്നോട്ട് പോയതോടെ യു.ഡി.എഫ് ഭരണത്തിലെത്തും എന്ന് വിമര്‍ശകര്‍ പോലും അംഗികരിച്ചു. സിപിഎം കമ്മിറ്റികളില്‍ പോലും അസാധാരണമാം വിധം ഭരണത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഭരണം കിട്ടുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി മോഹവുമായി ചെന്നിത്തല ഇറങ്ങി. മതേതര നിലപാട് എന്നും പുലര്‍ത്തുന്ന എന്‍ എസ് എസ് ചെന്നിത്തലയെ മന്നം ജയന്തിയില്‍ ക്ഷണിച്ചു. എല്ലാ വര്‍ഷവും എന്‍ എസ് എസ് ഓരോ നേതാക്കളെ ക്ഷണിക്കും. അത്ര മാത്രം പ്രാധാന്യമേ ചെന്നിത്തലയുടെ ക്ഷണത്തിനും ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയ കൗശലം കാണിച്ച് ചെന്നിത്തല ഇത് ഒരു മഹാസംഭവം ആക്കി തീര്‍ക്കാന്‍ രംഗത്തിറങ്ങി. മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ ചെന്നിത്തലയുടെ മുഖം കൂടുതല്‍ വികൃതമായി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി ചെന്നിത്തല.

ഒപ്പം കോണ്‍ഗ്രസിന്റെ ആജന്മ ശത്രുവായ വെള്ളാപ്പള്ളി ചെന്നിത്തല മുഖ്യമന്ത്രിയാകുന്നതാണ് നല്ലത് എന്നും അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി പിണറായിക്കൊപ്പവും മകന്‍ തുഷാര്‍ ബി.ജെ.പിക്ക് ഒപ്പവും നില്‍ക്കുന്ന രാഷ്ട്രിയ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയെ ഇറക്കി പ്രസ്താവന നടത്തിയ ചെന്നിത്തലയുടെ നീക്കം പാളി. ചെന്നിത്തലയുടെ നീക്കങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുകയാണ് പിണറായി. ചെന്നിത്തല ഒരു എതിരാളി അല്ല എന്ന് പിണറായിക്ക് അറിയാം. സതീശനെ ആക്രമിച്ച് ചെന്നിത്തലക്ക് പരമാവധി പ്രോല്‍സാഹനം നല്‍കുന്ന നിലപാട് പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ അടക്കം ഉണ്ടാകും. യു.ഡി.എഫിന്റെ വിജയ കുതിപ്പ് എങ്ങനെയും അവസാനിപ്പിക്കാന്‍ ചെന്നിത്തലയുടെ നീക്കങ്ങള്‍ക്ക് ശക്തി പകരുന്ന കൗശലം പിണറായിയും സംഘവും പയറ്റും. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കലക്കി മറിച്ചിടാനുള്ള നീക്കമാണ് ഇടതുപക്ഷം നടത്തുന്നത്.

CONTENT HIGH LIGHTS;Chennithala with Chief Minister Moha: Calculation that anything can happen if Perunna and Kanichkulangara are in hand; Maneuvering with the conviction that there are too many people to break down the oat and hang from the rope; This is the side to drink blood

Latest News