2024 ജനങ്ങളെ ദ്രോഹിക്കാനുള്ള വര്‍ഷമാക്കി മാറ്റിയോ?: ലോട്ടറിയിലും മദ്യത്തിലും വര്‍ഷം 30,000 കോടിക്കു മുകളില്‍ വരുമാനം; എന്നിട്ടും എച്ചിത്തരം പറയുന്ന സര്‍ക്കാര്‍ പെട്രോള്‍ സെസ് ഏര്‍പ്പെടുത്തിയിട്ടും ക്ഷേമ പെന്‍ഷന്‍ ഗോവിന്ദ

സര്‍ക്കാര്‍ പറയുന്നത് വേദവാക്യം പോലെ വിശ്വസിച്ച് വായുംപൂട്ടി കിട്ടുന്നതും വാങ്ങി ഇരുന്നോണം. ഇല്ലെങ്കില്‍ കേരളത്തില്‍ ജീവിക്കാന്‍ അനുവദിക്കില്ല. ഇതാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സര്‍ക്കാര്‍ നിലപാട്. ആത്മഹത്യകളുടെ എണ്ണമെടുത്താല്‍ തന്നെ ഇതു വ്യക്തമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഇരുമ്പു കോട്ടകളും, അതില്‍ ജോലി ചെയ്യുന്നവരെല്ലാം സര്‍ക്കാരിന്റെ അടിമകളും എന്ന ധാരണയാണ് ഉണ്ടാക്കി വെയ്ക്കേെപ്പാട്ടിരിക്കുന്നത്. ജനാധിപത്യ രാജ്യത്തെ ജനപ്രതിനിധികളെന്നാല്‍, രാജാവിനേക്കാള്‍ വലിയ ചക്രവര്‍ത്തിമാരാണെന്നും ധരിച്ചു വശായിരിക്കുന്നുണ്ട്. നോക്കൂ, ചൂതാട്ടവും, മദ്യപാനവും നാടിന് ആപത്താണെന്ന് അറിഞ്ഞുകൊണ്ടുതന്നെ സര്‍ക്കാര്‍ തലത്തില്‍ വ്യാപകമായി ചെയ്യുന്നുണ്ട്.

ഇതിനെ ക്രമവത്ക്കരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ കാണാതെ പോകാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വരുമാന മാര്‍ഗം കൂടിയാണ് ലോട്ടറിയെന്ന (ചൂതാട്ടം) ഭാഗ്യ പീരക്ഷണവും മദ്യം എന്ന ലഹരിയും. ഇതുരണ്ടും ഇല്ലാത്ത സര്‍ക്കാരിന്റെ പ്രധാന വരുമാനം എന്തായിരിക്കുമെന്നു പോലും ചിന്തിക്കാനാവില്ല. കാരണം, ജനങ്ങളെ പറ്റിച്ചും, കുടിപ്പിച്ചും കിട്ടുന്ന കൊള്ള ലാഭത്തില്‍ കണ്ണുനട്ടാണ് ഓരോ സര്‍ക്കാരുകളും അധികാരത്തില്‍ കയറുന്നത്. ഇടതുപക്ഷ സര്‍ക്കാരും മറിച്ചല്ല ചിന്തിക്കുന്നതെന്ന് വ്യക്തമാണ്. നിയമസഭയില്‍ വെച്ച കണക്കുകളാണ് ഇതിനു തെളിവ്.

വ്യവസായ മന്ത്രി പി. രാജീവ് കേരളത്തിലെ വ്യവസായ മേഖലയെ ചലനാത്മകമാക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചെന്ന് നാഴികയ്ക്കു നാല്‍പ്പത് വട്ടം വിളിച്ചു പറയുമ്പോള്‍ അതില്‍ നിന്നൊക്കെ സംസ്ഥാന ഭരണവും, വിലക്കയറ്റവും, ക്ഷേമ പെന്‍ഷനുകളും, വികസനവും നടത്താനുള്ള പണം കിട്ടുന്നുണ്ടോ എന്നു കൂടി പറയണം. നാട്ടിലെ പട്ടിലെ മാറുമോ, തൊഴിലില്ലാത്തവര്‍ക്കെല്ലാം ജോലി കിട്ടുമോ?. ഇതൊന്നും സാധ്യമാകാത്ത സ്റ്റാര്‍ട്ടപ്പുകള്‍ വെറും സ്റ്റാര്‍ട്ടാകാത്ത അപ്പുകള്‍ മാത്രമായി തീര്‍ന്നിട്ടുണ്ടാകും. പക്ഷെ, മദ്യവും ലോട്ടറിയും അങ്ങനെയല്ല. എപ്പോഴും പണമാണ്. ഖജനാവിനെ കാലിയാക്കാതെ നോക്കുന്നവയാണ് ഇവരണ്ടും. എന്നാല്‍, സര്‍ക്കാരിന്റെ പ്രഖ്യാപിത നയം മദ്യ വര്‍ജ്ജനമാണ് എന്നാണ് വെയ്പ്പ്.

നിയമ വിരുദ്ധ ചൂതാട്ടങ്ങളെ(ഭാഗ്യ പരീക്ഷണങ്ങളെ) എല്ലാം ശക്തമായി എതിര്‍ക്കുകയും, സര്‍ക്കാര്‍ ലോട്ടറിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് നടക്കുന്നത്. വിജയിയായ ഒരാള്‍ക്കു വേണ്ടി നാടിനെ മുഴുവന്‍ പിരിക്കുന്ന ഏര്‍പ്പാട്. സന്തോഷത്തിലും, സങ്കടത്തിലുമെല്ലാം കൂട്ടായി മദ്യത്തെ ചേര്‍ത്തു നിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുയും, മദ്യ വര്‍ജ്ജനമെന്ന് പേരിനു പറയുകയും ചെയ്യുന്ന രീതി. ഇവ രണ്ടും വളരെ തന്ത്രപരമായാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. തങ്ങള്‍ ചെയ്യുന്നതെല്ലാം നല്ലതാണെന്നും, മറുച്ചുള്ള അഭിപ്രായങ്ങള്‍ പോലും മോശമാണെന്നും പ്രചരിപ്പിക്കുക. സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളാണ് ലോട്ടറിയും മദ്യവുമെന്ന് അവസരത്തിനൊത്ത് അംഗീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന രാഷ്ട്രീയക്കാരാണ് ഇടതുപക്ഷക്കാര്‍.

എന്നാല്‍, ഇതുരണ്ടും സര്‍ക്കാരിനെ തന്നെ നിലനിര്‍ത്തുന്നുണ്ടെന്നതാണ് വസ്തുത. നിയമസഭാ രേഖകളിലൂടെ ധമന്ത്രിയുടെ മറുപടി ഇതിനു സാക്ഷിയാണ്. ലോട്ടറി വില്‍പനയിലൂടെ 2023-24 സാമ്പത്തിക വര്‍ഷം 12529.26 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോട്ടറിയേക്കാള്‍ സര്‍ക്കാരിന് കൂടുതല്‍ വരുമാനമെത്തിക്കുന്നത് മദ്യവില്‍പനയാണ്. 2023- 24 വര്‍ഷം മദ്യ വില്‍പനയിലൂടെ വരുമാനമായി 19088.86 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നും മാത്രം ലഭിച്ചത് 31,618.12 കോടി രൂപയാണ്. 2023-24 ലെ സംസ്ഥാനത്തിന്റെ റവന്യു വരുമാനം 1,24,486.15 കോടി രൂപയാണ്. സംസ്ഥാന വരുമാനത്തിന്റെ 25.4 ശതമാനവും സംഭാവന ചെയ്യുന്നത് ലോട്ടറിയും മദ്യവും എന്ന് വ്യക്തം.

എന്നിട്ടും, ഇഠതുപക്ഷ സര്‍ക്കാരിന്റെ എച്ചിത്തരത്തിന് ഒരു കുറവും ഉണ്ടാകുന്നില്ലെന്നതാണ് 2024ന്റെ അവസാന നാളിലും കാണാനാകുന്നത്. ധൂര്‍ത്തും, അനാവശ്യ വിവാദങ്ങളും അല്ലാതെ സംസ്ഥാനത്തിലെ സാധാരണക്കാര്‍ക്ക് അത്താണിയാകാന്‍ ഇഠതുപക്ഷത്തിനായിട്ടില്ല എന്നതാണ് കഷ്ടം. മദ്യത്തില്‍ നിന്നു കിട്ടുന്ന വരുമാനത്തിനു പുറമേ, ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനു വേണ്ടി പെട്രോള്‍ സെസ് ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ നിന്നും വരുമാനം കിട്ടിയിട്ടും ക്ഷേമ പെന്‍ഷന്‍ നാല് ഗഡു മുടങ്ങി. ഇന്നു മുതല്‍ ക്ഷേമ പെന്‍ന്റെ മുടങ്ങിയ രണ്ടു ഗഡു കൊടുക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാലും, വീണ്ടും മുടക്കം അങ്ങനെ തന്നെ നില്‍ക്കുന്നു.

ഇതുപോലെ സര്‍ക്കാരിനു തന്നെ സ്വന്തമായി കിട്ടുന്ന പണമാണ്, ലോട്ടറി അടിച്ചിട്ടും സമ്മാനത്തുക കൈപ്പറ്റാന്‍ എത്താത്തവരുടെ തുക. ഇത് സര്‍ക്കാര്‍ എങ്ങനെ ചിലവഴിക്കുന്നു. എന്തു ചെയ്യുന്നു എന്നതിന് വ്യക്തമായ കണക്കുകളോ വിവരങ്ങളോ ഇല്ല. സംസ്ഥാനത്തെ ലോട്ടറിയില്‍ സമ്മാനം അടിച്ചിട്ടും അത് കൈപറ്റാത്ത വകയില്‍ സര്‍ക്കാരിന് ലഭിച്ച തുക എത്രയെന്ന് അറിയില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ പറയുമ്പോള്‍ ഈ തുക എങ്ങോട്ടു പോകുന്നു എന്നൊരു ചോദ്യം കൂടി ഉയരുകയാണ്. ഇതിന് മറുപടി പറയാതെ രക്ഷപ്പെടുന്നവര്‍ വലിയ കൊള്ളയാണ് നടത്തുന്നതെന്ന് അനുമാനിക്കേണ്ടി വരും.

കേന്ദ്ര ലോട്ടറി ചട്ടങ്ങള്‍ 2010 പ്രകാരം വിവിധ ലോട്ടറികളിലായി സമ്മാനാര്‍ഹമാകുകയും എന്നാല്‍ സമ്മാനം കൈപറ്റാതിരിക്കുകയും ചെയ്ത വകയില്‍ സര്‍ക്കാരിന് ലഭിച്ച തുക സംബന്ധിച്ച വിശദാംശങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടില്ല. അതുകൊണ്ട് ഇങ്ങനെ കിട്ടിയ തുക എത്രയെന്ന് അറിയില്ലെന്നാണ് ബാലഗോപാലിന്റെ മറുപടി. ലോട്ടറിയില്‍ നിന്ന് ലഭിക്കുന്ന വിറ്റുവരവ് പൂര്‍ണമായും സര്‍ക്കാരിലേക്ക് ഒടുക്കുകയാണ് ചെയ്യുന്നതെന്നും ധനമന്ത്രി വ്യക്തമാക്കുന്നുണ്ട്. ലോട്ടറി എടുക്കുന്നവരില്‍ ചെറിയൊരു വിഭാഗം റിസള്‍ട്ട് നോക്കാറില്ല. സമ്മാനര്‍ഹര്‍ കൈപറ്റാത്ത പണം സര്‍ക്കാരിലേക്ക് പോകും. അങ്ങനെയെങ്കില്‍ ഈ തുക എത്രയാണെന്നും ഇത് എന്തിനു ചെലവഴിച്ചെന്നും വ്യക്തമാക്കേണ്ടതുണ്ട്. സര്‍ക്കാരിന് അടിച്ച ലോട്ടറി പോലെയാണ് ഈ തുക.

എന്തായാലും ജനങ്ങള്‍ക്ക് വിലക്കയറ്റം അടക്കമുള്ള ദുരിതങ്ങള്‍ സമ്മാനിച്ചും, ജനങ്ങള വൈറുപ്പിച്ച് ഭരണം നടത്തിയും, നവകേരള സദസ്സും, കേരളീയവും, ഔദ്യോഗിക വസതിയുടെ മതില്‍ ഉര്‍ത്തിക്കെട്ടി ജനങ്ങളില്‍ നിന്ന് അകന്നുനിന്നും, ഗവര്‍ണറുമായി തമ്മിലടിച്ചും, രാഷ്ട്രീയം കളിച്ച് പൂരം കലക്കിയും, സുരേഷ് ഗോപിക്ക് പാര്‍ലമെന്റിലേക്ക് വഴി തെളിച്ചുമൊക്കെ 2024 നെ ജനദ്രോഹ വര്‍ഷമാക്കി മാറ്റിയതില്‍ സര്‍ക്കാരിനും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിക്കുമാണ് മുഖ്യപങ്ക്. ഭരിക്കുന്നവരെയല്ലാതെ പ്രതിപക്ഷത്തിനെ കുറ്റം പറയാനാവില്ലെന്ന സാമാന്യ ബുദ്ധികൂടിയുണ്ട് ഇതിനു പിന്നില്‍. കണക്കുകള്‍ വ്യക്തമാക്കേണ്ടതും, കേരളത്തിന്റെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും വ്യക്തത വരുത്തേണ്ടതും, പറയേണ്ടതും സര്‍ക്കാരുകളാണ്.

CONTENT HIGHLIGHTS; Has 2024 been turned into a year to harm people?: Income over 30,000 crores per year in lottery and liquor; Even though the government has introduced petrol cess; Welfare Pension Govinda

Latest News