Explainers

“അവള്‍ ദൈവത്തിന്റെ കുഞ്ഞ്”: ക്രിസ്തുമസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള കുഞ്ഞ്; കുഞ്ഞിന് പേര് ക്ഷണിച്ച് മന്ത്രി വീണാ ജോര്‍ജ്

എയ്ഞ്ചല്‍ മേരി ക്വീന്‍ എന്ന് പേരിട്ടാലോ ?

ഈ ക്രിസ്മസ് ദിവസത്തില്‍ മനസു നിറയ്ക്കുന്ന നല്ല വാര്‍ത്ത ചെയ്യാന്‍ കഴിയുന്നതു തന്നെ ഭാഗ്യമാണ്. അങ്ങനെയൊരു വാര്‍ത്ത വായനക്കാര്‍ക്കും സന്തോഷം നല്‍കുമെന്നു തീര്‍ച്ചയാണ്. മഞ്ഞുപെയ്യുന്ന ക്രിസ്മസ് രാത്രിയില്‍ ഉറ്റവരാല്‍ അനാഥയാക്കപ്പെട്ട അവള്‍ ദൈവത്തിന്റെ കുഞ്ഞാണ്. മൂന്നു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ കിട്ടിയത് ക്രിസ്മസ് പുലരിയില്‍. പുലര്‍ച്ചെ 5.50ന് ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ആണ് ഉറ്റവര്‍ അവളെ ഉപേക്ഷിച്ചത്. മനുഷ്യരാശിയുടെ സകല പാപങ്ങളും സ്വയം ഏറ്റെടുക്കാന്‍ മണ്ണില്‍ പിറന്ന ദൈവപുത്രന്റെ ജനന ദിവസമാണ് അവളെയും നമുക്കു കിട്ടുന്നത്. അതിനാല്‍, അവള്‍ക്കു ചേരുന്നത്, മാലാഖയുടെ മുഖമുള്ള രാജകുമാരി എന്ന പേരാണ്.

അവള്‍ക്ക് എയ്ഞ്ചല്‍ മേരി ക്വീന്‍ എന്ന് പേരിട്ടാല്‍ കൊള്ളാമായിരിക്കും. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ നിന്നു മാത്രം ലഭിച്ചത്. സ്വന്തം ചോരയെ പല കാരണങ്ങള്‍ കൊണ്ടും ഉപേക്ഷിക്കേണ്ടി വരുന്നവരാണേറെയും. അവരാരും പിന്നീട് തന്റെ കുഞ്ഞിനെ തേടി എത്താറുമില്ല. അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച് പോകുന്നവര്‍, അവരുടെ കുഞ്ഞിന്റെ ഭാവിയെ കുറിച്ച് ഭയപ്പെടാതെയാണ് പോകുന്നത്. കാരണം, അവര്‍ അനാഥരാകില്ല. സനാഥരാവുകയാണ്. ഒരു സംംസ്ഥാനത്തിന്റെയാകെ കരുതലും കരുണയും സ്‌നേഹവും അവരിലേക്ക് എത്തുകയാണ്. സര്‍ക്കാരിന്റെ മക്കളാണവര്‍.

അവര്‍ക്ക് രക്ഷകര്‍ത്താക്കളുണ്ട്. അവര്‍ക്ക് അഭയകൂടാരമുണ്ട്. ഈ ക്രിസ്മസ് പുലരിയിലും അമ്മത്തൊട്ടിലില്‍ വന്നുപിറന്ന ഖുഞ്ഞു മാലാഖയും കേരളീയരുടെ മകളാണ്. ഈ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ് പുലരിയില്‍ ജനിച്ചകുഞ്ഞു മകള്‍ക്ക് പേര് ക്ഷണിക്കുകയും ചെയ്തിരിക്കുകയാണ് മന്ത്രി. അവള്‍ക്ക് ക്രിസ്മസും യോശുക്രിസ്തുവിന്റെ ജനനവുമെല്ലം ചേരുന്ന നല്ല പേരുകള്‍ ലഭിക്കട്ടെ. വായനക്കാര്‍ക്കും പേരുകള്‍ സജസ്റ്റ് ചെയ്യാം. അത് മന്ത്രിയെ നേരിട്ടോ, അല്ലാതെയോ അറിയിക്കുകയും ചെയ്യാം.

തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിക്ക് കുറച്ചു കാലമായി കഷ്ടകാലമാണ്. ഇവിടുത്തെ കുഞ്ഞുങ്ങളെ നോക്കാന്‍ നില്‍ക്കുന്ന ആയമാരില്‍ നിന്നുമാണ് പീഡങ്ങള്‍ ഏല്‍ക്കുന്നത്. ചോദിക്കാനാളില്ല എന്നൊരു തോന്നല്‍ ആയമാര്‍ക്കുണ്ട് എന്നതിന് ഉദാഹരണമാണ് ഇക്കഴിഞ്ഞ മാസത്തില്‍ നടന്നത്. ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച ആയമാര്‍ ഇപ്പോള്‍ ജയലിലാണ്. അവര്‍ക്ക് ജാമ്യം പോലും നല്‍കുന്നില്ല. ആയമാരായ എസ്.കെ. അജിത, എല്‍. മഹേശ്വരി, സിന്ധു എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളിക്കളഞ്ഞു.

വസ്ത്രത്തില്‍ മൂത്രമൊഴിച്ചതിന് കുട്ടിയുടെ ജനനേന്ദ്രീയത്തില്‍ ഉള്‍പ്പെടെ പരിക്കേല്‍പ്പിച്ച ഇവരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. ശിശു ക്ഷേമ വകുപ്പിലെ താത്കാലിക ആയമാരെ നിയമിക്കുന്നതു പോലും രാഷ്ട്രീയം നോക്കിയാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെ എല്ലാ ആയമാര്‍ക്കെതിരേയും നടപടി എടുക്കുകയോ, ശാസിക്കുകയോ ചെയ്തിട്ടുണ്ട്. കുട്ടികളെ നോക്കുന്നതില്‍ അലംഭാവം കാട്ടിയ ആയമാര്‍ക്കെതിരേ ശിശു ക്ഷേമ ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. മറ്റൊരു ആയ കുളിപ്പിക്കുന്നതിനിടയിലാണ് കുഞ്ഞിന്റെ ശരീരത്തില്‍ മുറിവ് കണ്ടെത്തിയത്.

പിന്നാലെ തന്നെ ഇവര്‍ ജനറല്‍ സെക്രട്ടറിയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയായിരുന്നു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് കഴിഞ്ഞ മാസം 21 മുതല്‍ 30 വരെ കുഞ്ഞിനെ പരിചരിച്ചിരുന്നത്. ഈ സമയത്താണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിനെ ഇവര്‍ ഉപദ്രവിച്ചത്. അജിതയാണ് ജനനേന്ദ്രിയത്തിലും സ്വകാര്യഭാഗങ്ങളിലും മുറിവേല്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതുപ്രകാരമാണ് പോക്സോ ചുമത്തിയത്.

ഇങ്ങനെ കണ്ണില്‍ ചോരയില്ലാത്ത ആയമാരെ നിയമിക്കുന്നത് കുഞ്ഞുങ്ങളുടെ ഭാവിക്ക് ദോഷം ചെയ്യും. ഓരോ കുഞ്ഞുങ്ങളും അമ്മത്തൊട്ടിലിലൂടെ കിട്ടുമ്പോള്‍ അവരെ വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന നല്ല മനസ്സിനെ കാണാതിരിക്കാനാവില്ല. പക്ഷെ, ഇത്തരം പുഴുക്കുത്തുകളെ ജോലിക്കെടുക്കുന്ന മറുവശം പ്രതിഷേധാര്‍ഹവുമാണ്. നാളത്തെ ലോകം എന്താകണമെന്ന് തീരുമാനിക്കുന്നത് ഇന്ന് ജനിക്കുന്ന ഓരോ കുഞ്ഞുമാണ്. ഇത് മനസ്സിലാക്കാത്ത ആയമാര്‍ കുട്ടികളുടെ പേടിസ്വപ്‌നങ്ങളാകുന്നുണ്ട്.

ശിശുക്ഷേമ സമിതി ചെയ്യുന്നതെന്ത് ?

എല്ലാവര്‍ക്കും ഒരുപോലെ സുരക്ഷിതമായ ജീവിതസാഹചര്യങ്ങള്‍ നല്‍കാന്‍ സാധിക്കില്ല. ചിലര്‍ ജനിച്ച ഉടനേ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ ചിലര്‍ വിദ്യാഭ്യാസ രംഗത്ത് പിന്‍തള്ളപ്പെട്ടുപോകുന്നു. സ്‌നേഹവും പരിചരണവും ലഭിക്കാതെ ചില ജീവിതങ്ങള്‍ പാതി വഴിയില്‍ വാടിപ്പോകുന്നു. ജീവിതസാഹചര്യങ്ങളും വളര്‍ന്നുവരുന്ന അന്തരീക്ഷവുമെല്ലാം കുട്ടികളുടെ വ്യക്തിത്വത്തെ വളര്‍ത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇല്ലായ്മകളില്‍ തളര്‍ന്നുപോകാതെ ഓരോ കുട്ടിയ്ക്കും അവര്‍ അര്‍ഹിക്കുന്ന ജീവിതസാഹചര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ശിശുക്ഷേമ സമിതി നടത്തുന്നത്.

ശിശുക്ഷേമ പരിപാടികള്‍, ശിശുക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണങ്ങള്‍, അനാഥരായവരും വൈകല്യങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി സ്ഥാപനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, തെരുവിലേക്ക് വലിച്ചെറിയപ്പെട്ടേക്കാവുന്ന കുഞ്ഞുങ്ങള്‍ക്കായി അമ്മത്തൊട്ടില്‍, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കുടുംബങ്ങള്‍ക്ക് കൈമാറല്‍, നിര്‍ദ്ധനരായ തൊഴിലാളികളുടെ മക്കളെ പകല്‍നേരങ്ങളില്‍ പരിപാലിക്കുന്നതിനായി ക്രെഷ് സെന്ററുകള്‍, അംഗന്‍വാടി ജീവനക്കാര്‍ക്ക് പരിശീലനകേന്ദ്രങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ സമിതി നടത്തിവരുന്നുണ്ട്.

ട്രാവന്‍കൂര്‍- കൊച്ചിന്‍ സാഹിത്യ ശാസ്ത്രീയ ധര്‍മ്മത്ഥ സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ട് 1955 പ്രകാരം ടി.എസ്. 24/1960 നമ്പരില്‍ 1960 സെപ്തംബര്‍ 14 നാണ് സംസ്ഥാന സമിതി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും അവയ്ക്ക് സംസ്ഥാനത്താകെ നേതൃത്വം കൊടുക്കുന്നതും സമിതിയാണ്. ദേശീയ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി സമിതി ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. മുഖ്യമന്ത്രി പ്രസിഡന്റും സാമൂഹിക നീതി വകുപ്പ് മന്ത്രി ഒന്നാം വൈസ് പ്രസിഡന്റുമാണ്. ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളടങ്ങുന്ന സ്റ്റാന്റിംഗ് കമ്മറ്റിയാണ് സമിതിയുടെ ദൈനംദിന ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

എല്ലാ ജില്ലകളിലും ജില്ലാ കൗണ്‍സിലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ ആണ് ജില്ലാ കൗണ്‍സിലുകളുടെ പ്രസിഡന്റ്. പ്രവര്‍ത്തനമേഖല വലുതാണെങ്കിലും സമിതിയുടെ ഏക വരുമാന മാര്‍ഗ്ഗം സര്‍ക്കാര്‍ അനുമതിയോടെ അച്ചടിച്ച് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിന്റെ വിറ്റുവരവാണ്. നിരാശ്രയരായ കുഞ്ഞുങ്ങളുടെ ഉന്നമനം ആഗ്രഹിക്കുന്നവര്‍ നല്‍കുന്ന സംഭാവനകളിലാണ് പ്രവര്‍ത്തനങ്ങളുടെ ഏറിയ പങ്കും നടപ്പാക്കുന്നത്. ചെറുതും വലുതുമായ സാമ്പത്തിക സഹായങ്ങള്‍ക്കൊപ്പം വസ്ത്രങ്ങളും കുട്ടികള്‍ക്കുള്ള ഭക്ഷണസാധനങ്ങളും പഠനോപകരണങ്ങളും സംഭാവനയായും ലഭിക്കുന്നുണ്ട്.

ശിശുക്ഷേമ സമിതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ?

  • ശിശുക്കളുടെ ജനനത്തിന് മുന്‍പും ശേഷവുമുള്ള ക്ഷേമവും താത്പര്യവും മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഏറ്റെടുക്കുക, അത്തരം പദ്ധതികളെ സഹായിക്കുക.
  • ശിശുക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ്, വിജ്ഞാനബോധം എന്നിവ പകരുന്നതിന് സഹായിക്കുക, അതിനാവശ്യമായ പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കുക.
  • ശിശുക്ഷേമ വിഷയങ്ങള്‍ സംബന്ധിച്ച നിയമനിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുക. ദേശീയ ശിശുക്ഷേമ ചാര്‍ട്ടര്‍ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക.
  • അനാഥരും ഉപേക്ഷിക്കപ്പെട്ടവരും ശാരീരിക-മാനസിക വൈകല്യമുള്ളവരുമായ ശിശുക്കളുടെ പുനരധിവാസത്തിനായി സ്ഥാപനങ്ങള്‍ ആരംഭിക്കുകയും പരിപാലിക്കുകയും ചെയ്യുക, ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംഘാടകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുക. പരിശീലനത്തിനായി സ്ഥാപനങ്ങള്‍ നടത്തുക.
  • സമാന ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ സ്ഥാപനങ്ങളുമായി സഹകരിക്കുകയും അത്തരം സ്ഥാപനങ്ങളിലേക്ക് പ്രതിനിധികളെ അയയ്ക്കുകയും അവരുടെ പ്രതിനിധികളെ സ്വീകരിക്കുകയും ചെയ്യുക.
  • ഇതേ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഏജന്‍സികളുമായും ഗവണ്‍മെന്റിതര ഏജന്‍സികളുമായും സംഘടനകളുമായും സഹകരിക്കുക. ശിശുക്ഷേമത്തിനുള്ള പദ്ധതികള്‍, ഫണ്ടുകള്‍ എന്നിവയുടെ ഭരണനിര്‍വ്വഹണം നടത്തുക.
  • ശിശുക്കളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തില്‍ കുടുംബങ്ങളുടേയും സമൂഹത്തിന്റെയും ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ഏറ്റെടുക്കുകയും അവയെ സഹായിക്കുകയും ചെയ്യുക.
  • സമൂഹത്തിലെ ദുര്‍ബലവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെ കുഞ്ഞുങ്ങളുടെ പ്രൈമറി വിദ്യാഭ്യാസത്തിനും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും വേണ്ട അവസരങ്ങള്‍ മെച്ചപ്പെടുത്തുക. അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക.
  • കുട്ടികളെയും അവരുടെ പ്രവര്‍ത്തനങ്ങളേയും സംബന്ധിച്ചുള്ള സ്ഥിതി വിവരകണക്കുകള്‍ ശേഖരിക്കുകയും അവ സംബന്ധിച്ച പഠനങ്ങള്‍ നടത്തുകയും അത്തരം പഠനങ്ങളെ സഹായിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുകയും നടത്തുകയും ചെയ്യുക.

ക്രിസ്മസ് ദിനത്തിലെ പുലരിയില്‍ ശിശുക്ഷേമ സമിതിക്കു കിട്ടിയ ആ മാലാഖ കുഞ്ഞ് സുഖമായി വളരട്ടെ. കേരള സര്‍ക്കാരിനു കിട്ടിയ ക്രിസ്മസ് സമ്മാനം കൂടിയാണീ കുഞ്ഞ്.

CONTENT HIGHLIGHTS; “She is God’s child”: a 3-day-old baby in its mother’s cradle on Christmas morning; Minister Veena George invited the name of the baby

Latest News