ഗവര്‍ണറുടെ കാര്യത്തില്‍ എന്തു സംഭവിക്കും എന്ന അനിശ്ചിതത്വം അകലുമ്പോള്‍ പിണറായി സര്‍ക്കാരിനും എല്‍.ഡി.എഫിനും പ്രത്യേകിച്ച് സി.പി.എമ്മിനും ആശങ്ക മാറുന്നില്ല. കാരണം, ആരിഫ് മുഹമ്മദ് ഖാന്‍ പോയാല്‍ പകരം വരുന്നത്, അതിലും വലിയ ഖാന്‍ ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ലാത്തതു കൊണ്ടാണ് ആശങ്ക. ആരിഫ് മുഹമ്മദ് ഖാന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ നട്ടം തിരിഞ്ഞു പോയ സര്‍ക്കാരും പാര്‍ട്ടിയും തത്ക്കാലം ആശ്വാസം കണ്ടെത്തുകയാണ്. എന്നാല്‍, പകരം വരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പണി എപ്പോള്‍ തുടങ്ങുന്നോ അപ്പോള്‍ തീരും സര്‍ക്കാരിന്റെ ആശ്വാസം. ഗവര്‍ണര്‍ എന്നാല്‍, വെറും റബ്ബര്‍ സ്റ്റാമ്പു മാത്രമാണെന്ന ധാരണ അപ്പാടെ പൊളിച്ചെഴുതിയ വ്യക്തിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.
ഒരു ഗവര്‍ണര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ എങ്ങനെ ഇടപെടാമെന്ന് കാട്ടിത്തന്നു. മാത്രമല്ല, പൊതുജന മധ്യത്തിലേക്ക് അദ്ദേഹം ഇറങ്ങുകയും ചെയ്തു. തടയാനോ, തകര്‍ക്കാനോ കഴിയാത്ത വിധം ആരിഫ് മുഹമ്മദ് ഖാന്‍ ഇടതു സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടി. ഒടുവില്‍ തെരുവില്‍ തടയാനും, ആക്രമിക്കാനും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഇറക്കിനോക്കിയിട്ടും ഗവര്‍ണര്‍ പിന്നോട്ടു പോയില്ല. തീയില്‍ കുരുത്ത ഗവര്‍ണര്‍ വെയിലേറ്റ് വാടിയില്ല എന്നു തന്നെ പറയാം. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ ആയിരിക്കുന്നിടത്തോളം കാലം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്രമവിരുദ്ധ നടപടികള്‍ക്കെല്ലാം തടയിട്ടു. പ്രതിരോധം തീര്‍ക്കാന്‍ കഴിയുന്നിടത്തെല്ലാം ഗവര്‍ണര്‍ പ്രതിരോധിച്ചു.
ചിലയിടങ്ങളില്‍ ഗവര്‍ണറുടെ രാഷ്ട്രീയ നിറവും പ്രകടമായി എന്നതാണ് നെഗറ്റീവ്. ഗര്‍വ് തീര്‍ക്കാനിറങ്ങിയവനും ഗര്‍വ് കാണിച്ചതാണ് കേരളം കണ്ടത്. കേരള ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായണ് നിയമിച്ചിരിക്കുന്നത്. കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറെയും നിയമിച്ചു. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് ആര്‍ലെകര്‍. കേരളം കൂടാതെ മൂന്ന് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം.
2019 സെപ്റ്റംബര്‍ 6ന് കേരള ഗവര്‍ണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു പിണറായി സര്‍ക്കാരുകളുടെ കാലത്തായി അഞ്ചുവര്‍ഷവും സര്‍ക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു. 2024 സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. മുഖ്യമന്ത്രി പിണറായി വിജയനുമായും എല്‍.ഡി.എഫ് സര്‍ക്കാറുമായും നല്ല ബന്ധമല്ല ആരിഫ് മുഹമ്മദ് ഖാന്‍ തുടര്‍ന്നിരുന്നത്. തുടക്കം മുതല്‍ തന്നെ ഉടക്കിലായിരുന്നു ഗവര്‍ണരും സര്‍ക്കാറും. ബില്ലുകളിലെ ഒപ്പിടലില്‍ തുടങ്ങി വി.സി നിയമനം വരെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലും ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം ഉണ്ടായത്.
പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. നിരുത്തരവാദപരമായ നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. എസ്.എഫ്.ഐ വിദ്യാര്‍ഥി സംഘടനയല്ല, ക്രിമിനല്‍ സംഘമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിദേശ പ്രതിനിധികള്‍ക്ക് മുന്നില്‍ കേരളത്തെ അപമാനിക്കാനാണ് ശ്രമം നടന്നത്. സര്‍ക്കാരിന്റെ പിന്തുണയില്ലാതെ എങ്ങനെയാണ് ഇത് നടക്കുന്നത്? ഞാന്‍ ഭയപ്പെടുന്നില്ലെന്ന് എസ്.എഫ്.ഐക്ക് അറിയാം. ഇത്തരത്തിലുള്ള നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചാന്‍സലര്‍ എന്ന നിലയില്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.
ഗോവ സ്വദേശിയായ ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ ആര്‍എസ്എസ് അനുഭാവിയായ ആര്‍ലെകര്‍ 1989ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 1980 മുതല്‍ ഗോവയിലെ ബിജെപിയിലെ പ്രധാന നേതാക്കളിലൊരാളാണ്. ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പര്‍ രഹിത നിയമസഭയാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ആര്‍ലെകറാണ്. 2015ല്‍ വനം പരിസ്ഥിതി മന്ത്രിയായും ചുമതലയേറ്റു. 2021 ജൂലൈ 6നാണ് അദ്ദഹം ഹിമാചല്‍ പ്രദേശ് ഗവര്‍ണറായത്.
അര്‍ലേകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള മുന്‍ ആര്‍എസ്എസുകാരനാണ്. അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കാണ് മാറ്റം. ജനറല്‍ വി കെ സിംഗിനെ മിസോറം ഗവര്‍ണറായി നിയമിച്ചിട്ടുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ വി കെ സിംഗ് അതൃപ്തനായിരുന്നു. മുന്‍ അഭ്യന്തരസെക്രട്ടറി അജയ്കുമാര്‍ ഭല്ല മണിപ്പൂര്‍ ഗവര്‍ണറായും ഡോ. ഹരി ബാബു കമ്പംപാട്ടി ഒഡീഷ ഗവര്‍ണറായും നിയമിതനായി. ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. നിലവില്‍ ബിഹാര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം വഹിച്ച വ്യക്തിയാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍.
ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആര്‍ലെകര്‍. 1980കളില്‍ തന്നെ ഗോവ ബിജിപെയില്‍ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കടലാസ് രഹിത അസംബ്ലിയെന്ന നേട്ടം ഗോവ മന്ത്രിസഭയ്ക്ക് നല്‍കിയത് ആര്‍ലെകറിന്റെ ഇടപെടലിലൂടെയായിരുന്നു. 2015ല്‍ ഗോവ മന്ത്രിസഭ പുനസംഘടനയില്‍ ആര്‍ലെകര്‍ വനം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021ലാണ് ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറായി നിയമിതനായത്. പിന്നീട് 2023ല്‍ ബിഹാര്‍ ഗവര്‍ണറായി നിയമിതനായി. ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേക്കറിനെ കേരളത്തിലേക്ക് അയക്കുന്നതില്‍ ബിജെപിക്കും മോദിക്കും രാഷ്ട്രീയ താല്‍പ്പര്യവുമുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഒപ്പം നിര്‍ത്തുക എന്നതാണ് ബിജടെപിയുടെ അജണ്ട. അതിന് ഉതകുന്ന ആളെയാണ് കേരളാ ഗവര്‍ണറാക്കുന്നത്. ക്രിസ്ത്യന്‍ പശ്ചാത്തലമുളള ഗോവയില്‍ നിന്നും ആള്‍ തന്നെയാണ് അതിന് ഉതകുക എന്നാണ് വിലയിരുത്തല്‍.
അതേസമയം, ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ സ്വീകരിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങളാണ് എന്നാണ്. പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും എംവി ഗോവിന്ദന്‍ പറയുന്നു. അതായത്, പോകുന്നയാളും വരുന്ന ആളും ഒരുപോലെ ആയിരിക്കുമോ എന്ന ആശങ്കയുണ്ട്. ഗവര്‍ണര്‍ പ്രധാന പ്രതിപക്ഷമായിരുന്നു. വലിയ ജനകീയ അംഗീകാരമുള്ള ഗവര്‍ണര്‍, ജനങ്ങളുടെ സ്വീകാര്യത നേടിയിട്ടുള്ള ഗവര്‍ണര്‍ എന്നാണ് പ്രമുഖ മലയാള പത്രങ്ങളുടെ വ്യാഖ്യാനം.
അതിന്റെ പ്രധാന കാരണം സംസ്ഥാന സര്‍ക്കാരുമായി തെറ്റുന്നു എന്നതായിരുന്നു. കൂടാതെ സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് എതിരായി സംഘപരിവാറിന്റെ അജണ്ട നടപ്പാക്കിയതാണ് വീരേതിഹാസം രചിച്ച ഗവര്‍ണാറാക്കി മാറ്റിയതെന്നും ഗോവിന്ദന്‍ പറയുന്നു. ഇത് അങ്ങേയറ്റം ജനവിരുദ്ധമായ സമീപനമാണ്. ഗവര്‍ണര്‍ ഭരണഘടനാ പരമായാണ് പ്രവര്‍ത്തിക്കേണ്ടത്. കമ്യൂണിസ്റ്റാണോ, കോണ്‍ഗ്രസ് ആണെന്നോ നോക്കിയിട്ടില്ല. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം കൊടുക്കാതിരിക്കുക. സുപ്രീം കോടതി ഇടപെടുമ്പോള്‍ അത് ഒരുതരത്തിലും പൊങ്ങാതെ വരുന്ന രീതിയില്‍ രാഷ്ട്രപതിക്ക് അയക്കുക തുടങ്ങിയ കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് പെരുമാറിയത്.
അതിനെ വെള്ളപൂശാന്‍ വേണ്ടിയുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയിട്ടുള്ളത്. അത് തികച്ചും കേരള വിരുദ്ധമായ സമീപനമാണ്. പുതിയ ഗവര്‍ണര്‍ വന്നിരിക്കുന്നു. ബിജെപിയാണ് നോമിനേറ്റ് ചെയ്യുന്നത്. പരമ്പരാഗത ആര്‍എസ്എസ് -ബിജെപി സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഗവര്‍ണറെ നിയമിക്കുന്നത്. വരുന്ന ഗവര്‍ണറെ പറ്റി മുന്‍കൂട്ടി പ്രവചിക്കാനില്ല. ഭരണഘടനാ രീതിയില്‍ പ്രവര്‍ത്തിക്കണം. ഇടതുപക്ഷജനാധിപത്യ മുന്നണിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയാണ് വേണ്ടത്’ എന്നും എംവി ഗോവിന്ദന്‍ പറയുന്നു. അതായത്, വരുന്ന ഗവര്‍ണറ്# ആര്‍.എസ്.എസ് ആയാലും ഇഠതുപക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കണം എന്നര്‍ത്ഥം. ഇതും രാഷ്ട്രീയം തന്നെയല്ലേ.
നിക്ഷപക്ഷനായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ക്കു പോലും കഴിയില്ലെങ്കില്‍ പിന്നെ ഭരണഘടനയെ കൂട്ടു പിടിക്കുന്നതെന്തിനാണ്. അവരവരുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാണോ ഭരണഘടന. എന്തായാലും ആരിഫ് മുഹമ്മദ് ഖാനെക്കള്‍ കൂടുതല്‍ ഉശിരോടെ കേരളത്തില്‍ ആര്‍.എസ്.എസ്. അജണ്ട നടപ്പാക്കില്ലെന്ന് ആര് കണ്ടു.
CONTENT HIGHLIGHTS; When the bearded man is gone, the horned and mustached man comes: AM Khan is gone, replaced by RV Arlekar; The government is relieved for the time being, but what is the disaster that awaits?; Who is Rajendra Vishwanath Arlekar?