ചൂരല്‍മലയിലെ ഉരുള്‍ പൊട്ടലും അതേ തുടര്‍ന്ന് സര്‍ക്കാര്‍ ദുരന്ത ബാധിതര്‍ക്കു വേണ്ടി നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ച ടൗണ്‍ഷിപ്പുമെല്ലാം അനാവശ്യ ചര്‍ച്ചകളില്‍ നിറയുന്നത് വിഷമം ഉണ്ടാക്കുന്നതാണ്. എന്നാല്‍, ദുരന്ത ബാധിതരോട് സര്‍ക്കാര്‍ നീതി കാട്ടുന്നുണ്ടോ എന്ന സംശയം പല സന്ദര്‍ഭങ്ങളിലും ഉയര്‍ന്നു വന്നിട്ടുണ്ട്. അവിടെയൊക്കെ മുഖ്യമന്ത്രി പറഞ്ഞതും, സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്താന്‍ വയ്യാത്തതു കൊണ്ടും അംഗീകരിച്ചു പോവുകയായിരുന്നു. എന്നാല്‍, ദുരന്തം ഉണ്ടായി ഇത്രയും നാള്‍ കഴിഞ്ഞിട്ടും ടൗണ്‍ഷിപ്പിന്റെ പ്രാഥമിക നടപടികളോ, ദുരന്ത ബാധിതരുടെ ആശങ്കകള്‍ക്ക് അറുതിയോ വരുത്തിയിട്ടില്ലെന്നത് സംശയം ഉണ്ടാക്കുന്നുണ്ട്.
ഇപ്പോഴിതാ വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തയും വരുന്നു. കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സിയായ കിഫ്‌കോണിന്റെ മേല്‍നോട്ടത്തിലാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഇതടക്കം സുപ്രധാന തീരുമാനങ്ങള്‍ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നും സൂചനയുണ്ട്. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ടിടത്തായി രണ്ട് ടൗണ്‍ഷിപ്പാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകള്‍ നിര്‍മ്മിക്കും. താമസക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഭാവിയില്‍ മുകളിലത്തെ നില കൂടി പണിയാന്‍ പാകത്തില്‍ അടിത്തറ ബലപ്പെടുത്തിയാകും വീട് നിര്‍മ്മാണം.
പണി തുടങ്ങിയാല്‍ പിന്നെ സമയബന്ധിതമായി തീര്‍ക്കാന്‍ കൂടി ഉദ്ദേശിച്ചാണ് പദ്ധതിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. നിര്‍മ്മാണ മേല്‍നോട്ടവും നിര്‍മ്മാണ ചുമതലയും പ്രത്യേകം ഏല്‍പ്പിക്കും. കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സിയായ കിഫ്‌കോണിനെ മേല്‍നോട്ടം ഏല്‍പ്പിച്ച് നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാനാണ് ഇപ്പോഴത്തെ ആലോചന. പ്രത്യേക മന്ത്രിസഭായോഗത്തില്‍ ചീഫ് സെക്രട്ടറി അവതരിപ്പിച്ച രൂപരേഖ വിശദമായി പഠിച്ച ശേഷമാകും അടുത്ത മന്ത്രിസഭായോഗത്തില്‍ തുടര്‍ തീരുമാനങ്ങളെടുക്കുക. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് കണ്ടെത്തിയ നെടുംബാല എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളിലെ ഭൂമി തര്‍ക്കത്തില്‍ 27ന് ഹൈക്കോടതി വിധി പറയും.
അതുകൂടി അറിഞ്ഞ ശേഷം അതിവേഗം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് റവന്യു വകുപ്പ് പറയുന്നത്. വീട് വക്കാന്‍ സഹായം വാദ്ഗാനം ചെയ്ത സംഘടനകളും വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കും വിധം ഉറപ്പുള്ള വീടുകള്‍ സമയബന്ധിതമായി പണിത് നല്‍കുന്നവര്‍ക്ക് സ്ഥലം കിട്ടുന്ന മുറയ്ക്ക് കൈമാറാനും അല്ലാത്തവരില്‍ നിന്ന് പണം വാങ്ങി വീട് സര്‍ക്കാര്‍ തന്ന പണിയാനുമാണ് ആലോചിക്കുന്നത്. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാവുകയാണ്. അവസാനം മുടന്തിയും പതുങ്ങിയും വയനാട് പുരധിവാസം വൈകിപ്പിച്ചത് എന്തിന് വേണ്ടി ആയിരുന്നു എന്ന്.
നിര്‍മാണം ഊരാളുങ്കല്‍ സഹകരണ സംഘത്തിന് നല്‍കാനാണ് ഈ തരികിട നാടകങ്ങള്‍ അത്രയും സര്‍ക്കാര്‍ നടത്തിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അഞ്ച് മാസങ്ങള്‍ കയ്യില്‍ കിട്ടിയ പണം ചിലവഴിക്കാതെയും, സ്‌പോണ്‍സര്‍ ചെയ്താല്‍ മതി നിര്‍മ ്മാണം സര്‍ക്കാര്‍ നടത്തും എന്ന് നിലപാടെടുത്തതും കരാര്‍ സ്വന്തക്കാര്‍ക്ക് കൊടുക്കാനായിരുന്നു. എത്രയെല്ലാം ആരോപണങ്ങള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരെ വന്നു, നിര്‍മ്മാണ പ്രവര്‍ത്തനം വൈകുന്നതിനെതിരെ എന്തെല്ലാം വിമര്‍ശനങ്ങള്‍ വന്നു. ഒന്നും സര്‍ക്കാരിനെ ബാധിച്ചില്ല. കാറ്റടിച്ചാലും കൊടുങ്കാറ്റ് വന്നാലും കമ്മീഷനടിക്കാന്‍ വഴിയൊരുങ്ങിയാല്‍ സര്‍ക്കാര്‍ കുലുങ്ങില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
വയനാട് ദുരന്തത്തിലും കമ്മീഷനടിക്കാന്‍ മാര്‍ഗ്ഗമുണ്ടോ എന്ന് ആരായുകയായിരുന്നു ഇത്രനാളും സര്‍ക്കാരിലെ ഉന്നതര്‍!. കോവിഡ് ദുരന്തകാലത്ത് ദുരിതാശ്വാസ നിധി ചിലവഴിച്ചതില്‍ കോടികളുടെ തിരിമറി നടന്ന സത്യം പുറത്തുവന്നു മാനം കെട്ട് നില്‍ക്കുന്ന ഒരു സര്‍ക്കാരാണ് ചൂരല്‍ മലയിലും അഴിമതിക്ക് മാര്‍ഗം തേടുന്നത് എന്ന് കാണുമ്പോള്‍ ആക്ഷേപിക്കാനല്ലാതെ മറ്റെന്തിനാണ് കഴിയുക. പഞ്ഞിക്കും മരുന്നിനും കയ്യുറക്കും മാസ്‌ക്കിനും കമ്മീഷന്‍ വാങ്ങി പുട്ടടിച്ചവന്മാര്‍ക്ക് സിമന്റിനും കട്ടക്കും കല്ലിനും കമ്മീഷന്‍ വാങ്ങാന്‍ മനസാക്ഷി കുത്ത് ഉണ്ടാവില്ല. എന്നാല്‍, ഊരാലുങ്കലിന് കോണ്‍ട്രാക്ട് കൊടുക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ച് നടപടികള്‍ മുന്നോട്ടു കൊണ്ടു പോകാമായിരുന്നില്ലേ എന്ന ചോദ്യം ബാക്കിയാണ്.
ദുരന്ത ശേഷം അനാഥരായി മാറിയ മനുഷ്യക്കോലങ്ങളുടെ രോദനം കേള്‍ക്കാന്‍ ഇവിടാരുമില്ലേ എന്ന ചോദ്യത്തിനും സര്‍ക്കാര്‍ മറുപടി പറയണം. റവന്യൂമന്ത്രിയുടെ മേല്‍നോട്ടത്തില്‍ വയനാട്ടില്‍ തമ്പടിച്ച് പ്രവര്‍ത്തനം. മന്ത്രിമാരുടെയെല്ലാം സഹകരണത്തോടെ ദുരന്ത ബാധിതര്‍ക്ക് എല്ലാ സൗകര്യങ്ങളും, വാടക വീട് എന്തൊക്കെയായിരുന്നു. അതിനു പിന്നാലെ കേന്ദ്രം ഞെരുക്കുന്നുവെന്ന പരാതിയും. വയനാടിന്റെ പേരിലും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം വാങ്ങിയിരുന്നു. അതിന്‍രെ കണക്കുകള്‍ പുറത്തു വന്നിട്ടുമുണ്ട്.
ഇതെല്ലാം ചിലവഴിച്ച കണക്കും ചിലവഴിക്കാത്ത കണക്കും മുഖ്യമന്ത്രിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ചില കണക്കുകള്‍ മാധ്യമങ്ങളും പ്രതിപക്ഷവും പുറത്തു വിട്ടു. സര്‍ക്കാര്‍ പറയുന്ന കണക്കുകളും കാര്യങ്ങളും മാത്രമാണ് സത്യമെന്ന് പറഞ്ഞു ഫളിപ്പിക്കുയായിരുന്നു ഇടതുപക്ഷത്തിന്റെ ധര്‍മ്മം. മറ്റുള്ളവര്‍ പറയുന്നതെല്ലാം പച്ചക്കള്ളമെന്നും തട്ടിവിട്ടു. എന്നാല്‍, പ്രളയ കാലത്തെ റീ ബിഡിംഗും, റൂം ഫോര്‍ റിവര്‍ എന്ന പദ്ധതിയും, പിന്നെ, മേഴ്‌സിക്കുട്ടിയമ്മ മന്ത്രിയായിരുന്നപ്പോള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന 300 കോടിയുടെ കടല്‍ക്കൊള്ളയും എല്ലാം പുറം ലോകമറിഞ്ഞപ്പോള്‍ അതില്‍ നിന്നെല്ലാം തന്ത്രപരമായി പിന്‍മാറി രക്ഷപ്പെടുകയായിിരുന്നു സര്‍ക്കാര്‍ ചെയ്തത്.
കേരളത്തിലെ മരാമത്ത് പണികളെല്ലാം ULCCക്ക് പിടിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഊരാളുങ്കല്‍ കമ്പനി മോശമാണെന്ന അഭിപ്രായമില്ല. എന്നാല്‍, ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍പറ്റുന്ന കമ്പനികള്‍ക്ക് കേരളത്തിലെ മരാമത്ത് പണികള്‍ നല്‍കാന്‍ തുടങ്ങിയാല്‍ നാളെ വരുന്ന സര്‍ക്കാരും ഇതു തന്നെ ചെയ്യും. അപ്പോള്‍ ഇന്നത്തെ ഭരണപക്ഷമാണ് അന്ന് പ്രതിപക്ഷത്തിരിക്കുന്നതെങ്കില്‍ വാ പൂട്ടി ഇരിക്കേണ്ടി വരും. അത് മലയാളികളായ വോട്ടര്‍മാരോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും. സ്വജനപക്ഷപാതവും, ജനവഞ്ചനയും ചെയ്യാതെ സര്‍ക്കാരിനെ സേവിച്ചു കൊള്ളാമെന്ന് പ്രതിജ്്ഞ ചെയ്ത് അധികാരത്തില്‍ കയറിയവരെല്ലാം കൂടെ ചെയ്യുന്നത് തലതിരിച്ചാണെന്നു മാത്രം.
CONTENT HIGH LIGHTS; A landslide or a tornado on a cane hill: we need to get money’; The government’s decision to take Uralungal to Wayanad pass will be finalized in the next cabinet meeting