ഗതാഗതവകുപ്പിന്റെ അധിപന്‍ ഗണേശന്‍ മന്ത്രീ, നവകേരളാ ബസിനെ കുറിച്ചൊക്കെ പറയുമ്പോള്‍ അല്‍പ്പമൊന്നു സൂക്ഷിച്ചു പറയുന്നതായിരിക്കും നല്ലത്. ആ ബസിനെ കറിച്ചും, ബസ് വാങ്ങിയത് എന്തിനാണെന്നുമൊക്കെ നല്ലപോലെ അറിയാവുന്ന മലയാളികള്‍ പറയുന്നൊരു കാര്യമുണ്ട്. അയ്യോ!! അതൊന്നും ഓര്‍മ്മിപ്പിക്കല്ലേ എന്ന്. കാരണം, കടംകേറി കുത്തുപാളയെടുത്ത് KSRTC ജീവനക്കാര്‍ക്ക് മാസത്തില്‍ രണ്ടു തവണയായി ശമ്പളം മുറിച്ചു നല്‍കിയിരുന്ന കാലത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിവാര സമേതം കേരളം കറങ്ങാന്‍ വാങ്ങിയതാണ് ഈ ബസ്. 2023ലെ ഏറ്റവും ചെലവേറിയതും, ഒരു ഗുണവും ജനങ്ങള്‍ക്കില്ലാതെ പോയതുമായ ഒരു പദ്ധതിയാണ് നവകേരളാ ബസ്.
ഇതിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മന്ത്രി ഗണേഷ്‌കുമാര്‍ ഫേസ്ബുക്കില്‍ ഇട്ടൊരു ഫോട്ടോയും കുറിപ്പുമാണ് ചര്‍ച്ചയാകുന്നത്. മന്ത്രി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ‘ വിമര്‍ശകരുടെ വായടപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ട്’ എന്നാണ്. 2023 നവംബര്‍ 18 മുതല്‍ 24 വരെയായിരുന്നു നവകേരള സദസ്സ് എന്ന മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ടൂര്‍ പ്രോഗ്രാം സംഘടിപ്പിച്ചത്. സ്‌കൂളുകളില്‍ നിന്നും വിനോദയാത്രയ്ക്കു പോകുമ്പോള്‍ ആധുനിക സൗകര്യങ്ങളുള്ള ടൂറിസ്റ്റ് ബസ് ബുക്ക് ചെയ്യാറുണ്ട്. എന്നാല്‍, മന്ത്രിമാരുടെ ടൂറിനുവേണ്ടി ഒരു ബസ് തന്നെ വാങ്ങുകയായിരുന്നു. ഒന്നരക്കോടി രൂപയുടെ ആഡംബര ബസ്.
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങുന്ന ഓരോ വസ്തുക്കള്‍ക്കും കാര്യ-കാരണ സഹിതം മറുപടി പറയേണ്ട ജനപ്രതിനിധികള്‍ ഈ ടൂര്‍ പ്രോഗ്രാമിനെ ജനകീയ പരിപാടിയെന്നാണ് ഉദ്‌ഘോഷിച്ചത്. അന്ന് ഗതാഗതമന്ത്രി, ആന്റണി രാജു ആയിരുന്നു. അദ്ദേഹം ഈ ചരിത്ര യാത്രയും KSRTCക്ക് ഇങ്ങനെയൊരു ബസ് സംഭാവന ചെയ്ത് കടം കയറ്റിയുമാണ് മന്ത്രിപദം വിട്ടത്. ആ ബസിനെ കുറിച്ച് ഇപ്പോഴത്തെ ഗതാഗതമന്ത്രി പറയുന്നത്, വിമര്‍ശകരുടെ വായടപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ട് എന്നാണ്. മന്ത്രിയോ ചോദിക്കാനുള്ളത്, ഈ വിമര്‍ശകര്‍ എന്നു പറയുന്നവര്‍ ആരാണ്. ഈ നാട്ടില്‍ നികുതി കൊടുത്ത് ജീവിക്കുന്നവര്‍ തന്നെയല്ലേ.
അതോ പ്രതിപക്ഷത്തെയാണോ പറയുന്നത്. മന്ത്രീ, നവകേരളാ യാത്ര കഴിഞ്ഞ് ഈ ബസ് എന്തു ചെയ്തിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ ?. ഓരോ ദിവസത്തെയും കണക്കെടുപത്തു നോക്കൂ. KSRTCക്കു വേണ്ടി ഒരു ബസ് കോടികള്‍ മുടക്കി വാങ്ങിയാല്‍ എന്താണ് ചെയ്യുന്നത്. ആ ബസ് ഓടിക്കാതെ ഇട്ടിരുന്നാല്‍, വിമര്‍ശിക്കില്ലേ. മന്ത്രിമാര്‍ക്കു പോകാന്‍ ബസ് വാങ്ങണമായിരുന്നോ. KSRTCയുടെ എത്രയോ ലക്ഷ്വറി ബസുകള്‍ ഉണ്ടായിരുന്നു. എന്നിട്ടും പുതിയ ബസ് വാങ്ങി. അതിനെ വിമര്‍ശിച്ചവരോട് സര്‍ക്കാര്‍ പറഞ്ഞത്, അസൂയകൊണ്ടും, കണ്ണുകടി കൊണ്ടുമാണ് വിമര്‍ശിക്കുന്നതെന്നാണ്. നോക്കൂ, 2023 നവംബറില്‍ നവകേരളാ സദസ്സ് നടക്കുന്ന മാസം KSRTC ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയത് എന്നാണ്?. എങ്ങനെയാണ്?.
ഈ ചോദ്യം പ്രസ്‌കതമല്ലേ. KSRTCയിലെ സര്‍വ്വീസുകള്‍ കൃത്യമായി ഓടിക്േകാന്‍ ബസുകള്‍ ഇല്ലാതിരിക്കുകയും, കട്ടപ്പുറത്തെ ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സമയത്താണ്, മന്ത്രിമാര്‍ക്കു സഞ്ചരിക്കാന്‍ പുതിയൊരു സ്‌പെഷ്യല്‍ ബസിറക്കിയത്. ഇത് KSRTCയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനോ, ജനങ്ങളുടെ യാത്രയ്‌ക്കോ വേണ്ടിയല്ലെന്നതാണ് വിമര്‍ശനത്തിന് കാരണം. നവകേരളാ സദസ്സ് കഴിഞ്ഞ് ഈ ബസ് എത്ര മാസമാണ് പൊടിയും മാറാലയും പിടിച്ച് കോഴിക്കോട് ഡിപ്പോയില്‍ കിടന്നത്. അതിനു ശേഷം അത്യാധുനിക സംവിധാനങ്ങളെല്ലാം അഴിച്ചു മാറ്റി സീറ്റുകള്‍ ഘടിപ്പിച്ച് ബംഗളൂര്‍ സര്‍വ്വീസിനിറക്കി.
എന്നിട്ടെന്തുണ്ടായി. ആദ്യ സര്‍വീസ് തന്നെ നഷ്ടത്തിലായി. പിന്നീടങ്ങോട്ട് എല്ലാ സര്‍വീസും നഷ്ടം. ഡീസല്‍ അടിക്കുന്നതിനു പോലും കളക്ഷന്‍ കിട്ടാത്ത സ്ഥിതിയിലേക്ക് മാറിയതോടെയാണ് നവകേരള ബസിന്റെ കോഴിക്കോട്-ബംഗളൂര്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചത്. ഇപ്പോഴിതാ പുതിയ മിനുക്കു പണികളോടെ ബസ് നിരത്തിലിറക്കുന്നു. നല്ലകാര്യം തന്നെയാണ്. KSRTCയുടെ പരമ്പരാഗദത രീതിയിലുള്ള സീറ്റിംഗ് കപ്പാസിറ്റിയും, ടിക്കറ്റ് ഫെയര്‍ യാത്രക്കാര്‍ക്ക് താങ്ങാവുന്നതുമാക്കിയാല്‍ ജനം അംഗീകരിക്കും. ഇതാണ് ഗണേഷ്‌കുമറിന്റെ പുതിയ തന്ത്രം. ഈ തന്ത്രത്തെ യാത്രക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ട് പക്ഷെ, വിമര്‍ശകരുടെ വായടപ്പിച്ചു എന്നു പറയുന്നതിനോട് യോജിക്കാനാവില്ല.
ഒരു പുതിയ ബസ് വാങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും, മര്യാദയ്ക്ക് സര്‍വ്വീസ് നടത്തി വരുമാനം എത്തിക്കാതെ KSRTCക്ക് ബാധ്യത.ുണ്ടാക്കിയതല്ലാതെ മറ്റെന്താണ് ചെയ്തിരിക്കുന്നത്. എന്നിട്ട്, ഇപ്പോള്‍ സര്‍വ്വീസിന് വീണ്ടും ഇറക്കുന്നതിനെ വിമര്‍ശിക്കുന്നതിന് അര്‍ത്ഥമുണ്ട്. ആ വിമര്‍ശനങ്ങളെ തകര്‍ക്കേണ്ടത്, ബസ് ഓടിച്ച് ലാഭമുണ്ടാക്കിയാണ്. ജനങ്ങള്‍ ഇഷ്ടപ്പെടുമ്പോഴാണ്. അതുവരെയും വിമര്‍ശനങ്ങള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും. വനകേരളാ ബസ് ഇനി കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് എസി സര്‍വീസായി നിരത്തിലിറങ്ങും. രണ്ടാഴ്ചയ്ക്കുള്ളില്‍ സൂപ്പര്‍ ഡീലക്സ് എസി ബസായി വീണ്ടും നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ ആലോചന.
1.6 കോടി രൂപയ്ക്കാണ് ഭാരത് ബെന്‍സിന്റെ ആഡംബര ബസ് വാങ്ങിയത്. മുന്‍ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകില്‍ ഓട്ടോമാറ്റിക് വാതിലും ബാത്ത്റൂം സൗകര്യങ്ങളുമുള്ള ബസാണിത്. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവന്‍, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ഉണ്ടെന്നായിരുന്നു പ്രചാരണം. ഇത് ഏറ്റെടുത്ത പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ ബസ്സിനുള്ളില്‍ കയറി ബോധ്യപ്പെടാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. നവകേരള യാത്രയ്ക്ക് ശേഷം, ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ടുനിന്ന് ബംഗളുരുവിലേക്ക് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചപോലെ ലാഭമുണ്ടായില്ല.
നടക്കാവ് കെഎസ്ആര്‍ടിസി റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ കട്ടപ്പുറത്തുകിടന്നിരുന്ന ബസ് ഇപ്പോള്‍ ഭാരത് ബെന്‍സിന്റെ ബസ് ബോഡി ബില്‍ഡിംഗ് നടത്തുന്ന ബംഗളുരുവിലെ വര്‍ക്ക് ഷോപ്പിലാണുള്ളത്. ബസിന് രൂപമാറ്റം വരുത്തി സര്‍വീസ് നടത്താനുള്ള പ്രവൃത്തി ഉടനെ ആരംഭിക്കും. സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്സ് എസി ബസിന്റെ ടിക്കറ്റ് നിരക്കായിരിക്കും ഇതിനും ഉണ്ടാവുക. ഇതോടെ നിലവിലുള്ള നിരക്കിന്റെ പകുതിയായി കുറയും. ഹൈഡ്രോളിക് ലിഫ്റ്റും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. മാറ്റംവരുത്താനായി 10 ലക്ഷത്തോളം രൂപ ചെലവു വരും. നവകേരള ബസില്‍ 26 സീറ്റാണ് ഉണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയര്‍ത്തുന്നുണ്ട്.
എന്തിനായിരുന്നു അത്യധുനിക ബസ് ഇറക്കിയത്
നവകേരള ബസ്സില്‍ 180 ഡിഗ്രി കറങ്ങുന്ന കസേര ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടിയാകും സലൂണ്‍ ഏരിയയില്‍ ഈ കസേര ഉപയോഗിക്കുക. വി.ഐ.പി. യാത്രകള്‍ക്കുള്ള സംസ്ഥാനത്തെ ആദ്യബസിനുവേണ്ടി നിലവിലുള്ള നിയമങ്ങളില്‍ കാര്യമായ ഇളവ് നല്‍കിയിട്ടുണ്ട്. നിര്‍ത്തിയിടുമ്പോള്‍ പുറമേനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എ.സി. പ്രവര്‍ത്തിപ്പിക്കാം. കോഫി, ടീ മേക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇന്‍വെര്‍ട്ടര്‍ സംവിധാനമുണ്ട്. കോണ്‍ട്രാക്ട് ക്യാരേജ് ആണെങ്കിലും നിലവിലെ വെള്ളനിറം ബാധകമല്ല.
ഭാവിയില്‍ വി.വി.ഐ.പി. യാത്രകള്‍ക്കു കൂടി വേണ്ടിയാണ് ഭാരത് ബെന്‍സിന്റെ 12 മീറ്റര്‍ ഷാസിയില്‍ ബസ് നിര്‍മിച്ചിട്ടുള്ളതെന്ന് ഉത്തരവില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ ടൂര്‍ ആവശ്യത്തിനും ബസ് ഉപയോഗിക്കാം എന്നായിരുന്നു അന്നിറക്കിയ ഉത്തരവില്‍ പറയുന്നത്. വി.വി.ഐ.പി. പരിരക്ഷ നല്‍കുന്നതോടെ നിലവിലെ നിയമങ്ങളില്‍നിന്ന് വ്യത്യസ്തമായി ബയോ ടോയ്ലറ്റ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും. സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും അനുമതി നല്‍കിയിരുന്നു.
CONTENT HIGHLIGHTS; What is KSRTC’s profit from Navakerala Bus: A bus was bought at the cost of crores for the ministers’ tour when the employees were working without salary; The biggest waste of 2023 will continue to be criticized until it turns a profit