വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
ആരോഗ്യകരമായ ഭാരം നിലനിർത്താൻ തണ്ണിമത്തൻ ഒരു മികച്ച പഴമാണ്. ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, തണ്ണിമത്തനിൽ കുറച്ച് കലോറി മാത്രമേയുള്ളൂ. മാത്രമല്ല കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യും.
തണ്ണിമത്തൻ ഒരു ജനപ്രിയ വേനൽക്കാല പഴമാണ്. ഇത് രുചികരം മാത്രമല്ല ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഉയർന്ന ജലാംശം ഉള്ളതിനാൽ വേനൽക്കാലത്ത് ജലാംശം നിലനിർത്താൻ തണ്ണിമത്തൻ മികച്ചൊരു പഴമാണ്. അസിഡിറ്റി പ്രശ്നത്തിലും തണ്ണിമത്തൻ ജ്യൂസ് ഗുണം ചെയ്യും.
തണ്ണിമത്തൻ കൃഷി ഇപ്പോൾ തുടങ്ങിയാൽ മാർച്ചിൽ വിളവെടുക്കാം. രണ്ടാംവിള കൃഷി കഴിഞ്ഞ പാടങ്ങളിലും പറമ്പുകളിലും പുഴയോരങ്ങളിലും തണ്ണിമത്തൻ നന്നായി വിളയും. നല്ല സൂര്യപ്രകാശം വേണം. മണൽ കലർന്ന പശിമരാശി മണ്ണാണ് അഭികാമ്യം. ആഴവും നീർവാർചയുമുള്ള മണൽമണ്ണിലും എക്കൽ മണ്ണിലും തണ്ണിമത്തൻ വിളയിക്കാം.
നടീലും വളപ്രയോഗവും
പരമ്പരാഗത രീതിയിൽ കുഴിയെടുത്താണ് തണ്ണിമത്തൻ കൃഷി. നല്ല ഇടയകലം നൽകണം. 3 മീറ്റർ അകലത്തിൽ 2 മീറ്റർ ഇടവിട്ട് കുഴിയെടുത്തു വിത്തു പാകാം. 60 സെന്റിമീറ്റർ വലുപ്പവും 30–45 സെന്റിമീറ്റർ ആഴവുമുള്ള കുഴികൾ എടുത്ത് സെന്റിന് 100 കിലോ കാലിവളം/ ജൈവവളം മേൽമണ്ണുമായി ചേർത്തു മുക്കാൽ ഭാഗം നിറച്ചു വിത്തു പാകാം. സെന്റിന് 1–2 കിലോഗ്രാം കുമ്മായം ചേർത്തു പരുവപ്പെടുത്തി, ഒരാഴ്ചയ്ക്കുശേഷം വിത്തു പാകാം.
അടിവളത്തിനു പുറമേ, വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കായ് പിടിക്കുമ്പോഴും വളപ്രയോഗം നടത്തണം. ജൈവരീതിയിൽ കൃഷി ചെയ്യുമ്പോൾ ചാണകസ്ലറി, വെർമികമ്പോസ്റ്റ്, ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളം, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.
ഇടപ്പണികളും നനയും
വിത്തിട്ട് ആദ്യ ഘട്ടങ്ങളിൽ രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കണം. പൂവിടുമ്പോഴും കായ്പിടിത്തം തുടങ്ങുമ്പോഴും മണ്ണിലെ ഈർപ്പത്തിനനുസരിച്ച് നന ക്രമീകരിക്കാം. തടത്തിൽ പുതയിടുന്നതും ഈർപ്പം നിലനിർത്താൻ സഹായിക്കും. കായ്കൾ മൂപ്പെത്തിക്കഴിഞ്ഞാൽ ജലസേചനം കുറയ്ക്കാം. വിളവെടുപ്പിനു 15 ദിവസം മുമ്പ് ജലസേചനം നിർത്തണം. തണ്ണിമത്തന്റെ വള്ളി പടർത്തുന്നതിന് ഉണങ്ങിയ കമ്പുകൾ, ഓല, വൈക്കോൽ എന്നിവ നിരത്തിക്കൊടുക്കാം.
തണ്ണിമത്തൻ പ്രിസിഷൻ ഫാമിങ്ങിലൂടെയും
ഓപ്പൺ പ്രിസിഷൻ ഫാമിങ്ങിലൂടെ കർഷകർ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായി തണ്ണിമത്തൻ കൃഷി ചെയ്യുന്നു. ആദ്യ മുതൽമുടക്ക് കൂടുമെങ്കിലും ക്രമേണ ലാഭകരമാണ് ഈ കൃഷി. വാരങ്ങളെടുത്തു പോളിത്തീൻ മൾച്ചും ഡ്രിപ്പ് ലൈനും നൽകി, നനയും വളവും കൃത്യമായ ഇടവേളകളിൽ നൽകി, കളനിയന്ത്രണം സാധ്യമാക്കി കൂടുതൽ വിളവ് ഇതിലൂടെ കൈവരിക്കാം.
വിത്ത് ലഭിക്കാൻ
പാലക്കാട് നാഷനൽ സീഡ്സ് കോർപറേഷനിൽ മുൻകൂർ അറിയിക്കുന്നപ്രകാരം വിത്ത് ലഭ്യമാക്കും. ഫോൺ: 0491 2566414.
വെള്ളാനിക്കര ഹോർട്ടികൾചർ കോളജിൽ, ഒളരികൾചർ വിഭാഗത്തിൽ നേരിട്ടു ചെന്നാൽ പരിമിതമായ തോതിൽ ‘ഷുഗർബേബി’ വിത്തുകൾ ലഭിക്കും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചറൽ റിസർച്ചിൽനിന്നു ജനുവരി മുതൽ വിത്തുകൾ ലഭ്യമാകും.
തണ്ണിമത്തൻ ഇനങ്ങൾ
- ഷുഗർബേബി (ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾചർ റിസർച് വികസിപ്പിച്ചെടുത്തത്) ഇടത്തരം വലുപ്പമുള്ള കായ്കൾക്ക് 3–5 കിലോഗ്രാം ഭാരവും നല്ല മധുരവും.
- അർക്കജ്യോതി, അർക്കമണിക് (ബെംഗളൂരുവിലെ ഐഐഎച്ച്ആർ വികസിപ്പിച്ചെടുത്തവ)
- ശോണിമ, സ്വർണ
കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത കുരുവില്ലാത്ത സങ്കര ഇനങ്ങൾ. - ശോണിമ– ചുവന്ന കാമ്പുള്ള സ്വർണ– മഞ്ഞക്കാമ്പുള്ളത്
content highlight: watermelon farming