തിരു അനന്തപുരം എന്നതാണ്, പറയാന്‍ എളുപ്പത്തില്‍ തിരുവനന്തപുരം എന്നു പറയുന്നത്. അതായത്, ശ്രീ പദ്മനാഭന്റെ മണ്ണ് എന്നര്‍ത്ഥം. തിരുവനന്തപുരത്തുള്ളതെല്ലാം അനന്തപദ്മനാഭന്റെ വകയാണ്. അനന്ത ശയനത്തില്‍ കിടക്കുന്ന പദ്മനാഭനെ കാണാന്‍ ലോകത്തെ വിവിധ ഇടങ്ങലില്‍ നിന്നും തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ എപ്പോഴും സുരക്ഷാ ഭടന്‍മാരുടെയും സി.സി.ടി.വി ക്യാമറയുടെയും നിരീക്ഷണത്തിന്‍ കീഴിലാണ്. ലോകത്തിലെ ഏറ്റവും ധനികനും ശ്രീ പദ്മനാഭന്‍ തന്നെ. ലക്ഷംകോടിയുടെ ആസ്തിക്കു മുകളിലാണ് പദ്മനാഭന്റെ ശയനം.
കുറച്ചു വര്‍ഷങ്ങളേ ആയുള്ളൂ, പദ്മനാഭന്റെ സ്വത്ത് വിവരങ്ങള്‍ പുറത്തു വന്നിട്ട്. ക്ഷേത്രത്തിനുള്ളിലെ നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള അപൂര്‍വ്വ ഇനം രത്‌നങ്ങളും, മരതകങ്ങളും, സ്വര്‍ണ്ണവുമെല്ലാം എണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ട്. ഒരു നിലവറ മാത്രം ഇപ്പോഴും തുറന്നിട്ടില്ല. അതിനുള്ളില്‍ എന്താണെന്ന് ആര്‍ക്കും അറിവുമില്ല. ഇതെല്ലാം സൂക്ഷിക്കാനായാണ് സുരക്ഷ ശക്തമാക്കിയത്. ക്ഷേത്ര പരിസരം പ്രത്യേക സോണ്‍ ആക്കി മാറ്റിയിട്ടുമുണ്ട്. നിധി കണ്ടെത്തിയതിനു പിന്നാലെ ക്ഷേത്രത്തിന്റെ പേരും പെരുമയും ലോകമാകെ അറിയപ്പെട്ടു. നിധിയുടെ കണക്കെടുമ്പോള്‍ ഓരോ ദിവസവും പ്രശസ്തിയുടെ കൊടുമുടി കയറുകയായിരുന്നു അനന്തനും അനന്തന്റെ നാടും. പദ്മനാഭന്റെ പാദങ്ങളില്‍ ഇനിയും നിധികള്‍ ഉണ്ടെന്നു തന്നെയാണ് തിരുവനന്തപുരത്തുകാരുടെ വിശ്വാസവും.
എന്നാല്‍, പ്രശസ്തി വാനോളം ഉയര്‍ന്നതിനു പിന്നാലെ ഭക്തരുടെയും തീര്‍ത്ഥാടകരുടെയും എണ്ണം വര്‍ദ്ധിച്ചു. ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുന്നതിന് നിബന്ധനകള്‍ വന്നു. മൊബൈല്‍ ഫോണ്‍ ബാഗുകള്‍ എന്നിവ കയറ്റാന്‍ പാടില്ല. മെറ്റല്‍ ഉപകരണങ്ങളും കയറ്റാനാവില്ല. എന്നാല്‍, പദ്മനാഭനെ കണ്ട് മനസ്സുനിറച്ച് തൊഴുതു പ്രാര്‍ത്ഥിക്കാന്‍ ആവോളം സമയം നല്‍കും. തിരക്കുള്ള സമയങ്ങളില്‍ കഴിയില്ലെന്നു മാത്രം. മുടക്കം കൂടാതെ നടക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും അത്ഭുതമാണ്. സ്വദേശികളും വിദേശികളുമായ തീര്‍ത്ഥാടകര്‍ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരു ദിവസം എങ്ങനെയാണെന്ന്
അറിഞ്ഞിരിക്കണം.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരു ദിവസം എങ്ങനെ ?
അതിരാവിലെ 1:30 മണിക്ക് ക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തുള്ള തെക്കേ നമ്പിമഠത്തോടു ചേര്‍ന്നിരിക്കുന്ന ഗോശാലയിലെ ഗോക്കളെ കുളിപ്പിച്ചു വൃത്തിയാക്കി പഞ്ചഗവ്യം തയാറാക്കുന്നതിന് ആവശ്യമായിട്ടുള്ള ഗോമൂത്രവും ചാണകവും ശേഖരിച്ചു വെച്ചതിനു ശേഷം കറവ ആരംഭിക്കുന്നു. 2:45 ആകുമ്പോള്‍ മേളക്കാര്‍ വാദ്യഘോഷങ്ങളോടെ ശംഖുനാദം മുഴക്കി പള്ളിയുണര്‍ത്തും. അനന്തരം കുറുപ്പ് ക്ഷേത്രത്തിനുള്ളിലേക്ക് കയറുകയും ആ മുറയിലുള്ള കീഴ്ശാന്തി പത്മനാഭ സ്വാമിയുടെ നടയിലെ വിളക്കുകള്‍ എല്ലാം തെളിയിക്കുകയും ചെയ്യും.
ശേഷം തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയുടെയും തെക്കേടം നരസിംഹ സ്വമിയുടെയും മുറയിലുള്ള കീഴ്ശാന്തിമാര്‍ കുറുപ്പിന്റെ കയ്യില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി നടതുറന്നു നിര്‍മ്മാല്യ ദര്‍ശനത്തിനും അഭിഷേകത്തിനും വേണ്ടിയുള്ള ഒരുക്കങ്ങള്‍ ചെയ്യും. അത് കഴിഞ്ഞാല്‍ നിയുക്ത നമ്പിമാരെ മഠത്തില്‍ നിന്നും ശീവേലി വിളക്കിന്റെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ദാസര്‍ നമ്പിമഠത്തിലെത്തി നമ്പിമാരെയും കൂട്ടി പഞ്ചഗവ്യത്തിനായി ശേഖരിച്ച ഗോമൂത്രവും ചാണകവും എടുത്ത് ക്ഷേത്രത്തിലേക്ക് പോകും.
പടിഞ്ഞാറേ നടവഴി അകത്തു കടക്കുന്ന നമ്പിമാരില്‍ തിരുവമ്പാടി നമ്പി നടയിലേക്ക് കയറുകയും പത്മനാഭ സ്വാമിയുടെയും നരസിംഹ സ്വാമിയുടെയും നമ്പിമാര്‍ വടക്കേ നടവഴി അകത്തു കയറി പുറകു വശത്തുകൂടി അപ്രദക്ഷിണമായി തെക്കെ വശത്തു കൂടെ അതാത് നടകളില്‍ പ്രവേശിക്കുന്നു. പെരിയ നമ്പി ഒറ്റക്കല്‍ മണ്ഡപത്തില്‍ കയറി പഞ്ചഗവ്യം (ചാണകം, ഗോമൂത്രം, പാല്, തൈര്, നെയ്യ്) എന്നിവ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്ത് തയാറാക്കി ശുദ്ധി ചെയ്ത ശേഷം തിരുനട തുറക്കും. 4:15 ആകുമ്പോള്‍ അഭിഷേകത്തിനായി ശ്രീകോവിലില്‍ നിന്നും ശ്രീ പത്മനാഭ സ്വാമിയുടേയും ശ്രീദേവിയുടെയും ഭൂമീദേവിയുടെയും അഭിഷേക വിഗ്രഹങ്ങളും ശീവേലി വിഗ്രഹവും സാളഗ്രാമങ്ങളും ശംഖുനാദത്തോടെ പുറത്തേക്ക് ഏഴുന്നളിച്ച് പൂജ തുടങ്ങി ഉപചാരങ്ങളെല്ലാം നല്‍കി അഭിഷേകം ആരംഭിക്കും.
സ്വര്‍ണ്ണ ചിരട്ട കൊണ്ട് ആദ്യം പഞ്ചഗവ്യം അഭിഷേകം ചെയ്ത് ബിംബശുദ്ധി വരുത്തി പഞ്ചാമൃതം അഭിക്ഷേകം ചെയ്യും. ഈ സമയത്തു നരസിംഹ സ്വാമിക്ക് പാല്‍ കരിക്ക് എന്നിവ അഭിക്ഷേകം ചെയ്യും. അത് കഴിഞ്ഞ് പത്മനാഭ സ്വാമിക്കു പാല്‍ അഭിഷേകം. ഭഗവാന് പാലഭിഷേകം കഴിഞ്ഞ ഉടനെ കൃഷ്ണസ്വാമിക്കും അഗ്രശാല ഗണപതിക്കും ശാസ്താവിനും പാലഭിഷേകം. ഈ സമയത്ത് ഉള്ളില്‍ അഭിഷേക വിഗ്രഹങ്ങള്‍ വൃത്തിയാക്കി, അലങ്കരിച്ച് പൂജ നല്‍കി മലരും പഴവര്‍ഗ്ഗങ്ങളും പാലും നിവേദിച്ച് ദീപാരാധന നല്‍കും. ഭഗവാനു ദീപാരാധന കഴിഞ്ഞ ഉടന്‍ നരസിംഹസ്വാമിക്കും കൃഷ്ണസ്വാമിക്കും ഗണപതിക്കും ശാസ്താവിനും ദീപരാധന.
ദീപാരാധന കഴിഞ്ഞ ഉടനെ വിഗ്രഹങ്ങള്‍ ഓരോന്നായി ശംഖുനാദത്തിന്റെ അകമ്പടിയോടു കൂടി ശ്രീകോവിലില്‍ എത്തിച്ച് യഥാസ്ഥാനങ്ങളില്‍ വെച്ച് അലങ്കരിച്ച് ഉഷഃപൂജയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നു. നിവേദ്യത്തിനായി അവല്‍, പൊങ്കല്‍, വലിയ പാല്‍പായസം, ശര്‍ക്കര പായസം എന്നിവ ഉണ്ടാവും. പിന്നെ രാവിലത്തെ ശീവേലിക്കായി പാണിവിളക്കു വെച്ച് പാണികൊട്ടി ഉപചാരം ചൊല്ലി ശ്രീ പത്മനാഭസ്വാമിയുടെയും നരസിംഹ സ്വാമിയുടെയും ശീവേലി വിഗ്രഹങ്ങളും അതാത് കീഴ്ശാന്തിമാര്‍ ശിരസ്സിലേന്തി കൊടിമരം പ്രദക്ഷിണം ചെയ്ത് ശാസ്താവിന്റെ നടയിലൂടെ പടിഞ്ഞാറേനടയില്‍ എത്തുമ്പോള്‍ ശ്രീ കൃഷ്ണസ്വാമിയും ഇവരോടൊപ്പം ചേര്‍ന്ന് നടച്ചുറ്റു വഴി 3 പ്രദക്ഷിണം പൂര്‍ത്തിയാക്കി കൃഷ്ണസ്വാമി ആദ്യം അകത്തു കയറും.
പിന്നാലെ തന്നെ പത്മനാഭസ്വാമിയും നരസിംഹസ്വാമിയും അകത്തു കയറും. ശീവേലി കഴിഞ്ഞാല്‍ 6:45 ഓടെ മിത്രാനന്ദപുരത്തു നിന്നും പുഷ്പാഞ്ജലി സ്വാമിയാര്‍ ക്ഷേത്രത്തിലെത്തി പൂജ ആരംഭിക്കും. 3 ദേവന്മാര്‍ക്കും പുഷ്പ്പാഞ്ജലിയും അതോടൊപ്പം തന്നെ നിവേദ്യവും ഉണ്ടാകും. പുഷ്പാഞ്ജലി തുടങ്ങുന്ന നേരത്ത് സമയം 7:30 ആകും. ഈ നേരത്താണ് കൊട്ടാരത്തില്‍ നിന്നുള്ള ആചാരപരമായ നിത്യദര്‍ശനത്തിനു തമ്പുരാന്‍ എഴുന്നെള്ളുന്നത്. പത്മനാഭസ്വാമിയുടെ നടയില്‍ ദര്‍ശനം നടത്തുന്ന സമയത്ത് സ്വാമിയാര്‍ ഉള്ളില്‍ പുഷ്പാഞ്ജലി നടത്തും. ഭഗവാന്റെ നടയില്‍ നിന്നും നരസിംഹസ്വാമിയുടെ നടയില്‍ ദര്‍ശനത്തിനു പോകുന്ന സമയത്തില്‍ സ്വാമിയാര്‍ നരസിംഹസ്വാമിയുടെ നടയിലെത്തി പുഷ്പ്പാഞ്ജലി നടത്തും.
ഇതുപോലെ തന്നെ ശ്രീകൃഷ്ണസ്വാമിക്കും പുഷ്പ്പാഞ്ജലി നടത്തി തമ്പുരാന്‍ ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങുന്നതോടെ സ്വാമികള്‍ തിരിച്ച് മഠത്തിലേക്ക് മടങ്ങും. അത് കഴിഞ്ഞാല്‍ 11:15 നു ഉച്ചപൂജയും നിവേദ്യവും. സ്വര്‍ണ്ണത്തളികയില്‍ വെള്ളച്ചോറ്, ഉപ്പിലിട്ട മാങ്ങ, ശര്‍ക്കരപായസം, നെയ്യപ്പം, എന്നിവ നിവേദിച്ച് ദീപരാധന നല്‍കി ഉച്ചശീവേലിക്കു ശേഷം നടയടക്കും. വൈകിട്ട് 5 മണിക്ക് ദാസര്‍ ചെന്ന് നമ്പിമാരെ വിളിച്ചുകൊണ്ടുവന്ന് നടതുറന്നു ദര്‍ശനം ആരംഭിക്കും. 6:45ന് ആദ്യം ശ്രീ രാമ സ്വാമിക്ക് ദീപാരാധന നല്‍കിയശേഷം മുറയായി ശ്രീ പത്മനാഭസ്വാമി നരസിംഹസ്വാമി കൃഷ്ണസ്വാമി ശാസ്താവ് ക്ഷേത്രപാലന്‍ വ്യാസന്‍ (രാത്രിയില്‍ മാത്രം) ഗണപതി എന്നിവര്‍ക്ക് ദീപാരാധന നല്‍കും.
അനന്തരം അര്‍ദ്ധയാമപൂജയും നിവേദ്യവും. നിവേദ്യത്തിനായി വെള്ളച്ചോറ് ശര്‍ക്കരപ്പായസം ഒറ്റയട വത്സന്‍ ഉണ്ണിയപ്പം അവില്‍ വിളയിച്ചത് ചൂട് പാല്‍ എന്നിവയുണ്ടാകും. നരസിംഹസ്വാമിക്ക് പാനകവും കൂടി കാണും. നിവേദ്യം കഴിഞ്ഞാല്‍ അര്‍ദ്ധയാമ ശീവേലിക്ക് വേണ്ടി 8 മണിക്ക് പുറത്തിറങ്ങും. പത്മനാഭസ്വാമിയുടെയും നരസിംഹസ്വാമിയുടെയും ശീവേലി വിഗ്രഹങ്ങള്‍ ശിരസ്സിലെന്തി കിഴക്കേനടയില്‍ എത്തി കിഴക്കഭിമുഖമായി നിന്ന് പെരിയനമ്പി ഇരുവര്‍ക്കും ദീപാരാധന നടത്തി വാദ്യമേളങ്ങളോടുകൂടി പ്രദക്ഷിണമായി പടിഞ്ഞാറേ നടയിലെത്തുമ്പോള്‍ ശ്രീകൃഷ്ണസ്വാമിയും കൂടി ചേരുന്നു.
ഇവിടെ വെച്ച് മൂന്നുപേര്‍ക്കും (പത്മനാഭസ്വാമി നരസിംഹസ്വാമി കൃഷ്ണസ്വാമി) എന്നീ മുറയ്ക്ക് ദീപരാധന നല്‍കി 3 പ്രദക്ഷിണം പൂര്‍ത്തിയാക്കി വടക്കേനടവഴി കൃഷ്ണസ്വാമിയും കിഴക്കേനടവഴി പത്മനാഭസ്വാമിയും നരസിംഹസ്വാമിയും തിരിച്ചു കയറും. അകത്തു കയറിക്കഴിഞ്ഞാല്‍ ആദ്യം ശ്രീകൃഷ്ണസ്വാമിക്കും നരസിംഹസ്വാമിക്കും പിന്നെ പത്മനാഭസ്വാമിക്കും ദീപാരാധന നല്‍കി യോഗത്ത് പോറ്റിമാരുടെ കുടുംബത്തില്‍ നിന്നുള്ള പ്രതിനിധിയുടെ സാന്നിധ്യത്തില്‍ നീലാംബരി രാഗത്തോട് കൂടിയുള്ള നാദസ്വരവാദനത്തിനു ശേഷം തിരുനടയടച്ച് ശ്രീകോവിലിന്റെ താക്കോല്‍കൂട്ടം ആചാരപ്രകാരം പ്രതിനിധിയെ ഏല്‍പ്പിക്കുന്നു. അവര്‍ അത് ക്ഷേത്രക്കുറുപ്പിന് കൈമാറും. നമ്പിമാര്‍ മടത്തിലേക്ക് മടങ്ങും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജാവിധികള്‍ ഇങ്ങനെയാണ്.
CONTENT HIGHLIGHTS; Don’t know, how about a day at Sri Padmanabhaswamy Temple?: Visitors to the land of Padmanabhan must know this for sure.