കണ്ടകശനി കൊണ്ടേ പോകൂ എന്നൊരു പഴഞ്ചൊല്ലുണ്ട്. അതുപോലെയാണ് കേരളത്തിലെ IAS കാര്‍ക്കിടയിലെ തര്‍ക്കവും തമ്മിലടിയും. കണ്ടകശനി ആരുടെ തലയ്ക്കു മീതെയാണ് നില്‍ക്കുന്നതെന്ന് കണ്ടുതന്നെ അറിയണം. തമ്മിലടി രൂക്ഷമായതോടെ അതിലേക്ക് ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും എത്തിയിരിക്കുകയാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകുമായുള്ള വിഷയത്തില്‍ എന്‍ പ്രശാന്തിനെതിരേ അച്ചടക്ക നടപടി എടുത്തത് ചീഫ് സെക്രട്ടറിയാണ്. ജയതിലകിനെതിരേ ഫേസ്ബുക്കില്‍ പരസ്യമായി പോസ്റ്റ് ഇട്ടതിനായിരുന്നു പ്രശാന്തിനോട് വിിശദീകരണം നല്‍കാനാവശ്യപ്പെട്ടത്. അതേസമയം, എന്‍. പ്രശാന്ത് ഐഎഎസ് ഉന്നതിയുടെ സിഇഒ ആയിരുന്ന കാലത്തെ സുപ്രധാനമായ ഫയലുകള്‍ പിന്നീട് ആ സ്ഥാനത്തേക്ക് വന്ന കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിന് കൈമാറിയിട്ടില്ലെന്നും ഇതില്‍ അസ്വഭാവികതയുണ്ടെന്നുമായിരുന്നു ജയതിലകിന്റെ റിപ്പോര്‍ട്ട്.
ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചുവെന്ന പേരിലാണ് പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. എന്നാല്‍, തനിക്കെതിരേ ഇവര്‍ ഗൂഢാലോചന നടത്തിയതാണെന്നും കാട്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്, കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ്, മാതൃഭൂമി ദിനപത്രം എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. വ്യാജ രേഖ ചമയ്ക്കല്‍, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് എന്‍ പ്രശാന്ത് നാലുകൂട്ടര്‍ക്കുമെതിരെ ആരോപിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയെയും വീണ്ടും വെട്ടിലാക്കിക്കൊണ്ട് എന്‍. പ്രശാന്ത്, അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുന്നത്.
കേട്ടു കേള്‍വി പോലുമില്ലാത്ത വിധം സംസ്ഥാനത്തെ IASകാര്‍ തമ്മില്‍ വക്കീല്‍ നോട്ടീസും, വിശദീകരണവും ചോദിച്ചുള്ള യുദ്ധം മുറുകുമ്പോള്‍ മുഖ്യമന്ത്രി ആകെ അസ്വസ്ഥതയിലാണ് ഏഴ് കാര്യങ്ങള്‍ക്കാണ് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണമെന്ന് പ്രശാന്തിന്റെ ആവശ്യം. അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെയും, കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പ്രശാന്തിനെ സസ്പെന്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ചാര്‍ജ് മെമ്മോയും നല്‍കി. എന്നാല്‍, ഈ മെമ്മോക്ക് മറുപടി നല്‍കുന്നതിന് പകരം തിരിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് പ്രശാന്ത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ജയതിലകും ഗോപലകൃഷ്ണനും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. പിന്നെ സര്‍ക്കാര്‍ സ്വന്തം നിലയില്‍ മെമോ നല്‍കുന്നതില്‍ എന്ത് യുക്തി?. സസ്പെന്റ് ചെയ്യുന്നതിന് മുമ്പോ ചാര്‍ജ് മെമ്മോ നല്‍കുന്നതിന് മുമ്പോ എന്ത് കൊണ്ട് തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ല, ചാര്‍ജ് മെമ്മോക്കൊപ്പം വെച്ച തന്റെ ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ആരാണ് ശേഖരിച്ചത്?. ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നാണിത് ശേഖരിച്ചത് ? ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. തനിക്ക് കൈമാറിയ സ്‌ക്രീന് ഷോട്ടില്‍ കാണുന്നത് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങിനെയെങ്കില് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് ചാര്‍ജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തം. ഇതിന് ചീഫ് സെക്രട്ടറി മറുപടി നല്‍കണം.
സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കില്‍ ഇതെങ്ങനെ സര്‍ക്കാരിന്റെ ഫയലില്‍ കടന്നു കൂടിയെന്നാണ് മറ്റൊരു ചോദ്യം. ഐടി നിയമപ്രകാരം സര്‍ട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണോ ഡിജിറ്റല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ചതെന്നും പ്രശാന്ത് ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ വഴിവിട്ട നടപടികളെ ചോദ്യം ചെയ്തതിനും വിമര്‍ശിച്ചതിനുമാണ് പ്രശാന്തിനെതിരെയുള്ള അച്ചടക്ക നടപടിയെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ജയതിലകിന് ഇഷ്ടമല്ലാത്ത ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കുന്നത് പോലെ പ്രശാന്തിനെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നതാണ് ഇപ്പോള്‍ ഭരണതലത്തില്‍ വലിയ പ്രതിസന്ധിയായിരിക്കുന്നത്.
വര്‍ഗീയ ലക്ഷ്യത്തോടെയുള്ള വട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച കെ. ഗോപാലകൃഷ്ണന് തലോടലും ഫേസ്ബുക്കില്‍ ഉന്നത ഉദ്യോഗസ്ഥനെ വിമര്‍ശിച്ച പ്രശാന്തിനെതിരെ കടുത്ത നടപടികളുമെന്നതാണ് ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. പ്രശാന്തിനെതിരെ മാതൃഭൂമിയില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ജയതിലക് ആണെന്നാണ് പ്രധാന ആക്ഷേപം. ഇതോടെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരില്‍ ചീഫ് സെക്രട്ടറിയുള്‍പ്പെടെ കുരുക്കിലാകുന്ന അവസ്ഥയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍. നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എന്‍. പ്രശാന്ത് ഐ.എ.എസാണ്
പ്രശാന്ത് ഉന്നതിയുടെ സ്ഥാപക സിഇഒ ആയിരുന്ന കാലത്ത് ഫയലുകള്‍ കാണാതായെന്നും ഹാജര്‍ ക്രമക്കേടുകളുണ്ടെന്നും ആരോപിച്ച് ജയതിലക് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെതിരെയാണ് നിയമനടപടികള്‍ സ്വീകരിക്കുന്നത്. പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ റിപ്പോര്‍ട്ടെന്നും, രണ്ട് നിര്‍ണായക കത്തുകള്‍ കെട്ടിച്ചമച്ച് സര്‍ക്കാരിന്റെ ഇ ഓഫീസ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തത് എ ജയതിലക്, കെ. ഗോപാലകൃഷ്ണന്‍ എന്നിവരുടെ ഗൂഢാലോചനയാണെന്നും പ്രശാന്ത് പരസ്യമായി തന്നെ ആരോപിച്ചിരുന്നു.
കെ. ഗോപാലകൃഷ്ണന്‍ ഒന്നാം പ്രതിയും, അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് രണ്ടാം പ്രതിയും, മാതൃഭൂമി ദിനപത്രം മൂന്നാം പ്രതിയും, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നാലാം പ്രതിയുമായാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രമക്കേടുകളാണ് നോട്ടീസില്‍ ചുമത്തിയിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതോ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതോ അല്ലെന്നും ഇത് പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. രണ്ട് വ്യാജ കത്തുകള്‍ കെട്ടിച്ചമച്ച് എ ജയതിലക് സര്‍ക്കാരിന്റെ ഇ ഓഫീസ് സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്തതായി വക്കീല്‍ നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.
ജയതിലകിന്റെ ഓഫീസില്‍ നിന്ന് തീയതിയില്ലാത്തതും നമ്പറില്ലാത്തതുമായ രണ്ട് കത്തുകളും വ്യാജമായി നിര്‍മ്മിച്ച് അപ്ലോഡ് ചെയ്തതായി സിസ്റ്റത്തില്‍ നിന്നുള്ള മെറ്റാഡാറ്റയും ടൈംസ്റ്റാമ്പുകളും വെളിപ്പെടുത്തുന്നു. എല്ലാ ഫയലുകളും ഗോപാലകൃഷ്ണന്റെയും ജയതിലകിന്റെയും കൈവശമുണ്ടെന്ന് 2024 മെയ് 14 ലെ സര്‍ക്കാര്‍ കത്ത് കാണിച്ചതിനാല്‍ ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്ന ഈ കത്തിലെ ഉള്ളടക്കവും തെറ്റാണെന്ന് തെളിഞ്ഞതായി പറയുന്നു. ഈ രണ്ട് ഉദ്യോഗസ്ഥരുടെയും ഇത്തരം വഞ്ചനാപരമായ പ്രവൃത്തികള്‍ ബിഎന്‍എസിന്റെ 238, 239, 336 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്നും 1968ലെ ഓള്‍ ഇന്ത്യ സര്‍വീസസ് ചട്ടങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
ഇങ്ങനെ സംസ്ഥാനത്തെ IASകാര്‍ പരസ്പരം കുറ്റപ്പെടുത്തിയും തമ്മില്‍ കലഹിച്ചും മുന്നോട്ടു പോകുമ്പോള്‍ ഭരണം അത്ര മെച്ചമാകില്ലെന്നുറപ്പാണ്. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം പോലെ തന്നെയാണ് IASകാരുടെ ബന്ധവും ഇത് ഭദ്രമല്ലെങ്കില്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ നിശ്ചലമാകും. ഒരു കാര്യം വ്യക്തമായിരിക്കുകയാണ്. എന്‍. പ്രശാന്തിനെ സംരക്ഷിക്കാനും ആള്‍ക്കാരുണ്ടെന്ന്. സമാനമായി ജയതിലകിനും ഗോപാലകൃഷ്ണനും പിന്നിലും സംരക്ഷകരുണ്ട്. അതുകൊണ്ടുതന്നെ ഈ തമ്മിലടി ആരുടെയെങ്കിലും വീഴ്ചയിലേ കലാശിക്കൂ. ആരാണ് വീഴുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
CONTENT HIGHLIGHTS; Open war of IAS officers: N. with a check to the Chief Secretary. Prashant; The secretariat is flooded with lawyer notices, explanations, memos and suspensions.