Agriculture

ഇനി ആശങ്ക വേണ്ട, ഏത് കാലാവസ്ഥയിലും പടവലങ്ങ കൃഷി ചെയ്യാം

പടവലങ്ങ കൃഷി ചെയ്യാൻ എളുപ്പമാണ് പക്ഷെ ക്ഷമയും അധ്വാനവും വേണം. ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നവ ഒന്നാണ് പടവലങ്ങ. പക്ഷേ, വളരാനായി കുറച്ച് സ്ഥലം വേണം. വിത്തുകൾ മുളപ്പിച്ചാണ് പവലം കൃഷി ചെയ്യുന്നത്. വിത്ത് നട്ട് വേഗത്തിൽ മുളയ്ക്കുന്നതിനായി പാകുന്നതിനു മുമ്പ് തന്നെ വെള്ളത്തിൽ മുക്കി കുതിർത്ത് നടുന്നത് നല്ലതാണ്. നേരിട്ട് കൃഷി സ്ഥലത്ത് നടുകയാണെങ്കിൽ രണ്ടാമത് മാറ്റി നടേണ്ട ആവശ്യമില്ല. വിത്തുകൾ തണലത്ത് വച്ച് വേണം മുളപ്പിക്കേണ്ടത്. ഗ്രോ ബാഗുകളിൽ വച്ച് വളർത്തിയ തൈകളാണെങ്കിൽ ബ്ലേഡ് കൊണ്ട് കീറി വേരുകൾ പൊട്ടാത്ത വിധത്തിൽ വേണം മാറ്റിയെടുത്ത് നടേണ്ടത്.

രണ്ടടി വലിപ്പവും ഒരു അടി ആഴവുമുള്ള കുഴികളെടുത്ത് അതിൽ മേൽ മണ്ണും ചാണകവും ജൈവവളവും ചേർത്ത് വേണം കുഴി നിറയ്ക്കാൻ. ഓരോ തടത്തിലും രണ്ടു മൂന്ന് വിത്ത് വീതം നടണം. തടങ്ങൾ തമ്മിൽ 2 മീറ്റർ അകലം ഉണ്ടായിരിക്കണം. ചെടി വള്ളി വളരാൻ ആരംഭിക്കുമ്പോൾ അവയ്ക്ക് പടരാനായി പന്തലോ മരക്കൊമ്പുകൾ അടുപ്പിച്ചു കുത്തി നിർത്തി താങ്ങുകൾ നൽകണം. അല്ലാത്ത പക്ഷം, വള്ളികൾ തറയിലേക്ക് പടർന്നു പോകും. അത് വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കും. നടുന്നതു മുതൽ വളപ്രയോഗത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

വിത്ത് പാകി രണ്ടു മാസമെത്തമ്പോൾ പടവലം വിളവെടുപ്പിനു പാകമാകും. അതുകൊണ്ട് തുടക്കം മുതലേ വളപ്രയോഗത്തിൽ ശ്രദ്ധിക്കണം. പച്ചില, ചകിരിചോർ കമ്പോസ്റ്റ്, തൊണ്ട്, വൈക്കോൽ, എന്നിവ കൂടുതലായി ഇവയ്ക്ക് ചുവട്ടിൽ നിക്ഷേപിക്കാം. മണ്ണിര കമ്പോസ്റ്റും നല്ലതാണ്. പൂവിട്ടു തുടങ്ങിയാൽ ഒരു കിലോ പച്ച ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടു മൂന്ന് ദിവസത്തെ ഇടവേളകളിൽ തളിച്ചു കൊടുക്കുക. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിയിൽ നൂറു ഗ്രാം എന്ന തോതിൽ വേപ്പിൻ പിണ്ണാക്ക് ഇടണം. ദിവസവും ഒരു നേരമെങ്കിലും ചെറുതായി നനയ്ക്കുന്നത് നല്ലതാണ്. കായ്കൾ പറിച്ചെടുക്കാൻ വൈകുകയോ കൂടുതൽ മൂക്കുവാനായി നിർത്തുകയോ ചെയ്താൽ പൂക്കളുടെ ഉത്പാദനത്തെയും വിളവിനെയും പ്രതികൂലമായി ബാധിക്കും.

ഇല ചുരുണ്ട് മഞ്ഞ നിറമായി ഉണങ്ങി പോകുന്നതിനു വേപ്പെണ്ണ മരുന്ന് തളിക്കാവുന്നതാണ്. കടലാസ് കൊണ്ടോ പോളിത്തീൻ കവർ കൊണ്ടോ കായ്കൾ പൊതിയുക. അങ്ങനെ ചെയ്യുന്നത് വലിയ പടവലങ്ങ കിട്ടാൻ സഹായകമാകും. കീടങ്ങൾ ഏറ്റവും കൂടി ആക്രമിക്കാൻ സാധ്യതയുള്ള വിളയാണ് പടവലം. കാന്താരി മുളക്ഗോമൂത്രത്തിൽ ചേർത്ത് ലായനി തയാറാക്കി അതിൽ വെള്ളം ചേർത്ത് തളിക്കുന്നത് കീടങ്ങളെ നശിപ്പിക്കും.