ഓരോ വര്‍ഷവും, ഓരോ മാസവും ഓരോ ദിവസവും മണിക്കൂറും മനുഷ്യന് വിലയേറിയതാണ്. വസിക്കാനാവുന്ന ഗ്രഹങ്ങള്‍ തേടിയുള്ള യാത്രകള്‍, ജീവശ്വാസം, ജലം, അന്തരീക്ഷം എന്നിവ കണ്ടെത്താനുള്ള വ്യഗ്രത. അനന്തമായ ആകാശത്തിനു മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ രാഷ്ട്രങ്ങളുടെ തീവ്രശ്രമം ആരംഭിച്ചിട്ട് കാലങ്ങളായി. അതിലേക്ക് എത്തിപ്പിടിക്കാനായത് ചുരുക്കം ചില രാജ്യങ്ങള്‍ക്കു മാത്രം. മറ്റു രാഷ്ട്രങ്ങള്‍ ഇന്നും അതിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇന്ത്യയും അതിന്റെ തീവ്രയജ്ഞത്തിലാണ്. വികസിത രാജ്യങ്ങള്‍ക്കൊപ്പം ശാസ്ത്ര സാങ്കേതി വികസന രംഗങ്ങളില്‍ കുതിക്കുകയാണ്. സ്വന്തമായി കണ്ടു പിടുത്തങ്ങള്‍ നടത്തിയും, പരീക്ഷിച്ചു വിജയിച്ചും, പരാജയപ്പെട്ടുമൊക്കെ ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ യാത്രകള്‍ തുടരുകയാണ്.
ബഹിരാകാശ പര്യവേഷണത്തിലും, കണ്ടു പിടുത്തങ്ങളിലും, ശ്രമങ്ങളിലുമെല്ലാം നാഴികക്കല്ലുപതിച്ച വര്‍ഷമാണ് 2024. ഇതാ ഇന്ന് സ്‌പെയ്‌ഡെക്‌സ് സാങ്കേതിക വിദ്യയുടെ പരീക്ഷണാര്‍ഥം ഐ.എസ്.ആര്‍.ഒയുടെ ധ്രുവീയ വിക്ഷേപണ വാഹനം (പി.എസ്.എല്‍.വി.സി 60) ഇന്ന് കുതിച്ചുയരും. രണ്ടു വ്യത്യസ്ത ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്നതിന് സ്‌പെയ്‌ഡെക്‌സ് സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ് ലക്ഷ്യം. പരീക്ഷണം വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇതും 2024ന്റെ അവസാനം നടത്തുന്ന പരീക്ഷണമാണ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് ഇന്ന് രാത്രി 9.58നാണ് പിഎസ്എല്‍വിസി 60 വിക്ഷേപിക്കുക. 220 കിലോഗ്രാംവീതം ഭാരമുള്ള എസ്ഡിഎക്‌സ്. 01, എസ് ഡി എക്‌സ്. 02 ഉപഗ്രഹങ്ങള്‍ക്കു പുറമേ 24 പരീക്ഷണോപകരണങ്ങള്‍ കൂടി പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിക്കും. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂളിലാണ് (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക. ഭൂമിയില്‍നിന്ന് 476 കിലോമീറ്റര്‍ മാത്രം ഉയരെയുള്ള വൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തുന്ന എസ്ഡിഎക്‌സ്. 01, എസ്.ഡി.എക്‌സ്. 02 ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററുകളോളം അകലമാണ് തുടക്കത്തിലുണ്ടാവുക.
ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്ന ശേഷമാണ് രണ്ടും കൂട്ടിയോജിപ്പിക്കുക. യുഎസ്, റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ സ്‌പെയ്‌സ് ഡോക്കിങ് നടപ്പാക്കിയിട്ടുള്ളത്. ലോകശക്തികളുടെ പര്യവേഷണങ്ങള്‍ക്കൊപ്പം ഇന്ത്യയും അതിന്റെ നെറുകയിലേക്ക് പതിയെ കയറുകയാണ്. ഇന്ത്യയെ സംബന്ധിച്ച് 2024 ബഹിരാകാശത്ത് നേട്ടങ്ങളുടെ വര്‍ഷമായി കണക്കാക്കാം. ഇന്ത്യയുടെ ആകാശ ദൗത്യങ്ങളെ കൂടാതെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, നാസ തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് നിര്‍ണായക ചുവടുവെപ്പാണ് ഇന്ത്യന്‍ സ്‌പേസ് ഏജന്‍സി(ഐഎസ്ആര്‍ഒ) നടത്തിയത്.
ഈ വര്‍ഷത്തെ ലോക ബഹിരാകാശ പുരസ്‌ക്കാരമെന്ന അഭിമാന നേട്ടത്തിലും ഐഎസ്ആര്‍ഒക്ക് എത്തിച്ചേരാനായി. ചന്ദ്രയാന്‍3 ദൗത്യത്തിനായിരുന്നു ഇന്ത്യക്ക് അംഗീകാരം ലഭിച്ചത്. നിരവധി നാഴികകല്ലുകള്‍ ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ 2024 രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ജനുവരി 1ന് എക്‌സ്‌പോസാറ്റ് വിക്ഷേപിച്ചത് മുതല്‍ ഡിസംബറിലെ പ്രോബ് 3 ദൗത്യം വരെ നീളുന്നതാണ് ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ ഐഎസ്ആര്‍ഒയുടെ സംഭാവനകള്‍. ഇന്ത്യന്‍ ബഹിരാകാശ നിലയിത്തിലേക്ക് പോകുന്ന ആദ്യ ശാസ്ത്രജ്ഞന്‍മാരെ പരിചയപ്പെടുത്തിയും ലോകത്തെ ഞെട്ടിച്ചു.
2024 പുതുവത്സര ദിനത്തില്‍ ജനുവരി 1 ന് പുതിയ ചരിത്രം കുറിച്ചാണ് ഐഎസ്ആര്‍ഒ തങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഇന്ത്യയുടെ അഭിമാന വിക്ഷേപണ വാഹനമായ പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) അറുപതാമത് ദൗത്യം വിജയകരമായി നടന്നത്. പിഎസ്എല്‍വി സി58 റോക്കറ്റാണ് എക്‌സ്‌പോസാറ്റ് വിക്ഷേപിച്ചത്. എക്‌സ്‌റേ തരംഗങ്ങളിലൂടെ തമോഗര്‍ത്തങ്ങളെ കുറിച്ച് പഠിക്കുക എന്നതായിരുന്നു ഈ ഉപഗ്രഹത്തിന്റെ ലക്ഷ്യം. രാജ്യത്തെ ആദ്യ എക്‌സ്‌റേ പൊളാരിമെട്രി ഉപഗ്രഹമെന്ന പ്രത്യേകതയും എക്‌സ്‌പോസാറ്റിനുണ്ട്. 5 വര്‍ഷം നീളുന്ന ദൗത്യത്തില്‍ ന്യൂട്രോണ്‍ നക്ഷത്രങ്ങളെക്കുറിച്ചും തമോഗര്‍ത്തങ്ങളെ കുറിച്ചും പഠിക്കാനായിരുന്നു ഇത്.
ആദിത്യഎല്‍1 2024 ജനുവരി 6 നാണ് ലക്ഷ്യസ്ഥാനമായ ഹാലോ ഓര്‍ബിറ്റില്‍ എത്തിയത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഹാലോ ഓര്‍ബിറ്റ്. ഹാലോ ഭ്രമണപഥത്തിലെ സൂര്യന്റെ ചലനങ്ങള്‍, സൗര കൊടുങ്കാറ്റുകള്‍, ബഹിരാകാശത്തെ കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2023 സെപ്റ്റംബര്‍ 2 നാണ് ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യഎല്‍1 വിക്ഷേപിച്ചത്.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐഎസ്ആര്‍ഒ നിര്‍മ്മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമാണ് ഇന്‍സാറ്റ് 3ഡി എസ്. 2024 ഫെബ്രുവരി 17ന് ജിഎസ്എല്‍വി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഒന്നിലധികം പേലോഡുകള്‍ വഹിച്ചാണ് വിക്ഷേപിച്ചത്. കാലാവസ്ഥ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും. ജിഎസ്എല്‍വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.
2024 ഫെബ്രുവരി 21ന് ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ക്രയോജനിക് എഞ്ചിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ടെസ്റ്റ് ഫെസിലിറ്റിയിലാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉള്‍പ്പെട്ട ക്രയോജനിക് എഞ്ചിന്‍ വിക്ഷേപണം ബഹിരാകാശ രംഗത്തെ നിര്‍ണായക വഴിത്തിരിവാകുമെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കിട്ട പോസ്റ്റില്‍ പറയുന്നു.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യമാണ് ഗഗന്‍യാന്‍ പദ്ധതി. പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ ആദ്യത്തെ ആളില്ലാ പരീക്ഷണ പേടകത്തിന്റെ നിര്‍മ്മാണം 2024 ഫെബ്രുവരി 22 ന് പൂര്‍ത്തിയായി. പദ്ധതി 2028ലാണ് വിക്ഷേപിക്കുക. 2035ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയരാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ആസ്‌ട്രോനോട്ടുകള്‍ക്കുള്ള പരിശീലനവും സമാന്തരമായി നടക്കുന്നു. ഇന്ത്യന്‍ ബഹിരാകാശസഞ്ചാരികള്‍ നേടുന്ന പരിശീലനവും ഐഎസ്എസ് യാത്രയുമെല്ലാം ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും.
വിക്ഷേപണത്തിന് ശേഷവും പുനരുപയോഗിക്കാവുന്ന റോക്കറ്റാണ് പുഷ്പകിന്റെ ആര്‍എല്‍വി ലെക്‌സ്02. 2024 മാര്‍ച്ച് 22നാണ് ആര്‍എല്‍വി ലെക്‌സ്02 ന്റെ ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയത്. കര്‍ണാടകയിലെ ചിത്രദുര്‍ഗിലുള്ള എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലെ റണ്‍വേയിലാണ് ആര്‍എല്‍വി ലെക്‌സ്02 വന്നിറങ്ങിയത്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുമ്പോഴുള്ള ലാന്‍ഡിങ് പരീക്ഷണമായിരുന്നു ഇത്.
2024 ജൂണ്‍ 23നാണ് ആര്‍എല്‍വിയുടെ മൂന്നാം ഘട്ട ലാന്‍ഡിങ് പരീക്ഷണം വിജയകരമാകുന്നത്. 500 മീറ്റര്‍ ഉയരത്തില്‍ വെച്ചാണ് ലാന്‍ഡിങ് നടത്തിയത്.
അന്തരീക്ഷവായു വലിച്ചെടുത്ത് റോക്കറ്റുകള്‍ക്ക് കുതിക്കാന്‍ കഴിയുന്ന എയര്‍ ബ്രീത്തിങ് പ്രൊപ്പല്‍ഷന്‍ സാങ്കേതിക വിദ്യയുടെ രണ്ടാമത്തെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത് 2024 ജൂലൈ 22 നാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ആര്‍എച്ച്560 സൗണ്ടിങ് റോക്കറ്റിന്റെ ഇരുവശങ്ങളിലും സമാന്തരമായാണ് എയര്‍ ബ്രീത്തിങ് പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ ഘടിപ്പിച്ചത്. ഇന്ധനം കത്തിക്കാന്‍ ഓക്‌സിഡൈസറായി അന്തരീക്ഷ ഓക്‌സിജനാണ് ഉപയോഗിച്ചത്. ഇത് റോക്കറ്റുകളെ ഭാരം കുറയ്ക്കാനും ഉപകാരപ്രദമാണ്. ഇതുകാരണം റോക്കറ്റിന് കൂടുതല്‍ പേലോഡ് വഹിക്കാനും കഴിയും.
2035ല്‍ ഇന്ത്യ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാന്‍ ലക്ഷ്യമിടുന്ന സ്വന്തം ബഹിരാകാശ നിലയമാണ് ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍’. ബഹിരാകാശ പരീക്ഷണങ്ങള്‍ക്കും ഗവേഷണത്തിനുമായി വിഭാവനം ചെയ്യുന്ന തദ്ദേശീയമായ ബഹിരാകാശ നിലയത്തിന്റെ പ്രഖ്യാപനം 2024 ഓഗസ്റ്റ് 15നാണ് ഐഎസ്ആര്‍ഒ നടത്തിയത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷനില്‍ പ്രാരംഭ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് ഒരേസമയം തങ്ങാനാവുക
2024 ആഗസ്റ്റ് 16ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9:17നാണ് ഐഎസ്ആര്‍ഒ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി)ഡി3 വിജയകരമായി വിക്ഷേപിച്ചത്. ഇഒഎസ്08 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. ഭൗമനിരീക്ഷണത്തിന് ഉപഗ്രഹം പ്രയോജനകരമാകും.
ശുക്ര ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ പഠന ദൗത്യം, ‘ശുക്രയാന്‍’ എന്നറിയപ്പെടുന്ന വീനസ് ഓര്‍ബിറ്റര്‍ മിഷന്റെ (വിഒഎം) പ്രഖ്യാപനം 2024 സെപ്റ്റംബര്‍ 28 നാണ് ഐഎസ്ആര്‍ഒ നടത്തിയത്. 2028 മാര്‍ച്ചിലാണ് വിക്ഷേപണം. മാര്‍ച്ച് 29ന് എല്‍വിഎം 3 റോക്കറ്റിലാണ് വിക്ഷേപണം. 112 ദിവസത്തെ യാത്രയ്ക്കു ശേഷം ജൂലൈ 19ന് ശുക്രന്റെ ഭ്രമണപഥത്തില്‍ വിഒഎമ്മിനെ എത്തിക്കുകയാണ് ലക്ഷ്യം. ഏകദേശം 1236 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം 2024 നവംബറില്‍ ലഡാക്കിലെ ലേയിലാണ് ആരംഭിച്ചത്. ഭൂമിക്കപ്പുറത്ത് ചന്ദ്രനിലോ ചൊവ്വയിലോ മറ്റ് ഗ്രഹങ്ങളിലോ മനുഷ്യവാസം സാധ്യമാവുമോ എന്നറിയാനാണ് പഠനം. ഇതിനായി ചന്ദ്രനും ചൊവ്വയ്ക്കും സമാനമായ ഉപരിതലമുള്ള ലേയില്‍ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പഠനം നടത്തുകയാണ് പദ്ധതി.
2024 ഡിസംബര്‍ 5നാണ് പിഎസ്എല്‍വിസി59 റോക്കറ്റില്‍ ഐഎസ്ആര്‍ഒയുടെ പ്രോബ3 സോളാര്‍ ദൗത്യം വിക്ഷേപിച്ചത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഐഎസ്ആര്‍ഒയും തമ്മില്‍ സഹകരിക്കുന്ന ദൗത്യമാണിത്. സൂര്യന്റെ കൊറോണ, സൂര്യന്റെ ബാഹ്യ അന്തരീക്ഷം എന്നിവയെ കുറിച്ചുള്ള പര്യവേക്ഷണങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാകുന്ന ദൗത്യമാണ് പ്രോബ-3. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി59 റോക്കറ്റ് വിക്ഷേപിച്ചത്. രണ്ട് പേടകങ്ങളെ ഒറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന പ്രത്യേകത കൂടി പ്രോബ 3 ദൗത്യത്തിനുണ്ട്.
ഇന്ത്യന്‍ ഭൗമാന്തരീക്ഷത്തിന്റെ നിദൂഢതകള്‍ തുറന്ന് മനുഷ്യരെ എത്തിച്ച്, കൂടുതല്‍ കൂടുതല്‍ പര്യവേഷണങ്ങള്‍ നടത്താനുള്ള അനന്ത സാധ്യതകളിലേക്ക് 2025 ഉപകരിക്കട്ടെ. ISROയുടെ ഓരോ ചുവടും ഇന്ത്യന്‍ ജനതയുടെ സുരക്ഷയും, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ആവശ്യം.
CONTENT HIGHLIGHTS; 2024, the year of fortune for India’s space explorations: What’s in store?; 2025 awaits the days of leap