കണ്ണൂരിന്റേത് ചുവന്ന മണ്ണാണെന്ന് ഇപ്പോള്‍ പറയാന്‍ അറപ്പുതോന്നുന്നുണ്ട്. കാരണം, കാര്യമേതുമില്ലാതെ ഇരുട്ടിന്റെ മറവില്‍ രാഷ്ട്രീയാന്ധത ബാധിച്ച മൃഗങ്ങള്‍ മനുഷ്യനെ ഇറച്ചിവെട്ടും പോലെ ഇല്ലാതാക്കിയല്ലേ ആ മണ്ണ് ചുവപ്പിക്കുന്നത്. അങ്ങനെ ചുവക്കുന്ന മണ്ണിനെ കണ്ണൂരിന്റെ ചുവപ്പെന്ന് പറയുന്നതേ വിഢ്ഢിത്തവും വിവേക ശൂന്യവുമാണ്. രാജ്യസേവനത്തിനു വേണ്ടിയോ കുടുംബത്തിനു വേണ്ടിയോ ഒരു സമൂഹത്തിന്റെ വളര്‍ച്ചയക്കു വേണ്ടിയോ അല്ലാതെ ജീവനെടുക്കപ്പെടുന്ന മനുഷ്യരുടെ ആത്മാക്കള്‍ ഇന്നും ഗതികിട്ടാതെ അലയുന്നുണ്ട് കണ്ണൂരില്‍. ഉടയവന്‍ നഷ്ടപ്പെട്ട അവരുടെ കുടുംബങ്ങള്‍ എങ്ങനെയാണ് പിന്നീട് ജീവിക്കുന്നതെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ.
അമ്മമാര്‍, പെങ്ങന്‍മാര്‍, ഭാര്യമാര്‍, മക്കള്‍…അവരുടെ ജീവിതങ്ങള്‍. ഒരു രാഷ്ട്രീയക്കാരനും ഈ കുടുംബങ്ങളിലേക്ക് തിരിഞ്ഞു നോക്കാറില്ലെന്നത് വസ്തുതയാണ്. അതിന് കുറ്റം പറയാനാവില്ല. കാലം ആവശ്യപ്പെടുന്നത് മുന്നോട്ടു പോകാനാണ്. അതുകൊണ്ട് പിന്നില്‍ വീൂണു പോയവരെയും അവരുടെ കുടുംബത്തെയും നോക്കി നിന്നാല്‍ മുന്നോട്ടു പോകാനാവില്ല. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു. പക്ഷെ, ഇവിടെയെല്ലാം വി.ഐ.പി പരിചരണവും പട്ടും വളയുമെല്ലാം കിട്ടുന്ന ഒരു കൂട്ടരുണ്ട്. കൊലയാളികള്‍. അവ രെ പാര്‍ട്ടികള്‍ക്ക് ഇനിയും ആവശ്യമാണ്. അതുകൊണ്ട് അവര്‍ക്ക് ഒരു കുറവും പാര്‍ട്ടികള്‍ വരുത്തില്ല.
2024ന്റെ അവസാനത്തില്‍ ഒരു കൊലയാളിക്ക് പരോള്‍ നല്‍കിക്കൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ മനുഷ്യത്വ (വികൃത) മുഖം മലയാളികള്‍ക്ക് കാട്ടിക്കൊടുത്തത്. രാഷ്ട്രീയ കൊലപാതകമെന്ന് കോടതി വിധി പറഞ്ഞ് ശിക്ഷിച്ച ‘മനുഷ്യ ഇറച്ചി വെട്ടുകാരന്‍ കൊടി സുനിക്ക്’ 30 ദിവസത്തെ പരോള്‍ അനുവദിച്ചിരിക്കുകയാണ്. അതും മനുഷ്യത്വത്തിന്റെ പേരില്‍. കൊടിസുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് പരോള്‍. രാജ്യസേവനം നടത്തി, കുറ്റം സ്വയം ഏറ്റെടുത്തു ജയില്‍ പോയ മകന്റെ മടങ്ങി വരവിനു വേണ്ടിയുള്ള അമ്മയുടെ അപേക്ഷ വായിച്ച് പൊട്ടിക്കരഞ്ഞു പോയ ആഭ്യന്തര വകുപ്പുമന്ത്രിയും, അത് ശിരസ്സാവഹിച്ച് പരോള്‍ അനുവദിച്ച ജയില്‍ ഡി.ജി.പിയും മാസ്സാണ്. വെറും മാസ്സല്ല, മരണ മാസ്സാണ്.
കരുണയുള്ള ജയില്‍ ഡി.ജി.പിയും ആഭ്യന്തര മന്ത്രിയും അറിയാന്‍, കേരളത്തിലെ വിവിധ ജയിലുകളില്‍ മനുഷ്യരെ നിഷ്‌ക്കരുണം കൊലചെയ്ത് ആസ്വദിച്ച് ജയിലില്‍ കിടക്കുന്ന നിരവധി കൊലയാളികളുണ്ട്. അവരുടെ അമ്മമാരും അപേക്ഷകള്‍ നല്‍കിയാല്‍ ദയവുണ്ടായി അവര്‍ക്കും പരോള്‍ കൊടുക്കാന്‍ മനസാക്ഷിയുണ്ടാകണം. അഴരുടെ ജീവിതം തടവറകളില്‍ തളച്ചിടാനുള്ളതല്ല. അവര്‍ക്കും കുടുംബവും കുട്ടികളും സമൂഹിക ബന്ധങ്ങളുമുണ്ടെന്ന് തിരിച്ചറിയണം. ടി.പി. ചന്ദ്രശേഖരന്‍ വധം മാത്രമല്ലല്ലോ കൊലപാതക ലിസ്റ്റില്‍ വരുന്നത് ?. അതു മാത്രമല്ലല്ലോ രാഷ്ട്രീയ കൊലപാതകം ?. സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ലൈംഗികമായി പീഡിപ്പിച്ച് കൊന്ന ഗോവിന്ദചാമിയോടും, പെരുമ്പാവൂര്‍ ജിഷാ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനോടും, ആലുവയില്‍ കുഞ്ഞിനെ കൊലചെയ്തവനോടും, ഷെറിന്‍ കാരണവര്‍ കൊലക്കേസിലെ പ്രതിയോടും, പാമ്പിനെ കൊണ്ട് കൊത്തിച്ച് ഭാര്യയെ കൊലപ്പെടുത്തവനോടുമൊക്കെ മനുഷ്യത്വം കാണിക്കണം.
എങ്കിലേ സര്‍ക്കാര്‍ കൊടി സുനിയോടു കാണിച്ച മനുഷ്യത്വത്തിന് അര്‍ത്ഥമുണ്ടാകൂ. അതല്ല, കണ്ണൂരിലെ കൊലയാളികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വീരാളിപ്പട്ടിന്റെ പിന്‍ബലമുണ്ടെന്ന വാദമാണെങ്കില്‍ അതിനോട് യോജിക്കാനാവില്ല. കാരണം, ഇടതുപക്ഷവും ആര്‍.എസ്.എസ്സും അനാഥമാക്കി വീടുകളില്‍ ആ വീരാളിപ്പട്ടിനു പകരം പട്ടിണിയും പരിവട്ടവും മാത്രമാണ്. കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് എന്നാണ് ഫുള്‍സ്റ്റോപ്പ് വീണത്. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണെന്ന് ആലങ്കാരികമായി പറയാം. എന്നാല്‍, അതിനു ശേഷവും കണ്ണൂരില്‍ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, പിന്നീടുണ്ടായ സര്‍വ്വകക്ഷിയോഗവും, അതിനോട് യോജിക്കാനുണ്ടായ കാരണങ്ങളും തിരയുമ്പോള്‍ ഇടതുപക്ഷം കൊലക്കത്തി താഴെ വെച്ചതാണ് സമാധാനത്തിനു കാരണമെന്നു വ്യക്തതമാകും.
കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റേതാണ്. ആര്‍.എസ്.എസ്സിനോ ബി.ജെ.പിക്കോ കേരളത്തില്‍ അധികാരം കിട്ടിയിട്ടില്ല. അപ്പോള്‍ ആര്‍.എസ്.എസ്സ് എങ്ങനെയാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അധികാരമുള്ള രാഷ്ട്രീയ കക്ഷിക്കല്ലേ മേല്‍ക്കൈയുണ്ടാവുക. അവര്‍ അധികാരത്തിന്റെ തണലില്‍ ആക്രമണം നടത്തുമ്പോള്‍ പ്രതിരോധിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കേരളത്തിലെ, കണ്ണൂരിലെ ആക്രമണങ്ങളെല്ലാം പകരത്തിനു പകരം ചെയ്യുന്നതാണ്. എന്നാല്‍, ഇടതുപക്ഷത്തിന്റെ ആക്രമണങ്ങള്‍ ആസൂത്രിതമായി ചെയ്യുന്നതുമാണെന്ന് മനസ്സിലാക്കേണ്ടി വരും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ചയക്കു വേണ്ടത്, ഒരുമിച്ചു നില്‍ക്കുകയും, വികാരതീവ്രതയോടെ അണിചേരുകയുമാണ്. അതിന് ഏറ്റവും ഉത്തമം രക്തസാക്ഷികളാണ്.
ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടി മരിക്കുന്നവരാണ് രക്തസാക്ഷികളെന്ന് പാടിയും, പ്രഘോഷിച്ചും ജീവിച്ചിരിക്കുന്നവരെ വികാര പരവശരാക്കിയാണ് പാര്‍ട്ടി കേഡറുകളിലേക്ക് എത്തിക്കുന്നത്. ഈ തന്ത്രം ആര്‍.എസ്.എസ്സും ചെയ്യാറുണ്ട്. എന്നാല്‍, ഒരുകാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, അതിര്‍ത്തിയില്‍ തീവ്രവാദികളുടേയും ശത്രുരാജ്യത്തിന്റേയും വെടിയേറ്റു വീരചരമം പുല്‍കുന്ന ഒരു സൈനികന്റെ മരണമോര്‍ത്ത്, ഇവിടെ ഒരാളും പ്രതികാരം ചെയ്യാനോ പ്രതിജ്ഞ എടുക്കാനോ തയ്യാറാകുന്നില്ല എന്ന്. അതാണ് രാഷ്ട്രീയ ചാണക്യന്‍മാരുടെ കൂര്‍മ്മ ബുദ്ധി.
കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് ഏകദേശം 85 വര്‍ഷത്തിലേറെ ചരിത്രമുണ്ട്. 1940കളുടെ തുടക്കം മുതലാണ് രാഷ്ട്രീയ കൊലപാതകം എന്ന പേര് കണ്ണൂരില്‍ കേട്ടു തുടങ്ങിയത്. പക്ഷേ അതെല്ലാം സായുധ സമരങ്ങളുടെ ഭാഗമായി സംഭവിച്ച കൊലപാതകങ്ങളാണ്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മൊയാരത്ത് ശങ്കരനെ 1948 മെയ് 11ന് മൊയാരത്തെ ദേശരക്ഷാസമിതി എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പിടികൂടി തല്ലിച്ചതച്ചു. മൃതപ്രായനായ അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 1948 മെയ് 12നു കണ്ണൂര്‍ സബ് ജയിലില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരണമടഞ്ഞു. ബന്ധുക്കള്‍ക്ക് മൊയാരത്തിനെ അവസാനമായി കാണാനുള്ള അവകാശംപോലും നല്‍കിയില്ല. മൃതദേഹം ജയില്‍വളപ്പില്‍ മറവുചെയ്തു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്ന സുലൈമാന്‍ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ 1968 ഏപ്രില്‍ 29ന് ആര്‍.എസ്.എസുകാര്‍ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. റയോണ്‍സ് വര്‍ക്കേഴ്സ് യൂണിയന്‍ നേതാവും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു.
1971 മുതല്‍ ഓരോ വര്‍ഷവും രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയായി. 1975 ന് ശേഷം വര്‍ഷത്തില്‍ ഒന്നിലേറെ കൊലപാതകങ്ങള്‍ക്ക് കണ്ണൂര്‍ സാക്ഷിയായി. 1993ലാണ് സിപിഎം പ്രവര്‍ത്തകനായ നാല്‍പ്പാടി വാസു വധിക്കപ്പെട്ടത്. കണ്ണൂര്‍ എംപിയായ കെ. സുധാകരന്‍ പ്രതിസ്ഥാനത്ത് വന്ന സംഭവം ഇന്നും ചര്‍ച്ചാ വിഷയമാണ്. എസ്എഫ്‌ഐ നേതാവ് കെ.വി. സുധീഷ് 1994 ല്‍ കൊല്ലപ്പെട്ടത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഭീകരതയുടെ മറ്റൊരു രൂപം നല്‍കി. ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് കെ.വി. സുധീഷ് കൊലപാതകക്കേസില്‍ പ്രതികളായത്. 1999 ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച നേതാവ് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടതോടെ കണ്ണൂര്‍ ജില്ലയുടെ സാമാധാന അന്തരീക്ഷം പാടെ തകരുന്ന സ്ഥിതിയിലെത്തി.
പുതിയ നൂറ്റാണ്ടില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ പരമ്പരയായി മാറി. 2000ത്തില്‍ മാത്രം അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പട്ടു. അടുത്ത വര്‍ഷങ്ങളില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരും കൊലക്കത്തിക്ക് ഇരയായി. 2006 ഒക്ടോബര്‍ 22 ന് കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസലിന്റെ മരണത്തിലെ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. 2008 ല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരായ 14 പേരാണ് കൊല്ലപ്പെട്ടത്. 2012 ഫെബ്രുവരി 20 ന് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതും വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. തൊട്ടടുത്ത വര്‍ഷം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജും വെട്ടേറ്റ് മരിച്ചു. അപ്പോഴേക്കും കണ്ണൂര്‍ കൊലപാതകങ്ങളുടെ എണ്ണം നൂറ് കടന്നിരുന്നു.
കൊലപാതകം അന്വേഷിക്കാന്‍ കണ്ണൂരില്‍ സിബിഐ സംഘവും എത്തി. മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജനും പ്രതിയായി. ആയുധം താഴെ വെയ്ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ യോഗം ചേര്‍ന്നെങ്കിലും കൊലപാതകങ്ങള്‍ വീണ്ടും കണ്ണൂരിനെ നടുക്കിക്കൊണ്ടിരുന്നു. 2015 ല്‍ സിപിഎം പ്രവര്‍ത്തകനായ ഓണിയന്‍ പ്രേമന്‍ വെട്ടേറ്റ് മരിച്ചു. പിന്നാലെ സിപിഎമ്മിലെ വിനോദന്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുജിത്ത്, സിപിഎമ്മിലെ സിവി ധനരാജ്, ബിഎംഎസ്സിലെ സി.കെ രാമചന്ദ്രന്‍, കെ മോഹനന്‍, ഫാറൂഖ്, വി. ദാസന്‍, കാഞ്ഞിലേരി സത്യന്‍, വി വി അനീഷ്, പെരളശേരി ഭാസ്‌കരന്‍ അങ്ങിനെ പട്ടിക നീളുകയാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ കൊലപാതകം ഒരിടവേളക്ക് ശേഷം വലിയ വിവാദങ്ങളിലേക്ക് നയിച്ചു. 2018 ഫെബ്രുവരി 12നാണ് എടയന്നൂര്‍ സ്‌കൂളിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിന് പിന്നാലെ ഷുഹൈബ് കൊല്ലപ്പെട്ടത്. കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടു. പെരിങ്ങാടി ഷമേജ്, വി. രമിത്, ചാവശ്ശേരി ഉത്തമന്‍ ഏറ്റവും ഒടുവില്‍ വാഴപ്പുരയില്‍ സയ്യിദ് മുഹമ്മദ് സലാഹുദ്ദീന്‍. 2020 സെപ്റ്റംബര്‍ 08 നാണ് കൊലപാതകം നടന്നത്. എസ്ഡിപിഐ പ്രവര്‍ത്തകനായ സലാഹുദ്ദീന്‍ 2018 ജനുവരി 19ന് നടന്ന ചിറ്റാരിപ്പറമ്പ് ശ്യാമപ്രസാദ് വധത്തില്‍ പ്രതിയായിരുന്നു. പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ബോംബ് നിര്‍മാണത്തിനിടയില്‍ ബോംബ് പൊട്ടി മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്ത നിരവധി സംഭവങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
1969 ഏപ്രില്‍ 21ന് ഇന്നത്തെ ബി.ജെ.പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ കണ്ണൂരില്‍ രാഷ്ട്രീയ വൈരാഗ്യം മൂലം കൊല ചെയ്യപ്പെട്ടു. കണ്ണൂര്‍ അക്രമങ്ങളില്‍ ജീവഹാനി സംഭവിക്കുന്നവരുടേയും പരിക്കേല്‍ക്കുന്നവരുടെയും ചരിത്രം പരിശോധിച്ചാല്‍ അവരില്‍ അധികവും സാധാരണക്കാരായ പ്രവര്‍ത്തകരാണെന്ന് കാണാനാവും ജില്ലയിലെ ചില ബി.ജെ.പി, സി.പി.ഐ.എം നേതാക്കളും അക്രമത്തിനു ഇരയായിട്ടുണ്ടെന്നത് ഒഴിച്ചാല്‍. പി. ജയരാജനേറ്റ ആക്രമണം മറക്കാവുന്നതല്ല. പക്ഷെ, കണ്ണൂരില്‍ നടക്കുന്ന ഓരോ കൊലപാതകത്തിന് പിന്നിലും വ്യക്തവും ശക്തവുമായ ഒരു ഗൂഢാലോചനയുണ്ടാകും. അതിനു ശേഷം സമാധാന ചര്‍ച്ചയും രക്തസാക്ഷി അനുസ്മരണവും കുടുംബ സഹായഫണ്ട് സ്വരൂപിക്കലുമാണ് പരിപാടി.
1969ലാണ് രാഷ്ട്രീയ കൊലപാതകത്തിന്റെ ലക്ഷണങ്ങളോടെയുള്ള ആദ്യ കൊലപാതകം നടന്നത്. രാഷ്ട്രീയ കക്ഷി നേതാക്കളുടെ വ്യക്തിപരമായ പകയില്‍ നിന്നാണ് അത് ഉടലെടുത്തത്. കൊല്ലേണ്ടയാളെ മുന്‍കൂട്ടി തീരുമാനിച്ച് ദിവസങ്ങളോളം പിന്തുടര്‍ന്ന് സമയവും സന്ദര്‍ഭവും തീരുമാനിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. തലശ്ശേരി താലൂക്കില്‍ ആരംഭിച്ച കൊലപാതകങ്ങള്‍ പിന്നീട് കണ്ണൂര്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചു. രക്തസാക്ഷികളുടെ എണ്ണം തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിക്കാട്ടി വോട്ടാക്കി മാറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചതോടെ കണ്ണൂര്‍ ചോരക്കളമായി. കാലം ഏറെ മുന്നോട്ട് പോയപ്പോള്‍ വെട്ടിക്കൊല്ലുന്ന രീതിക്ക് മാറ്റം വന്നു. അത് ബോംബ് രാഷ്ട്രീയത്തിലേക്ക് വഴിമാറി.
ഒടുവില്‍ ജീവനും ജീവിതവും നഷ്ടമായ നൂറ് കണക്കിന് അമ്മമാരുടെ കണ്ണീര്‍ വീണ് കേരളത്തിന്റെ മനസ് മരവിച്ചു. ചോരകൊണ്ട് എഴുതുന്ന രാഷ്ട്രീയ പുസ്തകം ഇനി കണ്ണൂരിന് വേണ്ടെന്ന് രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്ത് വിലകൊടുത്തും കൊലപാതക രാഷ്ട്രീയത്തിന് അറുതി വേണമെന്ന് പുതിയ കാലവും തലമുറയും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കൊലപാതക രാഷ്ട്രീയത്തോട് പൊതു സമൂഹത്തിന്റെ വെറുപ്പ് വര്‍ധിച്ചതോടെ വെട്ടേറ്റ് വീഴുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. എന്നാല്‍ അത് ശാശ്വതമാണെന്ന് ഉറപ്പിച്ച് പറയാനാകില്ല. പകയും അസഹിഷ്ണുതയും നിലനില്‍ക്കുന്നുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും പുറത്തുവരാം.
ഇടവഴികളില്‍ ഒളിഞ്ഞിരുന്നും രാത്രികളില്‍ വീട് കയറി രക്ഷിതാക്കളുടെ മുന്നിലിട്ടും കൊന്നു തള്ളിയതിന്റെ കണക്കുകള്‍ പരസ്പരം നിരത്തിവെയ്ക്കാറുണ്ട്. മരണത്തിന് കീഴടങ്ങാതെ പാതി ജീവനുമായി ശേഷിക്കുന്നവര്‍ ഇന്നുമുണ്ട്. കൊണ്ടും കൊടുത്തും കൊന്നും ചോരവീണ നാളുകളില്‍ കണ്ണൂര്‍ എന്നത് കേരളത്തിന് തീരാ കളങ്കമായിരുന്നു. രാഷ്ട്രീയത്തിലെ പക എതിരാളിയുടെ ജീവനെടുക്കുന്ന നിഷ്ഠൂരമായ രീതിക്ക് കണ്ണൂരിന്റെ ചരിത്രത്തില്‍ വലിയ പഴക്കമില്ല. കൊലപാതകങ്ങളിലേക്ക് നയിച്ചില്ലെങ്കിലും അത്രത്തോളം തന്നെ വ്യാപ്തിയുള്ള അക്രമങ്ങള്‍ക്ക് ഇന്നും കുറവില്ല. സിപിഎം, കോണ്‍ഗ്രസ്, ബിജെപി അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് എല്ലാത്തിനും മുന്നിലുള്ളത്. കണ്ണൂരില്‍ നിന്ന് തുടങ്ങുന്ന ചോരക്കളി കേരളീയ സമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തെ ആകെ ദോഷകരമായി ബാധിക്കാറുണ്ട്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ നിരപരാധികളടക്കം കൊല ചെയ്യപ്പെട്ട നാടാണിത്. ഉറ്റവരുടെ മരണം വരുത്തിവെച്ച ആഘാതം പല കുടുംബങ്ങളുടെയും സമനില തെറ്റിച്ചു. ചിലര്‍ നാടുവിട്ടു, ചിലര്‍ പൊരുതി നിന്നു, മറ്റ് ചിലര്‍ പകരം വീട്ടി. ഇപ്പോള്‍ കണ്ണൂര്‍ ശാന്തമാണെങ്കിലും ഏത് നിമിഷവും നിറം മാറുന്ന ചരിത്രമാണ് ഇവിടത്തേത്. ഇവിടേക്കാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിിലെ പ്രതിക്ക് പോലീസ് റിപ്പോര്‍ട്ട് മരികടന്ന് പരോള്‍ നല്‍കിയത്. പരോള്‍ നല്‍കിയതില്‍ ആഭ്യന്തര വകുപ്പിന് പങ്കില്ലെന്ന് കൈ കഴുകി വൃത്തിയാക്കി നില്‍ക്കുമ്പോള്‍ ഓര്‍ക്കുക അണിയറയില്‍ എന്തോ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന്.
കൊടി സുനിയും സംഘവും ജയിലിലും പുറത്തും അനുഭവിക്കുന്ന സുഖ സൗകര്യങ്ങള്‍ക്ക് പാര്‍ട്ടിക്ക് പകരം നല്‍കിയത് ഒരു മനുഷ്യ കുരുതിയാണ്. 51 വെട്ടിന് ടി.പി ചന്ദ്രശേഖരന്‍ എന്ന മനുഷ്യന്റെ ജീവനെടുത്തതിന് പ്രത്യുപകാരം. റെവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി)യുടെ സ്ഥാപക നേതാവായ ഒഞ്ചിയം സ്വദേശി ടി.പി. ചന്ദ്രശേഖരനെ 2012 മെയ് 4ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ പാര്‍ട്ടിയായ സിപിഎമ്മില്‍ പ്രത്യയശാസ്ത്ര വ്യതിചലനങ്ങള്‍ നടക്കുന്നു എന്ന് പരസ്യമായി വിമര്‍ശിച്ച് 2009ല്‍ ചന്ദ്രശേഖരന്‍ സി.പി.ഐ(എം) വിട്ടുപോയി.
തുടര്‍ന്ന് അദ്ദേഹം കോഴിക്കോട് വടകര താലൂക്കില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ റെവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി) എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയകക്ഷിക്കു രൂപം നല്‍കി. സംഘടനയുടെ ഓഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കണ്‍വീനറും ആയിരുന്നു ടി.പി. ക്രമേണ സി.പി.ഐ(എം)ന്റെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരെ പോരടിക്കുന്നവരുടെ പ്രതിഷേധത്തിന്റെ മുഖമായി ചന്ദ്രശേഖരന്‍ മാറി. സി.പി.എമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മില്‍ നിന്ന് റെവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിടിച്ചെടുത്തത് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു. ഇതില്‍ രാഷ്ട്രീയ കലിപൂണ്ടാണ് സി.പി.എം ടി.പിയെ വകവരുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ടി.പി. ന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് സി.പി.എം ഇപ്പോഴും പറയുന്നുണ്ട്.
കൊലയാളിസംഘാംഗങ്ങള്‍ നരഹത്യാക്കുറ്റം തെളിഞ്ഞ കൊലയാളി സംഘത്തിന് ജീവപര്യന്തം തടവിനൊപ്പം അരലക്ഷം രൂപവീതം പിഴയും ശിക്ഷവിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവ് അധികമായി അനുഭവിക്കണം.
ഒന്നാം പ്രതി കണ്ണൂര്‍ പടന്തഴ ചെണ്ടയാട് മംഗലശ്ശേരി വീട്ടില്‍ എം.സി. അനൂപ് (32)
രണ്ടാം പ്രതി മാഹി പന്തക്കല്‍ നടുവില്‍ മാലയാട്ട് വീട്ടില്‍ മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജ് (32)
മൂന്നാം പ്രതി കണ്ണൂര്‍ നിടുമ്പ്രം ചൊക്ലി ഷാരോണ്‍ വില്ല മീത്തലെചാലില്‍ വീട്ടില്‍ എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി (31)
നാലാം പ്രതി കണ്ണൂര്‍ പുതിയതെരു പാട്യം പത്തായക്കുന്ന് കാരായിന്റവിട വീട്ടില്‍ രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ. രജീഷ് (35)
അഞ്ചാം പ്രതി കണ്ണൂര്‍ ചൊക്ലി ഓറിയന്റല്‍ സ്‌കൂളിനുസമീപം പറമ്പത്ത് വീട്ടില്‍ കെ.കെ. മുഹമ്മദ് ഷാഫി എന്ന ഷാഫി (29)
ആറാം പ്രതി കണ്ണൂര്‍ അരയാക്കൂല്‍ ചമ്പാട് പാലോറത്ത് വീട്ടില്‍ എസ്. സിജിത്ത് എന്ന അണ്ണന്‍ സിജിത്ത് (25)
ഏഴാം പ്രതി മാഹി പള്ളൂര്‍ കോഹിനൂര്‍ ആശീര്‍വാദ് നിവാസില്‍ കന്നാറ്റിങ്കല്‍ വീട്ടില്‍ കെ. ഷിനോജ് (30)
വധഗൂഢാലോചന നടത്തിയ സി.പി.എം. നേതാക്കള്‍ ജീവപര്യന്തം തടവിനൊപ്പം ഒരു ലക്ഷം രൂപവീതം പിഴയടയ്ക്കണം.
എട്ടാം പ്രതി സി.പി.എം. കുന്നുമ്മക്കര ലോക്കല്‍കമ്മിറ്റി അംഗം ജയസുര വീട്ടില്‍ കെ.സി. രാമചന്ദ്രന്‍ (54)
11-ാം പ്രതി സി.പി.എം. കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ തുവ്വക്കുന്ന് കൊളവല്ലൂര്‍ ചെറുപറമ്പ് വടക്കെയില്‍ വീട്ടില്‍ ട്രൗസര്‍ മനോജ് (49)
13-ാം പ്രതി സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗം കൊളവല്ലൂര്‍ കേളോത്തന്റവിട പി.കെ. കുഞ്ഞനന്തന്‍ (62)
വധപ്രേരണാക്കുറ്റംചെയ്ത വായപ്പടച്ചി റഫീഖും ജീവപര്യന്തം തടവിനൊപ്പം ഒരു ലക്ഷം രൂപവീതം പിഴയടയ്ക്കണം.
കൊലയാളികള്‍ക്ക് ഇന്നോവ കാര്‍ എടുത്തുകൊടുത്തതിന് വധപ്രേരണാക്കുറ്റം തെളിഞ്ഞ 18-ാം പ്രതി മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വായപ്പടച്ചി റഫീഖ് (38)
കൊലയ്ക്ക് ഉപയോഗിച്ച വാളുകള്‍ കിണറ്റിലിട്ട് തെളിവ് നശിപ്പിച്ച 31-ാം പ്രതി കണ്ണൂര്‍ ചൊക്ലി മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ. പ്രദീപന്‍ എന്ന ലംബു പ്രദീപന് (36) മൂന്നുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്. ശിക്ഷ നാലുവര്‍ഷത്തില്‍ കുറവായതിനാല്‍ പ്രദീപന് കോടതി ജാമ്യം അനുവദിച്ചു.
പക്ഷെ, കോടതി ശിക്ഷിച്ച ഈ പ്രതികള്‍ ഇന്നും സുഖലോലുപരായി ജീവിക്കുന്നുണ്ട്. സിക്ഷ എന്നത്, ഒരു ശിക്ഷയേ അല്ലെന്ന് മലയാളികള്‍ക്കെല്ലാം അറിയാം.
CONTENT HIGH LIGHTS; Full STOP to murders in Kannur when in power: Parole and humanitarian consideration for killers; Humane consideration should be given to murderers who are not paroled in prison