Explainers

വര്‍ണാശ്രമ ധര്‍മ്മത്തെ വെല്ലുവിളിച്ചു കൊണ്ടും മറികടന്നു കൊണ്ടും കാലത്തിനൊത്തു നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധര്‍മ്മം: ശിവഗിരി തീര്‍ത്ഥാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനമാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ശ്രീനാരായണ ഗുരുവിന്റെ സ്മരണയ്ക്കു മുമ്പില്‍ പ്രണമിക്കുന്നു എന്ന് മുഖ്യമനമ്ത്രി പിണറായി വിജയന്‍. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

ഇന്നത്തെ ഈ പരിപാടിയില്‍ വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലിന്റെ ഭാഗമായുള്ള ഒരു സന്ദേശം ആദരണീയനായ സച്ചിദാനന്ദ സ്വാമിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ഉടുപ്പൂരിയെ കടക്കാന്‍ പാടുള്ളൂ എന്ന ഒരു നിബന്ധനക്ക് കാലാനുസൃതമായ മാറ്റം ശ്രീനാരായണഗുരുവിന്റെ സദ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ഇവിടെ സമൂഹത്തിന് മുന്നില്‍ നിര്‍ദേശമായി ബഹുമാനപ്പെട്ട സച്ചിദാനന്ദ സ്വാമി വച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലായി മാറാന്‍ സാധ്യതയുണ്ട്. ഈ വഴിക്ക് നമ്മുടെ പല ആരാധനാലയങ്ങളും നാളെ വരുമെന്ന കാര്യം ഉറപ്പാണ്. ആരെയും നിര്‍ബന്ധിക്കേണ്ടതില്ല. പക്ഷേ നമ്മുടെ നാട്ടില്‍ നിലനിന്ന പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. അതിന് ഫലപ്രദമായി നേതൃത്വം കൊടുക്കുന്ന നിലയാണ് ശിവഗിരി മഠത്തിന്റെ ഭാഗമയിട്ട് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങള്‍ എല്ലാം ഈ നിലയാണ് സ്വീകരിച്ചു പോവുക എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങള്‍ മാത്രമായിരിക്കില്ല, മറ്റ് ആരാധനാലയങ്ങള്‍ കൂടി ആ മാതൃക പിന്തുടരാന്‍ ഇടയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

വൈക്കം സത്യഗ്രഹം, ആലുവ സര്‍വ്വമത സമ്മേളനം എന്നിങ്ങനെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ സമ്പുഷ്ടമാക്കിയ സുപ്രധാന സംഭവങ്ങളുടെ ശതാബ്ദി ഘട്ടമാണിത്. ആ ചരിത്രസംഭവങ്ങള്‍ മുന്നോട്ടുവെച്ച ആശയങ്ങളും അവയുടെ പശ്ചാത്തലത്തില്‍ ഒരു നൂറ്റാണ്ടുമുമ്പ് മഹാനായ ഗുരു ഉദ്ബോധിപ്പിച്ച കാര്യങ്ങളും എല്ലാംതന്നെ ഏറെ പ്രസക്തമായി തുടരുന്ന കാലത്താണ് ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകള്‍ തീവ്രവാദത്തിലേക്കും അതിനപ്പുറം ഭീകരവാദത്തിലേക്കും നീങ്ങുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നിത്യേന പുറത്തു വരുന്നുണ്ട്. വംശീയ വേര്‍തിരിവുകളാലും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘര്‍ങ്ങളാലും ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ചോരപ്പുഴകള്‍ ഒഴുകുന്നുണ്ട്. മനുഷ്യര്‍ക്ക് വംശീയമായ വിദ്വേഷത്തിന്റെ തീജ്വാലകളില്‍നിന്നു രക്ഷപ്പെടാന്‍ കൂട്ടപലായനം ചെയ്യേണ്ടിവരുന്നുണ്ട്. എല്ലായിടത്തും ചോര്‍ന്നുപോകുന്നതു മനുഷ്യത്വമാണ്. അത് പലസ്തീനിലായാലും, അഫ്ഗാനിസ്ഥാനിലായാലും മണിപ്പൂരിലായാലും മറ്റെവിടെയായാലും ശരി ഓരോ വംശീയ സംഘര്‍ഷവും മുറിവേല്‍പ്പിക്കുന്നത് മനുഷ്യത്വത്തെയാണ്.

ചോര്‍ന്നുപോകുന്ന മനുഷ്യത്വം മനുഷ്യരില്‍ ഉള്‍ചേര്‍ക്കുവാന്‍ എന്താണു വഴി എന്നാലോചിക്കുമ്പോഴാണ് ഗുരുസന്ദേശങ്ങള്‍ക്കുള്ള പ്രസക്തി കൂടുതല്‍ വ്യക്തമാവുക. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പേരില്‍ അക്രമം നടത്തുന്നവരിലേക്ക് ‘പലമതസാരവുമേകം’ എന്ന ഗുരുസന്ദേശം എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയതോതില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും. ‘കൊല്ലുന്നതുമെങ്ങനെ ജീവികളെ’ എന്ന ഗുരുവിന്റെ കാവ്യശകലം എത്തിക്കാന്‍ കഴിഞ്ഞാല്‍? ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ഗുരുവചനത്തിന്റെ വെളിച്ചം എത്തിക്കാന്‍ കഴിഞ്ഞാല്‍ ? ‘മനുഷ്യാണാം മനുഷ്യത്വം ജാതി’ എന്ന, മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് എന്ന, ഗുരുദര്‍ശനം എത്തിക്കാന്‍ കഴിഞ്ഞാല്‍? അതായിരിക്കും നിഷ്ഠുരതയെ മനുഷ്യത്വം കൊണ്ടു പകരംവെക്കാനും അങ്ങനെ വര്‍ഗീയ വംശീയ വിദ്വേഷങ്ങളെയും അവയുടെ അടിസ്ഥാനത്തിലുള്ള നരമേധങ്ങളെയും ഒഴിവാക്കാനുമുള്ള വഴി.

അതുകൊണ്ടാണ് ഗുരുസന്ദേശങ്ങള്‍ക്ക് സാര്‍വദേശീയവും സര്‍വകാലികവുമായ പ്രസക്തിയുണ്ട് എന്നു പറയുന്നത്. ഗുരു ജീവിച്ചു മനുഷ്യത്വം പടര്‍ത്തിയ മണ്ണാണിവിടെയുള്ളത് എന്നതുകൊണ്ടാണ് കേരളത്തില്‍ വംശീയ വിദ്വേഷം ഇത്ര ഭീകരമായ തോതില്‍ ആളിപ്പടരാതിരിക്കുന്നത്. അതുകൊണ്ട് ആമുഖമായി തന്നെ പറയാനുള്ളത് ഗുരു സന്ദേശങ്ങള്‍ ലോകമെമ്പാടും പടര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തണം എന്നതാണ്. ഈ അടുത്ത കാലത്ത് ആലുവ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി റോമില്‍ ആഘോഷിക്കുകയും മാര്‍പാപ്പ ഉള്‍പ്പെടെ അതിന്റെ ഭാഗമാവുകയും ചെയ്തത് ഏറെ ശ്ലാഘനീയമാണ്. അത്തരം മുന്‍കൈകള്‍ ശക്തിപ്പെടുത്താനുതകണം ഈ ശിവഗിരി തീര്‍ത്ഥാടനം.

സനാതന ധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ത്തന്നെ ഒരു പ്രസംഗകന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു വാദം ഉയര്‍ന്നു കേട്ടു. ഗുരു ശിവഗിരി തീര്‍ത്ഥാടനത്തെക്കുറിച്ചു സങ്കല്‍പ്പിച്ചതു തന്നെ സംവാദങ്ങളുടെ വേദിയായിക്കൂടിയാണ് എന്നതുകൊണ്ട് ആ മിഥ്യാധാരണ തിരുത്തേണ്ടത് ഇവിടെ വെച്ചുതന്നെയാണ് എന്നു കരുതട്ടെ.

ശ്രീനാരായണ ഗുരു സനാതന ധര്‍മ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധര്‍മ്മത്തെ ഉടച്ചുവാര്‍ത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധര്‍മ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു. സനാതന ധര്‍മ്മം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വര്‍ണാശ്രമ ധര്‍മ്മമല്ലാതെ മറ്റൊന്നുമല്ല. ആ വര്‍ണാശ്രമ ധര്‍മ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധര്‍മ്മം.

മതങ്ങള്‍ നിര്‍വചിച്ചുവെച്ചതേയല്ല ഗുരുവിന്റെ ഈ നവയുഗ ധര്‍മ്മം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. സര്‍വമതങ്ങളുടെയും സാരം ഏകമാണ് എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. അപ്പോള്‍ വ്യക്തമാവുന്നതെന്താണ്? മതാതീതമായ മാനുഷ്യകത്തിന്റെ സത്തയെ ഉള്‍ക്കൊള്ളുന്ന മനുഷ്യത്വപരമായ വിശ്വദര്‍ശനമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത് എന്നതാണ്. അതിനെ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളിലാക്കാന്‍ നിന്നാല്‍ അതു ഗുരുവിനോടു ചെയ്യുന്ന വലിയ നിന്ദയാവും.

സനാതന ധര്‍മ്മത്തിന്റെ പര്യായമോ അവിഭാജ്യ ഘടകമോ ആണ് വര്‍ണാശ്രമ ധര്‍മ്മം. ചാതുര്‍വര്‍ണ്യ പ്രകാരമുള്ള വര്‍ണാശ്രമ ധര്‍മ്മം. അത് ഉയര്‍ത്തിപ്പിടിച്ചതെന്താണ്? കുലത്തൊഴിലിനെയാണ്. ശ്രീനാരായണ ഗുരു ചെയ്തതോ കുലത്തൊഴിലിനെ ധിക്കരിക്കാന്‍ ആഹ്വാനം ചെയ്യലാണ്. അപ്പോള്‍ പിന്നെ ഗുരു എങ്ങനെ സനാതന ധര്‍മ്മത്തിന്റെ വക്താവാകും? ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഉടനീളം ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതുമായിരുന്നു ഗുരുവിന്റെ സന്യാസ ജീവിതം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളില്‍ രൂപപ്പെട്ടുവന്ന സനാതന ധര്‍മ്മത്തിന്റെ വക്താവാകും? വര്‍ണവ്യവസ്ഥയ്ക്ക് എതിരായ ധര്‍മ്മമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത്.

സനാതന ധര്‍മ്മത്തെ അനുസരിക്കുന്നതും സംശയത്തോടെ കാണുന്നതും വെല്ലുവിളിച്ചു ധിക്കരിക്കുന്നതുമായ മൂന്നു ധാരകള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിലെ മൂന്നാമത്തെ ധാരയുടെ പ്രതിനിധിയാണു ഗുരു. ഗോത്ര വ്യവസ്ഥ പിന്‍വാങ്ങി വര്‍ണവ്യവസ്ഥ വരുന്ന കാലമാറ്റത്തിന്റെ ഘട്ടത്തിലുണ്ടായ സാംസ്‌കാരിക ഉല്പന്നമാണു മഹാഭാരതം. അതുപോലും ഏതാണു ധര്‍മ്മമെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം പറയാതെ സംശയത്തിന്റെ ചോദ്യചിഹ്നമുയര്‍ത്തി പിന്‍വാങ്ങുന്നതേയുള്ളൂ.

ധര്‍മ്മയുദ്ധം നടത്തി എന്നുപറയുന്ന ധര്‍മ്മപുത്രര്‍ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ ചെന്നപ്പോള്‍ അതുവരെ അധര്‍മ്മത്തിന്റെ യുദ്ധം നടത്തി എന്ന് ആരോപിക്കപ്പെട്ട ദുര്യോധനനെ അവിടെ കാണുന്നു. സ്വര്‍ഗ്ഗത്തില്‍ പോകാനുള്ള നന്മ കൗരവര്‍ ചെയ്തതായി സൂചിപ്പിക്കുന്നിടത്തു ധര്‍മ്മത്തെക്കുറിച്ചു മഹാഭാരതം തന്നെ സന്ദേഹമല്ലേ ഉണര്‍ത്തുന്നത്. ആ സന്ദേഹം പിന്നെ ചോദ്യം ചെയ്യലായി വളര്‍ന്നു. ആ ചോദ്യം ചെയ്യല്‍ ഏറ്റവും ശക്തമായി നടത്തിയതു നമ്മുടെ ഗുരുവാണ് എന്നതാണു സത്യം.

സനാതന ധര്‍മ്മത്തിന്റെ രാഷ്ട്രം എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് മാര്‍ത്താണ്ഡവര്‍മ പല പരിഷ്‌ക്കാരങ്ങളും തിരുവിതാംകൂറില്‍ വരുത്തിയത്. ഇന്നും ഇടയ്ക്കിടയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന വാക്കാണ് സനാതനഹിന്ദുത്വം. രാജാധിപത്യത്തിനും വര്‍ഗ്ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ടതാകുന്നു ഈ വാക്ക് എന്നത് ശ്രദ്ധിക്കണം. സനാതനഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ പഴയ രാജവാഴ്ചക്കാലമാണെന്നതിന് ഇതില്‍പ്പരം എന്തു തെളിവാണു വേണ്ടത്? ജനാധിപത്യം അലര്‍ജിയാണെന്നതിനും മറ്റെന്തു തെളിവാണു വേണ്ടത്?

സനാതനഹിന്ദുത്വം എന്നത് അതിമഹത്തും അഭിമാനകരവുമായ എന്തോ ഒന്നാണ് എന്നും അതിന്റെ പുനഃസ്ഥാപനമാണ് എല്ലാ സാമൂഹിക പ്രശ്നങ്ങള്‍ക്കും ഉള്ള ഏക പോംവഴി എന്നും ഉള്ള വാദം ശക്തിപ്പെടുന്ന കാലമാണിത്. ഇതിന്റെ മുഖ്യ അടയാള വാക്യമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആശംസാവാക്യമാണ്. ലോകത്തിനാകെ സുഖമുണ്ടാവട്ടെ എന്നതാണ് ഇതിന്റെ അര്‍ത്ഥം. ഇത് ഒരു വിധത്തിലും എതിര്‍ക്കപ്പെടേണ്ടതല്ലല്ലോ. ഏറ്റവും ഉദാത്തമായ ഒരു സങ്കല്പമാണല്ലോ. ലോകത്ത് ഹിന്ദുത്വം മാത്രമല്ലേ ഇത്ര ശ്രേഷ്ഠമായ ഒരു അടയാളവാക്യം മുമ്പോട്ടുവെച്ചിട്ടുള്ളു. ഇതൊക്കെയാണു വാദം.

ഈ വാദം ആവര്‍ത്തിക്കുന്നവര്‍ ഇതിനു തൊട്ടുമുമ്പുള്ള വരി ബോധപൂര്‍വ്വം മറച്ചുവെക്കുന്നുണ്ട്. ‘ഗോബ്രാഹ്മണേഭ്യോ ശുഭമസ്തു നിത്യം’ എന്നതാണ് തൊട്ടുമുമ്പുള്ള ആ വരി. ഗോവിനും, അതായതു പശുവിനും ബ്രാഹ്മണനും സുഖമുണ്ടാവട്ടെ എന്നര്‍ത്ഥം ചേര്‍ത്തുവായിച്ച് അര്‍ത്ഥം മനസ്സിലാക്കിയാല്‍, പശുവിനും ബ്രാഹ്മണനും സുഖമുണ്ടായാല്‍ ലോകത്തിനാകെ സുഖമായി! എത്രയധികം ചേര്‍ന്നുപോകുന്നു, ലോകാസമസ്താ സുഖിനോഭവന്തു എന്ന സനാതനത്വത്തിന്റെ മുദ്രാവാക്യവും ഇന്നത്തെ പശു കേന്ദ്രീകൃത, ബ്രാഹ്മണ കേന്ദ്രീകൃത രാഷ്ട്രീയവും എന്നു നോക്കുക.

അക്കാലത്തു നിലനിന്ന സാമൂഹ്യ അനീതികളൊക്കെ ഇന്നു മാഞ്ഞുപോയി എന്നു കരുതാനാവുമോ? അതൊക്കെ പല രൂപങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അന്ന് രാഷ്ട്രീയാധികാരത്തിന്റെ രക്ഷാകര്‍തൃത്വം അതിനുണ്ടായിരുന്നു. ആ രക്ഷാകര്‍തൃത്വം ഇന്നുമുണ്ട്. അതുകൊണ്ടാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും ദളിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് ആ പീഡകരൊക്കെ നിയമവ്യവസ്ഥയ്ക്കു മുമ്പില്‍ നിന്നു രക്ഷപ്പെടുന്നതും. അതിനൊക്കെ സംരക്ഷണമേകുന്നവരുടെ വാദമാണു സനാതന ധര്‍മ്മവാദം. അതായിക്കോട്ടെ. എന്നാല്‍, ഗുരുവിനെ അതുമായി ചേര്‍ത്തുവെക്കേണ്ടതില്ല.

ഒരു ആശയത്തെ നമ്മള്‍ പിന്‍തുടരേണ്ടത് അത് ലോകത്തിനാകെ വെളിച്ചം പകരുകയും അത് മനുഷ്യ ജീവിതങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുമ്പോഴാണ്. ആ ആശയം കാരണം മനുഷ്യന്‍ ദുഖിക്കാനും കഷ്ടപ്പെടാനും തുടങ്ങുന്നുവെങ്കില്‍ അതിനെ സ്വാഭാവികമായും അകറ്റി നിര്‍ത്തണം. അങ്ങനെ എത്രയെത്ര ആശയങ്ങളാണ് കാലത്തിനൊപ്പം നവീകരിക്കപ്പെടാത്തതുകൊണ്ട് വിസ്മൃതിയില്‍ ആണ്ടുപോയത്. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ അദ്ദേഹം ജനിച്ചുജീവിച്ച സഹസ്രാബ്ദത്തെയും കടന്ന് ലോകത്തിനാകെ വെളിച്ചം പകരുകയാണ്. അതിലുണ്ട് ശ്രീനാരായണ ഗുരുവിന്റെ മഹത്വം. ആ യുഗപ്രഭാവന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തപ്പെടുന്ന ശിവഗിരി തീര്‍ത്ഥാടനവും അങ്ങനെ മഹത്വമാര്‍ജ്ജിക്കുന്നു.

എന്തിനുവേണ്ടിയാണ് ശിവഗിരി തീര്‍ത്ഥാടനം? ഗുരുവിന് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നു. ശ്രീബുദ്ധന്റെ അഷ്ടാംഗമാര്‍ഗം പോലെ എട്ടു കാര്യങ്ങള്‍ ഗുരുവും നിര്‍ദ്ദേശിക്കുകയുണ്ടായി. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനം എന്നിങ്ങനെയുള്ള എട്ടു കാര്യങ്ങളാണ് ഓരോ ശിവഗിരി തീര്‍ത്ഥാടകനും ലക്ഷ്യമായി കരുതേണ്ടത് എന്ന് ഗുരു പറയുമ്പോള്‍ അത് സ്വസമുദായത്തിന്റെ അഭിവൃദ്ധി മാത്രമല്ല സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനമാണ് ലക്ഷ്യമാക്കിയത് എന്നു വ്യക്തമാണ്. അറിവു നേടാനും സാമ്പത്തികമായി സ്വാശ്രയത്വത്തിലെത്താനുമാണു ഗുരു ഉപദേശിച്ചത്. സാങ്കേതിക ജ്ഞാനമടക്കം നേടണമെന്ന് അന്നേ ഗുരു പറഞ്ഞു. എത്ര വലിയ ദീര്‍ഘദര്‍ശിത്വമാണ് അതിലുള്ളത്.

ഈ പാതയില്‍ തന്നെയാണ് സംസ്ഥാനം ഇപ്പോള്‍ നീങ്ങുന്നതെന്ന് അഭിമാനപൂര്‍വ്വം പറയട്ടെ. വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയും കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നാടിനെ നയിച്ചും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി പ്രത്യേക ക്യാമ്പയിനുകള്‍ ആരംഭിച്ചും വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ജൈവികമായ ബന്ധം ദൃഢപ്പെടുത്തിയുമെല്ലാം ഗുരു തെളിച്ച പാതയിലൂടെ തന്നെയാണ് സംസ്ഥാന സര്‍ക്കാരും നീങ്ങിക്കൊണ്ടിരിക്കുന്നത്.

മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശം ലോകത്താകെ പടര്‍ത്തിയ തീര്‍ത്ഥാടനകേന്ദ്രമാണ് ശിവഗിരി. കാലത്തിന്റെയും ലോകത്തിന്റെയും മനുഷ്യമനസ്സുകളുടെയും ഇരുളടഞ്ഞ കോണുകളിലേക്കാണ് മനുഷ്യസ്നേഹത്തിന്റെ വെളിച്ചം ശിവഗിരിയില്‍നിന്നു പടര്‍ന്നുകയറിയത്. ആ വെളിച്ചം കാലത്തെ മാറ്റിയെടുത്തു. ലോകത്തെ മാറ്റിയെടുത്തു. മനുഷ്യമനസ്സുകളെയും മാറ്റിയെടുത്തു. ജാതിക്കും മതത്തിനും എല്ലാവിധ വിഭാഗീയ വേര്‍തിരിവുകള്‍ക്കും അതീതമായ മഹത്വപൂര്‍ണമായ ആ സന്ദേശം ഉള്‍ക്കൊള്ളാന്‍ വര്‍ഷംതോറും കൂടുതല്‍ കൂടുതല്‍ പേര്‍ ശിവഗിരിയിലേക്കെത്തുന്നു.

സത്യത്തില്‍ ശിവഗിരി തീര്‍ത്ഥാടനം പൂര്‍ണമാവുന്നത് ശിവഗിരിക്കുന്നിലേക്കു പതിനായിരക്കണക്കിനാളുകള്‍ ഒഴുകിയെത്തുന്നിടത്തല്ല. മറിച്ച് അവിടേക്കെത്തുന്ന പതിനായിരങ്ങള്‍ ശ്രീനാരായണ ഗുരുവിന്റെ കാരുണ്യപൂര്‍വമായ മഹാസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നിടത്തും, അവ ഉള്‍ക്കൊണ്ടു മടങ്ങിപ്പോയി സ്വന്തം ജീവിതത്തിലും പൊതുജീവിതത്തിലും പകര്‍ത്തുന്നിടത്തുമാണ്. ശിവഗിരിയിലേക്കു കൂടുതല്‍ കൂടുതല്‍ ആളുകള്‍ വര്‍ഷംതോറും തീര്‍ത്ഥാടകരായി എത്തേണ്ടത് നല്ല കാര്യമാണ്. വരുന്ന തീര്‍ത്ഥാടകരെല്ലാം ശ്രീനാരായണഗുരുവിന്റെ മാനവികതയുടെ മഹാസന്ദേശം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു എന്ന് ഉറപ്പുവരുത്തുന്നതില്‍കൂടി ഈ നിഷ്‌കര്‍ഷ ഉണ്ടാവണം.

ഗുരുസന്ദേശം ഉള്‍ക്കൊള്ളുന്നതില്‍ ശ്രദ്ധവെക്കാതെ നടത്തുന്ന തീര്‍ത്ഥാടനങ്ങള്‍ പൊള്ളയായ ആചാരാനുഷ്ഠാനങ്ങള്‍ മാത്രമായി തരംതാണു പോകും. അന്ധമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് എതിരെയായിരുന്നു ഗുരു എന്നും പ്രവര്‍ത്തിച്ചുപോന്നിരുന്നത് എന്നതിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ പൊള്ളയായ ആചാരം ഗുരുനിന്ദപോലും ആയിപ്പോവും. അതുണ്ടാവാതിരിക്കാനാണ് ഗുരുവിന്റെ മഹത്വമാര്‍ന്ന സന്ദേശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാനുള്ളതാവണം ഓരോ തീര്‍ത്ഥാടകന്റെയും യാത്ര എന്നുറപ്പുവരുത്തണമെന്നു പറഞ്ഞത്.

ഇവിടെയാണ് എന്തായിരുന്നു യഥാര്‍ത്ഥ ഗുരുസന്ദേശം എന്ന ചോദ്യത്തിലേക്കു നാം വരുന്നത്. മനുഷ്യസ്നേഹമായിരുന്നു ഗുരുവിന്റെ സന്ദേശം. ആ സ്നേഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവില്ല. അത്തരം വേര്‍തിരിവുകള്‍ കല്‍പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഗുരു അതു സഹിക്കുമായിരുന്നില്ല. അങ്ങനെയുള്ള ഗുരുവിനെത്തന്നെ ജാതിയുടെയോ മതത്തിന്റെയോ വേലികെട്ടി അതിനുള്ളില്‍ പ്രതിഷ്ഠിക്കാന്‍ ആരെങ്കിലും ശ്രമിച്ചാലോ? അതില്‍കവിഞ്ഞ ഗുരുനിന്ദയുണ്ടാവാനില്ല. അക്കാര്യം ഓര്‍മിക്കണം. ഓര്‍മിച്ചാല്‍ മാത്രം പോര, അത്തരം ശ്രമങ്ങള്‍ക്കെതിരായി നല്ല ജാഗ്രത പുലര്‍ത്തണം.

ആ ജാഗ്രതയുണ്ടായില്ലെങ്കില്‍ ഗുരു എന്തിനൊക്കെവേണ്ടി നിലകൊണ്ടോ അതിനൊക്കെ എതിരായ പക്ഷത്തേക്കു ഗുരുവിനെ തട്ടിയെടുത്തു കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവും. ഗുരു എന്തിനൊക്കെയെതിരെ പൊരുതിയോ അതിന്റെയൊക്കെ വക്താവായി ഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവും. അതുണ്ടായിക്കൂട. അത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ അനുവദിക്കില്ല എന്ന് ഉറച്ചുപ്രഖ്യാപിക്കാന്‍ കഴിയണം.

സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ശ്രീ നാരായണഗുരുവിനെ കേവലം ഒരു മത നേതാവായി അല്ലെങ്കില്‍ മത സന്യാസിയായി കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. ഗുരുവിനു മതമില്ല എന്നു മനസ്സിലാക്കണം. ഗുരുവിനു ജാതിയില്ല എന്നു മനസ്സിലാക്കണം. ലോകത്ത് മനുഷ്യരായിപ്പിറന്ന മുഴുവനാളുകള്‍ക്കും എല്ലാ കാലവും ഗുരുവായിരിക്കേണ്ട ഒരു മഹാവ്യക്തിത്വത്തെ നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി തളച്ചിടുന്നതു ശരിയാണോ എന്ന് ചിന്തിക്കണം.

ഗുരുവിന്റെ ജാതി എന്താണ് എന്ന് ഒരാള്‍ ഒരിക്കല്‍ ഗുരുവിനോടുതന്നെ ചോദിച്ചതും ഗുരു അതിനു കൃത്യമായി മറുപടി പറഞ്ഞതും ചരിത്രം കൃത്യമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും വത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വിഭാഗക്കാര്‍ നമ്മെ അവരുടെ വിഭാഗത്തില്‍പ്പെട്ടവനായി വിചാരിക്കുന്നു. അക്കാരണത്താല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു’.

ഇതാണ് ഗുരുവിന്റെതായി ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ള വാക്കുകള്‍. ഒരു സംശയത്തിനും ആ വാക്കുകള്‍ പഴുതു നല്‍കുന്നില്ല. എന്നിട്ടും ഗുരു മതാചാര്യനാണെന്നു പറഞ്ഞാലോ? ഇക്കാര്യങ്ങളില്‍ അന്തിമമായി ഗുരുവിന്റെ സ്വന്തം വാക്കുകള്‍ തന്നെയുള്ളപ്പോള്‍ വ്യാഖ്യാതാക്കള്‍ ആയി നടിച്ച് ആരും പുത്തന്‍ ഭാഷ്യവുമായി ഇറങ്ങേണ്ടതില്ല.

സര്‍വമത സമ്മേളനത്തെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചുവല്ലോ. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം’ എന്ന് സമ്മേളനപ്പന്തലില്‍ എഴുതിവച്ചു അദ്ദേഹം. എന്താണ് അതിനര്‍ത്ഥം? മതങ്ങള്‍ തമ്മില്‍ വാദിച്ച് കലഹിക്കരുത് എന്നതുതന്നെ! ‘പല മതസാരവുമേകം’ എന്ന് പഠിപ്പിച്ച ഗുരു ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അങ്ങനെയുള്ള ഗുരുവിന്റെ സ്മൃതി തുടിച്ചുനില്‍ക്കുന്ന പവിത്രമായ സ്ഥലമാണ് ശിവഗിരി. ആ ശിവഗിരി എന്നും എല്ലാവര്‍ക്കും അവകാശപ്പെട്ടതായിത്തന്നെ തുടരണം.

‘ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം’ എന്നതായിരുന്നല്ലോ ഗുരുവിന്റെ സങ്കല്‍പം. അരുവിപ്പുറമായാലും ചെമ്പഴന്തിയായാലും ശിവഗിരിയായാലും ഗുരുവുമായി ബന്ധപ്പെട്ട ഏതു സ്ഥാനവും സ്ഥാപനവും എല്ലാവര്‍ക്കുമായി എന്നും തുറന്നിരിക്കണം. ആ ആശയത്തിന്റെ അനുരണനങ്ങള്‍ കേരളത്തിന്റ മുക്കിലും മൂലയിലുമുണ്ടാകണം. ലോകമാകെ ശ്രദ്ധിക്കുന്ന മാതൃകാസ്ഥാനമായി ഈ നാടുതന്നെ മാറിത്തീരണം.

ഒരുവശത്ത് സാമുദായികമായ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനം. മറുവശത്ത് മദ്യപാനംപോലുള്ള ദുസ്വഭാവങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം. ഇനിയുമൊരു വശത്ത് വിദ്യാഭ്യാസത്തിനുവേണ്ടിയും സ്വാശ്രയത്വത്തിനുവേണ്ടിയുമുള്ള പ്രവര്‍ത്തനം. ഈ മൂന്ന് പ്രവര്‍ത്തനപഥങ്ങളെ സമന്വയിപ്പിച്ചു ശ്രീനാരായണ ഗുരു. ഇത് കാണാതെ ഗുരുവിനെ ആത്മീയതയുടെ അന്വേഷകന്‍ മാത്രമായി പരിമിതപ്പെടുത്തിക്കാണരുത്. ഏകാന്തമായ ഏതോ ഗുഹയില്‍ പോയിരുന്ന് ജീവിതാന്ത്യംവരെ പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് ഈ സമൂഹത്തെ മാറ്റിമറിക്കാന്‍ സന്ദേശങ്ങള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും ഇടപെടുകയായിരുന്നു ഗുരു. പ്രാര്‍ത്ഥനയല്ല, പ്രവൃത്തിയേ സാമൂഹ്യമാറ്റം വരുത്തൂ എന്ന് പഠിപ്പിക്കുകയായിരുന്നു ഗുരു.

‘സംഘടനകൊണ്ട് ശക്തരാകണം’ എന്ന മുദ്രാവാക്യം അക്കാലത്ത് എത്രയോ പുരോഗമനപരമായിരുന്നുവെന്നും ഇക്കാലത്തും അത് എത്രയോ പ്രസക്തമാണെന്നും ആലോചിക്കുക. മറ്റൊരു ഗുരുവും ഇങ്ങനെ പറഞ്ഞിട്ടില്ല എന്നും ഓര്‍ക്കുക. വടക്ക് തീയമഹാസഭയും തെക്ക് ഈഴവ മഹാസഭയും ഉള്ള ഘട്ടത്തില്‍ ശ്രീനാരായണഗുരു രൂപപ്പെടുത്തിയ സംഘടനയ്ക്ക് അദ്ദേഹം ജാതിപ്പേരല്ല നല്‍കിയത് എന്നും ഓര്‍മിക്കണം. അവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കണമെന്നല്ലാതെ മറ്റ് വിഭാഗങ്ങള്‍ക്കെതിരെ സംഘടിക്കണമെന്നല്ല അദ്ദേഹം പറഞ്ഞിട്ടുള്ളത് എന്നും ഓര്‍മിക്കണം. മാനവികതയുടെ മഹാസന്ദേശമാണ് ഗുരു നല്‍കിയത്. അല്ലാതെ ജാതീയതയുടെ സങ്കുചിത സന്ദേശമല്ല.

അയിത്തത്തിന്റെ രൂക്ഷതയ്ക്കെതിരായി ഗാന്ധിജി തന്റെ ‘ഹരിജന്‍’ എന്ന പ്രസിദ്ധീകരണത്തില്‍ ലേഖനമെഴുതിയതിനു പിന്നില്‍പോലും ശ്രീനാരായണ ചിന്തകളുടെ സ്വാധീനമുണ്ട് എന്നുകാണാം. കാക്കിനാട കോണ്‍ഗ്രസ് സമ്മേളനത്തില്‍ അയിത്തോച്ചാടനപ്രമേയം വന്നതുപോലും ശ്രീനാരായണഗുരുവിന്റെ സ്വാധീനംകൊണ്ടാണ്. ആ പ്രമേയം അവതരിപ്പിച്ച ടി കെ മാധവന് അതിനുവേണ്ട ഊര്‍ജ്ജം ലഭിച്ചത് ശ്രീനാരായണ ഗുരുവിന്റെ ചിന്തകളില്‍ നിന്നാണ്.

ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാര്‍ക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം നാടിനെ സങ്കല്‍പ്പിച്ചത്. അത് സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. അങ്ങനെയുണ്ടായാല്‍ അതിനെ ചെറുത്തുതോല്‍പ്പിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ വേണം ഇവിടെയെത്തുന്ന ഓരോ തീര്‍ത്ഥാടകനും മടങ്ങാന്‍. എന്നാല്‍ മാത്രമേ ശിവഗിരി തീര്‍ത്ഥാടനം അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളൂ എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

CONTENT HIGH LIGHTS; Guru’s new-age humanitarian dharma stands with the times by challenging and transcending varnashrama dharma: Chief Minister inaugurates Sivagiri Pilgrimage

Latest News