എല്ലാവരെയും പച്ചക്കു പറ്റിച്ച് പത്തുകോടിയോളം രൂപ വസൂലാക്കിയ മെഗാ ഭരതനാട്യ സംഘാടകരില്‍ പ്രധാന റോളിലെത്തിയ നടി ദിവ്യാഉണ്ണി അമേരിക്കയിലേക്ക് കടന്നു. തന്റെ മണ്ഡലത്തില്‍ നടന്ന ഒരു ഇവന്റില്‍ പങ്കെടുക്കാന്‍ എത്തിയ ജനപ്രതിനിധി കൂടിയായ ഉമാ തോമസിന്റെ അപകടത്തിന്റെ ഭാഗമായുള്ള പോലീസ് നടപടിയൊന്നും പൂര്‍ത്തിയാക്കാതെയാണ് ദിവ്യാഉണ്ണിയുടെ വിദേശ പറക്കല്‍. ജനപ്രതിനിധിക്കു സംഭവിച്ച ആഘാതവും, ദിവ്യാഉണ്ണിയുടെ താര പദവിയും തമ്മിലുള്ള അന്തരമാണ് ഇതിലൂടെ വെളിവാകുന്നത്.
ജനപ്രതിനിധിയുടെ പ്രോട്ടോക്കോളും, സുരക്ഷയും സ്വീകാര്യതയേക്കാളും വെറും 50 ഓളം ചിത്രങ്ങള്‍ മാത്രം അഭിനയിച്ച ദിവ്യാഉണ്ണിക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കേരളത്തിലെ വിവിധ നൃത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ കബളിപ്പിച്ച് കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ആര്‍ക്കൊക്കെ എതിരേ കേസെടുക്കുമോ, ആ കേസിലെല്ലാം ദിവ്യാഉണ്ണിയും ഉള്‍പ്പെടേണ്ടതാണ്.
കാരണം, ദിവ്യാ ഉണ്ണിയുടെ പേരിലാണ് സംഘാടകര്‍ ഈ മെഗാ ഭരതനാട്യം നടത്തിയത്. മാത്രമല്ല, വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്, മെഗാ ഭരതനാട്യത്തില്‍ പങ്കെടുത്ത 12000 പേര്‍ക്കല്ല, മറിച്ചട് അതിന് നേതൃത്വം നല്‍കിയ ദിവ്യാഉണ്ണിക്കും ടീമിനുമാണ്. അപ്പോള്‍ പരിപാടിയുടെ വിജയത്തില്‍ ദിവ്യാഉണ്ണിക്കുള്ള പങ്കുപോലെത്തന്നെ, ആ പരിപാടിക്കിടയില്‍ ഉണ്ടായ ദാരുണ സംഭവത്തിലും ദിവ്യാഉണ്ണിക്ക് പങ്കുണ്ട്. മാത്രമല്ല, ഗിന്നസ് റെക്കാര്‍ഡിന്റെ പേരില്‍ നടന്ന കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്നും വീണ് എംഎല്‍എ ഉമ തോമസ് വീണ് പരിക്കേറ്റ സംഭവത്തില്‍ വിവാദം തുടരുന്നതിനിടെയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. ഇന്നലെ രാത്രി 11.30നാണ് നെടുമ്പാശ്ശേരിയില്‍ നിന്നും സിംഗപ്പൂര്‍ വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത്.
കലൂരിലെ നൃത്ത പരിപാടിയിലെടുത്ത കേസില്‍ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് നല്‍കുമെന്ന് പറഞ്ഞിരുന്നു. ദീര്‍ഘ നാളായി അമേരിക്കയില്‍ സ്ഥിര താമസമാണ് ദിവ്യ ഉണ്ണി. മെഗാ ഭരതനാട്യം അവതരിപ്പിച്ച് വേള്‍ഡ് റെക്കോര്‍ഡ് നേതാനായി മാത്രമായാണ് എത്തിയത് എന്നാണ് സൂചന. 12000 നര്‍ത്തകര്‍ ഡാന്‍സ് ചെയ്തുവെങ്കിലും ആ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് ദിവ്യാ ഉണ്ണിയാണ്. ഇതില്‍ വ്യാപക പ്രതിഷേധമുണ്ട്. നര്‍ത്തകര്‍ നാലായിരം രൂപയ്ക്ക് മുകളില്‍ നല്‍കിയാണ് പരിപാടിയുടെ ഭാഗമായത്. അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടിയുമില്ല. ദിവ്യാ ഉണ്ണി പണം വാങ്ങിയാണ് പരിപാടിയുടെ ഭാഗമായതെന്നാണ് സൂചന. അമേരിക്കയില്‍ നിന്നും ഇങ്ങോട്ടും തിരിച്ചുമുള്ള വിമാന ടിക്കറ്റ് അടക്കം സംഘാടകരില്‍ നിന്നും വാങ്ങിയിട്ടുമുണ്ട്. അമേരിക്കയിലാണ് ദിവ്യാ ഉണ്ണി സ്ഥിര താമസമെന്ന് പോലീസിനും അറിവുള്ളതാണ്.
അതുകൊണ്ട് തന്നെ അവിടേക്ക് പോകുമെന്നതും വ്യക്തമായിരുന്നു. ഇത് മനസ്സിലാക്കി കേസില്‍ പ്രതിയാക്കാനോ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനോ ഒന്നും പോലീസ് തയ്യാറായില്ല. കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയിലെ സുരക്ഷാ വീഴ്ചകള്‍ ദിവ്യാ ഉണ്ണിയേയും വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ അവരോട് വലിയ മോശമായാണ് ദിവ്യാ ഉണ്ണി സംസാരിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ദിവ്യാ ഉണ്ണിയുടെ സംഘാടനത്തിലെ ഇടപെടലില്‍ പലവിധ സംശയമുണ്ടായിരുന്നു. ഇത് ദൂരീകരിക്കാനുള്ള അവസരമാണ് ദിവ്യാ ഉണ്ണിയുടെ അമേരിക്കയിലേക്കുള്ള പോക്കിലൂടെ നഷ്ടമാകുന്നത്. ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ വൈകിയത് പോലും നടിയെ രക്ഷിക്കാനുള്ള തന്ത്രമാണെന്ന ആരോപണവുമുണ്ട്.
-
സ്ഥിരതാമസം അമേരിക്കയില്‍ റെക്കോഡ് ഇടാന്‍ കൊച്ചിയില്‍
ഒരു ജന പ്രതിനിധിയുടെ വീഴ്ചയുമായി ബന്ധപ്പെട്ട്എടുത്ത കേസില്‍ ദിവ്യാഉണ്ണിയുടെ മൊഴിയെടുക്കാന്‍ പോലീസ് അമേരിക്കയ്ക്കു പോകുമോ എന്നാണ് അറിയേണ്ടത്. അഥവാ ദിവ്യാഉണ്ണിക്ക് അമേരിക്കയില്‍ പോകേണ്ടതുണ്ടായിരുന്നു എങ്കില്‍ മൊഴി എടുക്കല്‍ വളരെ വേഗത്തിലാക്കാമായിരുന്നു. എന്നിട്ടും അതില്‍ അലംഭാവം കാട്ടി. സിനിമയും നാടും വീടും എല്ലാം വിട്ട്, ദിവ്യാഉണ്ണി അമേരിക്കയില്‍ സ്ഥിര താമസം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സിനിമയിലേക്കോ, എന്തിന് സ്വന്തം നാട്ടിലേക്കോ തിരിച്ചൊരു മടക്കത്തെ കുറിച്ച് ചിന്തിക്കാത്ത ദിവ്യാ ഉണ്ണി മെഗാ ഭരതനാട്യം നടത്തി ലോക റെക്കോര്‍ഡ് ഇടാന്‍ തീരുമാനിച്ചത് എന്തിനാണ് ?. അരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
കേരളത്തിലോ, ഇന്ത്യയിലോ ഉള്ള ഒരു നടിയേയും സമീപിക്കാതെ സംഘാടകര്‍ ദിവ്യാ ഉണ്ണിയിലേക്ക് എത്തിയത് എങ്ങനെയാണ്. ഇതൊക്കെ വലിയ സംശയത്തിനു പിന്‍ബലം നല്‍കുന്ന കാര്യങ്ങളാണ്. അപ്പോള്‍ ഒരു സുപ്രഭാതത്തില്‍ വിരിഞ്ഞ ആശയമല്ല, മെഗാ ഭരതനാട്യവും, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സും. വര്‍ഷങ്ങളായി ഇതിനു വേണ്ടിയുള്ള നീക്കങ്ങള്‍ നടന്നിട്ടുണ്ട്. എങ്ങനെ അവതരിപ്പിച്ചാലാണ് വേള്‍ഡ് റെക്കോര്‍ഡ് കിട്ടുക എന്നതിനെ കുറിച്ചുള്ള പഠനവും നടന്നിട്ടുണ്ട്. ദിവ്യാ ഉണ്ണിക്കു നല്‍കേണ്ട തുകയും, ട്രാവലിംഗ് ചാര്‍ജ്ജും അടക്കം നേരത്തെ പറഞ്ഞുറപ്പിച്ചിട്ടുണ്ട്. കേരളത്തിലെ നൃത്ത സ്‌കൂളുകളിലെ അധ്യാപകരുമായി കരാറുകള്‍ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനെല്ലാം ഒടുവിലാണ്, നൃത്തത്തിന് എത്തുന്നവരില്‍ നിന്നുള്ള പിരിവും മറ്റും നടത്തിയിരിക്കുന്നത്. പക്ഷെ, ഉമാ തോമസ് എം.എല്‍.എയുടെ വീഴ്ചയോടെ സംഘാടകരുടെ കണക്കു കൂട്ടലുകളെല്ലാം തെറ്റി. വലിയൊരു ഇവന്റെ വിജയിപ്പിക്കുന്നതിനോടൊപ്പം കടത്തിക്കൊണ്ടു പോകാന്‍ നിശ്ചയിട്ടിരുന്ന കൊള്ള മുതലും പുറത്തായി എന്നു വേണം മനസ്സിലാക്കാന്‍.
-
വിഷയത്തില്‍ മൃദംഗ വിഷന്റെ ഭാഗം ഇങ്ങനെ:
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ടു നടക്കുന്നത് കുപ്രചാരണങ്ങളാണെന്ന് സംഘാടകരായ മൃദംഗ വിഷന്‍ പ്രൊപ്രൈറേറ്റര്‍ നിഗോഷ് കുമാര്‍ പറഞ്ഞിരുന്നു. പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ അനുമതിയും വാങ്ങിയാണു പരിപാടി നടത്തിയത്. കുട്ടികളില്‍ നിന്ന് സാരിക്ക് 1,600 രൂപ വാങ്ങിയിട്ടില്ല. 390 രൂപ മാത്രമാണ് ഈടാക്കിയതെന്നും നിഗോഷ് കുമാര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ അവിടെ എംഎല്‍എയ്‌ക്കൊരു അപകടം സംഭവിച്ചു. അതില്‍ ഖേദിക്കുന്നു. എന്നാല്‍, 12,000 കുടുംബങ്ങള്‍ പല രാജ്യങ്ങളില്‍നിന്ന് വിമാനങ്ങളിലടക്കം എത്തിയവരുണ്ട്. അവരെ മടക്കി അയയ്ക്കാന്‍ കഴിയുമായിരുന്നില്ല. കമ്പനിക്ക് ഭീമമായ തുക നഷ്ടം വരും. അതുകൊണ്ടാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പരിപാടി മാത്രം പൂര്‍ത്തിയാക്കിയത്.
ഇതിനുശേഷം നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഷോയായിരുന്നു നിശ്ചയിച്ചിരുന്നത്. അത് ഉപേക്ഷിച്ചു. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് പരിപാടി അവസാനിപ്പിച്ചുവെന്നും നികോഷ് കുമാര്‍ പറഞ്ഞു. ഓരോ കുട്ടികള്‍ക്കും വ്യക്തിപരമായി ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ടുമാസമാണ് ഇതിനുള്ള പ്രോസസിംഗ് സമയമെടുക്കുക. ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്കെതിരെ വരുന്നത് വ്യാജ ആരോപണങ്ങളാണ്. എല്ലാ പണ ഇടപാടും നടന്നത് ബാങ്ക് വഴിയാണ്. മൂന്നര കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്. കുട്ടികളുടെ കൂടി 10 ലക്ഷത്തോളം ചെലവായിട്ടുണ്ട്. 24 ലക്ഷം രൂപ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് കൈമാറി.
ജിഎസ്ടി കിഴിച്ചുള്ള കണക്കാണ് 3.56 കോടി രൂപ. ഒരു രൂപ പോലും സാരി ഇനത്തില്‍ അധികമായി വാങ്ങിയിട്ടില്ല. ജിഎസ്ടി കിഴിച്ച് ഒരാളില്‍ നിന്ന് 2,900 വാങ്ങി. അതില്‍ സാരിയുടെ 390 രൂപയും ഉള്‍പ്പെടും. 1,600 രൂപ വാങ്ങിയ കണക്ക് ഞങ്ങള്‍ക്ക് അറിയില്ല. ടീച്ചര്‍മാരാണ് അത് കൈകാര്യം ചെയ്തത്. 500 ടീച്ചര്‍മാരാണ് ഉണ്ടായിരുന്നത്. 3500 രൂപ ഞങ്ങളിലേക്ക് ഓണ്‍ലൈനായി അടയ്ക്കുകയായിരുന്നു ടീച്ചര്‍മാരുടെ ഉത്തരവാദിത്തം. കോറിയോഗ്രാഫി ചെയ്ത രണ്ട് നൃത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ സിഡിയും സാരിയുമായിരുന്നു നല്‍കാമെന്ന് ഏറ്റിരുന്നത്. അവിടെ എത്തുന്നവര്‍ക്കുള്ള സ്‌നാക്‌സും വെള്ളവും ഫ്രൂട്ടിയും മാത്രം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. അതെല്ലാം നല്‍കിയിരുന്നു. വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് 4500 രൂപയാണ് ഈടാക്കിയത്. 145 പേരാണ് ഇത്തരത്തില്‍ വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്തത്.
ദിവ്യ ഉണ്ണി അടക്കമുള്ള കലാകാരികള്‍ പ്രതിഫലം വാങ്ങിയാണ് എത്തിയത്. പ്രതിഫലത്തുകയേക്കാള്‍ കലയോടുള്ള താല്‍പ്പര്യമാണ് ദിവ്യ ഉണ്ണിയെ ഇത്തരമൊരു പരിപാടിയിലേക്ക് ആകര്‍ഷിച്ചത്. പൊലീസ് സുരക്ഷയുടെ മേല്‍നോട്ടം മറ്റൊരാള്‍ക്കായിരുന്നു. എത്ര പൊലീസ് ഉണ്ടായിരുന്നു എന്ന് അറിയില്ല. മതിയായ ആളുണ്ടായിരുന്നുവെന്നാണു കരുതുന്നത്. അവരുടെ കൂടി സഹായത്തോടെയാണു പരിപാടി ഭംഗിയായി നടന്നതെന്നും നിഗോഷ് കുമാര്‍ പറയുന്നു.
CONTENT HIGH LIGHTS; Bharatnatyam of record robbery: With whose connivance did Divyaunni leave the country?; An assassination attempt was made against Umatomas; Will the police go to America to take a statement?