ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് അനില്‍ അംബാനിയുടെ റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അരക്കോടിക്കു മുകളില്‍ നിക്ഷേപം നത്തിയത്. അന്ന് ധനകാര്യ ശാസ്ത്രജ്ഞന്‍ കൂടിയായ തോമസ് ഐസക്കായിരുന്നു ധനമന്ത്രി. അദ്ദേഹത്തിന്റെ ബുദ്ധിയില്‍ വിരിഞ്ഞതും, മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും ലഭിച്ചതു കൊണ്ടാണ് നിക്ഷേപം നടത്തിയതെന്ന് ഉറപ്പാണ്. മാത്രമല്ല, അനില്‍ അംബാനിയുടെ ബാങ്കില്‍ പണം നിക്ഷേപിച്ചെന്ന് പഴയ ധനമന്ത്രി സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനോട് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അതിനൊന്നും കെ.എന്‍. ബാലഗോപാലെന്ന ധനകാര്യ ശാസ്ത്രജ്ഞന്‍ അല്ലസാത്ത മന്ത്രി മറുപടി പറഞ്ഞിട്ടില്ല. ചോദ്യങ്ങളില്‍ നിന്നെല്ലാം ബോധപൂര്‍വ്വമുള്ള ഒളിച്ചോട്ടമാണ് നടത്തിയതെന്നു വ്യക്തം. തോമസ് ഐസക്കിന്റെ ധനമന്ത്രിക്കാലത്താണ് കിഫ്ബിയും, ലണ്ടന്‍ സ്റ്റോക്ക് എംക്‌സ്‌ചേഞ്ചില്‍ കേരളത്തെ വില്‍പ്പനയ്ക്കു വെച്ചതുമൊക്കെ ഉണ്ടായത്. ഇതെല്ലാം കേരളത്തിന്റെ ഭാവി ഭാസുരമാക്കാനാണെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇന്നു ചെയ്യുന്ന ഇന്‍വെസ്റ്റ്‌മെന്റ് നാളത്തെ കേരളത്തിന്റെ ഭാവിയാണെന്ന വാഗ്ദാനവും തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞിരുന്നു.
അതേ തോമസ് ഐസക്ക് ഇപ്പോള്‍ പറയുന്നത്, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തോമസ് ഐസക് പറയുന്നത്. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് റിലയന്‍സില്‍ പണം നിക്ഷേപിച്ചത്. ചട്ടങ്ങളെല്ലാം പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറയുന്നു. അനില്‍ അംബാനിയുടെ റിലയന്‍സില്‍ നിക്ഷേപിച്ച കേരളത്തിന്റെ 108 നഷ്ടമായെന്നതാണ് യഥാര്‍ത്ഥ്യം. ഇങ്ങനെ പണം പോയതിന് പിന്നില്‍ അഴിമതിയില്ലെന്നും അതൊരു ബിസിന്‍സ് ആയിരുന്നു എന്നുമാണ് തോമസ് ഐസക് പറയുന്നത്. ‘ആക്ഷേപങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ഏത് ധനകാര്യ സ്ഥാപനവും മിച്ചം വരുന്ന തുക നിക്ഷേപിക്കും. അതിനുള്ള നയം ഓരോ ധനകാര്യ സ്ഥാപനത്തിനുണ്ടാകും. കെ.എഫ്.സിക്കുമുണ്ട്. അതനുസരിച്ച് റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ഷെഡ്യൂള്‍ ബാങ്കുകളിലോ എന്‍.ബി.എഫ്.സികളിലോ മാത്രമേ നിക്ഷേപിക്കാന്‍ പാടൂള്ളൂ.
അവയ്ക്ക് ഡബിള്‍ എ റേറ്റിങ് വേണം. മൂന്നാമതായി, ഈ സ്ഥാപനങ്ങളില്‍ നിന്ന് പലിശ സംബന്ധിച്ച ക്വട്ടേഷന്‍ വിളിച്ച് വേണം നിക്ഷേപം നടത്താന്‍. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ക്രെഡിറ്റ് ഏജന്‍സികള്‍ ഡബിള്‍ എ പ്ലസ് റേറ്റിങ്ങാണ് റിലയന്‍സിന്(ആര്‍.സി.എഫ്.എല്‍) നല്‍കിയത്. നിക്ഷേപം നടത്തുന്ന വര്‍ഷം 250 കോടി രൂപയാണ് ഈ കമ്പനിയുടെ ലാഭം. സതീശന്‍ കുറച്ചുകൂടെ പഠിക്കുന്നത് നല്ലതാണ്. ടെന്‍ഡര്‍ വിളിച്ചാണ് നിക്ഷേപം നടത്തുന്നത്. ഒന്നും മറച്ചുവയ്ക്കാനില്ല. റേറ്റിങ് കമ്പനികളെ കെ.എഫ്.സി. സ്വാധീനിച്ച് റേറ്റിങ് ഉയര്‍ത്തിവെച്ചുവെന്ന് പറയുകയാണെങ്കില്‍ അത് അഴിമതിയാണ്. രണ്ട്, ക്വോട്ട് ചെയ്തപ്പോള്‍ മറ്റ് ക്വട്ടേഷനുകളില്‍ പങ്കെടുത്തുള്ള കമ്പനികള്‍ അവര്‍ താഴ്ത്തിവെച്ചു എങ്കില്‍ അതും അഴിമതിയാണ്. ഇപ്പോള്‍ ഈ 60 കോടി രൂപ പോയിട്ടൊന്നുമില്ല. ഇപ്പോള്‍ 52 ശതമാനം തരാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അത് പോരാ. നമുക്ക് പൂര്‍ണമായും പണം ലഭിക്കണമെന്ന നിലപാടില്‍ ആലോചന നടക്കുന്നുണ്ടെന്നും തോമസ് ഐസക് പറയുന്നു.
അതായത്, നിക്ഷേപിച്ച പണം ഇതുവരെ തിരികെ കിട്ടിയിട്ടില്ലെന്ന് സമ്മതിക്കുകയാണ് ധനകാര്യ ശാസ്ത്രജ്ഞനായ തോമസ് ഐസക്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, ബിസിനസ്സില്‍ അങ്ങിനെയൊക്കെ ഉണ്ടാകുമെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി. അതായത് ഖജനാവിലെ പണമെടുത്തി ബിസിനസ്സില്‍ ഇട്ട് നഷ്ടമുണ്ടാക്കിയാലും ചോദിക്കരുതെന്നാണ് ഐസക് പറയുന്നത്. ‘എന്തിനാണ് 60 കോടി രൂപ നിക്ഷേപം നടത്തിയത്. 250 കോടി രൂപയുടെ ബോണ്ട് ഇറക്കുന്നതിന് യോഗ്യത നേടാന്‍ വേണ്ടിയാണ്. ഇത് ബിസിനസ്സിന്റെ ഭാഗമാണ്. ഇതുവഴി നിക്ഷേപം കൂടുമ്പോള്‍ എ റേറ്റിങുള്ള കമ്പനി ഡബിള്‍ എ റേറ്റിങായി. നമ്മള്‍ ബോണ്ടിറക്കി പണം മേടിച്ച് അത് ആളുകള്‍ക്ക് വിതരണം ചെയ്തു. അതിന്റെ ഫലമായി 2000 കോടിയുണ്ടായിരുന്ന വായ്പ 4000 കോടിയായി. അതില്‍നിന്നുള്ള വരുമാനവുമില്ലേ’ എന്നാണ് തോമസ് ഐസക്ക് ചോദിക്കുന്നത്.
ധനകാര്യ സ്ഥാപനങ്ങള്‍ക്ക് RBl യുടെ ഷെഡ്യൂള്‍ഡ് സ്ഥാപങ്ങളില്‍ നിക്ഷേപിക്കാം. മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നിക്ഷേപം.ഡബിള്‍ റേറ്റിംഗ് ഉള്ള റിലയന്‍സിലാണ് അന്ന് നിക്ഷേപം നടത്തിയത്. അങ്ങനെയുള്ള കമ്പനിയില്‍ നിക്ഷേപം നടത്തുന്നത് എങ്ങനെ അഴിമതിയാകുമെന്നും തോമസ് ഐസക് ചോദിക്കുന്നുണ്ട്. ടെണ്ടര്‍ വിളിച്ചാണ് നിക്ഷേപം നടത്തിയത്. എന്താണ് മറച്ചു വയ്ക്കാനുള്ളത്. റേറ്റിംഗ് കമ്പനികളെ KFC സ്വാധീനിച്ചോ ?. പരിശോധിക്കട്ടെ. ബിസിനസില്‍ ചില വീഴ്ചകളും സംഭവിക്കും. 250 കോടിയുടെ ബോണ്ട് ഇറക്കുന്നതിന് യോഗ്യത നേടാനാണ് നിക്ഷേപം നടത്തിയതെന്നും തോമസ് ഐസക് വിശദീകരിച്ചു. ഇന്‍വസ്റ്റ്‌മെന്റ് കമ്മിറ്റി തീരുമാനിക്കാതെ നിക്ഷേപം നടത്താന്‍ പറ്റില്ല. KFC യുഡിഎഫ് സമയത്ത് അടച്ചു പൂട്ടാന്‍ പറഞ്ഞതാണ്. അവിടെ നിന്നാണ് ലാഭത്തില്‍ എത്തിച്ചതെന്നും അദ്ദേഹം പറയുന്നു.
ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ കെ.എഫ്.സി. 60 കോടി രൂപ നിക്ഷേപിച്ചു എന്നായിരുന്നു വി.ഡി. സതീശന്റെ ആരോപണം. ഭരണനേതൃത്വത്തിന്റെ അറിവോടെ ചില ഉദ്യോഗസ്ഥരാണ് ഇതിന്റെ പിന്നില്‍. 2019-ല്‍ അനില്‍ അംബാനിയുടെ കമ്പനി പൂട്ടി. തുടര്‍ന്ന്, പാപ്പരത്ത നടപടികളുടെ ഭാഗമായി ഏഴ് കോടി ഒമ്പത് ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. പലിശയടക്കം 101 കോടി ലഭിക്കേണ്ടിടത്താണ് ഇത്രയും ചെറിയ തുക മാത്ര ലഭിച്ചിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചിരുന്നു. അതേസമയം, അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്ലില്‍ (Reliance commercial Finance Ltd) കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (Kerala Financial Corporation – KFC) കോടികള്‍ നക്ഷേപിച്ച് 100 കോടിയുടെ നഷ്ടം വരുത്തിവെച്ചുവെന്ന് യുഡിഎഫ് എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, ടി.ജെ. വിനോദ്, എം. വിന്‍സെന്റ്, കെ. ബാബു, കെ.കെ. രമ, ഐ.സി. ബാലകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് കെ.എന്‍. ബാലഗോപാല്‍ മറുപടി നല്‍കാത്തത്.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ?. ഈ സ്ഥാപനം അനില്‍ അംബാനിയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ടോ?. ഇതിലൂടെ എത്ര തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ?. എത്ര തുക തിരികെ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ ?. എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍ ഇതിന് മറുപടി നല്‍കാതെ ഒളിച്ചുകളിക്കുകയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 2024 ജൂലൈ ഒന്നിനാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ആറുമാസമായിട്ടും മറുപടി നല്‍കാതെ ഒളിച്ചുകളിക്കുകയാണ് സര്‍ക്കാര്‍.
CONTENT HIGH LIGHTS; Thomas Isaac says that the business is broken: K.N. ran away without reply. Balagopal; Pinarayi Vijayan government has no time to take the burden of sin