വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പുതിന. ആന്‍റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയില ദഹന പ്രശ്നമുള്ളവര്‍ക്ക് മികച്ചതാണ്. കൂടാതെ ഇവ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനം വർധിപ്പിക്കാന്‍ സഹായിക്കും. ഇതുവഴി ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. പുതിനയില കലോറി കുറഞ്ഞതുമാണ്. രണ്ട് ടേബിൾസ്പൂൺ പുതിനയിലയില്‍ നിന്നും വെറും രണ്ട് കലോറി മാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിനയിലയിട്ട പാനീയങ്ങള്‍, പുതിനയില ചട്നി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശരീരത്തിന്‍റെ മെറ്റബോളിസം മെച്ചപ്പെടുത്താനും പുതിനയില സഹായിക്കും. പുതിന ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ശരീരം പോഷകങ്ങൾ കാര്യക്ഷമമായി സ്വാംശീകരിക്കുമ്പോൾ, നമ്മുടെ മെറ്റബോളിസത്തിന് സ്വാഭാവിക ഉത്തേജനം ലഭിക്കുന്നു. വിറ്റാമിന്‍ എ, സി, മറ്റ് പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ പുതിനയിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ ആന്‍റി -ഇൻഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. പുതിന വെള്ളം പതിവായി കുടിക്കുന്നത് മലബന്ധം തടയാനും സഹായിക്കും.
ബിരിയാണിയിലും കറികള്‍ക്ക് മുകളില്‍ വിതറാനും തുടങ്ങി ചമ്മന്തിയരക്കാനും ജ്യൂസടിക്കാനും വരെ പുതിന ഉപയോഗിക്കുന്നു.
പുതിനയും നമുക്ക് വീട്ടിൽത്തന്നെ വളർത്തി നോക്കിയാലോ ?
മണ്ണും വളവുമൊന്നുമില്ലാതെയാണ് നമ്മള്‍ പുതിന വളര്‍ത്താന്‍ പോകുന്നത്. ഇവിടെ വെള്ളമാണ് മാധ്യമം. വീട്ടില്‍ ഉപയോഗശൂന്യമായ ഗ്ലാസ്, പ്ലാസ്റ്റിക് പാത്രങ്ങള്‍ തുടങ്ങി വെള്ളം നിറയ്ക്കാന്‍ പറ്റിയ എന്തും പുതിന വളര്‍ത്താന്‍ ഉപയോഗിക്കാം. വെള്ളം ചോര്‍ന്നു പോകാതിരിക്കാനും പുതിനയുടെ തണ്ട് മുങ്ങാന്‍ വലിപ്പമുള്ള പാത്രമായിരിക്കണം എന്നുമാത്രം.
ഇനി നടാനുള്ള പുതിന തയാറാക്കുന്നതെങ്ങനെ എന്ന് നോക്കാം.
കടയില്‍ നിന്ന് വാങ്ങുന്ന പുതിന തന്നെ വളര്‍ത്താനായി ഉപയോഗിക്കാം. ഇതില്‍ നിന്നും നല്ല കട്ടിയുള്ള മൂത്ത തണ്ടുകള്‍ വളര്‍ത്താനായി തെരഞ്ഞെടുക്കണം. വെള്ളത്തില്‍ മുങ്ങി കിടക്കാനുള്ള തണ്ടിന്റെ ഭാഗത്ത് നിന്ന് ഇലകള്‍ അടര്‍ത്തി മാറ്റണം. ഇലകള്‍ കിടന്ന് ചീഞ്ഞു വെള്ളം കേടാകാതിരിക്കാനാണിത്. വളര്‍ത്താന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളം നിറയ്ക്കണം. പിന്നീട് ഇലകള്‍ കളഞ്ഞ ഭാഗം പാത്രത്തിന്റെ താഴെ തട്ടാത്ത വിധത്തില്‍ വെള്ളത്തില്‍ ഇറക്കി വയ്ക്കുക. തണ്ടിന്റെ അടിഭാഗം പാത്രത്തിന്റെ താഴ്ഭാഗത്ത് തട്ടിയാല്‍ ആ ഭാഗം അഴുകാന്‍ സാധ്യതയുണ്ട്.
വെള്ളം തന്നെ വളം
ഓരോ പാത്രത്തിലും നാലോ അഞ്ചോ തണ്ടുകള്‍ ഇറക്കിവയ്ക്കാം. പാത്രത്തിന്റെ വലിപ്പം അനുസരിച്ച് തണ്ടുകളുടെ എണ്ണം കൂട്ടാം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് വയ്ക്കേണ്ടത്. രണ്ടോ മൂന്നോ ദിവസം കൊണ്ടു വേരുവരും. ഇടയ്ക്ക് തണ്ടുകള്‍ മുറിച്ചു കൊടുത്താല്‍ ശിഖരങ്ങള്‍ വന്ന് കൂടുതല്‍ ഇലകളുണ്ടാകും. ഒരു മാസത്തിനകം തന്നെ ഇലകള്‍ പറിച്ചു തുടങ്ങാം. ഇടയ്ക്ക് വെള്ളം മാറ്റിക്കൊടുക്കാൻ മറക്കരുത്.
കൃഷി തുടരാം
ഈ രീതിയില്‍ വളര്‍ത്തിയെടുക്കുന്ന പുതിനച്ചെടികള്‍ക്ക് മണ്ണില്‍ വളരുന്ന ചെടികളുടെയത്ര കരുത്തുണ്ടാകില്ല. ഇലകള്‍ ചെറുതുമാകും. നമ്മള്‍ ഒരു തവണ ഇലകള്‍ പറിച്ചു കളഞ്ഞാല്‍ വേരുവന്ന തണ്ടുകള്‍ ബാക്കിയാകും. ഇവ വീണ്ടും വളര്‍ത്താന്‍ ഉപയോഗിക്കാം. ഇങ്ങനെ വളര്‍ത്താനുള്ള തണ്ടുകളില്‍ കുറച്ച് ഇലകള്‍ ബാക്കി നിര്‍ത്തണം.
ഇനി കുറച്ചു സ്ഥലമൊക്കെ ഉള്ളവരാണെങ്കിൽ ഈ തണ്ടുകള്‍ മണ്ണില്‍ നടാനും ഉപയോഗിക്കാം. അധികമുള്ള വേരുകള്‍ മുറിച്ചുമാറ്റി തണ്ടുകള്‍ ഒന്നു കഴുകിയെടുത്തു വേണം രണ്ടാമത് വളര്‍ത്താന്‍. പാത്രങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി വെള്ളം നിറച്ച് ഇലകള്‍ പറിച്ചെടുത്ത തണ്ടുകള്‍ വീണ്ടും നടാം. നമ്മുടെ വീടിന്റെ ബാല്‍ക്കണിയോ അടുക്കളയില്‍ ജനലരികിലോ പുതിന നട്ട പാത്രങ്ങള്‍ സൂക്ഷിക്കാം. വീടിനകത്ത് പച്ചപ്പും നല്ല പുതിന ഇലകളും സ്വന്തമാക്കാം.
content highlight: mint farming