വധശിക്ഷ നടപ്പാക്കി, മൃതദേഹം കൈകളിലേക്ക് കിട്ടയതിനു ശേഷം ദുഖാചരണവും, വേദനയും, അനുശോചനവും നടത്താന്‍ കാത്തിരിക്കുകയല്ല വേണ്ടത്. ഇപ്പള്‍ മുന്നിലുള്ള വളരെ കുറച്ചു സമയത്തില്‍ എന്തു ചെയ്യാനാകുമെന്നതാണ് അതിപ്രധാനം. യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കാര്യം തന്നെയാണ് പറയുന്നത്. 2023ല്‍ യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു. അവസാനമായി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കുകയും ചെയ്തിരിക്കുകയാണ്.
ഇനി തൂക്കുമരമോ, തോക്കിന്‍ കുഴലിലോ വാള്‍ത്തലപ്പിലോ തീരാനുള്ള സമയം മാത്രമേയുള്ളൂ. അവസാന ശ്രമമെന്ന നിലയിലെങ്കിലും നിമിഷപ്രിയയെ തിരികെ രാജ്യത്ത് എത്തിക്കാന്‍ കഴിയുമോ ഭരണകൂടങ്ങളേ?. നിമിഷ പ്രയിയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വഴിയിലൂടെ യമനിലെ അധികാരികളുമായി ബന്ധപ്പെട്ട് മരണപ്പെട്ട ആളുടെ കുടുംബത്തിനാവശ്യമായ ദിയാധനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്താണ് മുന്‍കൈ എടുക്കാത്തത്. സൗദി അറേബ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിഞ്ഞ അബഹ്ദുള്‍ റഹീമിന് വിടുതല്‍ ലഭിക്കാന്‍ ആവശ്യമായ ദിയാധനം കണ്ടെത്തിയ നാടാണ് കേരളം. അതും 35 കോടി രൂപയാണ്.
ഒരു മനുഷ്യന്റെ ജീവന്റെ വിലയായിരുന്നു അത്. വ്യവസായി ബോചെയുടെ നേതൃത്വത്തിലായിരുന്നു അബ്ദുള്‍ റഹീമിനു വേണ്ടിയുള്ള ധന സമാഹരണം ആരംഭിച്ചത്. പിന്നാലെ മലയാളികള്‍ ഓരോരുത്തരായി അതില്‍ കൈമെയ് മറന്ന് പങ്കെടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ കോടികള്‍ മറിഞ്ഞു. 35 കോടിയല്ല, അതിലും കൂടുതല്‍ തുക വേണമെങ്കിലും മലാളികള്‍ നല്‍കാന്‍ തയ്യാറായി. ആ കേരളമാണ് നിമിഷ പ്രിയയുടെ കാര്യത്തില്‍ അമാന്തിച്ചു നില്‍ക്കുന്നത്. നോക്കൂ, നിമിഷ പ്രയിയും മലയാളി കുട്ടിയാണ്. മനുഷ്യ ജീവനാണ്. അവര്‍ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അനുഭവിക്കുക തന്നെവേണം. ഒരു ജീവന്‍ എടുക്കുമ്പോള്‍ പകരം നല്‍കേണ്ടത് മറ്റൊരു ജീവനാണെന്ന നീതിയാണ് നടപ്പാക്കപ്പെടാന്‍ പോകുന്നത്.
പക്ഷെ, ആ കൊലപാതകത്തിനു പിന്നില്‍ ഉണ്ടായ പീഡനങ്ങള്‍ അനുഭവിച്ച വ്യക്തിയാണ് നിമിഷപ്രിയയെന്ന് അവരുടെ ജീവിതം തന്നെ വ്യക്തമാക്കുന്നുണ്ട്. തലാല്‍ അബ്ദുമഹ്ദിയെന്ന യെമന്‍ സ്വദേശി കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടാണ് നിമിഷപ്രിയ സനായിലെ ജയിലില്‍ കഴിയുന്നത്. ജോലി തേടി, പുതിയ ജീവിതം തേടി നാടുവിട്ട മലയാളി യുവതി, അവിടെ അവള്‍ക്ക് വിധിക്കപ്പെട്ടത് വധശിക്ഷ. നിമിഷപ്രിയയെന്ന പേര് രാജ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരിക്കുന്നു. എന്നിട്ടും, അവരെ രക്ഷിക്കാന്‍ കഴിയുമോ എന്നതാണ് അറിയയേണ്ടത്.
-
മോചനത്തിന് സാധ്യതയുണ്ടോ?, ആരാണ് നിമിഷപ്രിയ?
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്‌ക്കെതിരേയുള്ള കേസ്. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്.
ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി. ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമൊക്കെ മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി.
മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. പാസ്പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണമെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.
-
എന്താണ് നിമിഷപ്രിയയുടെ വധശിക്ഷയിലേക്ക് വഴിതുറന്ന കേസ്?, മരുന്ന് കുത്തിവെച്ച് കൊലപാതകം
യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളില്‍ തുടങ്ങിയ തര്‍ക്കങ്ങളും മര്‍ദ്ദനവും അകല്‍ച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു. ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു.
പാസ്പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാര്‍ഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസില്‍ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധംപോയ നേരം പാസ്പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍ വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്. മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. അറബിയില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു.
കോടതിയില്‍ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടു. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ല. മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവെച്ചത് തുടങ്ങിയ നിമിഷയുടെ വാദങ്ങളൊന്നും എവിടേയും പരിഗണിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും യെമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന യെമന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും അത് പരിഗണിച്ചില്ല. തുടര്‍ന്ന് നിമിഷപ്രിയ യെമനിലെ സുപ്രീം കോടതിയെ സമീപിച്ചു.
-
വധശിക്ഷ ഒഴിവാക്കാന്‍ ദിയാധനം
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബാംഗങ്ങള്‍ക്ക് പണം നല്‍കി നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുക്കാനാവും. ബ്ലഡ് മണി (ദിയാധനം) എന്നാണ് ഈ തുക അറിയപ്പെടുന്നത്. പണം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വധശിക്ഷ മാറി മോചനത്തിന് വഴിതെളിയും. നിമിഷപ്രിയയുടെ മോചനത്തിനുള്ള ഏക പോംവഴി ‘ബ്ലഡ് മണി’യാണെന്ന് അഭിഭാഷകരും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, 2016 മുതല്‍ യെമനില്‍ പോകാന്‍ ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്. യെമനിലേക്ക് ഇന്ത്യയില്‍ നിന്ന് പണമയക്കാനും സാധിക്കില്ല. അതുകൊണ്ടുതന്നെ പണം സ്വീകരിക്കാന്‍ യെമന്‍ പൗരന്റെ കുടുംബം അറിയിച്ചാലും അത് കൈമാറാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
യെമനില്‍ ഇപ്പോള്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. പ്രശ്നത്തില്‍ ഇറാന്‍ ഇടപെടാമെന്ന് അറിയിച്ചിരിക്കുന്നത് നിമിഷപ്രിയയുടെ മോചനത്തില്‍ നിര്‍ണായകമാകുമെന്ന് നിമിഷ പ്രിയയുടെ വക്കീല്‍ സുഭാഷ് ചന്ദ്രന്‍ പറയുന്നു. തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കി മോചനം സാധ്യമാക്കുക എന്നതാണ് ഏക പോംവഴി. എത്ര പണം വേണമെന്ന് തലാലിന്റെ കുടുംബമാകും നിശ്ചയിക്കുകയെന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നു. നിമിഷപ്രിയയുടെ മോചനവഴികള്‍ തേടി മാസങ്ങളായി യെമനില്‍ കഴിയുന്ന അമ്മ പ്രേമകുമാരി എന്തു ചെയ്യണമെന്ന് അറിയാതെ കണ്ണീരോടെ കാത്തിരിക്കുകയാണ്. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി 2024 ഏപ്രില്‍ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ 2 തവണ മകളെ ജയിലില്‍ച്ചെന്നു കാണാന്‍ സാധിച്ചിരുന്നു.
-
ദിയാധനത്തിലെ അവ്യക്തത
ദിയാധനം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. 40,000 യുഎസ് ഡോളറാണ് (ഏകദേശം 34 ലക്ഷം രൂപ) ചര്‍ച്ചകള്‍ക്കു മുന്‍പായി യെമനിലെ ഗോത്ര നേതാക്കള്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഇതിന്റെ ആദ്യ ഗഡുവായ 20,000 ഡോളര്‍ കുറച്ചു നാളുകള്‍ക്കു മുന്‍പ് തന്നെ നല്‍കിയിരുന്നു. എന്നാല്‍ അനുകൂലമായ പ്രതികരണം ഉണ്ടാകാതിരുന്നതു കൊണ്ട് രണ്ടാം ഗഡു കൊടുക്കുന്നതു വൈകി. ഡിസംബര്‍ അവസാന വാരമാണ് രണ്ടാം ഗഡുവായ 20,000 ഡോളര്‍ കൂടി മധ്യസ്ഥ ചര്‍ച്ച നടത്തിയവര്‍ക്ക് സൗദി ആസ്ഥാനമായ ഇന്ത്യന്‍ നയതന്ത്ര മിഷന്‍ വഴി നല്‍കിയത്.
എന്നാല്‍ ഇതു കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് ശരിവച്ചുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നതെന്ന് സുഭാഷ് ചന്ദ്രന്‍ പറയുന്നു. ദിയാധനമായി നല്‍കിയ 40,000 ഡോളറില്‍ നിന്ന് ഒരു ഭാഗം പോലും തലാലിന്റെ കുടുംബത്തിന് ലഭിച്ചതായി അറിവില്ലെന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നു. ഇന്ത്യന്‍ അധികൃതരും ഹൂതികളും തമ്മില്‍ ഉഭയകക്ഷി ബന്ധം ഇല്ലാത്തതാണ് വിഷയത്തിലെ പ്രതിസന്ധിയെന്നും സുഭാഷ് വ്യക്തമാക്കുന്നു. ഇത്രയും കാര്യങ്ങള്‍ നിമിഷ പ്രിയയുടെ കാര്യത്തില്‍ നടന്നിട്ടുണ്ട് എങ്കില്‍ മുന്നോട്ടുള്ള ദിവസങ്ങലും മണിക്കൂറുകളും ഏറെ പ്രതീക്ഷയോടെ കാണേണ്ടതാണ്.
സാധ്യമായ എല്ലാ വഴികളും തുറന്നിട്ട് നിമിഷ പ്രിയയ്ക്കു വേണ്ടി ശ്രമം തുടരണം. ഒരു കാര്യം വ്യക്തമാണ്. സ്വന്തം ജീവനും ജീവിതത്തിനും വേണ്ടിയാണ് നിമിഷ പ്രിയ ആ കൊലപാതകം ചെയ്തത്. കൊലപാതകത്തെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. പക്ഷെ, അത് ചെയ്തില്ലായിരുന്നുവെങ്കില്‍ നിമിഷ പ്രിയ എന്നേ മണ്ണിനടിയിലായേനേ. അതും യെമനില്‍ വെച്ചു തന്നെ. അത്രയേറെ പീഡനങ്ങള്‍ അവര്‍ അനുഭവിച്ചിരുന്നുവെന്ന് വ്യക്തമാണ്. പക്ഷെ, ഒരു കൊലപാതകം നടന്നു കഴിഞ്ഞാല്‍, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നീതിന്യായത്തിന്റെ കടുത്ത ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്. അതാണ് യെമനിലെ കോടതി നല്‍കിയിരിക്കുന്നതും. പക്ഷെ, മനുഷ്യത്വം മരിവിക്കാത്ത മനുഷ്യരുള്ളിടത്തെല്ലാം കരുണയുടെ നേര്‍ത്ത വെട്ടമെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്.
ജീവിതത്തിന്റെയും മരണത്തിന്റെയും വെളിച്ചമില്ലാത്ത ഇടവഴിയിലൂടെ സഞ്ചരിക്കുന്ന ആ പെണ്‍കുട്ടിക്ക് വീണ്ടും തിരിച്ചു നടക്കാനൊരു അവസരം യെമനിലെ നീതി പീഢവും കൊലചെയ്യപ്പെട്ട ആളിന്റെ കുടുംബവും നല്‍കിയേക്കുമെന്ന് വെറുതേ ആഗ്രഹിക്കുന്നുണ്ട് ഓരോ മലയാളികളും.
CONTENT HIGH LIGHTS; Nimisha priya’s dead body should be delivered alive, can it be delivered?; Only a few days ahead; Be prepared to save that life through diadhana or interventions