ഇന്നലെ സര്‍ക്കാരിന് ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. പഴയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പോയതിനു പകരമായി പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അധികാരം ഏറ്റെടുത്ത ദിവസം. ഗവര്‍ണര്‍ ഏറെ തലവേദന സൃഷ്ടിക്കുന്ന ഒരു പദവിയായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന ഭരണം നല്ലരീതിയില്‍ കൊണ്ടു പോകാന്‍ അനുയോജ്യനായ ഗവര്‍ണര്‍ ആയിരിക്കും വരുന്നതെന്ന് വിശ്വസിക്കാനാണ് സര്‍ക്കാരിന് ഇഷ്ടം. എന്നാല്‍, അങ്ങനെയല്ല എന്ന് ആര്‍ലേക്കര്‍ ഇന്നലെത്തന്നെ പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നത്.
‘കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും’ എന്നൊരു പഴഞ്ചൊല്ലു പോലെയായിരിക്കുകയാണ് കാര്യങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ ആദ്യദിവസം തന്നെ പുതിയ ഗവര്‍ണര്‍ തിരുത്തി. ഗവര്‍ണറുടെ സുരക്ഷാ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയ തീരുമാനമാണ് പിന്‍വലിപ്പിച്ചത്. ഇതിനുവേണ്ടി സംസ്ഥാനത്തിന്റെ പോലീസ് മേധാവിയുടെ ചുമതലയുള്ള മനോജ് എബ്രഹാമിനെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കിയതാണ് പുതിയ ഗവര്‍ണറെ ചൊടിപ്പിച്ചത്.
പഴ സുരക്ഷ ഉദ്യോഗസ്ഥരെ മാറ്റി പകരം സര്‍ക്കാരും ആഭ്യന്തര വകുപ്പും കണ്ടെത്തിയവരെ രാജ്ഭവനിലേക്ക് നിയോഗിച്ചു. ഇതാണ് നടപ്പിലാകാതെ പോയത്. സുരക്ഷാ സംഘത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഗവര്‍ണറെ പരാതി അറിയിച്ചതോടെയാണ് ആര്‍ലേക്കറുടെ ഇടപെടല്‍. ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തപ്പോള്‍ ആദ്യം ലഭിച്ച പരാതിയും ഇതു തന്നെയാണ്. രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവര്‍ണര്‍ ഈ നടപടിക്കു പിന്നിലെ സര്‍ക്കാര്‍ ഇടപെടലില്‍ ആശങ്കാലുവായി. തുടര്‍ന്നാണ് മനോജ് ഏബ്രഹാമിനെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഗവര്‍ണറുടെ സുരക്ഷയില്‍ നിന്നു മാറ്റിയവരെ വീണ്ടും അതേ പോസ്റ്റില്‍ നിയമിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഇതോടെ സര്‍ക്കാര്‍ നടത്തിയ മാറ്റം, സര്‍ക്കാര്‍ തന്നെ തിരുത്തി. പഴയ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. ഗവര്‍ണറുടെ ആദ്യ ദിവസം തന്നെ സര്‍ക്കാരിനു മുട്ടുമടക്കേണ്ടി വന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇനി വരാനിരിക്കുന്നത്, നിയമസഭാ സമ്മേളനമാണ്. ഈ മാസം 17ന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒന്നാം തീയയി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന്റെ തീയതിയും ബജറ്റ് പ്രഖ്യാപന തീയതിയും തീരുമാനിച്ചിരുന്നു. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതു തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിച്ച് അംഗീകരിക്കണം.
അതില്‍ തിരുത്തുകള്‍ വരുത്തണമെഹ്കില്‍ ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറിയെ നേരിട്ടു വിളിച്ച് അറിയിക്കാം. മുഖ്യമന്ത്രിയുമായി ചര്‍ച്ചയും നടത്താം. ആരിഫ് മുഹമ്മദ് ഖാനുമായി നേരിട്ടും, അല്ലാതെയും വാക്കേറ്റവും, പോരും നടന്നതു പോലും നയപ്രഖ്യാപന പ്രസംഗത്തിലെ തിരുത്തലുകള്‍ കൊണ്ടായിരുന്നു. പുതിയ ഗവര്‍ണറും നയപ്രഖ്യാപന പ്രസംഗം തിരുത്തിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ആര്‍ലേക്കറുടെ മുമ്പില്‍ വന്ന ആദ്യ പരാതിയില്‍ തന്നെ നടപടി എടുത്ത് വിജയിച്ചു നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടലുകളുടെ മുഴുവന്‍ രൂപവും ഗവര്‍ണര്‍ക്കു മനസ്സിലാക്കാനായി എന്നാണ് വിലയിരുത്തല്‍.
രാജ് ഭവനും സെക്രട്ടേറിയറ്റും രണ്ടും രണ്ടായി പ്രവര്‍ത്തിക്കുകയായിരുന്നു ഇതുവരെ. അത് വീണ്ടും തുടരുക തന്നെ ചെയ്യുമോ എന്നാണ് അറിയേണ്ടത്. ആരിഫ് മുഹമ്മദ് ഖാന്‍ ബി.ജെ.പി പശ്ചാത്തലമുള്ള ഗവര്‍ണര്‍ ആയിരുന്നുവെന്നാണ് ആക്ഷേപം ഉന്നയിച്ചിരുന്നത്. എന്നാല്‍, ആര്‍ലേക്കര്‍ കടുത്ത ആര്‍.എസ്.എസ്സുകാരനാണെന്നതാണ് വസ്തുത. ഇടതു ഭരണം നടക്കുന്ന കേരളത്തില്‍ ആര്‍.എസ്.എസ്. ഗവര്‍ണര്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, ഭരണഘടനാ സ്ഥാപനമെന്ന നിലയിലുള്ള ഇടപെടലുകള്‍ക്കപ്പുറം രാഷ്ട്രീയ ഇടപെടലുകള്‍ രാജ്ഭവനില്‍ നിന്നുണ്ടാകില്ലെന്നുറപ്പാണ്.
സാമ്പത്തിക പ്രതിസന്ധി മുതല്‍, ക്ഷേമ പെന്‍ഷന്‍ കുടിശിക, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞു വെച്ചിരിക്കല്‍, വിലക്കയറ്റം, അഴിമതികള്‍, പുതുവര്‍ഷത്തില്‍ പുറത്തു വന്ന അനില്‍ അംബാനി കമ്പനിയുമായി നടത്തിയ അഴിമതി വരെ നിയമസഭയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവെയ്ക്കും. ഇതെല്ലാം ബജറ്റിന്റെ ഭാഗമായി ഉണ്ടാകുമോ എന്നാണ് സംശയം. ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തുമെന്നതിനെ ബന്ധപ്പെടുത്തിയിരിക്കും ആര്‍ലേക്കറുടെ തീരുമാനം. എന്നാല്‍, വന്നയുടന്‍ സര്‍ക്കാരുമായി ഇടയാന്‍ നില്‍ക്കുമോ എന്നതാണ് അറിയേണ്ടത്. ഇന്നലെയാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലും ചേര്‍ന്നാണ് നിയുക്ത ഗവര്‍ണറെയും ഭാര്യ അനഘ ആര്‍ലേകറെയും വേദിയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്ന് ഗവര്‍ണറെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, സംസ്ഥാന മന്ത്രിമാര്‍, എം.എല്‍.എമാരും പങ്കെടുത്തു.
- നിയമസഭാ സമ്മേളനം
15-ാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 2025 ജനുവരി 17 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ തീരുമാനിച്ചു. കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങള്‍ വകുപ്പുകളില്‍ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
CONTENT HIGH LIGHTS; The governor started ‘correction’: first in security, then in the policy announcement speech; The government pondering whether to attack, defend or surrender; Rajendra Vishwanath Arlekar should be eagerly awaited