Agriculture

ലാഭം കൊയ്യും കുരുമുളക് കൃഷി | Black pepper

ശരിയായ രീതിയിൽ കൃഷി ചെയ്താൽ പൊന്നു കൊയ്യാവുന്ന കൃഷിയാണ് കുരുമുളക് കൃഷി

ബ്ലാക്ക് പെപ്പർ അഥവാ കറുത്ത പൊന്ന് എന്ന് വിശേഷിപ്പിക്കുന്ന കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്.കേരളത്തിലെ ഒരു പ്രധാന നാണ്യവിളയാണ് കുരുമുളക്.ലോകത്തിൻറെ പലഭാഗങ്ങളിലും കുരുമുളക് കൃഷി ചെയ്തുവരുന്നുണ്ട് എങ്കിലും 50 ശതമാനത്തിൽ കൂടുതൽ കൃഷി ഇന്ത്യയിലാണ് ഉള്ളത്.ശരിയായ രീതിയിൽ കൃഷി ചെയ്താൽ പൊന്നു കൊയ്യാവുന്ന കൃഷിയാണ് കുരുമുളക് കൃഷി

 

കൃഷിരീതി
നമ്മളില്‍ പലരും വീടുകളിലെ ഓരോ മരച്ചുവട്ടിലും കുരുമുളക് കൃഷി ചെയ്യുന്നവരാണ്. എന്നാല്‍ ശാസ്ത്രീയമായി കുരുമുളകിനെ പരിശോധിച്ചാല്‍ ദീര്‍ഘമായ മഴ ലഭിക്കുന്നതും, ശരാശരി ഉയര്‍ന്ന താപനിലയുളഅളതും ഭാഗികമായി തണല്‍ ലഭിക്കുന്നതുമായ പ്രദേശത്താണ് സാധാരണയായി കുരുമുളക് നന്നായി വളരുന്നത്. കേരളത്തിലെ ഞാറ്റുവേലകള്‍ പ്രധാനമായും തിരുവാതിര ഞാറ്റുവേല കുരുമുളക്  കൃഷിക്ക് വളരെ അനുയോജ്യമാണ്.

തണ്ടുകള്‍ മുറിച്ചു നട്ടാണ് കുരുമുളകിന്റെ തൈകള്‍ സാധാരണയായി ഉത്പാദിപ്പിക്കുന്നത്. നടുന്നത് പ്രധാനമായും ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലാണ്. കുരുമുളക് വള്ളിയുടെ ചുവട്ടില്‍ നിന്നു വശങ്ങളിലേക്ക് വളര്‍ന്നു പോകുന്ന തണ്ടുകളാണ് നടുന്നതിനായി തിരഞ്ഞെടുക്കുന്നത്. ഇങ്ങനെയുള്ള തണ്ടുകള്‍  മുറിച്ച് കീഴ്ഭാഗവും, മേല്‍ഭാഗവും മുറിച്ചു നീക്കുന്നു. അതിനു ശേഷം രണ്ടോ മൂന്നോ മുട്ടുകളോടെ  ചെറിയ കഷണങ്ങളായി മുറിച്ച് മണ്ണ് നിറച്ച പോളിത്തീന്‍ കവറുകളില്‍ ഒരു മുട്ട് മണ്ണിനടിയില്‍  നില്‍ക്കത്തക്കവണ്ണം നടുന്നു. ഇങ്ങനെ നടുന്ന വള്ളികള്‍ക്ക് തണല്‍ അത്യാവശ്യമാണ്. കൂടാതെ ഇവര്‍ക്ക്  നമ്മള്‍ നല്ല രീതിയില്‍ നനച്ചു കൊടുക്കുകയും വേണം. ഇങ്ങനെ നട്ട വള്ളികള്‍ വേരു പിടിച്ചു  കഴിഞ്ഞാല്‍ കാലവര്‍ഷം തുടങ്ങുമ്പോള്‍ നടാവുന്നതാണ്.

നമ്മുടെ കുരുമുളക് ചെടിയില്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള തണ്ടുകള്‍ കണ്ടുവരുന്നുണ്ട്.

മുട്ടുകള്‍ തമ്മില്‍ നല്ല അകലമുള്ളതും അവയില്‍ നിന്നും പുറപ്പെടുന്ന പറ്റുവേരുകളില്‍ താങ്ങുകാലുകളില്‍ പറ്റിപിടിച്ചു വളരുന്നതുമായ തായ് തണ്ടുകള്‍.

ചെടിയുടെ കടഭാഗത്തു നിന്നും മണ്ണില്‍ സമാന്തരമായി വളരുന്ന അകലത്തില്‍ മുട്ടുകള്‍ ഉള്ളതും അവയില്‍ നിന്നും വേരുകള്‍ മുളക്കുകയും ചെയ്യുന്ന ചെന്തലകള്‍.

വിളവു തരുന്ന പാര്‍ശ്വശാഖകളായ കണ്ണിതലകളും ചെടിയുടെ കേറുനലികളും സസ്യ പ്രവര്‍ദ്ധനത്തിനായി ഉപയോഗിക്കാമെങ്കിലും വേരു പിടിപ്പിച്ച തൈകള്‍ ഉത്പാദിപ്പിക്കുന്നതിനായി ചെന്തലികളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

നമ്മുടെ വീടുകളില്‍ കൃഷി ചെയ്തു വരുന്ന മിക്ക കുരുമുളക് ഇനങ്ങളും ദ്വിലിംഗസസ്യങ്ങളാണ് വള്ളികളിലെ  ഒരേ തിരികളില്‍ തന്നെ ആണ്‍പുഷ്പങ്ങളും, പെണ്‍പുഷ്പങ്ങളും ഉണ്ടാകും. ഇന്ത്യയില്‍ ഏകദേശം  75-ഓളം കുരുമുളക് ഇനങ്ങള്‍ കൃഷി ചെയ്തു വരുന്നുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ഏറ്റവും  പ്രചാരത്തിലുള്ള നാടന്‍ ഇനം കരിമുണ്ടയാണ്. അതുപോലെ തന്നെ നമ്മള്‍ കേരളത്തില്‍  അത്യുത്പാദനശേഷിയുള്ള നിരവധി കുരുമുളക്ഇനങ്ങള്‍വികസിപ്പിച്ചെടുത്തിട്ടുണ്ട്. പന്നിയൂര്‍ ഗവേഷണ  കേന്ദ്രത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത പന്നിയൂര്‍ 1, പന്നിയൂര്‍ 3 എന്നീ സങ്കര ഇനങ്ങളുടെ മാതൃ, പിതൃ, സസ്യങ്ങള്‍ ഉതിരന്‍കൊട്ട, ചെറിയ കനിയക്കാടന്‍ എന്നീ നാടന്‍ ഇനങ്ങളാണ്.
വിളവെടുപ്പ്
നല്ലതുപോലെ പരിചരണം ലഭിക്കുന്ന കുരുമുളക് കൊടിയില്‍ നിന്നും നട്ട് മൂന്നാം വര്‍ഷം മുതല്‍ വിളവ് ലഭിക്കുന്നു. ശരാശരി 25 വര്‍ഷം വരെ നല്ല രീതിയില്‍ വിളവ് നല്‍കാറുണ്ട്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സാധാരണ വിളവെടുപ്പുകാലം. തിരികളോട് കൂടി പറിച്ചെടുക്കുന്ന കുരുമുളക് കുലകള്‍  കൂടിയിട്ട് ഒരു ദിവസം ചാക്ക് കൊണ്ട് മൂടിയിടുന്നു. പിന്നീട് നെല്ല് മെതിക്കുന്നത് പോലെ മെതിച്ച് മുളക് മണികള്‍ വേര്‍തിരിക്കുന്നു. ഇങ്ങിനെ വേര്‍തിരിക്കുന്ന കുരുമുളക് വൃത്തിയുള്ള സ്ഥലത്ത് നിരത്തി  വെയിലില്‍ ഉണക്കിയെടുക്കുന്നു. നല്ലതുപോലെ ഉണങ്ങിയ കുരുമുളകിന് നല്ല കറുത്ത നിറമായിരിക്കുമല്ലോ? ഇങ്ങനെയുള്ള കുരുമുളകിന്റെ പുറത്തെ കറുത്ത തൊലി നീക്കം ചെയ്താണ് വെളുത്ത കുരുമുളക് ആക്കുന്നത്.

രോഗങ്ങളും, പ്രതിരോധ മാര്‍ഗ്ഗങ്ങളും
നമ്മുടെ കുരുമുളകിന് പ്രധാനമായും വരുന്ന രോഗങ്ങളാണ് ഫൈറ്റോഫ് തോറ രോഗബാധ, ആന്ത്രക്‌നോസ് രോഗം, ഇലചീയലും ഇല പൊഴിച്ചിലും, കടവാടം, നിമാവിരകള്‍, വൈറസ് രോഗങ്ങള്‍ എന്നിവ ഇത്തരം രോഗങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ജൈവരീതിയിലുള്ള വളങ്ങളും, കീടനാശിനികളും കൊടുത്ത് അവയെ ചെറുക്കേണ്ടതാണ്.

കുരുമുളക് ചരിവുള്ള സ്ഥലങ്ങളില്‍ കൃഷിചെയ്യുമ്പോള്‍ തെക്കോട്ടു ചരിവുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുന്നത്  വേനല്‍കാലത്ത് സൂര്യതാപം ഏറ്റ് കൊടികള്‍ക്കുണ്ടാകുന്ന നാശം ഒഴിവാക്കാന്‍ സഹായിക്കും. കുരുമുളക്  ചെടികള്‍ വടക്കേ വടക്കുകിഴക്കന്‍ ചരിവുകളിലോ നടുന്നതാണ് ഏറെ അഭികാമ്യം.

കുരുമുളകിനെ ആക്രമിക്കുന്ന ഏറ്റവും പ്രധാന കീടമാണ് പൊള്ളുവണ്ട്. കൂടാതെ തണ്ടുതുരപ്പന്‍ പുഴു, മിലിമുട്ട, മണ്ണിനടിയിലെ സൂക്ഷ്മ ജീവികള്‍ എന്നിവയും കുരുമുളക് ചെടിയെ നശിപ്പിക്കാറുണ്ട്. ജൂണ്‍  മാസത്തില്‍ കുരുമുളകില്‍ തിരിയിടുമ്പോഴും സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസത്തില്‍ തിരിയില്‍  മണികള്‍ ഉണ്ടാകുമ്പോഴുമാണ് പൊള്ളുവണ്ടുകള്‍ ആക്രമിക്കുന്നത്. ഇത്തരം വണ്ടുകള്‍ കുരുമുളക് തിരികളെയും മണികളേയുമാണ് ബാധിക്കുന്നത്. ഈ വണ്ടുകള്‍ മുളക് മണികളെ ആക്രമിച്ച്മണികള്‍ പൊള്ളയായി ഉണങ്ങി കരിഞ്ഞ് നശിക്കുന്നു.

ഈപൊള്ളുവണ്ടുകള്‍ക്കെതിരെയുള്ള ജൈവകീടനാശിനിയാണ്വേപ്പെണ്ണ എമല്‍ഷന്‍. തണ്ടു തുരപ്പന്‍ പുഴുക്കള്‍ കുരുമുളകിന്റെ ഇളം തണ്ടുകള്‍ കാര്‍ന്നു തിന്നുന്നു. അതിന്റെ ഫലമായി  ചെടിയുണങ്ങി കരിഞ്ഞ് നശിക്കുന്നു. തണ്ട്, ഇല, മുളക് മണികള്‍ എന്നിവയില്‍ പറ്റിയിരുന്ന് നീര് ഊറ്റിക്കുടിച്ച് വളരുന്ന ജീവികളാണ് മിലിമുട്ടകള്‍. ഇവയെ കൂടാതെ കുരുമുളകിനെ ബാധിക്കുന്ന ചില  രോഗങ്ങളാണ് ദ്രുതവാട്ടം, അഴുകള്‍ തുടങ്ങിയവ.

മഴക്കാലത്ത് കുരുമുളകിൽ കുമിൾ വരുത്തുന്ന ഒരു രോഗമാണ്‌ ധ്രുതവാട്ടം. രോഗം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ കുരുമുളക് വള്ളികൾ നശിക്കും. ചെടിയുടെ ഇലകളിൽ നനവുള്ള പാടുകൾ ആയിട്ടാണ് രോഗം തുടങ്ങുന്നത്. തുടർന്ന് ഇത് ഇരുണ്ട തവിട്ടുനിറത്തിൽ ഇലമുഴുവൻ ബാധിക്കും. വൈകാതെ രോഗബാധയേൽക്കുന്ന ഇലകൾ നശിക്കും. പിന്നീട് ചെടി ചെടി മുഴുവനും നശിക്കും.  രോഗം പിടിപെട്ടാൽ ക്രമേണ ഇത് വേരിലേക്കും പടരും. രണ്ടാഴ്ച കൊണ്ട് ചെടി നശിയ്ക്കും.

ഔഷധഗുണങ്ങള്‍
കുരുമുളകിന്റെ കായ, വേര് എന്നിവ ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കഫം, പനി ഇവയെ ശമിപ്പിക്കാന്‍ കുരുമുളക് ഒരു ഉത്തമ ഔഷധമാണ്. അഷ്ടചൂര്‍ണ്ണത്തിലെ ഒരു ഘടകമാണ് കുരുമുളക്. ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ കുരുമുളക് ഉപയോഗിക്കുന്നത് നല്ലതാണെന്നും പറയപ്പെടുന്നു.