പറഞ്ഞതൊന്നും നടപ്പാക്കാതെയും, ഇരുട്ടടി പോലെ മറ്റു പലതും ചെയ്യുകയുമായിരുന്നു പിണറായി സര്‍ക്കാര്‍ എന്നാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ശാരീരകമായുള്ളതല്ല, മാനസികമായതാണ്. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ഇതിനുണ്ടാകില്ല. കാരണം, ജീവനക്കാരുടെ യൂണിയനുകള്‍ വഴിയല്ലാതെ, പ്രതികരിച്ചാല്‍ അത്, സര്‍ക്കാര്‍ വിരുദ്ധതയും, സംസ്ഥാന വിരുദ്ധതയുമായിപ്പോകും. സര്‍ക്കാരിന്റെ ജോലിക്കാര്‍ കൂടിയാണ് ജീവനക്കാര്‍. അപ്പോള്‍, പരാതികളോ, അപവാദങ്ങളോ, വിഷമങ്ങളോ പുറത്തു പറയാന്‍ പാടില്ല. അതുകൊണ്ട് സഹിക്കുകയാണ്.
എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ നേരത്തേതില്‍ നിന്നും കൂടുതല്‍ സജീവമായി എന്നു വേണം മനസ്സിലാക്കാന്‍. കാരണം, ഇടതുപക്ഷ സര്‍ക്കാര്‍ പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാനുളള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുകയും പകരം സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെയും അധ്യാപകരുടെയും സമര സമിതി നേതാക്കള്‍ ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തിയതു തന്നെ ഇതിനുദാഹരണമാണ്. പണിമുടക്കിന്റെ ഔദ്യോഗിക നോട്ടീസ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കൈമാറുകയും ചെയ്തു കഴിഞ്ഞു.
ഈ സമരത്തിന്റെ പ്രത്യേകത, സര്‍ക്കാരിന്റെ ഭാഗമായ സി.പി.ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ജീവനക്കാരുടെ പണിമുടക്ക് എന്നതാണ്. കേരളത്തിലെ പ്രധാന പ്രതിപക്ഷത്തിനു പോലും തോന്നാത്ത വീര്യം സി.പി.ഐയക്ക് ഉണ്ടായെങ്കില്‍, അഴര്‍കൂടെ ഭാഗമായ ഭരണത്തിന്റെ വിശ്വാസ്യത എത്രയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. പറയുന്നതൊന്നും പാലിക്കാത്ത സര്‍ക്കാരാണ് ഇതെന്ന് ഭരണപക്ഷത്തെ പ്രധാന പാര്‍ട്ടിയുടെ സര്‍വീസ് സംഘടന തന്നെയാണ് പറയുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരി 22ന് അധ്യാപകരും ജീവനക്കാരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി എല്ലാ ജില്ലകളിലും ജീവനക്കാരുടെ പ്രകടനവും, പണിമുടക്ക് പ്രഖ്യാപന കണ്‍വെന്‍ഷനും നടക്കുകയാണ്.
ഇതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറിക്ക് പണിമുടക്ക് നോട്ടീസ് കൈമാറിയത്. ആവശ്യങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത/ശമ്പള പരിഷ്‌ക്കരണ കുടിശ്ശികകള്‍ പൂര്‍ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുക എന്നിവയാണ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെ പൂര്‍ണ്ണമായി കുറ്റപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ അനുകൂല സംഘടനയ്ക്ക് സമരം ചെയ്യാന്‍ കഴിയില്ലെന്ന ബോധ്യം ഉള്ളതു കൊണ്ടുമാത്രം കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്ന ആവശ്യം കൂടി അതില്‍ ചേര്‍ത്തു വെച്ചു.
അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ ജീവനക്കാരും അധ്യാപകരും തയ്യാറാകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി ഗോപകുമാര്‍ ആവശ്യപ്പെട്ടു. സിവില്‍ സര്‍വീസ് തകര്‍ന്നാല്‍ ഇന്നലെകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അപ്രത്യക്ഷ മാകുമെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ കേരളത്തിന്റെ സിവില്‍ സര്‍വീസ് നേരിടുന്ന ഗുരുതരമായ വിഷയങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടു കൂടി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.പി ഗോപകുമാര്‍ പറയുന്നു. കേന്ദ്രത്തിനെ പഴി പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെതിരേ ആയുധമെടുക്കുന്ന തന്ത്രപരമായ രാഷ്ട്രീയ സമീപനമാണ് സി.പി.ഐ സര്‍വീസ് സംഘടന എടുത്തിരിക്കുന്നത്.
എന്നാല്‍, സമരത്തിനു മുന്നില്‍ വെച്ചിരിക്കുന്ന ആവശ്യങ്ങള്‍ സി.പി.എമ്മിന്റെ സര്‍വീസ് സംഘടനകളിലെ അണികള്‍ക്കു പോലും അംഗീകരിക്കേണ്ടി വരും. കാരണം, അത് സത്യമായതു കൊണ്ടുതന്നെ. സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്തും, അഹന്തയും, ധാര്‍ഷ്ട്യവും നിറഞ്ഞ ഇടപെടലുകളും, അനാവശ്യ വിവാദങ്ങളുമെല്ലാം അണികളും കണ്ടും കേട്ടും മടുത്തു കഴിഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ അവസാനിച്ചാല്‍ കേരളത്തില്‍ ഇടതു ഭരണത്തിന്റെ മരണമണിയാകും മുഴങ്ങുകയെന്ന് അണികള്‍ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. നോക്കൂ, സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത പോലും കുടിശികയാക്കിയിരിക്കുന്ന ഒരു സര്‍ക്കാര്‍ ഏതു വിധത്തിലാണ് ജീവനക്കാരോട് മമത കാട്ടുന്നത്.
2025 ജനുവരി 1 പ്രാബല്യത്തില്‍ കേന്ദ്രം ക്ഷാമബത്ത 3 ശതമാനം പ്രഖ്യാപിക്കും. ഇതോടെകേരളത്തില്‍ ക്ഷാമബത്ത 22 ശതമാനമായി ഉയരും. 2024ല്‍ അനുവദിച്ച 3 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് അവസാനമായി ലഭിച്ചത്. അതാകട്ടെ 2021 ജൂലൈ മാസം മുതല്‍ ലഭിക്കേണ്ടതാണ്. ഇതോടെ ജീവനക്കാര്‍ക്ക് ആകെ 12 ശതമാനം ക്ഷാമബത്തയാണ് കേരളത്തില്‍ ലഭിക്കുന്നത്. 2022 ജനുവരി, 2022 ജൂലൈ, 2023 ജനുവരി, 2023 ജൂലൈ, 2024 ജനുവരി, 2024 ജൂലൈ എന്നീ മാസങ്ങളിലെ 6 ഗഡു ക്ഷാമബത്ത ഇനിയും ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്. 2025 ജനുവരിയിലെ ക്ഷാമബത്ത കുടിയാകുമ്പോള്‍ ക്ഷാമബത്ത കുടിശിക 7 ഗഡുക്കള്‍ ആയി ഉയരും. 2025 ജനുവരി 1 പ്രാബല്യത്തില്‍ ആകെ 34 ശതമാനം ലഭിക്കേിടത്ത് സംസ്ഥാന ജീവനക്കാര്‍ക്ക് വെറും 12 ശതമാനം മാത്രമാണ് ലഭിക്കുന്നത്.
2021ല്‍ പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശികയും കെ.എന്‍. ബാലഗോപാല്‍ അനുവദിച്ചിരുന്നില്ല. ക്ഷാമബത്തയോടൊപ്പം കുടിശിക അനുവദിക്കാത്തത് സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ സംഭവവുമായി. 78 മാസത്തെ കുടിശിക ആണ് ഇങ്ങനെ നഷ്ടപ്പെട്ടത്. 23,000 അടിസ്ഥാന ശമ്പളമുള്ള ഓഫീസ് അറ്റന്‍ഡന്റിന് 1,32,940 രൂപയാണ് ഈ നടപടി മൂലം നഷ്ടപ്പെട്ടത്. പ്രതിമാസം 4370 രൂപയുടെ ശമ്പള നഷ്ടമാണ് 19 ശതമാനം ക്ഷാമബത്ത കുടിശിക മൂലം ഓഫിസ് അറ്റന്‍ഡന്റിന് ഉണ്ടാകുന്നത്. അടിസ്ഥാന ശമ്പളം ഉയരുന്നതിനനുസരിച്ച് നഷ്ടത്തിന്റെ തോത് ഉയരും. ഇതെല്ലാം ഉന്നയിച്ചാണ് സി.പി.ഐയുടെ സര്‍വീസ് സംഘടന സമരത്തിനിറങ്ങുന്നതും.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ ?. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകാന്‍ കാരണം സര്‍ക്കാര്‍ ജീവനക്കാരെ തീറ്റിപ്പോറ്റുന്നതു കൊണ്ടാണെന്ന പ്രചാരണം, കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കേട്ടതാണ്. വെള്ളപ്പൊക്കം കവര്‍ന്ന കേരളത്തെ കൈ പിടിച്ചുയര്‍ത്താന്‍ സാലറി ചലഞ്ച് പ്രഖ്യാപിച്ച ഘട്ടത്തിലായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നതിനോട് യോജിച്ചും വിയോജിച്ചും നിന്നപ്പോഴായിരുന്നു പിണറായി സര്‍ക്കാരിന്റെ ഈ കമന്റ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കൊടുക്കുന്ന ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം കേരള സര്‍ക്കാരിനെ കടക്കെണിയിലാക്കി എന്നായിരുന്നു ഭാഷ്യം. എന്നാല്‍, സത്യം അതല്ലായെന്ന് കാലം തെളിയിച്ചു. ഇടതുപക്ഷ സര്‍ക്കാരിന്റെ രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നു അത്.
കേരളത്തിലെ അധികാര വര്‍ഗ്ഗങ്ങളും, മാധ്യമങ്ങളും, രാഷ്ട്രീയക്കാരും കഴിഞ്ഞ കുറെ കാലങ്ങളായി സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 70 ശതമാനത്തിലധികവും തിന്നുതീര്‍ക്കുന്ന ബകന്‍മാരായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ ചിത്രീകരിച്ചിരുന്നു. കേരളത്തിന്റെ സര്‍വ്വനാശത്തിനും കാരണക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നു വരുത്തി തീര്‍ത്ത് മുദ്ര കുത്തി അവഹേളിക്കുന്നത് ഒരു പാഷനായി മാറ്റുകയും ചെയ്തിരുന്നു. സത്യത്തില്‍ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാനാണോ എന്നത് ഒരു ചോദ്യമായി ഉയരുമ്പോള്‍, അത് സത്യമാണെങ്കില്‍ നിയന്ത്രിക്കപ്പെടേണ്ടതാണ്.
കഴിഞ്ഞ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ അഫിഡവിറ്റില്‍ റവന്യൂ വരുമാനത്തിന്റെ 33.94 ശതമാനവും ശമ്പളത്തിനും 14 ശതമാനം മാത്രമാണ് പെന്‍ഷനുമായി ചെലവഴിക്കുന്നതെന്നു പറഞ്ഞിരുന്നു. സംസ്ഥാന ഖജനാവില്‍ നിന്നും ശമ്പളവും, പെന്‍ഷനും പറ്റുന്ന 10,27,200 പേരില്‍ 3,81,862 പേര്‍ മാത്രമാണ് PSC വഴി നിയമിതരായ സര്‍ക്കാര്‍ ജീവനക്കാര്‍. ബാക്കിയുള്ള 6,45,518 പേരും മാനേജ്‌മെന്റുകള്‍ക്കു കോഴ നല്‍കി ജോലി നേടിയവരും, താല്‍ക്കാലിക നിയമനം നേടിയവരുമാണ്. ഇതില്‍ 2,39,669 പേര്‍ മാനേജ്‌മെന്റുകള്‍ക്കു കോഴ നല്‍കി ജോലി നേടിയവരാണ്. ബാക്കി 4,05,729 പേര്‍ കരാര്‍ നിയമനമെന്നും, താല്‍ക്കാലിക നിയമനമെന്നും അറിയപ്പെടുന്ന രാഷട്രീയ പിന്‍വാതില്‍ നിയമനങ്ങളുമാണെന്ന് എത്ര പേര്‍ക്കറിയാം.
ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ 122 വകുപ്പുകളിലായി 11,145 താല്‍ക്കാലിക ജീവനക്കാരെ മാത്രമേ നിയമിച്ചിട്ടുള്ളൂ എന്നു പറയുമ്പോള്‍ തന്നെ 1.90 ലക്ഷം കരാര്‍ തൊഴിലാളികള്‍ സ്പാര്‍ക്കിലൂടെ ശമ്പളം വാങ്ങിയതായി പറയപ്പെടുന്നുണ്ട്. ഈ ചെലവുകളും PSC വഴി നിയമിതരായ സര്‍ക്കാര്‍ ജീവനക്കാരന്റെ ചുമലിലാണ് കെട്ടിവെയ്ക്കുന്നത്. മാത്മല്ല, കേരളത്തിലെ 222 ട്രഷറികളില്‍ നിന്നുള്ള കണക്കുകളുടെ വിവരമനുസരിച്ച് 5,000 രൂപ മുതല്‍ മുകളിലേക്ക് പെന്‍ഷന്‍ വാങ്ങുന്ന മന്ത്രിമാരുടെ 1162 മുന്‍ പേഴ്‌സണല്‍ സ്റ്റാഫുകളുണ്ടെന്നാണ്. പ്രതിമാസം 8,000 മുതല്‍ 50,000 രൂപ വരെ പെന്‍ഷന്‍ വാങ്ങുന്ന 229 MLA മാരുമുണ്ട്.
പ്രതിമാസം 50,000 രൂപവെച്ച് വാങ്ങുന്ന 3 പേര്‍ ഉള്‍പ്പടെ 105 MLA മാരുടെ ആശ്രിത പെന്‍ഷനും, 12 അംഗ സാമൂഹ്യ മാധ്യമ പ്രചരണ സംഘത്തിന്റെ ഒരു കോടി രൂപയുടെ ശമ്പള ആനുകൂല്യങ്ങളും ഇതേ സാലറി അക്കൗണ്ടിലാണ് വരുന്നത്. 580 കിലോമീറ്റര്‍ നീളവും, 121 കിലോമീറ്റര്‍ വീതിയും 3.34 കോടി ജനങ്ങളും മാത്രമുള്ള കേരളസംസ്ഥാനത്തില്‍ മന്ത്രിമാരേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്ന ചെയര്‍മാനും, അംഗങ്ങളും ബാധ്യതയാകാത്തതെന്താണ് എന്ന ചോദ്യം നിരോധിക്കപ്പെട്ടിരിക്കുകയാണോ ?. ത്രിതല പഞ്ചായത്തുകളിലെ 22,000 ലേറെ അംഗങ്ങള്‍ക്കു നല്‍കുന്ന ഓണറേറിയത്തിന്റെ കണക്കും,
50ലേറെ കോര്‍പ്പറേഷനുകളും 30 ലേറെ ബോര്‍ഡുകളും,
25 ലേറെ കമ്മീഷനുകളും 6 ലേറെ ട്രിബ്യൂണലിലേയും ചെയര്‍മാന്‍ / അംഗങ്ങള്‍ എന്നിവരുടേയും നിരവധി ഓംബുഡ്‌സ്മാനും, ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ശമ്പളവും + പെന്‍ഷന്നുമായി ചില ധനകാര്യ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ട CEO ,ചീഫ് പ്രൊജക്ട് ഓഫീസര്‍മാര്‍ക്കും, ശമ്പളവും ആനുകൂല്യവുമായി റവന്യു വരുമാനത്തിന്റെ എത്ര ശതമാനമാണ് നല്‍കുന്നതെന്ന കണക്കു കൂടി പുറത്തുവിടണം. അപ്പോഴറിയാം സര്‍ക്കാര്‍ ഖജനാവിലെ പണം സര്‍ക്കാര്‍ ജീവനക്കാരന്റെ പേരില്‍ പഴി പറഞ്ഞുകൊണ്ട് എങ്ങോട്ടു പോകുന്നുവെന്ന്. ഇതു കൊണ്ടും തീര്‍ന്നിട്ടില്ല. 1990 മുതല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ആഗോള സാമ്പത്തിക ശക്തികളില്‍ നിന്നും വാങ്ങിയ വായ്പക്ക് അവര്‍ നിര്‍ദ്ദേശിക്കുന്ന കോര്‍പ്പറേറ്റ് വികസന പദ്ധതികള്‍ നാടിന്റെ സ്വപ്ന പദ്ധതികളായി അവതരിപ്പിച്ച് സമ്പത്ത് ധൂര്‍ത്തടിച്ചതിനു ജീവനക്കാര്‍ രെങ്ങനെ ഉത്തരവാദികളാകും എന്ന ചോദ്യം കൂടിയുണ്ട്. ?
സാമ്പത്തിക അച്ചടക്കമില്ലായ്മയും, കെടുകാര്യസ്തതയും ഭീമമായ ശമ്പളത്തില്‍ അനാവശ്യ തസ്തികകള്‍ സൃഷ്ടിച്ച് വിത്തെടുത്തു കുത്തിയും, ധൂര്‍ത്തടിക്കുന്നതിനു ജീവനക്കാരനെ പഴിച്ചാണ് സര്‍ക്കാര്‍ ആശ്വാസം കാണുന്നത്. മഹാമാരിയിലും, പ്രകൃതിക്ഷോഭത്തിലും, സ്വന്തം ആരോഗ്യമോ, കുടുംബമോ, നോക്കാതെ സര്‍ക്കാരിനെ സേവിക്കുകയും, കൈ- മെയ്യ് മറന്ന് സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ജീവനക്കാരനു അര്‍ഹമായ ആനുകൂല്യങ്ങളും, അവകാശങ്ങളും നിഷേധിക്കുകയും, കവര്‍ന്നെടുക്കുകയും ചെയ്യുന്ന ധാര്‍ഷ്ഠ്യത്തിന്റെ കെട്ട കാലത്തും അനിയന്ത്രിതമായ വിലക്കയറ്റം മൂലം പണിയെടുത്താലും ജീവിക്കാനുള്ള വരുമാനം ലഭിക്കാതെ മുണ്ടു മുറുക്കിയുടുത്ത് സേവനം ചെയ്യുന്ന ജീവനക്കാരന്റെ മേല്‍ ഇനിയും ഇത്തരത്തിലുള്ള അപഖ്യാതികള്‍ അടിച്ചേല്‍പ്പിക്കന്നത് ശരിയല്ലെന്ന് ഓര്‍മ്മിക്കട്ടെ.
CONTENT HIGH LIGHTS; Shepherding government employees: Second Pinarayi did only injustices to government employees; They were branded as thieves and robbers; Withholding of benefits and embezzlement of salaries on account of calamities; When those who have untied the grievances are preparing to strike?