Explainers

ചോദ്യങ്ങളെ പേടിക്കുന്ന ഭരണകൂടമോ ?: ബജറ്റ് സമ്മേളനത്തില്‍ മൂന്നു ദിവസം ചോദ്യോത്തരം ഒഴിവാക്കി സ്പീക്കര്‍; ജനാധിപത്യ വിരുദ്ധ നടപടിയെന്ന് പ്രതിപക്ഷം

സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളെയും വിമര്‍ശിക്കാനും, തെറ്റു തിരുത്താനുമൊക്കെ കിട്ടുന്ന അവസരമാണ് നിയമസഭാ സമ്മേള കാലം. ചോദ്യങ്ങളും മറുപടികളും, അടിയന്തിര കാര്യങ്ങള്‍ അടിയന്തിരമായി തന്നെ ഉന്നയിക്കാനും അതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മരുപടിയുമൊക്കെ കിട്ടുന്ന ഇടം. നിയമ നിര്‍മ്മാണവും, റൂളിംഗും എല്ലാം നടക്കുന്ന ഇടം. പ്രതിപക്ഷ എം.എല്‍.എമാരുടെ ചോദ്യങ്ങളും സംശയങ്ങളും ആക്ഷേപവും ആരോപണവുമെല്ലാം നിയമസഭയെ പ്രക്ഷുബ്ദമാക്കാറുണ്ട്. മറുപടികളില്‍ തൃപിതരല്ലാത്ത പ്രതിപക്ഷം നടുത്തളത്തിലും, നിയമസഭയ്ക്കു പുറത്തും പ്രതിശേധിക്കാറുമുണ്ട്. നിയമപരമായി, ഭരണഘടനാനുസൃതം സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാനും, അതിന് ഉത്തരങ്ങള്‍ നല്‍കാനുമാണ് നിയമസഭാ സമ്മേള കാലത്ത് ചോദ്യോത്തര വേള അനുവദിക്കുന്നത്.

നിയമസഭയില്‍ നാഥനായ സ്പീക്കറുടെ വിവേചനാധികാരത്തിന്‍ കീഴിലാണ് സമ്മേളന നടപടികള്‍ നടക്കുക. എന്നാല്‍, അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധനായ സ്പീക്കര്‍ തന്നെ അതിനെതിരേ നിന്നാല്‍ എന്തു ചെയ്യും. നിയമസഭാ സമ്മേളനം 17ന് ആരംഭിക്കാനിരിക്കെ ആദ്യ മൂന്നു ദിവസത്തെ ചോദ്യോത്തര വേള പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഈ നടപടി വലിയ വിവാദത്തിലേക്ക് പോയിരിക്കുകയാണ്. പ്രതിപക്ഷം ഇതിനെതിരേ അവകാശ ലംഘന നോട്ടീസ് നല്‍കിയേക്കും. അംഗങ്ങളുടെ അവകാശമാണ് ചോദ്യം ചോദിക്കുന്നത്. അതിന് വിവിധ വകുപ്പുമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉത്തരം പറയേണ്ടതുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്തിനിപ്പുറത്തെ സംഭവങ്ങളിലും വിവാദ വിഷയങ്ങളിലുമായിരിക്കും പ്രധാന ചോദ്യങ്ങള്‍ ഉണ്ടാവുക.

പ്രധാനമായും, ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടിസുനിക്ക് പരോള്‍ അനുവദിച്ചതുമായുള്ള ചോദ്യങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. എന്തു മാനദണ്ഡത്തിലാണ് കൊടിസുനിക്ക് പരോള്‍ അനുവദിച്ചതെന്നും, പോലീസ് റിപ്പോര്‍ട്ട് എന്തായിരുന്നുവെന്നും, ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍, ജയില്‍ ഡി.ജി.പിയുടെ ഇടപെടല്‍ എല്ലാം ചോദ്യമായി വരുമെന്നുറപ്പാണ്. ഇതിനെല്ലാം മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. കൊടിസുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സംസാരിക്കേണ്ട ഒരു അവസ്ഥ മുഖ്യമന്ത്രിക്ക് നിയമസഭയില്‍ ഉണ്ടായാല്‍ അത് ടി.പി വധത്തെ അനുകൂലിക്കുന്നതിനു സമമാകും. ഇത് ഒഴിവാക്കേണ്ടതുണ്ട്. പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങളാണ് പിന്നാലെയുള്ള ചോദ്യങ്ങള്‍.

പി.വി. അന്‍വറിന്റെ അറസ്റ്റും, വനനിയമം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉണ്ടാകാം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഒരു പിടി ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ട അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പുസ്തകോത്സവവുമായി ബന്ധപ്പെട്ട ന്യായം നിരത്തി ചോദ്യോത്തര വേള ഒഴിവാക്കിയിരിക്കുന്നത്. ഇത് തികച്ചും അന്യായമാണെന്ന് പ്രതിപക്ഷം പറയുന്നുണ്ട്. സര്‍ക്കാരിന്റെ നടപടികള്‍ എന്താണെന്നും, അംഗങ്ങളുടെ മണ്ഡലങ്ങളിലെ വിഷയങ്ങള്‍ മന്ത്രിയോട് നേരിട്ട് ചോദിക്കാനും ലഭിക്കുന്ന സമയമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. രാവിലെ 9 മണിമുതല്‍ ഒരു മണിക്കൂറാണ് സഭയില്‍ മന്ത്രിമാരോട് നേരിട്ട് ചോദ്യം ചോദിക്കാനുള്ള സമയം.

ശേഷം, സഭാ നടപടികളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. അംഗങ്ങളുടെ ചോദ്യം വിവാദ വിഷയങ്ങലുമായി ബന്ധപ്പെട്ടതാണെങ്കില്‍ സഭാസമ്മേളത്തിനിടയില്‍ പ്രതിഷേധവും ഇറങ്ങിപ്പോക്കും, ചിലഘട്ടങ്ങളില്‍ സമ്മേളനം പിരിയുകയും ചെയ്യും. എങ്കിലും ചോദ്യോത്തര വേള എന്നത്, സഭയുടെ പ്രധാനപ്പെട്ട സെഷനാണ്. ഇതാണ് സ്പീക്കര്‍ ഒഴിവാക്കിയിരിക്കുന്നത്. എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാനാകുന്ന, സ്വന്തം മണ്ഡലങ്ങളിലെ വികസന കാര്യങ്ങളും പ്രശ്‌നങ്ങളും പരിഹാരം എന്താണെന്നുമൊക്കെ വകുപ്പുമന്ത്രിമാരോട് നേരച്ചു ചോദിക്കാനും അതിനുള്ള കൃത്യവും വ്യക്തവുമായ മറുപടി ലഭിക്കാനുമുള്ള അവസരമാാണ് ഇല്ലാതാക്കിയിരിക്കുന്നത്.

നിയമസഭാ പുസ്തകമേളയുടെ പേര് പറഞ്ഞാണ് 3 ദിവസത്തെ ചോദ്യോത്തര വേള റദ്ദാക്കാന്‍ തയ്യാറായത് നീതിക്കു നിരക്കാത്തതാണ്. സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിലേ കല്ലുകടിയാണ് ഉണ്ടായിരിക്കുന്നത്. മൂന്നു ദിവസത്തെ നിയമസഭ ചോദ്യോത്തര വേള ഒഴിവാക്കുന്നതിലൂേെട മൂന്നു മന്ത്രിമാരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അംഗങ്ങളുടെ അവസര നിഷേധമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കേണ്ട ദിനങ്ങളിലെ ചോദ്യോത്തരവേളയാണു റദ്ദാക്കിയത്. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കുന്ന 20 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലെ ചോദ്യോത്തരവേളയാണ് ഒഴിവാക്കിയത്.

നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ തുടര്‍ച്ചയായി മൂന്നു ദിവസം ചോദ്യോത്തരവേള ഒഴിവാക്കുന്നത് അത്യപൂര്‍വമാണ്. നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ജോലിക്കായി നിയമസഭയിലെ മുഴുവന്‍ ജീവനക്കാരെയും നിയോഗിച്ച സാഹചര്യത്തില്‍ നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തയാറാക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള തടസം നേരിടുന്ന സാഹചര്യത്തിലാണ് ചോദ്യോത്തരവേള ഉപേക്ഷിക്കുന്നതെന്നാണു വിശദീകരണം. ഈ ദിവസങ്ങളില്‍ പതിവുപോലെ രാവിലെ ഒന്‍പതിനു നിയമസഭാ സമ്മേളനം തുടങ്ങുമെങ്കിലും ചോദ്യോത്തരവേള ഉണ്ടാകില്ല. നിയമസഭ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാത്ത മന്ത്രിമാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി നല്‍കാറേയില്ല. മറുപടി നല്‍കാത്ത നടപടിക്കെതിരെ സ്പീക്കര്‍ നിരന്തര റൂളിംഗ് നല്‍കുന്നതും പതിവ് സംഭവമായി മാറി കഴിഞ്ഞു. ഏറ്റവും കൂടുതല്‍ നിയമസഭ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തത് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആണ്. ഏറ്റവും ഒടുവില്‍ കെ.എഫ്.സി അനില്‍ അംബാനിയുടെ കമ്പനിയില്‍ കോടികള്‍ നിക്ഷേപിച്ച് നഷ്ടപ്പെടുത്തിയ സംഭവത്തെ കുറിച്ചുള്ള യു.ഡി.എഫ് എം.എല്‍.എ മാരുടെ ചോദ്യത്തിനും ബാലഗോപാല്‍ മറുപടി നല്‍കിയിരുന്നില്ല. നിയമസഭ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി ലഭിക്കാതെ ഇരിക്കുമ്പോഴാണ് ഷംസീര്‍ 3 ദിവസത്തെ നിയമസഭ ചോദ്യങ്ങള്‍ ഒഴിവാക്കുന്നത് എന്നതാണ് വിരോധാഭാസം. പുസ്തകമേള 13 ന് അവസാനിക്കും എന്നിരിക്കെ 20 മുതല്‍ 22 വരെ നിയമസഭ ചോദ്യങ്ങള്‍ ഒഴിവാക്കിയ ഷംസീറിന്റെ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്.

ചോദ്യങ്ങള്‍ ചോദിക്കുക എന്ന അംഗങ്ങളുടെ അവകാശമാണ് സ്പീക്കര്‍ 13 ന് തീരുന്ന പുസ്തക മേളയുടെ പേരില്‍ നിഷേധിക്കുന്നതെന്ന വിമര്‍ശത്തോടെയായിരിക്കും പ്രതിപക്ഷ നേതാവിന്റെ നിയമസഭയിലെ ആദ്യ പ്രസംഗം ആരംഭിക്കുക. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്താകും വി.ഡി. സതീശന്റെ ഈ ആക്ഷേപം ഉണ്ടാവുക. പുസ്തകോത്സവത്തിന്റെ പേരില്‍ അംഗങ്ങളുടെ അവകാശത്തെ ഇല്ലാതാക്കുന്ന നടപടിയോടെ യോജിക്കാനാവില്ലെന്നു തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഭരണപക്ഷ അംഗങ്ങളുടെയും നിലപാട് ഇതുതന്നെയാകും. എന്തായാലും, ഭരണകൂടത്തിന് ചോദ്യങ്ങളെ പേടിയാണെന്ന് പറയേണ്ടി വരുന്ന ഘട്ടമാണിത്.

CONTENT HIGH LIGHTS; Is the administration afraid of questions?: Speaker avoided question and answer for three days in the budget session; The opposition called it an anti-democratic act

Latest News