ചിലതൊക്കെ വേഗത്തില്‍ കത്തി തീരുമെന്ന് കരുതിയിരിക്കുന്നവര്‍ക്ക് തെറ്റു പറ്റിയേക്കാം. കേരള രാഷ്ട്രീയത്തില്‍ അങ്ങനെ കത്തി തീരാത്ത വെടിമരുന്നുകളുമണ്ട്. അതിലൊന്നാണ് നിലമ്പൂര്‍ എം.എല്‍.എ എന്ന പി.വി അന്‍വര്‍. അധികാരം എന്നതാണ് അന്‍വറിന്റെയും ലക്ഷ്യം. അതുകൊണ്ടുതന്നെ നിലമ്പൂരില്‍ നിന്നു മത്സരിക്കുകയും ചെയ്യും. ഇടതു സ്വതന്ത്രനില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയിലേക്കുള്ള മാറ്റമാണ് അന്‍വറിനു സംഭവിക്കുന്നത്. നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫിന്റേതാകാന്‍ പോകുന്നു എന്നര്‍ത്ഥം. അതിന് വഴിയൊരുക്കിയത്സ കേരളാ പോലീസാണ്. സര്‍വ്വതന്ത്ര സ്വതന്ത്രനായി നിന്നുകൊണ്ട് ഡി.എം.കെ. എന്ന സാമൂഹ്യ സംഘടനയുടെ ലേബലില്‍ കത്തി തീരേണ്ട അന്‍വറിനെ യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റാന്‍ കഠിന ശ്രമം നടത്തിയാണ് പോലീസ് കഴിവു തെളിയിച്ചത്.
അതിനായി പാതിരാ അറസ്റ്റ് നാടകം അരങ്ങേറ്റുകയും ചെയ്തു. ഇഥ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഇടപെടല്‍ കൊണ്ടാണെന്ന് അന്‍വര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, പോലീസ് ഇതിനു കൂട്ടു നില്‍ക്കാന്‍ പാടുള്ളതല്ലെന്ന പൊതു വിമര്‍ശനം ഉണ്ടായിട്ടുണ്ട്. നിയമസഭാ അംഗം കൂടിയായ അന്‍വര്‍ ചെയ്ത തെറ്റ് ജനകീയ വിഷയത്തില്‍ ഇടപെട്ടു എന്നതാണ്. അതുകൊണ്ട്, പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഇടതുപക്ഷ പാളയത്തില്‍ നിന്നും പുറത്ത് ചാടിയ പി.വി.അന്‍വറിന് യു.ഡി.എഫില്‍ ബര്‍ത്ത് ഉറപ്പിച്ച് നല്‍കിയത് പിണറായി പൊലീസ് തന്നെയാണെന്ന് ഉറപ്പിക്കാം. അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തെ എതിര്‍ത്തിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും മുസ്ലീം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിക്കും പി.വി അന്‍വറിനെ ശക്തമായി പിന്തുണച്ച് വരാനുള്ള സാഹചര്യമുണ്ടാക്കിയത് അപ്രതീക്ഷിതമായി നടന്ന പാതിരാ അറസ്റ്റാണ്.
ജനകീയ വിഷയം മുന്‍ നിര്‍ത്തി ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ച് നടത്തിയ അന്‍വറിനെ അറസ്റ്റ് ചെയ്തതാണ് യു.ഡി.എഫ് നേതാക്കളെ അദ്ദേഹത്തിന് അനുകൂലമാക്കി മാറ്റിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ അനുയായികള്‍ എതിരാകുമെന്ന തിരിച്ചറിവും ലീഗ് – കോണ്‍ഗ്രസ്സ് നേതാക്കളുടെ മനം മാറ്റത്തിന് പിന്നിലുണ്ട്. അന്‍വറിനെ യു.ഡി.എഫില്‍ ഇനിയും എടുത്തില്ലെങ്കില്‍ അദ്ദേഹം സ്വന്തം പാര്‍ട്ടിയുണ്ടാക്കി ജില്ലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ അത് യു.ഡി.എഫ് വോട്ട് ബാങ്കിലും വലിയ ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ഇക്കാര്യം യു.ഡി.എഫ് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. പിണറായിക്ക് എതിരെ ഏറ്റവും ശക്തമായി പ്രതികരിക്കുന്ന നേതാവ് എന്ന പ്രതിച്ഛായയാണ് യു.ഡി.എഫ് അണികള്‍ക്കിടയില്‍ പോലും പി.വി അന്‍വറിന് നിലവിലുള്ളത്.
ആ അന്‍വറിനെ 24 മണിക്കൂര്‍ പോലും ജയിലിലടക്കാന്‍ പറ്റാതിരുന്നതും സര്‍ക്കാറിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. മറ്റു കേസുകളില്‍ അന്‍വറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ നിന്നും പുറത്തിറക്കാതിരിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. നിയമപരമായി അല്ലാതെ, പകപോക്കലിന് തയ്യാറല്ലെന്ന നിലപാട് പൊലീസിലെ ഉന്നതരും സ്വീകരിച്ചതായാണ് സൂചന. അന്‍വറിനെ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലായിരുന്നു എന്ന വികാരമാണ് മുതിര്‍ന്ന സി.പി.എം നേതാക്കള്‍ക്കിടയിലും ഉള്ളത്. അന്‍വറിനെ ഹീറോയാക്കി മാറ്റിയ അറസ്റ്റായി പോയെന്ന നിലപാട് ഇടതുപക്ഷ ഘടക കക്ഷിയായ സി.പി.ഐക്കുമുണ്ട്.
വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്നും വനം വകുപ്പ് നിരന്തരം സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നതും ഇപ്പോള്‍ ഇടതുപക്ഷത്തെ പൊതുവികാരമാണ്. മുഖ്യമന്ത്രിയുടെ ഒറ്റ താല്‍പ്പര്യത്തിലാണ് എ.കെ ശശീന്ദ്രന്‍ ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നത്. അന്‍വറിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പരസ്യമായി ഇടതുപക്ഷത്ത് നിന്നും വന്ന മന്ത്രിയും എ.കെ ശശീന്ദ്രനാണ്. 18 മണിക്കൂര്‍ നീണ്ട ജയില്‍ വാസത്തിനുശേഷമാണ് പിവി അന്‍വര്‍ തിങ്കളാഴ്ച 8.25 ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്താണ് അന്‍വര്‍ ജയിലിന് പുറത്തിറങ്ങിയത് ആഘോഷിച്ചത്. ജയിലിന് പുറത്ത് പിവി അനവറിന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.
പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥിതിയില്‍ വിശ്വാസമുണ്ടെന്നും പിവി അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റും ഉള്‍പ്പെടെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും അന്‍വര്‍ പറഞ്ഞു. വൈകിട്ടോടെ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവും ബോണ്ടും ഉള്‍പ്പെടെ ജയിലില്‍ എത്തിക്കാനുള്ള സമയവും നടപടിക്രമങ്ങളും നീണ്ടതോടെയാണ് ജയില്‍ മോചനം വൈകിയിരുന്നത്. രാത്രി 7.45 ഓടെയാണ് അന്‍വറിന്റെ മോചനത്തിനുള്ള ബോണ്ടുമായി ഡിഎംകെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ വിഎസ് മനോജ് കുമാര്‍ മലപ്പുറം തവനൂരിലെ ജയിലിലെത്തിയത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി തവനൂരിലെ ജയിലില്‍ നിന്നും അന്‍വര്‍ പുറത്തിറങ്ങുകയായിരുന്നു.
ഇതിനിടെ, പി വി അന്‍വര്‍ എംഎഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ അന്‍വറിന്റെ അനുയായിയും ഡിഎംകെ പ്രവര്‍ത്തകനുമായ ഇ എ സുകുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എഫ്ഐആറില്‍ അന്‍വറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതില്‍ അന്‍വറടക്കം 5 പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന ആറ് പേരില്‍ ഒരാളായിട്ടാണ് തിങ്കളാഴ്ച സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എടക്കര പൊലീസ് നിലമ്പൂരില്‍ കോടതിപ്പടിയില്‍ നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം സമരയാത്ര നടക്കുന്ന സമയത്തും അന്‍വറിനൊപ്പം സജീവമായി ഉണ്ടായിരുന്ന ആളാണ് ഇ എ സുകു.
നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിവി അന്‍വറിന് ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് ജാമ്യം അനുവദിച്ചത്. അന്‍വര്‍ ജനപ്രതിനിധി ആണെന്നും മണ്ഡലത്തില്‍ സാന്നിദ്ധ്യം വേണമെന്നും പറഞ്ഞ കോടതി കസ്റ്റഡി ഇത് തടസപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി. സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടില്ലെന്ന് വിലയിരുത്തിയ കോടതി ഗൂഢാലോചന ആരോപണവും തള്ളിക്കളഞ്ഞു. ഗൂഢാലോചന ആരോപണം നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഡിഎഫ്ഒ ഓഫീസിലെ അക്രമവും നഷ്ടങ്ങളും ജാമ്യം നിഷേധിക്കാന്‍ കാരണം അല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അന്‍പതിനായിരം രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപയുടെ ബോണ്ട് തുക കോടതിയില്‍ കെട്ടിവെയ്ക്കണം എന്നീ ജാമ്യ ഉപാധികളോടെയാണ് അന്‍വര്‍ പുറത്തിറങ്ങിയത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാനകുറ്റക്യത്യത്തില്‍ ഏര്‍പ്പെടരുത്, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണമെന്നുമെല്ലാം ജാമ്യ ഉപാധിയില്‍ എടുത്ത് പറയുന്നുണ്ട്. യു.ഡി.എഫുമായി ചേര്‍ന്ന് പിണറായി സര്‍ക്കാറിനെതിരെ സമരം തുടരുമെന്നാണ് ജയലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പി.വി അന്‍വര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം അടുത്ത യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും.
അന്‍വര്‍ യുഡിഎഫില്‍ എത്തുകയും നിലമ്പൂര്‍ സീറ്റ് അദ്ദേഹത്തിന് മത്സരിക്കാന്‍ വിട്ടു നല്‍കുകയും ചെയ്താല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും അനുയായികളും കോണ്‍ഗ്രസ്സ് വിടുമെന്ന അഭ്യൂഹവും ശക്തമാണ്. ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസ്സ് വിട്ടു വരികയാണെങ്കില്‍ സി.പി.എമ്മിനും പിന്തുണയ്ക്കാന്‍ തടസ്സമുണ്ടാകുകയില്ല. മുന്‍പ് സി.പി.എം പിന്തുണയോടെ നിലമ്പൂരില്‍ മത്സരിച്ച് വിജയിച്ച ചരിത്രം ഷൗക്കത്തിന്റെ പിതാവ് ആര്യാടന്‍ മുഹമ്മദിനുമുണ്ട്. ആ ചരിത്രം ആവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ ഏറ്റവും കടുത്ത പോരാട്ടത്തിനാകും 2026ല്‍ നിലമ്പൂര്‍ സാക്ഷ്യം വഹിക്കുക.
CONTENT HIGH LIGHTS; Anwar will become UDF candidate for Nilambur seat?: Will Anwar be the opposition’s trump card?; Whose screenplay is the police’s half-hearted arrest drama to tie the UDF in the fold?