പൊരുതാനുറച്ചിറങ്ങിയ സര്‍വ്വതന്ത്ര സ്വതന്ത്രനായ നിലമ്പൂര്‍ എം.എല്‍.എ തന്റെ ജയില്‍വാസത്തിനൊടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് സന്ധി ചെയ്തിരിക്കുകയാണ്. വല്ലഭന് പുല്ലും ആയുധമെന്ന പോലെ ബംഗാള്‍ കടുവയെ തന്നെ തേടി പിടിച്ചാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. കേരളത്തിലെ ഇടതു ഭരണത്തിന് ആരുടെയൊക്കെ പിന്തുണ നേടാനാകുമോ അതെല്ലാം ചെയ്യാനും അന്‍വര്‍ തയ്യാറായിക്കഴിഞ്ഞു. മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി അന്‍വറിന് ഭാരവാഹിത്വം നല്‍കി സ്വീകരിച്ചിരിക്കുകയാണ്. പാര്‍ട്ടി അംഗത്വം സ്വീകരിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ – ഓര്‍ഡിനേറ്ററായാണ് അന്‍വറിന്റെ നിയമനം.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ നേരത്തെ പി.വി അന്‍വര്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹി കേന്ദ്രീകരിച്ച് ഇതിനായി ചര്‍ച്ചകളും നടന്നു. ഇതിനിടെ കോണ്‍ഗ്രസില്‍ ചേരാനുള്ള ശ്രമങ്ങള്‍ അന്‍വര്‍ നടത്തിയെങ്കിലും അത് വിജയം കണ്ടിരുന്നില്ല. യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അന്‍വര്‍ നടത്തി. ലീഗിന്റെ പിന്തുണ അന്‍വറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അന്‍വര്‍ നീങ്ങിയത്. 17ന് നിയമസഭാ സമ്മേളം ആരംഭിക്കാന്‍ പോവുകയാണ്. അന്‍വറിന്റെ എം.എല്‍.എ സ്ഥാനത്തിന് ബലം വെച്ചതോടെ നിയമസഭയില്‍ ധൈര്യമായി ഇരിക്കാനാകും.
പൊതുപ്രവര്‍ത്തനത്തിനായുള്ള പി.വി അന്‍വറിന്റെ അര്‍പ്പണവും ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചത്. തൃണമൂല്‍ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു അന്‍വറിന്റെ പാര്‍ട്ടി പ്രവേശന ചര്‍ച്ചകള്‍ നടന്നത്. തനിക്കൊപ്പം കേരളത്തില്‍ നിന്ന് 4 എം.എല്‍.എമാരെക്കൂടി തൃണമൂലിലേക്ക് അന്‍വര്‍ വാഗ്ദാനം ചെയ്‌തെന്നാണു വിവരം. കേരളത്തോടു താല്‍പര്യമുള്ള തൃണമൂല്‍ ഇവിടെ നേരത്തേതന്നെ സര്‍വേകള്‍ നടത്തിയിരുന്നു. അന്‍വറിലൂടെയും ബാക്കി എം.എല്‍.എമാരിലൂടെയും കേരളത്തില്‍ ശക്തമായ സാന്നിധ്യമാകാമെന്നാണു തൃണമൂലിന്റെ കണക്കുകൂട്ടല്‍.
കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അന്‍വര്‍ യു.ഡി.എഫിലേക്കു പോകുന്നെന്ന തരത്തില്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളും പുരോഗമിക്കെയാണ് അപ്രതീക്ഷിതമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമയത്.
നേരത്തേ, തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കാനും അന്‍വര്‍ ആലോചിച്ചിരുന്നു. ചെന്നൈയിലെത്തി ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നീട് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്നാണു പേരിട്ടത്.
ഇന്ത്യാ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതേ ഉദ്ദേശ്യത്തോടെയാണ് ഇപ്പോള്‍ തൃണമൂലിനൊപ്പം ചേര്‍ന്നിരിക്കുന്നതും. ബംഗാളില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ പുല്ലുപോലെ വലിച്ചെറിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന അന്‍വറിന് കേരളത്തിലും ഇടതുപക്ഷത്തെ പൂലുപോലെ കാണാനാകുമെന്നാണ് വിലയിരുത്തല്‍. ഇടതുപക്ഷത്തിന്റെ ഇപ്പോഴുള്ള ആര്‍ഭാടങ്ങളൊക്കെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ നശിപ്പിക്കുമെന്നാണ് അന്‍വറിന്റെ കണക്കു കൂട്ടല്‍. ബംഗാള്‍ പോലെ കേരളത്തെയും മാറ്റുകയാണ് ലക്ഷ്യം.
ഡിഎംകെയുമായി നടത്തിയ നീക്കങ്ങള്‍ പാളിയതിനു പിന്നാലെ പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരനാകുമ്പോള്‍ ചര്‍ച്ചകളില്‍ അയോഗ്യതാ പ്രശ്നവും സജീവമാവുകയാണ്. അന്‍വറിന്റെ എം.എല്‍.എ സ്ഥാനം സംബന്ധിച്ചാണ് ആശങ്ക നിലനില്‍ക്കുന്നത്. സ്വതന്ത്ര എം.എല്‍.എയായ അന്‍വറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാര്‍ട്ടയില്‍ ചേര്‍ന്നാല്‍ അയോഗ്യതാ പ്രശ്നമുണ്ട്. ഇതില്‍ പി.വി. അന്‍വര്‍ നിയമോപദേശം തേടിയിട്ടുണ്ട്. തൃണമൂലില്‍ ചേര്‍ന്നാല്‍ അന്‍വറിനെ ആയോഗ്യനാക്കാന്‍ സി.പി.എം നടപടികള്‍ തുടങ്ങും. ഇത് അന്‍വറിന് പ്രതിസന്ധിയായി മാറുകയും ചെയ്യും. പിണറായി സര്‍ക്കാരും അന്‍വറിനെ അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടും. അന്‍വറിനെതിരെ കടുത്ത നിലപാട് തുടരാനാണ് തീരുമാനം.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാരിഷ് പാലത്തിങ്കലുമായി ഫോണില്‍ സംസാരിച്ചാണ് അന്‍വര്‍ തൃണമൂലുമായി അടുത്തത്. അന്‍വര്‍ എംഎല്‍എ ആയതിനാല്‍ തന്നെ ദേശീയ നേതൃത്വത്തിന് ആദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിനോട് താല്‍പര്യമുണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പി.വി.അന്‍വര്‍ എം.എല്‍.എ ഇന്ന് കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി വാര്‍ത്താസമ്മേളനം നടത്തിയേക്കുമെന്നാണ് സൂചന. ഇതില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് വിശദീകരിക്കുമോ എന്നാണ് സി.പി.എം നോക്കുന്നത്. അങ്ങനെ വന്നാല്‍ ആയോഗ്യനാക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങാനായിരുന്നു സിപിഎം നീക്കം. അതിനിടെ തൃണമൂലില്‍ ചേര്‍ന്നെന്ന് അന്‍വര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
അന്‍വറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (AlTC) കേരള ഘടകത്തിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി ചുമതല ഏറ്റെടുത്തു. പശ്ചിമ ബംഗാളില്‍ 1997-ല്‍ നിലവില്‍വന്ന രാഷ്ട്രീയപ്പാര്‍ട്ടി ആണ് എ.ഐ.ടി.സി. രാജ്യത്തെ അതിശക്തരായ വനിതകളില്‍ ഒരാളായ മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം തന്നെ ‘അമ്മ, മണ്ണ്,മനുഷ്യന്‍’ എന്നതാണ്. സംഘടനകള്‍ രൂപം കൊള്ളുന്നതും,പ്രവര്‍ത്തിക്കുന്നതും അതിന്റെ അടിസ്ഥാനതലത്തിലാണ്. സംഘടനയെ ശക്തിപ്പെടുത്തുന്നതും അടിസ്ഥാന ജനവിഭാഗങ്ങളാണ്. തൃണമൂല്‍ എന്ന വാക്കിന്റെ ഇംഗ്ലീഷ് രൂപം ‘ഗ്രാസ് റൂട്ട്സ്’ എന്നാവുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം അന്വര്‍ത്ഥമാവുകയാണ്. രാജ്യസഭയിലും ലോകസഭയിലും യഥാക്രമം 12 ഉം,28ഉം അംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റിലെ ആകെ അംഗബലം നാല്‍പതാണ്. രാജ്യത്തിന്റെ നിയമനിര്‍മ്മാണ സഭകളില്‍ സമ്മര്‍ദ്ദശക്തിയായി വര്‍ത്തിക്കാനും, നയരൂപീകരണത്തില്‍ ശക്തമായി ഇടപെടാനും ഈ അംഗബലത്തിനാകും. തൃണമൂല്‍ നേതാക്കളുമായുള്ള ചര്‍ച്ചയിലുടനീളം പ്രാഥമികമായി ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്, 1972ലെ കേന്ദ്ര വനം വന്യജീവി നിയമത്തില്‍ കാലാനുസൃതമായി ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള ഭേദഗതിക്കായി പാര്‍ലമെന്റില്‍ നിലകൊള്ളണമെന്നും പ്രസ്തുത ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കണം എന്നുമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി എനിക്കുറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. 12/01/2025 (ഞായര്‍) 3 P.M.ന് കോഴിക്കോട് എയര്‍പോര്‍ട്ട് വഴി ഞാന്‍ നാട്ടിലെത്തും. നേരില്‍ കാണാം…. പി.വി. അന്‍വര്‍ എം.എല്‍.എ’
സ്വതന്ത്ര എം.എല്‍.എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് വ്യക്തമായതോടെ അയോഗ്യതാ നടപടികളിലേക്ക് സി.പി.എം കടക്കും. എന്നാല്‍, അടുത്ത മാസം മമതാ ബാനര്‍ജിയെ കേരളത്തില്‍ എത്തിച്ച് റാലി നടത്താനാണ് അന്‍വറിന്റെ നീക്കം. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് യുഡിഎഫിന്റെ ഘടകക്ഷിയായേക്കാം. നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.
ഞങ്ങള്‍ ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ യുഡിഎഫാണ് തീരുമാനമെടുക്കേണ്ടതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍, വല്ലഭന് പുല്ലും ആയുധം എന്ന നിലയിലാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കാണുന്നത് എന്നുറപ്പാണ്.