സംസ്ഥാന ഭരണം അവസാനിക്കാന്‍ ഇടതുപക്ഷത്തിന് ഇനിയും ഒരു വര്‍ഷവും കുറച്ചു മാസങ്ങളും ബാക്കിയുള്ളപ്പോള്‍ സെക്രട്ടേറിയറ്റിലെ ഇടനാഴികളില്‍ കാണുന്ന തമ്മിലടികള്‍ അത്ര സുഖകരമല്ലെന്നാണ് വാര്‍ത്തകള്‍. സംസ്ഥാനത്തെ ഐ.എ.എസ്സുകാര്‍ സര്‍ക്കാരിന്റെ ഗുമസ്തപ്പണിക്കാര്‍ മാത്രമാണെന്ന് സെക്രട്ടേറിയറ്റിന് ‘ഹജൂര്‍ കച്ചേരി’ എന്നു പേരുള്ളപ്പോഴേ കേള്‍ക്കുന്നതാണ്. അതിപ്പോഴും അങ്ങനെ തന്നെയാണ്. സര്‍ക്കാരിന്റെ പദ്ധതികളും, നിയമങ്ങളുമെല്ലാം എഴുതിയുണ്ടാക്കുന്നത് ഐ.എ.എസ്സുകാര്‍ തന്നെയാണ്. ചീഫ് സെക്രട്ടറി മുതല്‍ താഴേക്കുള്ള എല്ലാ IASകാരും മാറി മാറി വരുന്ന സര്‍ക്കാരിന്റെ ഗുമസ്തന്‍മാര്‍ തന്നെയാണ്.
ഇവര്‍ക്കിടയില്‍ കാലങ്ങളായി നില്‍ക്കുന്ന മൂപ്പളിമ പോരുണ്ട്. അത് ഇടയ്ക്കിടയ്ക്ക് തലപൊക്കി നോക്കും. എന്നാല്‍, ശഖ്തമായ ഭരണമുള്ളപ്പോള്‍ പൊക്കിയ തലകളെല്ലാം അടിച്ചു താഴ്ത്തുകയാണ് ചെയ്യാറ്. അഞ്ചു വര്‍ഷത്തിന്റെ തുടക്കത്തില്‍ ഭയഭക്തി ബഹുമാനമൊക്കെയുള്ള IASകാര്‍ നാലാമത്തെ വര്‍ഷം മുതല്‍ മറുകണ്ടം ചാടാനൊരുക്കങ്ങള്‍ തുടങ്ങും. അടുത്തു വരാനുള്ള സര്‍ക്കാരിനെ നോക്കിയുള്ള നീക്കങ്ങളാകും നടത്തുക. ഇപ്്‌പോള്‍ സെക്രട്ടറിയറ്റിന്റെ ഇടനാഴിയില്‍ നടക്കുന്ന മൂപ്പളിമ തര്‍ക്കവും അടിയും തടയുമെല്ലാം ഇതാണ് വരച്ചു കാണിക്കുന്നതും. തമ്മില്‍ത്തല്ലി തോരയൊലിപ്പിക്കാതെ ഭരണയന്ത്രം കൊണ്ടുള്ള ബുദ്ധിപരമായ പോരാട്ടം കനത്തിട്ടുണ്ട്.
ഉരുണ്ട തലകളെ തിരിച്ചു പ്രചിഷ്ഠിച്ചും, വീണ്ടും ചില തലകള്‍ ഉരുണ്ടുമൊക്കെ അടിയും തടയും മുന്നോട്ടു പോകുമ്പോള്‍ കെ.എ.എസുകാരും, സര്‍ക്കാര്‍ ജീവനക്കാരും ഐ.എ.എസുകാരെ നോക്കി അയ്യേ ഇതോ IAS എന്ന് ചോദിക്കുന്ന തരത്തില്‍ തരംതാണു കഴിഞ്ഞു. സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിന്റെ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ഐ.എ.എസ്സുകാരെയും സര്‍ക്കാര്‍ ജീവനക്കാരെയും വെടക്കാക്കി തനിക്കാക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാരും. അതിനായി എരിതീയില്‍ എണ്ണ പകരുകയാണ് ചീഫ് സെക്രട്ടറിയുടെ റോള്‍. ഇടഞ്ഞു നില്‍ക്കുന്നവരെ സെക്രട്ടേറിയറ്റിന്റെ പുറത്തേക്കു തട്ടിയും, ചേര്‍ന്നു നില്‍ക്കുമെന്ന് വാഗ്ദാനം ചെയ്യുന്നവരെ തിരിച്ചെടുത്തുമൊക്കെ സര്‍ക്കാര്‍ ഡബിള്‍ ഗെയിം കളിക്കുകയാണ്. ചീഫ് സെക്രട്ടറിയെ ഉഫയോഗിച്ചാണ് ഈ കളികള്‍ക്ക് സര്‍ക്കാര്‍ ചുക്കാന്‍ പിടിക്കുന്നത്.
അനഭിമതരായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ബോധപൂര്‍വ്വം വെട്ടി നിരത്തുകയാണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞിട്ടുണ്ട്. മന്ത്രിമാരുടെ അവിഹിത ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തവരെ ക്രൂരമായി തരം താഴ്ത്തുന്നതടക്കമുള്ള നടപടികള്‍ അതിക്രമിച്ചു കഴിഞ്ഞു. അമിത വിധേയത്വം പുലര്‍ത്തുന്ന അടിമകള്‍ക്ക് മാത്രം ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കിയും സര്‍ക്കാര്‍ തന്നിഷ്ടം കാട്ടുന്നുണ്ട്. തുടര്‍ച്ചയായ സ്ഥാനചലനവും സ്ഥലം മാറ്റവും മൂലം ഉദ്യോഗസ്ഥ സമൂഹമാകെ അസ്വസ്ഥരാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവര്‍ക്കു മാത്രമേ നല്ല സ്ഥാനങ്ങള്‍ ലഭിക്കൂ. ഇവര്‍ എന്ത് നിയമ വിരുദ്ധ നടപടികള്‍ സ്വീകരിച്ചാലും സര്‍ക്കാര്‍ രക്ഷിക്കുകയും ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്യും.
ഭരണകാര്യത്തെ പറ്റി പ്രാഥമിക ജ്ഞാനവുമില്ലാത്ത ചില മന്ത്രിമാരുടെ വകുപ്പുകളില്‍ വകുപ്പു സെക്രട്ടറിയോ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോ ആണ് ഭരണം നടത്തുന്നത്. ഐ.എ.എസ്, ഐ.പി.എസ് പദവികള്‍ ലഭിച്ചാല്‍ സര്‍വ്വജ്ഞരായി എന്നു കരുതുന്ന ചില ഉദ്യോഗസ്ഥര്‍ ദുര്‍ബലരായ മന്ത്രിമാരുടെ മേല്‍ കുതിര കയറുന്നുണ്ട്. ചില കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും തലപ്പത്ത് പെട്ടിക്കട നടത്താന്‍ പോലും കഴിവില്ലാത്ത ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രതിഷ്ഠിച്ചതിനാല്‍ പല സ്ഥാപനങ്ങളും നാശത്തിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥ പ്രമുഖരെ സര്‍ക്കാര്‍ വിധേയരും അല്ലാത്തവരും എന്ന രണ്ടു വിഭാഗമായി വേര്‍തിരിച്ചതിനാല്‍ സിവില്‍ സര്‍വീസിലെ ചേരിപ്പോര് രൂക്ഷമാണ്. ബ്യൂറോക്രസിയിലെ കടുത്ത വിഭാഗീയത മൂലം ഭരണം കുത്തഴിഞ്ഞ നിലയിലാണ്. ആയിരക്കണക്കിന് ഫയലുകള്‍ തീര്‍പ്പില്ലാതെ സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുകയാണ്.
തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായുള്ള മാറ്റത്തിനെതിരെ ബി അശോക് ഐഎഎസ് നിയമനടപടിക്ക്. ചികിത്സാ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ചുമതല ഏറ്റെടുക്കില്ല. കമ്മിഷന്‍ ഇതുവരെ രൂപീകരിക്കുകയോ പരിഗണനാ വിഷയങ്ങള്‍ നിര്‍ണയിക്കുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥരുടെ സമ്മതത്തോടെയാണ് ഡപ്യൂട്ടേഷനില്‍ നിയമിക്കേണ്ടതെങ്കിലും അശോകിന്റെ സമ്മതം വാങ്ങുകയോ വകുപ്പിനെ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇതു നിയമപരമായി ചോദ്യം ചെയ്യാനാകും. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റിനെ സെക്രട്ടറിയേറ്റില്‍ നിന്നും മാറ്റുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. വകുപ്പു സെക്രട്ടറിമാരുടെ പല യോഗങ്ങളിലും സര്‍ക്കാര്‍ തീരുമാനങ്ങളുടെ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങള്‍ അശോക് ചൂണ്ടികാട്ടിയതും പ്രശ്നമായി എന്നാണ് റിപ്പോര്‍ട്ട്.
വയനാട് പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെ അശോക് എതിര്‍ത്തിരുന്നു. പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ് നിര്‍മാണക്കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു ടെന്‍ഡറില്ലാതെ നല്‍കിയതും ചോദ്യം ചെയ്യപ്പെട്ടു. ഇതോടെയാണ് അശോകിനെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റുന്നത്. കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ കൃഷിവകുപ്പില്‍നിന്ന് ബി.അശോകിനെയും മാറ്റിയതോടെ മന്ത്രി പി പ്രസാദും വെട്ടിലായി. സര്‍ക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു പക്ഷത്തും സര്‍ക്കാരിന്റെ ചില തീരുമാനങ്ങളെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ മറുപക്ഷത്തുമായി.
സെക്രട്ടറിയേറ്റിലെ വകുപ്പില്‍നിന്ന് മാറ്റിയായിരിക്കും അശോകിനെ നിയമിക്കുക. പ്രശാന്തിന് പരോക്ഷപിന്തുണ നല്‍കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് അശോകിന് കമ്മിഷന്റെ ചുമതല നല്‍കിയതെന്ന സൂചനയുണ്ട്. ചീഫ് സെക്രട്ടറിയാണ് ഉദ്യോഗസ്ഥമാറ്റം സംബന്ധിച്ച നിര്‍ദേശം മന്ത്രിസഭയിലവതരിപ്പിച്ചത്. ഐ.എ.എസ്. തലത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുംദിവസങ്ങളിലുണ്ടായേക്കും. തദ്ദേശ സ്വയംഭരണവകുപ്പില്‍ നിലവിലുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവ ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെകൂടി അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുകയാണ് കമ്മിഷന്റെ ഉദ്ദേശ്യം മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരായ വകുപ്പ് തല അന്വേണഷം വെറുതെയായി.
കുറ്റമൊന്നും കണ്ടെത്താന്‍ കഴിയാതെ രണ്ടു മാസം കൊണ്ട് ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു. ഇതോടെ ക്ലീന്‍ ചിറ്റ് കിട്ടുകയാണ് ഗോപാലകൃഷ്ണന്. അതിനിടെ ബി.അശോകിനെ കൃഷിവകുപ്പില്‍ നിന്നു മാറ്റി തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി നിയമിച്ചത് വകുപ്പുമന്ത്രി പോലും അറിയാതെയാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതിന് പിന്നിലെ ഗൂഡാലോചന ഐഎഎസുകാര്‍ക്കിടയില്‍ ചേരിപോരായി മാറും. സര്‍ക്കാരിനെ അനുകൂലിക്കുന്നവരും ചോദ്യം ചെയ്യുന്നവരുമെന്ന രണ്ട് ഗ്രൂപ്പ് ഉണ്ടാകുന്നുണ്ട്. മന്ത്രിസഭയില്‍ വിഷയം എത്തിയപ്പോഴാണ് മന്ത്രി അറിയുന്നത്. കൃഷിവകുപ്പില്‍ ഒട്ടേറെ വന്‍കിട പദ്ധതികള്‍ക്കു തുടക്കമിട്ടിരിക്കെ ഇതിനു ചുക്കാന്‍ പിടിക്കുന്ന സെക്രട്ടറിയെ മാറ്റിയതിനാല്‍ വകുപ്പിനു കടുത്ത അതൃപ്തിയുണ്ട്.
സെക്രട്ടറിയെ മാറ്റുന്ന കാര്യം കൃഷിമന്ത്രിയുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യാത്തതിനാല്‍ നീക്കത്തെ തടയാനും കഴിഞ്ഞില്ല. കൃഷി മന്ത്രി പി പ്രസാദ് തീര്‍ത്തും അതൃപ്തനാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയാണ്. അധികാരവും മുഖ്യമന്ത്രിക്കുണ്ട്. ഇതുപയോഗിച്ചാണ് അശോകനെ മാറ്റുന്നത്. ഐഎഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് പി അശോക്. മുമ്പും ഇത്തരത്തിലുള്ള അപ്രതീക്ഷിത മാറ്റങ്ങള്‍ അശോകനെതിരെ ഉണ്ടായിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ അവധിയെടുക്കുന്നതിനാല്‍ അദ്ദേഹം ഉടന്‍ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളിലേക്കു കടക്കില്ലെന്നാണു സൂചന. അശോകിനു പകരം ആരെ കൃഷിവകുപ്പിലേക്കു നിയമിക്കണമെന്നു തീരുമാനിച്ചിട്ടില്ല.
സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍.പ്രശാന്തിനു ബി.അശോകിന്റെ പിന്തുണയുണ്ടെന്ന ധാരണയിലാണ് വകുപ്പില്‍ നിന്നുള്ള മാറ്റമെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സംസാരം. കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പദവിയില്‍ നിന്നാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. അടുത്ത കാലത്തൊന്നും പ്രശാന്തിനെ തിരിച്ചെടുക്കില്ലെന്നാണ് വിലയിരുത്തല്‍. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് അശോക്. കമ്മിഷന്‍ അധ്യക്ഷനാകുന്നതോടെ ഈ പദവി ഒഴിയണമെന്ന ആവശ്യം ഐഎഎസിലെ എതിര്‍ലോബി ശക്തമാക്കും. ഇതിന് വേണ്ടി കൂടിയാണ് മാറ്റമെന്നാണ് സൂചനയുണ്ട്.
തദ്ദേശ വകുപ്പിലെ നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ടാണ് തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്‍ രൂപീകരിക്കുന്നത്. ഐഎഎസ് അസോസിയേഷനെ കുറേ നാളായി നയിക്കുന്നത് ബി. അശോകാണ്. ഇത് കാരണം പല വിഷയങ്ങളിലും നീതിയുടെ ഭാഗത്ത് അസോസിയേഷന്‍ നില്‍ക്കുന്നു. പ്രശാന്തിന് പോലും അസോസിയേഷനില്‍ നിന്നും നിയമോപദേശം കിട്ടുമോ എന്ന സംശയം ഇടതു കേന്ദ്രങ്ങള്‍ക്കുണ്ട്. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റായി ഇടതു സര്‍ക്കാരിന്റെ വിശ്വസ്തനായ ഒരാളെ എത്തിക്കാനാണ് നീക്കം.
CONTENT HIGH LIGHTS; Hit and block ‘Aye’ and ‘S’: government tactics that seek to isolate and isolate; The Chief Secretary added fuel to the fire; The aim is to untie the association head, kerala cader ias dispute