Agriculture

ഇങ്ങനെ ചെയ്തു നോക്കൂ! കറിവേപ്പില ഇനി തഴച്ചുവളരും

ആരോഗ്യഗുണങ്ങള്‍ ഏറെയുളള സസ്യമാണ് കറിവേപ്പില. നമ്മുടെ അടുക്കളകളിലെ ഒരിക്കലും മാറ്റിനിര്‍ത്താനാകാത്ത ഘടകം കൂടിയാണിത്. ഫ്‌ളാറ്റുകളിലടക്കം മറ്റൊന്നും നടാന്‍ പറ്റിയില്ലെങ്കിലും ആരും കറിവേപ്പിലയെ മാറ്റിനിര്‍ത്തില്ല. എന്നാല്‍ പലപ്പോഴും വളര്‍ച്ച മുരടിക്കുന്നതും ഇലകളില്‍ പ്രാണികളും പുഴുക്കളും വരുന്നതുമെല്ലാം പലരും കറിവേപ്പിലയെപ്പറ്റി പരാതി പറയാറുണ്ട്. അല്പം ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുളള പരിഹാരമാര്‍ഗങ്ങള്‍ നമ്മുടെ അടുക്കളയില്‍ത്തന്നെ കണ്ടെത്താം. അത്തരം ചില നുറുങ്ങുവിദ്യകളിലേക്ക്.

കഞ്ഞിവെളളം
കറിവേപ്പിലയിലെ കീടങ്ങളും പുഴുക്കളുമെല്ലാം നിരന്തരം പറഞ്ഞുകേള്‍ക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ കഞ്ഞിവെളളം ഇതിനൊരു പരിഹാരമാര്‍ഗമാണ്. തലേ ദിവസത്തെ പുളിച്ച കഞ്ഞിവെളളം ഇലകളില്‍ ഒഴിച്ചുകൊടുത്താല്‍ കറിവേപ്പില തഴച്ചുവളരും. സൈലിഡ് എന്ന കീടവും നാരകവര്‍ഗവിളകളെ ബാധിക്കുന്ന ശലഭപ്പുഴുക്കളുമാണ് കറിവേപ്പിന് ബാധിക്കുന്ന കീടങ്ങള്‍. കൂടാതെ തേയിലക്കൊതുകിന്റെ ആക്രണവും സാധാരണയായി കാണാറുണ്ട്. ഇതിനെല്ലാം കഞ്ഞിവെളള പ്രയോഗം നല്ലതാണ്.

മുട്ടത്തോട്
മുട്ടത്തോട് കറിവേപ്പിലയ്ക്കുളള നല്ലൊരു വളമായാണ് പറയുന്നത്. അല്പം മുട്ടത്തോട് പൊട്ടിച്ച ശേഷം ചെടിയുടെ വേരില്‍ നിന്നും കുറച്ചുമാറി വിതറിക്കൊടുക്കാം. കറിവേപ്പില വളരാന്‍ ഇത് സഹായിക്കും.

മീനുകളുടെ അവശിഷ്ടം
മത്തി പോലുളള മീനുകള്‍ കഴുകിയ വെളളവും അതിന്റെ അവശിഷ്ടങ്ങളുമെല്ലാം കറിവേപ്പിലത്തൈയുടെ ചുവട്ടിലായി ഒഴിച്ചുകൊടുക്കാം. ഇത് കറിവേപ്പില വളരാന്‍ സഹായിക്കും.

ചാണകം
ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവയും കറിവേപ്പിലയ്ക്കുളള നല്ല വളങ്ങളാണ്. ഇവ വെളളത്തില്‍ കലര്‍ത്തി ഒഴിക്കുന്നത് കറിവേപ്പിലയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. പുളിച്ച അര ബക്കറ്റ് കഞ്ഞിവെള്ളത്തില്‍ അരക്കിലോ കടലപ്പിണ്ണാക്ക് വാങ്ങി പുതര്‍ത്തിയതിന് ശേഷം അത് നേര്‍പ്പിച്ച് കറിവേപ്പിന്റെ താഴെ നിന്ന് ഒഴിച്ചുനല്‍കാം.

കറിവേപ്പ് കുരു മുളപ്പിയ്ക്കാം
തൈ വാങ്ങി വളര്‍ത്തുന്നതിന് പകരം കറിവേപ്പിലച്ചെടിയിലുണ്ടാകുന്ന കുരു മുളപ്പിച്ച് ചെടിയുണ്ടാക്കുന്നത് വളരെയധികം ഗുണകരമാണ്. ചെടിയുടെ വേരില്‍ നിന്നുളള സസ്യത്തെക്കാള്‍ വളര്‍ച്ച വിത്ത് മുളച്ചുണ്ടാകുന്നതിനായിരിക്കും.

ചട്ടിയില്‍ വളര്‍ത്തുമ്പോള്‍
ചട്ടിയില്‍ കറിവേപ്പില വളര്‍ത്തുമ്പോള്‍ ചെടി വലുതാകുന്നതിനനുസരിച്ച് ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് മാറ്റി നടാന്‍ ശ്രദ്ധിക്കണം.