പദവിയില്‍ ഏതാണ് വലുത് എന്ന ആശയക്കുഴപ്പത്തിന് അറുതി വരുത്തി പി.വി അന്‍വര്‍, നിലമ്പൂരിന്റെ സ്വതന്ത്ര എം.എല്‍.എ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ ഓര്‍ഡിനേറ്റര്‍ പദവി ഏറ്റെടുത്തിരിക്കുകയാണ്. ഏതുകാര്യത്തിനും തുടക്കം നല്ലതാകണമല്ലോ ?. അതുകൊണ്ട് തിങ്കളാഴ്ച നല്ല ദിവസമായി കരുതി രാജി നല്‍കി. തുടര്‍ന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തലുകളും, ഭാവി പരിപാടികളും, കോണ്‍ഗ്രസുമായുള്ള നീക്കുപോക്കുകളുടെ വിശദീകരിക്കലുകളും. തൃണമൂല്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ വളര്‍ത്തുക എന്ന ചുമതലയാണ് പി.വി.അന്‍വറിനുള്ളത്. പകരം അന്‍വര്‍ ചോദിച്ചിരിക്കുന്നത്, രാജ്യസഭാ സീറ്റും.
എം.എല്‍.എയെ മാനിക്കാത്ത പിണറായി പോലീസിനും പാര്‍ട്ടിക്കും മുമ്പില്‍ താന്‍ എം.പിയായി വന്നാല്‍, സല്യൂട്ടടിച്ചു നില്‍ക്കാനല്ലേ കഴിയൂ എന്ന ചിന്തയും, കേരളത്തിലെ ഇടതിനൊപ്പം അടിച്ചു നില്‍ക്കാന്‍ പാകത്തിനുള്ള ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയ ആയ മമതാ ബാനര്‍ജിയുടെ കൂടെ എന്ന ധൈര്യവും അന്‍വറിന്റെ വാക്കിലും പ്രവൃത്തിയിലും മുഴച്ചു നില്‍ക്കുന്നുണ്ട്. ഒന്നും കാണാതെ നിലമ്പൂര്‍ എം.എല്‍.എ നിയമസഭയിലെത്തി രാജി പ്രഖ്യാപിക്കില്ലെന്നുറപ്പാണ്. കാരണം, അന്‍വര്‍ കേരള രാഷ്ട്രീയത്തില്‍ ഒന്നുമല്ല പക്ഷെ, അന്‍വര്‍ പടയ്ക്കിറങ്ങിയ പാര്‍ട്ടിയും അതിനെ അടക്കി ഭരിക്കുന്ന പിണറായി വിജയനെന്ന രാഷ്ട്രീയക്കാരനായ മുഖ്യമന്ത്രിയും ചില്ലറക്കാരല്ലെന്നോര്‍ക്കണം.
അതുകൊണ്ടു തന്നെ ആയുധങ്ങള്‍ തേടുമ്പോള്‍ ശക്തിയും മൂര്‍ച്ചയും നോക്കി മാത്രമേ എടുക്കാനാകൂ. ഇല്ലെങ്കില്‍ പാതി വഴിയില്‍ വീണു പോകും. ഇത് മനസ്സിലാക്കിയാണ് അന്‍വറിന്റെ ഓരോ നീക്കങ്ങളും. തൃണമൂലിനെ നിലമ്പൂരിലൂടെ കേരളത്തിലെമ്പാടും വേരോടിക്കുക എന്ന ലക്ഷ്യമാണ് ഇനിയുള്ളത്. ഇടതു സ്വതന്ത്ര എം.എല്‍.എ ആയിരുന്നപ്പോള്‍ ഇടതു പക്ഷത്തിനും മുഖ്യമന്ത്രിയ്ക്കും, ഇടതുപക്ഷ അനുയായികള്‍ക്കും വേണ്ടി അഹോരാത്രം പണിയെത്തു. ശത്രുക്കളെ സംമ്പാദിച്ചതും നേരിട്ടും, അല്ലാതെയും പോരാട്ടം നടത്തിയതുമെല്ലാം സര്‍ക്കാരിനു വേണ്ടി.
തുടര്‍ന്ന് പോലീസിനെതിരേ ആരോപണം ഉന്നയിച്ച് സി.പി.എമ്മിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും യുദ്ധപ്രഖ്യാപനം നടത്തി സര്‍വ്വ തന്ത്ര സ്വതന്ത്രനായി ഇടതുപക്ഷത്തിനെതിരേ അറയും തലയും മുറുക്കിയിറങ്ങി. ഇപ്പോഴിതാ സര്‍വ്വതന്ത്ര സ്വതന്ത്രനില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോര്‍ഡിനേറ്ററാകുമ്പോള്‍ ഇടതു സ്വതന്ത്രനായിരുന്നപ്പോള്‍ പറഞ്ഞതും, സര്‍വ്വതന്ത്ര സ്വതന്ത്രനായിരുന്നപ്പോള്‍ പറഞ്ഞതുമെല്ലാം ചിലരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. ഇതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പ്രധാനി. അദ്ദേഹത്തോട് നിരുപാധികം മാപ്പു പറഞ്ഞിട്ടുണ്ട് അന്‍വര്‍.
14 വര്‍ഷത്തിന് ശേഷമാണ് ഇടതുപക്ഷവുമായുള്ള ബന്ധം വേര്‍പെടുത്തി അന്‍വര്‍ സ്വതന്ത്രനായി മാറുകയും അവിടുന്ന് ഡി.എം.കെ. രൂപീകരിക്കുകയും ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്തത്. അവിടുന്ന് ഇപ്പോള്‍ തൃണ മൂലിലേക്കും. എ.ഐ.സി.സി. അംഗവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. കെ.എസ്.യു.-എസ്. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
2014ല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായും 2019ല്‍ ഇടതു സ്വതന്ത്രനായി പൊന്നാനിയില്‍ നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിന് ശേഷമാണ് ഇടതുപക്ഷത്തേക്ക് എത്തിയത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുസ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പി.വി അന്‍വര്‍ തന്റെ രാഷ്ട്രീയ എന്‍ട്രി ശ്രദ്ധേയമാക്കിയത്. അന്ന് അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016ല്‍ നിലമ്പൂര്‍ പിടിച്ചടക്കാന്‍ അന്‍വറിനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. 2016ല്‍ നിലമ്പൂര്‍ പിടിച്ചെടുത്ത പി.വി അന്‍വര്‍ 2021ലും ഇത് ആവര്‍ത്തിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയില്‍ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് പി. ശശി പറഞ്ഞിട്ടാണെന്ന് അന്‍വറിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാണ്. രാജിക്കു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് അന്‍വര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ശശിയുടെ ചട്ടുകമായതിന് ഇപ്പോള്‍ ഖേദിക്കുന്നു. സതീശനുണ്ടായ മാനഹാനിക്ക് നിരുപാധികം മാപ്പു പറയുന്നുവെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം പി.ശശിക്കെതിരെ ആരോപണം ഉന്നയിച്ചത് സി.പി.എം നേതാക്കള്‍ പറഞ്ഞിട്ടാണെന്നും പറയുമ്പോള്‍ അന്നുണ്ടായ പൊട്ടിത്തെറികളും അതേ തുടര്‍ന്നുണ്ടായ ചര്‍ച്ചകളും ഇടതു രാഷ്ട്രീയത്തില്‍ കോലാഹലങ്ങളായി മാറിയിരുന്നു. പാര്‍ട്ടി തന്നെ ഏല്‍പിച്ച ജോലി മാത്രമാണ് സ്പീക്കറുടെ അറിവോടെ താന്‍ ചെയ്തതെന്നും അതിന്റെ പാപഭാരം താനിപ്പോഴും ചുമക്കുകയാണ്.
ഒരുപാട് പാപഭാരം ചുമന്ന ആളാണ്. പി. ശശി നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ് വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴ ആരോപണം അന്ന് സഭയില്‍ ഉന്നയിക്കേണ്ടി വന്നത്. അതും സ്പീക്കറുടെ അറിവോടെ. പിതാവിന് തുല്യം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ടതിന്റെ മാനസിക സംഘര്‍ഷത്തിലാണ് അന്ന് താന്‍ ആ വിഷയം സഭയില്‍ അവതരിപ്പിക്കാനുണ്ടായ ചേതോവികാരം. പാര്‍ട്ടി ഏല്‍പിച്ച കാര്യം മാത്രമാണ് താന്‍ ചെയ്തത്. പക്ഷേ, വിജിലന്‍സ് അന്വേഷണത്തില്‍ അതില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ശത്രുവായി അവതരിപ്പിക്കാനാണോ അന്നങ്ങനെ ഒരു പ്ലാനിങ് നടന്നതെന്ന് അറിയില്ല.
എം.എല്‍.എ സ്ഥാനം രാജിവച്ച പിവി അന്‍വര്‍ വഴിയൊരുക്കിയിരിക്കുന്നത് നിലമ്പൂര്‍ മണ്ഡലത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പാണ്. സ്വതന്ത്ര എം.എല്‍.എയായി ജയിച്ചാല്‍ പിന്നീടൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ പാടില്ല. അത് അയോഗ്യതയ്ക്ക് കാരണമാകും. അതുകൊണ്ട് കൂടിയാണ് രാജി തീരുമാനം. അന്‍വര്‍ രാജിവെച്ച പശ്ചത്തലത്തില്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ഇതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അന്‍വര്‍ മത്സരിക്കമോ എന്നതാണ് അറിയേണ്ടത്. എന്നാല്‍, മത്സരിക്കാനില്ല എന്നാണ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്. യു.ഡി.എഫിനായി കോണ്‍ഗ്രസ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയെ നിരുപാധികമായി പിന്തുണയ്ക്കുമെന്നാണ് പറയുന്നത്. എന്നാല്‍, മലയോര മേഖലയുടെ നേതാവെന്ന നിലയില്‍ വി.എസ് ജോയിയെ നിലമ്പൂരില്‍ മത്സരിപ്പിക്കണമെന്നും അന്‍വര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലമ്പൂരിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് വേണ്ടിയാണിത്. കഥയെഴുതി നടക്കുന്ന ആര്യാടന്‍ ഷൗക്കത്തിനോട് താല്‍പ്പര്യമില്ലെന്ന സൂചനകളും അന്‍വര്‍ നല്‍കി. മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ രണ്ട് തവണ അട്ടിമറി വിജയം നേടി ചരിത്രംകുറിച്ചയാളാണ് പി.വി. അന്‍വര്‍. പിണറായി സര്‍ക്കാരിനുള്ള അവസാന ആണി തറയ്ക്കലായി നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് മാറണം. പിണറായിസത്തിന് 442 ദിവസം മാത്രമേ ആയുസ്സുള്ളൂ എന്നും മുന്‍കൂട്ടികണ്ടാണ് നീക്കങ്ങള്‍. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അന്‍വറിന്റെ ഭാഷയിലെ നിരുപാധിക പിന്തുണയോടെ കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണ്ണായകമാണ്.
ഇന്ത്യയിലെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന വലിയ പ്രശ്‌നമായ വന്യജീവിആക്രമണമാണ്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനം കേരളമാണ്. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല ചെയ്യപ്പെടുകയാണ്. അതില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുമായി സഹകരിച്ച് പോകാമെങ്കില്‍ ഈ വിഷയം സംസാരിക്കാമെന്നും ഇന്ത്യാാ മുന്നണി ഈ വിഷയം ഉന്നയിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. വന്യജീവികളെ നിയന്ത്രിക്കാന്‍ പദ്ധതി തയാറാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. വന്യ ജീവി ആക്രമണത്തില്‍ മരണപ്പെട്ട ആളുടെ പേരില്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസിലാണ് അന്‍വര്‍ ജയിലില്‍ കിടന്നത്. ഇതാണ് അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വേഗത്തില്‍ അടുപ്പിച്ച സംഭവവും.
വരുന്ന 17ന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ ഇനി നാല് ദിവസം കൂടിയേയുള്ളൂ. അപ്പോഴാണ് പി.വി. അന്‍വറിന്റെ രാജി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 11ന് തന്നെ രാജി മെയില്‍ ചെയ്തിരുന്നു. എന്നാല്‍, സ്പീക്കര്‍ക്ക് നേരിട്ട് നല്‍കിയാലേ അത് രാജിയാകൂ എന്നതു കൊണ്ട് ഇന്ന് നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. അതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കലും. എം.എല്‍.എ ബോര്‍ഡ് എംടുത്തു മാറ്റിയ കാറിലാണ് അന്‍വര്‍ നിയമസഭയിലെ സ്പീക്കറുടെ ചേമ്പറിലെത്തിയത്. രാജി എന്ന തുറുപ്പു ചീട്ടിറക്കുമ്പോള്‍ അന്‍വര്‍ മനസ്സിലോര്‍ക്കുക വീണ്ടും ഇതേ നിയമസഭയില്‍ കയറാനുള്ള കരുനീക്കങ്ങള്‍ അണിയറയില്‍ ഒരുക്കിയിട്ടുണ്ടെന്നാണ്. ചിലപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണപക്ഷത്തോ, അതുമല്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യ സഭയിലോ ആയിരിക്കുമെന്നു മാത്രം.
CONTENT HIGH LIGHTS; Anwar opens the war front by gaining ‘independence’ from ‘independent’: Moves to reach Congress by taking root in Nilambur through Trinamool; Resignation, new status, apology, disclosure and by-elections set the stage for new games