നിയമസഭ എന്നാല്‍, കേരളത്തിന്റെ ചെറിയ പതിപ്പാണ്. അതായത്, നിയമസഭാ സമ്മേളനത്തില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ ജനങ്ങളെ പ്രതിനിധാകരിച്ച് എം.എല്‍.എമാര്‍ പങ്കെടുക്കുന്നു. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ കൂടി ചേര്‍ത്ത് 141 എം.എല്‍.എമാര്‍. ഇവര്‍ക്ക് അധിപനായി മുഖ്യമന്ത്രി. അദ്ദേഹത്തിനു കീഴില്‍ മന്ത്രിമാര്‍. കേരളത്തിന്റെ വികസനം സാധ്യമാക്കുന്നതിനാവശ്യമായ നിയമ നിര്‍മ്മാണം നടത്തുകയാണ് നിയമസഭയുടെ ലക്ഷ്യം. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ സ്പീക്കറുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിലാണ് കേരളത്തിലെ എല്ലാവിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതും പരിഹാരം കാണാന്‍ തീരുമാനിക്കുന്നതും.
സര്‍ക്കാരിന്റെ നടപടികളില്‍ പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന്റെ അവസരം കൂടിയാണിത്. തെറ്റുകള്‍ തിരുത്താനും, തിരുത്തിക്കാനുമുള്ള വേദി കൂടിയാണ്. അടിയന്തിര പ്രാധാന്യമുള്ള വിഷങ്ങളില്‍ തീരുമാനമെടുക്കാനും നിയമസഭാ സമ്മേളനം ഉപകരിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണവും, അതേ തുടര്‍ന്നുള്ള ചര്‍ച്ചകളും, മണ്ഡലങ്ങള്‍ക്കാവശ്യമായ വികസനത്തിനുള്ള ഫണ്ടുകള്‍ വകയിരുത്താനും, അത് ചോദിക്കാനുമുള്ള അവസരമാണ് ഇവിടെ കിട്ടുന്നത്. ചുരുക്കത്തില്‍, നിയമസഭാ സമ്മേളനം എന്നത്, കേരളത്തിന്റെ മുഴുവന്‍ ശബ്ദമാണ്.
നിയമസഭാ സമ്മേളന കാലത്ത്, അംഗങ്ങളെല്ലാം സഭയിലുണ്ടാകണമെന്നാണ് വ്യവസ്ഥ. അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കു മാത്രമേ വിട്ടു നില്‍ക്കാന്‍ പാടുള്ളൂ. അതും സ്പീക്കറുടെ അനുമതിയോടെ. എന്നാല്‍, മന്ത്രിമാരും, മുഖ്യമന്ത്രിയും നിര്‍ബന്ധമായും സഭയിലുണ്ടാകണം. ട്രഷറിബഞ്ചില്‍ മന്ത്രിമാരില്ലാതെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും, ആരോപണങ്ങള്‍ക്കും മറുപടി ആര് കൊടുക്കും. അതുകൊണ്ട് മന്ത്രിമാര്‍, വകുപ്പു തലവന്‍മാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ സഭാ സമ്മേളന കാലയളവില്‍ കേരളം വിട്ടു പോകാന്‍ പാടില്ല. എന്നുമാത്രമല്ല, നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുകയും വേണമെന്നാണ് ചട്ടം.
എന്നാല്‍, ഇത് ലംഘിക്കപ്പെട്ടിരിക്കുന്നു. അതും മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും അനുമതിയോടു കൂടിത്തന്നെയാണ് ലംഘനം നടന്നിരിക്കുന്നതെന്ന് വ്യക്തം. നിയമസഭാ സമ്മേളനം ആരംഭിക്കാന്‍ ഇനി രണ്ടു ദിവസം കൂടിയേബാക്കിയുള്ളൂ. അതിനിടയില്‍ സംസ്ഥാനത്തുണ്ടായിരിക്കുന്ന അപൂര്‍വ്വ സാഹചര്യം സഭാ സമ്മേളനത്തെ തന്നെ ചോദ്യം ചെയ്യുകയാണ്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം മാത്രം, അതായത്, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗ ദിവസം മാത്രമേ വ്യവസായ മന്ത്രി പി. രാജീവ് സഭിയലുള്ളൂ. രണ്ടാം ദിവസം അദ്ദേഹം സ്വിറ്റ്‌സര്‍ലാന്റിലേക്ക് പറക്കുകയാണ്. എട്ടു ദിവസം കഴിഞ്ഞേ മടക്കമുള്ളൂ.
ഇ മാസം 25ന് തിരിച്ചു വരുമെന്നാണറിയുന്നത്. വ്യവസായ മന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും പോകുന്നുണ്ട്. ഇവര്‍ക്ക് സ്വിറ്റ്‌സര്‍ലാന്റിലേക്കു പോകാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമസഭാ സമ്മേളത്തേക്കാള്‍ പ്രധാനപ്പെട്ട എന്തോ ഒരു കാര്യം സ്വിറ്റസര്‍ലന്റില്‍ ഉണ്ടെന്നുറപ്പാണ്. ഇല്ലെങ്കില്‍, സഭാ സമ്മേളന കാലത്ത്, അതും സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളന കാലത്ത് വിദേശ പര്യടനം നടത്താന്‍ തയ്യാറാകില്ല. കേരളത്തിലെ പ്രധാന വകുപ്പായ വ്യവസായ വകുപ്പിന്റെ മന്ത്രിയും ചീഫ് സെക്രട്ടറിയും. ഇത്രയും പ്രധാനപ്പെട്ട ദിവസത്തില്‍ മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും വിദേശ യാത്രയ്ക്ക് മുഖ്യമന്ത്രി അനുമതി കൊടുക്കാതെ പോകാനാകില്ലെന്ന് ആര്‍ക്കാണറിയാത്തത്.
മാത്രമല്ല, സ്പീക്കറും അനുമതി നല്‍കിയിട്ടുണ്ട്. നിയമസഭാ സമ്മേളത്തേക്കാള്‍ പ്രധാനപ്പെട്ടതെന്താണ് സ്വിറ്റസര്‍ലന്റില്‍ കാത്തിരിക്കുന്നതെന്നാണ് മലയാളികളുടെ ഇപ്പോഴത്തെ ചിന്ത. വ്യവസായ വകുപ്പു മന്ത്രി തന്നെ വിദേശ പര്യടനം നടത്തുമ്പോള്‍ വ്യവസായ മേഖലയിലേക്ക് പുതിയ മള്‍ട്ടിനാഷണല്‍ കമ്പനികളെ ക്ഷണിക്കാനാണോ എന്നതും സംശയമുണ്ട്. അതിന് ചീഫ്‌സെക്രട്ടറി പോകണമെന്നുണ്ടോ. വ്യവസായ വകുപ്പിന്റെ ചുമതലയുള്ള ഐ.എ.എസുകാരുണ്ടല്ലോ. അവര്‍ പോയാല്‍പ്പോരേ. ചീഫ്‌സെക്രട്ടറി തന്നെ പോകണമെങ്കില്‍ അത് വലിയ ഡീല്‍ തന്നെയാകാനേ വഴിയുള്ളൂ എന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നത്.
വിദേശ നിക്ഷേപം എത്തിക്കാനാണോ, അതോ വിദേശത്ത് നിക്ഷേപിക്കാനാണോ എന്നതാണ് പ്രധാന സംശയം. വിദേശ കുത്തക കമ്പനികളുമായി ഡീല്‍ ഉറപ്പിക്കാനും, അതുവഴിയുള്ള കമ്മിഷന്‍ പറ്റാനുമുള്ള നീക്കമാണോ എന്നും സംശയമുണ്ട്. ഏപ്രില്‍ മാസം വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദ മുരളിധരനടക്കം 8 അംഗ ഉദ്യോഗസ്ഥ സംഘമാണ് സ്വിറ്റ്‌സര്‍ലണ്ടിലേക്കുള്ള പി. രാജീവിന്റെ വിദേശയാത്ര സംഘത്തില്‍ ഇടം പിടിച്ചത്. ജനുവരി 18ന് സംഘം സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പറക്കും. ബജറ്റ് പണിപ്പുരയില്‍ കെ.എന്‍. ബാലഗോപാലിനെ സഹായിക്കേണ്ട അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകും സ്വിസ് സംഘത്തില്‍ ഇടം നേടിയിട്ടുണ്ട്.
മുന്‍ ചീഫ് സെക്രട്ടറി വി. ജോയിയും വിരമിക്കുന്നതിന് തൊട്ട് മുന്‍പ് മുഖ്യമന്ത്രിയോടൊപ്പം വിദേശയാത്ര നടത്തിയിരുന്നു. വിരമിച്ച ഉടന്‍ ജോയിക്ക് 6 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ മുഖ്യമന്ത്രി പുനര്‍ നിയമനവും നല്‍കിയിരുന്നു. ശാരദയ്ക്കും പുനര്‍ നിയമനത്തിനായി കസേര ഒരുങ്ങുന്നു എന്നാണ് സെക്രട്ടറിയേറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം. മന്ത്രിയുടെ അഭാവത്തില്‍ മന്ത്രി ഓഫിസിനെ നയിക്കേണ്ട പ്രൈവറ്റ് സെക്രട്ടറിയേയും രാജിവ് സ്വിസ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത് വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തുന്നുണ്ട്. പ്രൈവറ്റ് സെക്രട്ടറി മണിറാം ആണ് സ്വിസ് സംഘത്തില്‍ ഉള്‍പ്പെട്ടവരില്‍ പ്രധാനി.
ഇവരുടെ യാത്ര ചെലവ് അടക്കം ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി പണം അനുവദിക്കാനും നിര്‍ദ്ദേശമുണ്ട്. സാമ്പത്തിക പ്രതിസന്ധികാലത്ത് ഉദ്യോഗസ്ഥ പടയുടെ വിദേശയാത്രക്ക് എതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഒരു വശത്ത് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ നിഷേധിക്കുക, മറുവശത്ത് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ ധൂര്‍ത്തടിക്കുക എന്ന ശൈലിയാണ് സര്‍ക്കാരിന്റേത്. ഇതെല്ലാം വിദേശ പര്യടനത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെടുന്ന സംശയമാണെങ്കില്‍, നിയമസഭാ സമ്മേളനം എങ്ങനെ നടക്കുമെന്നതിലാണ് മറ്റൊരു പ്രശ്‌നം.
സമ്മേളനം ആരംഭിച്ച് അഞ്ചു ദിവസം കഴിയുന്നതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ പണി മുടക്കുകയാണ്. ഇതില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലും പങ്കെടുക്കുന്നുണ്ട്. ജനുവരി 22ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുമെങ്കിലും കേള്‍ക്കുമെന്നു തോന്നുന്നില്ല. പണിമുടക്കിന് നോട്ടിസ് നല്‍കിയ സെറ്റോ ഭാരവാഹികളെയും സിപിഐ സര്‍വീസ് സംഘടന ഭാരവാഹികളോടും പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്ന് ചീഫ് സെക്രട്ടറി നേരിട്ട് അഭ്യര്‍ത്ഥിക്കുമെന്നാണറിയുന്നത്.
സര്‍ക്കാരിന്റെ ആവശ്യം തള്ളി സംഘടനകള്‍ പണിമുടക്കില്‍ ഉറച്ച് നിന്നാല്‍ ഡയസ്നോണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പ്രഖ്യാപിക്കും. നിയമസഭ സമ്മേളനം ആരംഭിക്കുന്ന അവസരത്തില്‍ ജീവനക്കാര്‍ പണിമുടക്കിലേക്ക് പോയാല്‍ അത് സഭ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതുകൊണ്ടാണ് തിരക്കിട്ട നടപടിയിലേക്ക് സര്‍ക്കാര്‍ പോകുന്നത്. സിപിഐ സര്‍വീസ് സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. സിപിഐ നേതൃത്വത്തോട് മുഖ്യമന്ത്രി ഇക്കാര്യത്തിലുള്ള അനിഷ്ടം തുറന്ന് പറയുകയും ചെയ്തു.
പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പണിമുടക്കില്‍ ഉറച്ച് നിന്നാലും സിപിഐ സര്‍വീസ് സംഘടനകളെ പണിമുടക്കില്‍ നിന്ന് പിന്‍വലിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ജീവനക്കാരുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി പണിമുടക്കില്‍ നിന്ന് ഭരണകക്ഷി സര്‍വീസ് സംഘടനകളെ പിന്തിരിപ്പിക്കാനാണ് നീക്കം. സിപിഐ സര്‍വീസ് സംഘടനകളും പ്രതിപക്ഷ സര്‍വീസ് സംഘടനകളും ഒരേദിവസം പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നുവെന്നതാണ് ജനുവരി 22ന്റെ പ്രത്യേകത.
ക്ഷാമബത്ത (19 ശതമാനം), ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌ക്കരണം കുടിശ്ശികയാക്കിയ ആനുകൂല്യങ്ങള്‍ തിരികെ നല്‍കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, 01/07/2024 മുതല്‍ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സര്‍ക്കാര്‍ വിഹിതത്തോടെ മെഡിസെപ്പ് നടപ്പാക്കുക, പൊതു- ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, സെക്രട്ടേറിയറ്റ് സര്‍വീസ് സംരക്ഷിക്കുക, സെക്രട്ടേറിയറ്റ് ദ്രോഹ ഭരണ പരിഷ്‌ക്കാര ഉത്തരവുകള്‍ പിന്‍വലിക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
അന്താരാഷ്ട്രാ പുസ്തകോത്സവം നടന്നതിന്റെ പേരില്‍ ചോദ്യോത്തരം വെട്ടിക്കുറച്ച സ്പീക്കറുടെ നടപടിതന്നെ വിവാദത്തിലാണ്. ജീവനക്കാരുടെ അഭാവമാണ് സ്പീക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മറ്റൊരു പ്രശ്‌നം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമാണ്. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നത് സര്‍ക്കാരാണെങ്കിലും അത് വായിച്ച് നോക്കി അംഗീകാരം നല്‍കുന്നത് ഗവര്‍ണറാണ്. അദ്ദേഹം നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചോ എന്ന് ഇതുവരെ അറിവില്ല. അതില്‍ എന്തെങ്കിലും തിരുത്തലുകള്‍ വരുത്തണമെന്നോ, വായിക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങള്‍ ഉണ്ടെന്നോ അദ്ദേഹം പറഞ്ഞാല്‍ അതും സര്‍ക്കാരിന് കെണിയാകും.
പുതിയ ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗവും, നിയമസഭാ സമ്മേളനവും ആതു കൊണ്ട് അങ്ങനെയൊരു നീക്കം രാജ്ഭവനില്‍ നിന്നുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍. ഇങ്ങനെ എല്ലാം കൊണ്ടും നെഗറ്റീവ് എനര്‍ജിയിലാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. എല്ലാതലത്തിലും സര്‍ക്കാരിന് തിരിച്ചടികള്‍ മാത്രമുള്ള സഭാ സമ്മേളന കാലത്തെ വിദേശ പര്യടനത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നതോടെ കൂടുതല്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നുറപ്പാണ്.
CONTENT HIGH LIGHTS; There is something more important than the assembly session in Switzerland, what is it?: Why the industry minister’s trip to Switzerland without attending the budget session?; Chief Secretary also flies abroad?; Why such a legislative session?