Explainers

വടക്കന്‍ പാട്ടിലെ വീരയോദ്ധാവോ ? അതോ, ആധുനിക തച്ചോളി ഒതേനനോ ?: ‘പടയുടെ നടുവില്‍ പടനായകന്‍’ആയും ഫിനിക്‌സ് പക്ഷിയായും മാറി പിണറായി വിജയന്‍; KSEA ‘പാണന്‍മാര്‍’ നാളെ ‘വാഴ്ത്തുപാട്ട്’ നീട്ടി പാടും; ‘കാരണ ഭൂത’ തിരുവാതിരയുടെ പഴയ ഓര്‍മ്മയില്‍ കേരളം

വി.എസിനെ കുത്താന്‍ ഉപയോഗിച്ച പഴയ 'ഉറുദു കവിത'മറക്കരുത് സി.പി.എം അണികളേ

വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയില്ലെങ്കില്‍ വ്യക്തിയില്ല. പാര്‍ട്ടിയുടെ സംഘ ശക്തിയില്‍ അഭിമാനിക്കുകയും, പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകനാണെന്ന് ഉച്ചത്തില്‍ പറയുകയു ചെയ്തിരുന്ന ഒരുകാലം ഇന്നും ഓര്‍ക്കാനുണ്ട്. 2009 ല്‍ പിണറായി വിജയന്‍ നയിച്ച നവകേരളാ മാര്‍ച്ചിന്റെ സമാപനം. തിരുവനന്തപുരം ശംഖുംമുഖത്ത് വെച്ച് അദ്ദേഹം നടത്തിയ ഒരു പ്രസംഗം ഇവിടെ പറയേണ്ടതുണ്ട്. ആ സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദനും വേദിയിലുണ്ട്. പിണറായി-വി.എസ് വിഭാഗീയത രൂക്ഷമായിരുന്ന കാലമാണത്. അന്ന് വി.എസിന്റെ ജനകീയതയും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള വ്യക്തപൂജയും കൃത്യമായി മനസ്സിലാക്കിക്കൊണ്ടായിരുന്നു പിണറായിയുടെ പ്രസംഗം.

പ്രസംഗത്തിലെ പ്രസക്ത ഭാഗം ഇങ്ങനെ

ഈ കടലിന്റെ അലയടി നമ്മള്‍ കേള്‍ക്കുന്നുണ്ടല്ലോ, അതു സംബന്ധിച്ച് നേരത്തെ ഒരു ഉറുദു കവിത ഉണ്ടായിരുന്നു. അതില്‍, ഒരു കുട്ടി കടലുകാണാന്‍ പോയി. അപ്പോ തിരയിങ്ങനെ ആര്‍ത്തലച്ച് അടിക്കുകയാണ്. നമ്മടെ ഇതേ മട്ട് തന്നെ, നിങ്ങള്‍ ശബ്ദം കേള്‍ക്കുന്നില്ലേ.. അങ്ങനെ ആര്‍ത്തലച്ചു വരികയാണ്, അപ്പോ കുട്ടിക്ക് നല്ല ഹരമായി. അടിച്ചു വരികയല്ലേ തിര. കുട്ടി വേഗം പോയി ഒരു ബക്കറ്റെടുത്തു കൊണ്ടുവന്നു. കുറച്ചു വെള്ളം കോരി, എടുത്തു കൊണ്ടു വെച്ചു. അതിങ്ങനെ നോക്കിക്കോണ്ടു നിന്നു. അടിക്കുന്നില്ല….തിര വരുന്നില്ല. അപ്പോ കുട്ടി പറഞ്ഞു, എന്താ വെള്ളമേ നീ അടിക്കാത്തത്..നീ എന്താ തിരയാകാത്തത്…നീ എന്താ ആര്‍ത്തലച്ചു വരാത്തത് എന്നൊക്കെ പറഞ്ഞിട്ടുള്ള കുട്ടിയുടെ വിഷമമായി. പിന്നെ കുട്ടിയുടെ കരച്ചിലായി, വല്ലാത്ത പ്രയാസമായി. അപ്പോ ആ വെള്ളത്തിനൊരു ദയ തോന്നി. വെള്ളം പറഞ്ഞു, അല്ലയോ കുട്ടീ ഞാന്‍ സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ മാത്രമേ തിരയാകാന്‍ കഴിയൂ…അപ്പോഴാണ് എനിക്കു ശക്തി വരുന്നത്. അതുപോലെ എന്നോട് ചോദിച്ചവരോട് എനിക്കു പറയാനുള്ളത് ഞങ്ങളുടെയെല്ലാം ശക്തി, ഈ പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നു നില്‍ക്കുമ്പോഴാണ് എന്ന് മനസ്സിലാക്കണം. അതില്‍ നിന്ന് വേറിട്ട് ഒരു വ്യക്തിക്കും വല്ലാത്ത ശക്തിയില്ല എന്ന് തിരിച്ചറിയുന്നവരാണ് ഞങ്ങളെല്ലാവരും.’

2009ലെ ഈ കഥ പതിനഞ്ചു വര്‍ഷത്തിനിപ്പറും പ്രസക്തമാകുന്നത്, വ്യക്തി പൂജ കൊണ്ടു തന്നെയാണ്. അന്ന് പാര്‍ട്ടി അണികള്‍ നടത്തിയ വ്യക്തി പൂജയ്‌ക്കെതിരേ ഉറുദു കവിത-കഥയായി പറഞ്ഞ അതേ വ്യക്തിയയെയാണ് ഇന്ന് പാര്‍ട്ടി അണികള്‍ വ്യക്തി പൂജയ്ക്ക് പാത്രമാക്കുന്നത്. വടക്കന്‍ പാട്ടിലെ വീര യോദ്ധാവാണോ അതോ ആധുനിക കാലത്തെ തച്ചോളി ഒതേനനാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് തോന്നിപ്പോകും. അത്രമാത്രം വീര പുരുഷനാക്കിയാണ് കേരളത്തില്‍ കൂട്ട തിരുവാതിരയും, വാഴ്ത്തു പാട്ടുകളും കട്ടൗട്ടറുകളും വെയ്ക്കുന്നത്. ‘കാരണ ഭൂതന്‍’ തിരുവാതിരയായിരുന്നു സി.പി.എമ്മിന്റെ പ്രധാന ഐറ്റം. ഇതിനെ വെട്ടാന്‍ വേണ്ടിയാണ് കേരളാ സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ എന്ന അഭിനവ ‘ പാണന്‍മാര്‍’ പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനം ചിട്ടപ്പെടുത്തിയിരിക്കുകയാണ്. അതില്‍ ‘പടയുടെ നടുവില്‍ പടനായകന്‍’ ആയും ഫിനിക്‌സ് പക്ഷിയായും മാറിയിരിക്കുകയാണ് പിണറായി വിജയന്‍. സമരധീര സാരഥി പിണറായി വിജയന്‍, പടയുടെ നടുവില്‍ പടനായകന്‍’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്‌സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാണു പിണറായിയെന്നു പാട്ടില്‍ പറയുന്നു.

KSEA പാണന്‍മാരുടെ പാട്ട് ഇങ്ങനെ

‘പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ…
കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ
ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍
ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍
പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍’……ഇങ്ങനെ പോകുന്നു വരികള്‍.

നാളെ സി.പി.എം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ ഗാനം ആലപിക്കും. എത്ര മനോഹരമായ ആചാരം. ശംഖുമുഖത്ത് വെച്ച്, സ്വന്തം പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവിനെ അണികള്‍ ‘കണ്ണേ കരളേ വിസ്സേ’ എന്ന് ആര്‍ത്തു വിളിച്ചപ്പോള്‍ തോന്നിയ അതേ വികാരം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിക്കു തോന്നാത്തത് എന്താണെന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ വീണ്ടും വ്യക്തിപൂജാ വിവാദം വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയില്ലെങ്കിലും ഏതെങ്കിലും കോണില്‍ നിന്നുണ്ടായാല്‍ അത് പിണറായിസത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നുറപ്പാണ്.

എന്നാല്‍, പിണറായിയ്ക്ക് സിപിഎമ്മില്‍ വ്യക്തമായ മേധാവിത്വമുള്ളതു കൊണ്ട് ഈ പാട്ട് നടപടികളിലേക്ക് കടക്കില്ല. 3 വര്‍ഷം മുന്‍പു സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയില്‍ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചതു വിവാദമായിരുന്നു. കണ്ണൂരില്‍ പി. ജയരാജനെ വ്യക്തി പൂജാ ആരോപണത്തില്‍ ശാസിച്ച ചരിത്രവും സമീപ കാലത്ത് പാര്‍ട്ടിക്കുണ്ട്. എന്നാല്‍ പിണറായി വിജയനെ പുകഴ്ത്തിയാല്‍ യാതൊരു പ്രശ്‌നവുമില്ല. ഇതെല്ലാം നേതാക്കളില്‍ അമര്‍ഷമുണ്ട്. പക്ഷേ പ്രതികരിക്കില്ല. പ്രതികരിച്ചാല്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് എല്ലാവര്‍ക്കും പേടിയാണ്. മുഖ്യമന്ത്രി, വ്യക്തി പൂജയാലെ, ഉറുദു കവിതയിലെ കുട്ടിയുടെ ഒരു ബക്കറ്റ് വെള്ളമായി മാറിയിട്ട് കാലം കുറേയായി. മുഖ്യമന്ത്രി എന്ന അധികാരം ഉള്ളതുകൊണ്ടു മാത്രമാണ് ഇപ്പോഴും നില്‍ക്കുന്നത്. പാര്‍ട്ടിയെ തന്റെ കീഴില്‍ നിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എതിര്‍പ്പുകളെ എല്ലാം നിശുതമായി അടിച്ചമര്‍ത്തുകയും, എതിര്‍ക്കുമെന്നുറപ്പുള്ളവരെ ഒഴിവാക്കിയും മുന്നോട്ടു പോവുകയാണ്. അതില്‍ ചിലരാണ് ജി. സുധാകരനും, സുരേഷ് കുറുപ്പുമൊക്കെ.

വ്യക്തിപൂജ പാര്‍ട്ടിരീതിയല്ല, ആരും പാര്‍ട്ടിക്ക് മുകളിലുമല്ല, പാര്‍ട്ടിയാണ് വലുത്, ഏതെങ്കിലും വ്യക്തിയെ അതിനുമുകളില്‍ പ്രതിഷ്ഠിക്കാനാവില്ല എന്നൊക്കെയാണ് പാര്‍ട്ടിവേദികളില്‍ സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നത്. മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വി.എസ്. അച്യുതാനന്ദന്റെ കട്ട് ഔട്ടുകള്‍ നാടാകെ നിറഞ്ഞപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ തന്നെ ഈ വാദങ്ങള്‍ നിരത്തിയിരുന്നു. കണ്ണൂരില്‍ പി. ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള പാട്ടുകളും സാമൂഹികമാധ്യമപ്രചാരണങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഇടപെട്ടിരുന്നു. ജയരാജന് പാര്‍ട്ടിയുടെ ശാസനയും ഏറ്റുവാങ്ങേണ്ടിവന്നു. പാട്ട് പാര്‍ട്ടിക്കകത്തും പുറത്തും വിവാദമായതോടെ ജില്ലാകമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചതില്‍ ജയരാജന് പങ്കില്ലെന്നായിരുന്നു കമ്മിഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അംഗീകരിച്ച സംസ്ഥാനകമ്മിറ്റി, വ്യക്തിപ്രഭാവം ഉയര്‍ത്തുന്ന നിലയിലുള്ള പ്രചാരണം നടന്നതില്‍ ജയരാജന്‍ ജാഗ്രതകാട്ടിയില്ലെന്ന് വിലയിരുത്തിയാണ് ശാസനയിലേക്ക് കടന്നത്. കണ്ണൂര്‍ തളാപ്പില്‍ പിണറായി വിജയനെ അര്‍ജുനനായും പി. ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് ബോര്‍ഡുകള്‍ ഉയര്‍ന്നതും വിവാദമായിരുന്നു.

കഴിഞ്ഞ സമ്മേളന കാലത്ത് അഞ്ഞൂറോളം വനിതകള്‍ പാറശാലയില്‍ അവതരിപ്പിച്ച മെഗാതിരുവാതിരയില്‍ ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്’ എന്നിങ്ങനെയായിരുന്നു പാട്ട്. പിണറായിയെ സ്തുതിച്ചു ‘കേരള സിഎം’ എന്ന പേരില്‍ യുട്യൂബില്‍ കഴിഞ്ഞവര്‍ഷം ഒരു വിഡിയോ ഗാനവുമിറങ്ങിയിരുന്നു. ‘പിണറായി വിജയന്‍ നാടിന്റെ അജയന്‍’ എന്നു തുടങ്ങുന്ന പാട്ടില്‍ ‘തീയില്‍ കുരുത്തൊരു കുതിര’, ‘കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍’ എന്നെല്ലാമായിരുന്നു വിശേഷണം. മുന്‍പു വി.എസ്.അച്യുതാനന്ദനു ലഭിച്ചിരുന്ന ആരാധന, വ്യക്തിപൂജയെന്ന തരത്തില്‍ പിണറായി വിഭാഗം പാര്‍ട്ടിക്കുള്ളില്‍ ആയുധമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സെക്രട്ടറിയേറ്റിന്റെ കണ്‍റ്റോണ്‍മെന്റ് ഗേറ്റിന് സമീപം കൂറ്റന്‍ ഫ്ളക്സ് സ്ഥാപിച്ചിരുന്നു. ഇത് വിവദമായി. ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ പൊളിച്ചു മാറ്റുകയും ചെയ്തു. ഈ സിപിഎം അനുകൂല സംഘടനയും വിഭാഗീയതയുടെ പടിയിലാണ്. പ്രസിഡന്റ് പി.ഹണിയുടെ നേതൃത്വത്തിലാണു സുവര്‍ണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഹണിക്ക് എതിരാണ്. ഇത് മനസ്സിലാക്കി കൂടിയാണ് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി പാട്ട് തയ്യാറാക്കിയതെന്നും സൂചനയുണ്ട്.

CONTENT HIGH LIGHTS;The heroic warrior of the northern song? Or, the modern Tacholi Othenano?: Pinarayi Vijayan became the ‘Patanayagan in the middle of the battle’ and the phoenix; KSEA ‘Panananmar’ will sing ‘Varthupat’ tomorrow; Kerala in old memory of ‘Karana Bhoota’ Thiruvathira

Latest News