‘സര്‍ക്കാര്‍ ജോലി കിട്ടിയിട്ടു വേണം ലീവെടുക്കാന്‍’ എന്നു പറയുന്നതു പോലെയാണ് ‘ഭരണം കിട്ടിയിട്ടു വേണം കടമെടുക്കാന്‍’ എന്നായി സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ അവസ്ഥ. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ ആളോഹരി കടം ലക്ഷം ത്തിയിരിക്കുകയാണ്. സാമ്പത്തിക അച്ചടക്കം പാടെ ഉപേക്ഷിച്ച സര്‍ക്കാര്‍ പോയവഴിയേ അടിക്കുകയാണ് ചെയ്യുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. വരവിനൊത്ത ചെലവോ, ചെലവിനൊത്ത വരവോ ഇല്ലാത്ത ഭരണം, കടമെടുക്കുന്നതില്‍ മാത്രം ശുഷ്‌ക്കാന്തി കാട്ടുകയാണ്. ഇന്ന് പുതിയ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായിരിക്കുയാണ്.
അടുത്തമാസം 7ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. അതിന്റെ പണിപ്പുരയിലാണ് അദ്ദേഹവും ധനവകുപ്പും. എന്നാല്‍, കേരളത്തിന്റെ വികസന കാഴ്ചപ്പാട് എങ്ങനെ ആയിരിക്കുമെന്ന് ഓരോ മലയാളികള്‍ക്കും വ്യക്തമായി ഇപ്പോഴേ അറിയാം. കാരണം, കടം വാങ്ങി ജീവിക്കുന്നവരുടെ ബജറ്റ് കടക്കെണിയല്ലാതെ മറ്റെന്തായിരിക്കും. ബജറ്റ് അവതരിപ്പിക്കാന്‍ തന്നെ കടമെടുക്കേണ്ട സ്ഥിതിയുള്ള സംസ്ഥാനത്തിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പൊള്ളത്തരമല്ലാതെന്ത്.
ഇതാ വീണ്ടും സംസ്ഥാനം കടമെടുക്കാന്‍ പോവുകയാണ്. പുതുവര്‍ഷത്തില്‍ ഇത് രണ്ടാമത്തെ തവണത്തെ കടമെടുപ്പാണ്. സാമ്പത്തിക വര്‍ഷത്തെ അവസാനത്തേത് എന്നു പറയാനാകില്ല. മാര്‍ച്ച് 31 വരെ ഇനിയും സമയമുണ്ട് കടമെടുക്കാന്‍. കടമെടുപ്പ് പരിധിയില്‍ ഇനിയും തുക ബാക്കിയുമുണ്ട്. ഈ സുവര്‍ണ്ണാവസരം സര്‍ക്കാര്‍ ഒരിക്കാലും മിസ്സാക്കില്ലെന്നുറപ്പുമുണ്ട്. കടമെടുപ്പ് പരിധി പൂര്‍ത്തിയാകുന്നതോടെ ആളോഹരി കടം ഒന്നേകാല്‍ ലക്ഷമാകും. 21നാണ് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴിയാണ് പടപത്രം പുറപ്പെടുവിക്കാനുള്ള ലേലം നടക്കുക.
1500 കോടിയാണ് കടം എടുക്കുന്നത്. ഈ തുക കൊണ്ട് എന്തൊക്കെ ചെയ്യുമെന്ന് കണ്ടറിയണം. ഫെബ്രുവരിയില്‍ സമാധാനപരമായി ബജറ്റവതരിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരെ അടക്കി നിര്‍ത്തേണ്ടതുണ്ട്. ഈ മാസം 22ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങള്‍ കുറച്ചെങ്കിലും കൊടുക്കുക എന്നതാണ് ധനമന്ത്രിയുടെ തന്ത്രം എന്നാണ് സൂചന. ജനുവരി 14 ന് 2500 കോടി കേരളം കടം എടുത്തിരുന്നു. മാര്‍ച്ച് 31 വരെ എടുക്കാന്‍ അനുവദിച്ചിട്ടുള്ള 5510 കോടിയില്‍ നിന്നാണ് 2500 കോടി കടം എടുത്തത്.
വീണ്ടും 1500 കോടി കടം എടുക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷം ഇനി കടം എടുക്കാന്‍ അവശേഷിക്കുന്നത് 1510 കോടിയാണ്. മാര്‍ച്ച് വരെ ചെലവ് ക്രമീകരിക്കാന്‍ 17000 കോടിയുടെ വായ്പ അനുമതിക്ക് കേരളം അപേക്ഷിച്ചിരുന്നെങ്കിലും കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല. ഡിസംബര്‍ വരെ 23,000 കോടിക്കായിരുന്നു അനുമതി എങ്കിലും പല തവണ കേന്ദ്രം പുതുക്കി നല്‍കിയതോടെ 32,000 കോടി കേരളം കടമെടുത്തു. ജനുവരി 14 ന്2500 കോടി കടം എടുത്തതിന് പുറമെ ജനുവരി 21 ന് 1500 കോടിയും കടം എടുക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷം കടം എടുത്ത തുക 36,000 കോടിയായി ഉയരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ 50 ശതമാനം കേരളം വെട്ടിച്ചുരുക്കിയിരുന്നു.
ഓരോ വകുപ്പുകളും അതിനനുസരിച്ച് നേരത്തെ ഇറക്കിയ ഭരണാനുമതി ഉത്തരവുകള്‍ പുതുക്കി ഇറക്കുകയും ചെയ്തു. എന്നാല്‍, ഇത് മറികടക്കാന്‍ അതതു വകുപ്പുകള്‍ തന്നെ മാര്‍ഗം കണ്ടെത്തി. വകുപ്പുകളുടെ വരുമാനം ഉയര്‍ത്താന്‍ തങ്ങളുടെ സര്‍വീസുകളുടെ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി. 100 ശതമാനം വരെ ഫീസ് ഉയര്‍ത്തിയ വകുപ്പുകളുമുണ്ട്. അതായത് സാധാരണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട സൗജന്യ സേവനങ്ങള്‍ വരെ ഫീസ് ഈടാക്കി എന്നര്‍ത്ഥം. ഇങ്ങനെ എല്ലാം ചെയ്തിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞില്ല. ക്ഷേമ പെന്‍ഷന്‍ പോലും കൃത്യമായി കൊടുക്കാന്‍ കഴിയുന്നില്ല.
4 മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. 6400 രൂപ വീതം ഓരോ ക്ഷേമ പെന്‍ഷന്‍കാരനും ലഭിക്കാനുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അടക്കം ലഭിക്കാനുള്ള നിരവധി ആനുകൂല്യങ്ങള്‍ ആണ് തടഞ്ഞ് വച്ചിരിക്കുന്നത്. 6 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കുടിശികയാണ്. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക ആകട്ടെ ഇതുവരെ നല്‍കിയതുമില്ല. കഴിഞ്ഞ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ നാലാം ഗഡു പെന്‍ഷന്‍കാര്‍ക്കും കൊടുക്കാനുണ്ട്.
- കടംകൊണ്ട് ലക്ഷപ്രഭുവായി മലയാളികള്‍; ആളോഹരി കടം 1,14,837.4 ലക്ഷം രൂപ
കേരളത്തിന്റെ കടം എന്നാല്‍, പാവപ്പെട്ട ജനങ്ങളുടെ സൈ്വരജീവിതത്തെ എല്ലാംകൊണ്ടും കെട്ടിയിട്ടു എന്നാണ്. വിലക്കയറ്റം മുതല്‍ സാമൂഹ്യ ജീവിതത്തെ വരെ അത് ബാധിക്കും. നോക്കൂ, കേരളത്തിന്റെ ആളോഹരി കടം ഇപ്പോള്‍ ലക്ഷത്തില്‍ തട്ടിയിട്ടുണ്ടാകുമെന്നുറപ്പാണ്. ഇല്ലെങ്കില്‍ അതിനോട് അടുത്ത് എത്തിയിട്ടുണ്ടാകും. തോമസ് ഐസക് ധനമന്ത്രിയായിരിക്കുമ്പോള്‍ 2019ല്‍ വി.ടി. ബല്‍റാം നിയമസഭയില്‍ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയായി നല്‍കിയത്, 2016 മാര്‍ച്ച് 31ലെ സംസ്ഥാനത്തിന്റെ ആളോഹരി കടം 47,116.87 രൂപയാണ് എന്നാണ്. അത് മൂന്നു വര്‍ഷം കഴിഞ്ഞ് 2019ല്‍ എത്തിയപ്പോള്‍ ആളോഹരി കടം 69,690.38 രൂപയായി. ഈ മൂന്നു വര്‍ഷം കൊണ്ട് ആളോഹരി കടം വര്‍ദ്ധിച്ചത് 22,573.51 രൂപയാണ്.
അപ്പോള്‍ 2019 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ ആളോഹരി കടം എത്രയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആറു വര്‍ഷം കൊണ്ട് ആളോഹരി കടം ലക്ഷം കടന്നിട്ടുണ്ടാമെന്നുറപ്പാണ്. 2016 മുതല്‍ 2019 വരെയുള്ള മൂന്നു വര്‍ഷത്തെ ആളോഹരി കടത്തിന്റെ വര്‍ദ്ധന 22,573.51 ആണെങ്കില്‍, ആ വര്‍ദ്ധന തന്നെ 2019 മുതല്‍ 2025 വരെയുള്ള ആറു വര്‍ഷത്തില്‍ കണക്കാക്കിയാല്‍ 45,147.02 രൂപയാകും. 2019 സാമ്പത്തിക വര്‍ഷത്തിലെ ആളോഹരി കടമായ 69,690.38 നോട് ആരു വര്‍ഷത്തെ ശരാശി കൂടി കൂട്ടുമ്പോള്‍ 1,14,837.4 രൂപയാകും. മലയളിയായ ഓരോ മനുഷ്യരുടെയും അളോഹരി കടം ഏകദേശം ഇതാണ്. അതായത്, കടത്തില്‍ ലക്ഷപ്രഭുക്കളായി മാറി എന്നര്‍ത്ഥം.
- മുഖ്യമന്ത്രി പിണറായി വിജയന്‍ 2023ല്‍ പറഞ്ഞത്
20 വര്‍ഷംകൊണ്ടു കേരളത്തിന്റെ കടം 13 ഇരട്ടിയായെന്നാണു പ്രചാരണമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 20 വര്‍ഷം മുന്‍പ് 63,000 കോടി രൂപായിരുന്ന സംസ്ഥാന ആഭ്യന്തര വരുമാനം ഇന്നു 10 ലക്ഷം കോടി രൂപയിലധികമായിരിക്കുന്നു. 16 ഇരട്ടി വര്‍ധനവുണ്ടായി. 20 വര്‍ഷം മുന്‍പ് 9,973 കോടി രൂപയായിരുന്നു റവന്യൂ വരുമാനം. ഇന്ന് അത് 1,35,000 കോടി രൂപയോളമായി. 14 ഇരട്ടി വര്‍ധനവ്. 20 വര്‍ഷം മുന്‍പ് ആളോഹരി വരുമാനം 19,463 രൂപയായിരുന്നു. ഇപ്പോള്‍ അത് 2,30,000 രൂപയോളം എത്തി നില്‍ക്കുന്നു. ഏകദേശം 12 ഇരട്ടിയോളം വര്‍ധനവ് ഇതിലുമുണ്ട്.
കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ 77 ശതമാനം ഉയര്‍ന്നതാണ്. കടത്തെക്കുറിച്ചു പറയുന്നവര്‍ ഈ വരുമാന വര്‍ധനവിനെക്കുറിച്ചുകൂടി പറയണമെന്നു മുഖ്യമന്ത്രി. ജി.എസ്.ടി. നിലവില്‍ വന്ന് ആറു വര്‍ഷമായിട്ടും സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കേന്ദ്ര ധനസഹായംകൊണ്ടാണു കേരളം പിടിച്ചുനില്‍ക്കുന്നതെന്ന കുപ്രചരണവും നടക്കുന്നുണ്ട്. ഇവിടെയും കണക്കുകള്‍ പരിശോധിച്ചാല്‍ പൊള്ളത്തരം വ്യക്തമാകും. രാജ്യത്തെ സംസ്ഥാനങ്ങളുടെ ശരാശരി റവന്യൂ വരുമാനത്തിന്റെ 45 ശതമാനം കേന്ദ്ര വിഹിതമാണ്.
കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 36 ശതമാനം മാത്രമാണു കേന്ദ്ര വിഹിതം. ചില സംസ്ഥാനങ്ങള്‍ക്ക് ഇത് 75 ശതമാനംവരെ ലഭിക്കുന്നുണ്ട്. പത്താം ധനകമ്മിഷന്റെ സമയത്ത് കേരളത്തിന്റെ നികുതി വിഹിതം 3.88 ശതമാനമായിരുന്നു. അത് 15ാ0 ധനകമ്മിഷന്‍ 1.92 ശതമാനമായി കുറച്ചു. ഇതര സ്രോതസുകളില്‍നിന്നു കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തെക്കുറിച്ചു ചില സ്ഥാപിത താത്പര്യക്കാര്‍ പ്രചരിപ്പിക്കുന്നതു കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമാണെന്നതാണ്. അതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുണ്ട്. 1,34,097 കോടി രൂപ റവന്യൂ വരുമാനത്തില്‍ 85,867 കോടി രൂപയും സംസ്ഥാനത്തിന്റെ തനതു വരുമാനമാണ്.
അതായത് ഏകദേശം 64 ശതമാനത്തോളമാണു നികുതി പിരിവിലൂടെ കേരളം കണ്ടെത്തുന്നത്. ദേശീയ ശരാശരി 55 ശതമാനമാണെന്നത് ഓര്‍ക്കണം. ഇത് സംസ്ഥാന ജിഡിപിയുടെ ഏഴു ശതമാനത്തോളമാണ്. ദേശീയ ശരാശരി 6.7 ശതമാനമാണ്. കേരളം കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമാണെന്ന പ്രചാരണത്തില്‍ വസ്തുതയുടെ പിന്‍ബലമില്ലെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണു ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടന നടപ്പാക്കുന്നത്.
- കടം പെരുകിയ വഴികള്‍
ഇനി രണ്ടു മുദ്രാവാക്യങ്ങള്‍ കൂടി വായിക്കണം ‘ LDF വരും, എല്ലാം ശരിയാകും’, ‘ഉറപ്പാണ് LDF’. ഈ രണ്ടു മുദ്രാവാക്യങ്ങളുമായി എത്തിയ ഇടതു ഭരണം എംവിടെ നില്‍ക്കുന്നു എന്നതു കൂടി ചര്‍ച്ച ചെയ്യണം. കടമെടുക്കുമ്പോഴും വിജകസനത്തിന്റെ കാര്യത്തില്‍ പിന്നോട്ടു പോകുന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. ഏതൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഒരു സംസ്ഥാനത്തിനു ചെയ്യേണ്ട സ്വാഭാവിക വികസന പ്രക്രിയകളുണ്ട്. അത് ഈ സര്‍ക്കാരും തുടര്‍ന്നു പോകുന്നുണ്ട്. സര്‍ക്കാരുകള്‍ തുടര്‍ച്ചകളായതു കൊണ്ടു തന്നെ അത് ചെയ്‌തേ മതിയാകൂ.
എന്താണ് പുതിയതായി കൊണ്ടുവന്നത്, അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാണോ, ജീവിത ചെലവ് കുറഞ്ഞോ ഇതൊക്കെയാണ് നോക്കുന്നത്. അതുണ്ടായിട്ടില്ല, എന്നു മാത്രമല്ല, ലൈറ്റ്‌മെട്രോയുടെ പേരില്‍ കളഞ്ഞത് കോടികളാണെന്ന് കാണാം. സമാന രീതിയില്‍ കെ. റെയില്‍ തൊട്ട് ആരംഭിക്കാന്‍ കോടികള്‍ ചെലവഴിച്ചിട്ട് ഉപേക്ഷിക്കപ്പെട്ട എത്രയോ പദ്ധതികള്‍. പ്രളയത്തിന്റെ പേരില്‍ തുടങ്ങിയ പദ്ധതികളുടെ പൂര്‍ത്തികരണം നടക്കാത്ത അവസ്ഥയും ഇതിന്റെ ഭാഗമാണ്. ഇതെല്ലാം പാതി വഴിയിലോ നിര്‍മ്മാണ ഘട്ടങ്ങളിലോ സര്‍ക്കാര്‍ നടത്തിയ ധൂര്‍ത്തുകള്‍ ചില്ലറയല്ല.
വിവാദങ്ങള്‍ ഉണ്ടാക്കുന്ന സ്വര്‍ണ്ണക്കടത്തും, ലൈഫ്മിഷന്‍ അഴിമതിയുമെല്ലാം പ്രതിപക്ഷം നിയമസഭയിലും പുറത്തും ചര്‍ച്ചയാക്കി. കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനങ്ങളില്‍ പലതും നടപ്പാകാത്ത പദ്ധതികളായി മാറിക്കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയെ പിന്നോട്ടടിച്ചു. നിപ്പയും, ഓഖിയും, പ്രളയങ്ങളും, കോവിഡും, ഉരുള്‍ പൊട്ടലുമെല്ലാം സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇതിനെല്ലാം പരിഹാരം കാണാന്‍ വരുന്ന ബജറ്റിനാകുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അതിനുള്ള പൊടിക്കൈകളാണ് കടമെടുപ്പിലൂടെ ധനമന്ത്രി ലക്ഷ്യമിടുന്നതും.
CONTENT HIGH LIGHTS;De borrows again, people lose with this government: Will Kerala die of debt?; Is it time to borrow to present the state budget?; How much is the per capita debt of Malayali? Don’t you know? (Exclusive)