പാചകം ചെയ്യാൻ അത്യാവശ്യമായ സാധനങ്ങൾ വീട്ടിൽ തന്നെ കൃഷി ചെയ്യുന്ന രീതിയുണ്ട്. അതുതന്നെയാണ് ആരോഗ്യത്തിനും നല്ലത്. മലയാളികളുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഇഞ്ചി. മിക്ക ഭക്ഷണങ്ങളിലും രുചി കൂട്ടാനായി ഒരു കഷ്ണം ഇഞ്ചി അരിഞ്ഞിടുന്നവർ ധാരാളമാണ്. അത്രയേറെ ആരോഗ്യഗുണങ്ങളും ഇഞ്ചിക്കുണ്ട്. വീട്ടിൽ തന്നെ ഇഞ്ചി എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം.
കറി ഇഞ്ചി വിത്തുകൾ ഉപയോഗിച്ചുകൊണ്ട് ഏതുസമയത്തും നമുക്ക് ഇഞ്ചി കൃഷി ചെയ്യാവുന്നതാണ്. കൃഷിക്കായി ഇഞ്ചി വിത്ത് തിരഞ്ഞെടുക്കുമ്പോൾ വണ്ണം കുറഞ്ഞ നല്ല മൂത്ത ഇഞ്ചി നോക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇഞ്ചി ഒരു പാത്രത്തിൽ ഇട്ടതിനുശേഷം വീടിന്റെ ഏതെങ്കിലും മൂലയ്ക്ക് വെയില് കൊള്ളാതെ മാറ്റി വയ്ക്കുകയാണെങ്കിൽ രണ്ടാഴ്ചകൊണ്ട് മുളച്ചു വരുന്നതായി കാണാം. കൂടാതെ അടുപ്പിൻ ചുവട്ടിൽ ആയി വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് മുളച്ചു വരുന്നതായി കാണാം.
ഗ്രോ ബാഗിൽ മണ്ണും ജൈവവളവും നിറച്ചു വിത്തുപാകിയാണ് കൃഷി ചെയ്യുന്നത്. നല്ല നീർവാഴ്ചയുള്ള മണ്ണാണ് ആവശ്യം. ഒരു ബാഗിൽ രണ്ടു വിത്തുകളാണ് നടുന്നത്. തടങ്ങൾ തമ്മിൽ ഏകദേശം ഒരടി അകലം പാലിക്കുക. വിത്തിഞ്ചി തടങ്ങളിൽ 25 സെന്റീമീറ്റർ അകലത്തിൽ കുഴികളെടുത്ത് അതിൽ 5 സെന്റീമീറ്റർ താഴ്ചയിൽ നടുക. ഇഞ്ചിയുടെ ചുവട്ടിലെ പുതയിടൽ വളരെ പ്രധാനമാണ്. ഇടയ്ക്കിടെ കളകൾ നീക്കം ചെയ്യുക. വളപ്രയോഗം ആവശ്യമായ സമയത്ത് നടത്തുക. ഗ്രോബാഗിൽ കൃഷിചെയ്യുന്ന ഇഞ്ചി ആറുമാസംകൊണ്ടു വിളവെടുക്കാൻ സാധിക്കും. ഒരു ഗ്രോബാഗിൽ നിന്ന് അഞ്ചുമുതൽ പത്തുകിലോ വരെ വിളവു ലഭിക്കും.