വീട്ടിൽ വളർത്താൻ പുതിയ ചെടികൾ വാങ്ങുമ്പോൾ അതിന്റെ ഭംഗി, വലിപ്പം, നിറം, മണം എന്നിവയാവും പ്രധാനമായും കണക്കിലെടുക്കുന്നത്. ചിലരാവട്ടെ ഇഷ്ടപ്പെട്ട ചെടികളുടെ പലതരം വെറൈറ്റികൾകൊണ്ട് വീടും മുറ്റവും നിറയ്ക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന ചെടികളിൽ ചിലതിനെങ്കിലും നമ്മൾ അറിയാത്ത ദോഷവശങ്ങളുണ്ടാകും. അത്തരം ചില ചെടികൾ ഏതൊക്കെയാണെന്ന് നോക്കാം.
ഇംഗ്ലീഷ് ഐവി
ആകർഷകമായ ഇലകളുമായി ചെടി പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ഇംഗ്ലീഷ് ഐവി, ഹാങ്ങിങ് ഇനത്തിൽപ്പെട്ട ചെടിയാണ്. കാർബൺഡയോക്സൈഡ് വലിച്ചെടുത്ത് ചുറ്റുമുള്ള വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. എന്നാൽ ഈ ചെടി മനുഷ്യർക്കും മൃഗങ്ങൾക്കും ചില പാർശ്വഫലങ്ങൾ ഉണ്ടാക്കാനിടയുണ്ട്. ത്വക്കിന് അലർജി ഉണ്ടാക്കാനുള്ള സാധ്യതയാണ് ഇതിൽ പ്രധാനം. ഇതിനുപുറമേ ഈ ചെടിയുടെ ഏതെങ്കിലും ഭാഗം അറിയാതെ വായിലെത്തിയാൽ നേരിയ വിഷബാധയേൽക്കാനും സാധ്യതയുണ്ട്.
ഫിലോഡെൻഡ്രോൺ
ചേമ്പിനത്തിൽ പെടുന്ന ഫിലോഡെൻഡ്രോൺ ഇൻഡോർ പ്ലാന്റ് ഇനങ്ങളിൽ ഡിമാൻഡുള്ള ഒന്നാണ്. വ്യത്യസ്ത ആകൃതിയിലുള്ള ഇലകളാണ് ഇതിന്റെ ഭംഗി. എന്നാൽ മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷകരമായ കാൽസ്യം ഓക്‌സലേറ്റ് ക്രിസ്റ്റലുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഏതെങ്കിലും വിധത്തിൽ ഉള്ളിൽ ചെന്നാൽ വായ, ദഹന നാളം എന്നിവയിൽ ചൊറിച്ചിൽ, വീക്കം എന്നിവ ഉണ്ടാകാം. വളർത്തുമൃഗങ്ങൾ ഇത് ഭക്ഷിച്ചാൽ വേദന മുതൽ അപസ്മാരം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അമരാന്തസ്
ഭംഗികൊണ്ട് ആരെയും ആകർഷിക്കുന്നവയാണ് ചീരച്ചെടി എന്ന് പൊതുവേ അറിയപ്പെടുന്ന അമരാന്തസ്. എന്നാൽ അമരാന്തസിന്റെ പൂമ്പൊടിയാണ് വില്ലൻ. അധികമായി പൂമ്പൊടി ഉണ്ടാവുന്നതിനാൽ അലർജികൾ ഉള്ളവർക്ക് ഈ ചെടിയുടെ സാന്നിധ്യം അപകടകരമാണ്. പ്രത്യേകിച്ച് വരണ്ട കാലാവസ്ഥയുള്ള സമയത്ത് ഈ ചെടികൾ കൂടുതലായി അലർജിക്ക് കാരണമാകാം.
ലില്ലി ചെടികൾ
പൊതുവേ വീടുകളിൽ വളർത്തുന്നവയാണ് ലില്ലി ചെടികൾ. എന്നാൽ ചില ഇനങ്ങൾ നിങ്ങളുടെ വളർത്തുപൂച്ചകൾക്ക് ദോഷകരമായേക്കാം. ഇവയുടെ ഇല മുതൽ പൂക്കൾ വരെ പൂച്ചകൾക്ക് വിഷബാധയേൽക്കാൻ കാരണമാകാം. കാല്ല ലില്ലി, ഈസ്റ്റർ ലില്ലി, റൂബ്രം ലില്ലി, ടൈഗർ ലില്ലി, ഡേ ലില്ലി, ഏഷ്യൻ ലില്ലി എന്നിവയാണ് ശ്രദ്ധിക്കേണ്ട ഇനങ്ങൾ. ഇവയിൽ നിന്നും വിഷബാധയേറ്റാൽ ഛർദ്ദി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളാകും പൂച്ചകൾ പ്രകടിപ്പിക്കുക. അതിനാൽ വളർത്തുപൂച്ചകളുള്ള വീടുകളിൽ ഈ ചെടികൾ ഒഴിവാക്കുന്നതാണ് നല്ലത്.