ഒളിവിലും മറവിലും നിരന്തരമായ സമരങ്ങളിലൂടെ കയറിവന്ന മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോള്‍ സമരങ്ങളെന്നു കേട്ടാലേ അലര്‍ജിയാണ്. സമരങ്ങള്‍ക്കെതിരേ എന്തു നടപടി എടുക്കണമെന്നതില്‍ റിസര്‍ച്ച് നടത്തുകയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രധാന ജോലി. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ച തന്നെ സമരങ്ങളിലും പ്രതിഷേധങ്ങളിലും ഊന്നിയുള്ളതാണെന്ന് മറന്നുപോയ നേതാക്കളും ഭരണാധികാരികളെയും പോലെ തോന്നിപ്പിക്കുന്നതാണ് നാളെ നടക്കുന്ന സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമരത്തിനെതിരേ ഡയസ്‌നോണ്‍ പ്രഖ്യാപനം.
ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്തുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അനധികൃതമായി ജോലിക്കു ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കും. പണിമുടക്കു ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറവു ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് (ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പെടെ) അടിയന്തര സാഹചര്യങ്ങളിലൊഴികെ 2025 ജനുവരി 22ന് യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
ജീവനക്കാരനോ അടുത്ത ബന്ധുക്കള്‍ക്കോ അസുഖം ബാധിച്ചാല്‍ (അടുത്ത ബന്ധുക്കള്‍ എന്നാല്‍ ജീവനക്കാരന്റെ ഭാര്യ/ഭര്‍ത്താവ്/മക്കള്‍/മാതാപിതാക്കള്‍), ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിന്, ജീവനക്കാരിയുടെ പ്രസവാവശ്യത്തിന്, സമാനമായ മറ്റ് ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങള്‍ എന്നീ സാഹചര്യങ്ങളിലൊഴികെ അവധി അനുവദിക്കാന്‍ പാടില്ല. ചികിത്സാ ആവശ്യത്തിനുള്ള അവധിക്ക് അപേക്ഷിക്കുന്നവര്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ നിന്നും ഒപ്പും സീലും പതിപ്പിച്ച നിര്‍ദ്ദിഷ്ട മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വകുപ്പ് അദ്ധ്യക്ഷന്‍മാരുടെയോ, അവധി അനുവദിക്കാന്‍ നിയുക്തരാക്കപ്പെട്ട ഉദ്യോഗസ്ഥരുടെയോ മുന്‍പാകെ ഹാജരാക്കണം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുതയില്‍ സംശയം തോന്നുകയാണെങ്കില്‍ അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് മുന്‍പാകെ ഹാജരാകാന്‍ അപേക്ഷകന്/അപേക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. അവധിക്കുള്ള കാരണം എന്തുതന്നെയായാലും, അവധി സമരത്തില്‍ പങ്കെടുക്കാനാണെന്ന ഉത്തമവിശ്വാസമുണ്ടെങ്കില്‍, അവധി അനുവദിക്കാനുള്ള അധികാരസ്ഥാനത്തിന് അത്തരം അപേക്ഷകള്‍ നിരസിക്കാം. ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന അവധി അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കണം. ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാതെ സൂക്ഷിക്കാന്‍ പാടില്ല.
ഓരോ ഓഫീസ് മേധാവിയും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരില്‍ അവധി അനുവദിച്ചവരുടെ വിശദാംശങ്ങളും ആവശ്യമെങ്കില്‍ അവധി അനുവദിച്ചതിനുള്ള ന്യായീകരണവും വകുപ്പ് മേധാവിയെ അറിയിക്കണം. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്കു ദിവസം അനുമതി ഇല്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യും. പണിമുടക്ക് ദിവസം രാവിലെ 11.30ന് മുമ്പായി വകുപ്പ് മേധാവിമാര്‍ അവരവരുടെ കീഴിലുള്ള മുഴുവന്‍ ഓഫീസുകളിലെയും ആകെ ജീവനക്കാരുടെ എണ്ണം, ഹാജരായ ജീവനക്കാരുടെ എണ്ണം,
അനധികൃതമായി ഹാജരാകാത്ത ജീവനക്കാരുടെ എണ്ണം, അവധി അനുവദിച്ചിട്ടുള്ള ജീവനക്കാരുടെ എണ്ണം, അവധിക്കപേക്ഷിച്ച ജീവനക്കാരുടെ എണ്ണം എന്നിവ ക്രോഡീകരിച്ച് പൊതുഭരണ വകുപ്പിനെ അറിയിക്കണം. ജില്ലാ കളക്ടര്‍മാര്‍ പണിമുടക്ക് ദിവസം രാവിലെ 11.30 ന് മുമ്പായി അവരവരുടെ ഓഫിസുകളിലെയും ജില്ലയിലെ പ്രധാന ഓഫീസുകളുടെയും പൊതുസ്ഥിതി സംബന്ധിച്ച ക്രോഡീകരിച്ച റിപ്പോര്‍ട്ട് പൊതുഭരണ വകുപ്പിനെ അറിയിക്കണം. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഹാജര്‍നില അതത് വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി/സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി എന്നിവര്‍ (വകുപ്പു തലത്തില്‍ ക്രോഡീകരിച്ച്) പൊതുഭരണ വകുപ്പിനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
അവകാശങ്ങള്‍ നേടിയെടുക്കാന്‍, നേടിയെടുത്തവ സംരക്ഷിക്കാന്‍..അതിനാണതിനാണീ സമരം എന്ന് മുദ്രാവാക്യം വിളിച്ച് കേരളത്തിന്റെ തെരുവുകളില്‍ അശാന്തി പരത്തി സര്‍ക്കാര്‍ മുതല്‍ നശിപ്പിച്ച് സമര കോലാഹലങ്ങള്‍ നടത്തിയവര്‍ അധികാര കസേരയില്‍ അമര്‍ന്നിരുന്നപ്പോള്‍ സമരത്തെ പുച്ഛിക്കുന്നു. ഇതില്‍ വിരോേധാഭാസം എന്തെന്നാല്‍, സര്‍ക്കാരിലെ നാല് മന്ത്രിമാര്‍ ഉള്ള സി.പി.ഐയുടെ ജോയിന്റ് കൗണ്‍സിലും സമരത്തിലുണ്ട് എന്നതാണ്. വലതുപക്ഷ കമ്യൂണിസ്റ്റ് എന്നാണ് പണ്ടു മുതലേ സി.പി.ഐയെ സി.പി.എം വിളിക്കുന്നത്. കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്ക് മുഖ്യമന്ത്രിമാരുണ്ടായിരുന്നു. എന്നാല്‍, സി.പി.എമ്മിനൊപ്പം വന്നശേഷം നാല് വകുപ്പുകളില്‍ കെട്ടിയിട്ടു.
സി.പി.എമ്മിന്റെ രാഷ്ട്രീയ നയം സി.പി.ഐയ്ക്ക് ബോധ്യമാണെങ്കിലും പ്രവൃത്തികളൊന്നും യോജിക്കാനാവുന്നതല്ല. തൊഴിലാളി വര്‍ഗ പാര്‍ട്ടിക്കു ചേര്‍ന്ന ഭരണമാണ് കേരളത്തില്‍ ഉള്ളതെന്ന് സി.പി.ഐയ്ക്കും പൂര്‍ണ്ണ അഭിപ്രായമില്ല. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നതു കൊണ്ട് കയ്പ്പുള്ളതു പോലും ഇറക്കാനേ കഴിയുന്നുള്ളൂ എന്നതാണ് വസ്തുത. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങിയതെന്ന് സര്‍ക്കാര്‍ ചിന്തിച്ചിട്ടുണ്ടോ.
പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത /ശമ്പള പരിഷ്‌ക്കരണ കുടിശ്ശികകള്‍ പൂര്‍ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുക. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നിവയാണ് അവരുടെ ആവശ്യങ്ങള്‍. ഇതെല്ലാം സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് നടപ്പാക്കാനാകാതെ പോയവയുമാണ്. ക്ഷേമ പെന്‍ഷന്‍ പോലും ഇനിയും കൊടുക്കാനുണ്ട് മൂന്നു ഗഡു. ഇന്നലെയാണ് ക്ഷേമപെന്‍ഷന്റെ കുടിശിക ഒരു ഗഡു നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന ബോധ്യം അവര്‍ക്കുണ്ട്.
കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരും പണി മുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ ജീവനക്കാര്‍ സത്യഗ്രഹം ഇരിക്കുകയാണ്. ഇങ്ങനെ സമസ്ത മേഖലയിലും അസ്വസ്ഥതകള്‍ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. വരാനിരിക്കുന്ന ബജറ്റ് പ്രസംഗത്തില്‍ എന്തായിരിക്കും കരുതി വെച്ചിരിക്കുകയെന്ന് ഉറപ്പില്ലാത്ത സ്ഥിതി. ശമ്പളക്കമ്മിഷനെ നിയോഗിക്കുമെന്ന് ധനമന്ത്രി സൂചനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്. കാരണം, നിയമ വ്യവസ്ഥയിലെ ജഡ്ജിമാര്‍ക്ക് അവരുടെ ഡി.എ പണമായി കൊടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശിക ഇട്ടിരിക്കുകയാണ്. അത് കൈയ്യില്‍ കൊടുക്കാതെ നിര്‍ത്തിയിരിക്കുകയാണ്.
ഇതു തന്നെ പ്രത്യക്ഷമായ വേര്‍തിരിവിനെ കാണിക്കുന്നുണ്ട്. സമാനമായ നിരവധി പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ പുകയുകയാണ്. രാഷ്ട്രീയപരമായി ചേര്‍ന്നു നില്‍ക്കുന്നതു കൊണ്ടാണ് സി.പി.എമ്മിന്റെ ജീവനക്കാരുടെ സംഘഠനകള്‍ സമരം ചെയ്യാന്‍ ഇറങ്ങാത്തത്. എന്നാല്‍, നാളത്തെ സമരത്തോട് അഴര്‍ മാനസികമായി ഒപ്പം നില്‍ക്കുന്നുണ്ട്. 2016 ഏപ്രില്‍ മുതല്‍ ഒരു ആനുകൂല്യങ്ങളും കൊടുക്കാത്ത സര്‍ക്കാര്‍ രാജിവെച്ച് പുറത്തുപോകുക എന്നാണ് സോഷ്യല്‍ മീഡിയയിലെ ജീവനക്കാരുടെ പ്രതികരണം. മറ്റൊരു പ്രതികരണം ഇങ്ങനെയാണ്. 2002ല്‍ 32ദിവസത്തെ സമരം നടത്തിയത് ആന്റണി സര്‍ക്കാര്‍ സാമ്പത്തിക പ്രശ്‌നം പറഞ്ഞു ലീവ് സറണ്ടര്‍ തല്കാലത്തേക്ക് മരവിപ്പിച്ചു നിര്‍ത്തിയതിന്ആണ്.
അന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാ സംഘടനകളും ചേര്‍ന്ന് സമരം നടത്തിയിരുന്നു. പ്രൊബേഷന്‍ പോലും ഡിക്ലര്‍ ചെയ്യാത്ത ഞാനും NGO യൂണിയന്റെ ഭാഗമായി 32 ദിവസത്തെ ശമ്പളം കളഞ്ഞു സമരത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ഇത്രയും അനുകൂല്യങ്ങള്‍ കവര്‍ന്നെ ടുത്തിട്ടും വായില്‍ പഴം തിരുകി ഇരിക്കുന്നത് സംഘടനകളോട് ഉള്ള മതിപ്പ് ഇല്ലാതായിരിക്കുന്നു. ഏത് സംഘടന ആയാലും ജീവനക്കാര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നവര്‍ ആയിരിക്കണം, അല്ലാതെ വാലാട്ടി പട്ടികള്‍ ആകരുത് എന്നാണ്. അതേസമയം, സി.പി.എം അനുകൂല സംഘടനകള്‍ സമരത്തിനെ തള്ളിക്കളയണമെന്ന ആവശ്യം മുന്നോട്ടു വെച്ചട്ടുണ്ട്.
- രാഷ്ട്രീയ പ്രേരിത പണിമുടക്ക് തള്ളിക്കളയുക
ജീവനക്കാരുടെ അവകാശാനുകൂല്യങ്ങള്‍ അനുവദിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും സാമ്പത്തിക ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം സംഘടനകള്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ പ്രേരിത പണിമുടക്ക് തള്ളിക്കളയണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച സാമ്പത്തിക ഉപരോധം കേരളത്തെ കടുത്ത ധനപ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് അര്‍ഹമായ നികുതി വിഹിതവും ഗ്രാന്റുറുകളും അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതം തടഞ്ഞുവച്ചും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ക്ഷേമപദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്താനും പ്രതിമാസശമ്പള വിതരണം പോലും അസാധ്യമാക്കാനുമാണ് ശ്രമിക്കുന്നത്. ഇതിനെയെല്ലാം നേരിട്ടാണ് കേരളം മുന്നോട്ടുപോകുന്നത്. പല സംസ്ഥാനങ്ങളും സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സിവില്‍ സര്‍വീസിനെ വന്‍തോതില്‍ കരാര്‍വല്‍ക്കരിക്കുമ്പോള്‍ കേരളം മാത്രമാണ് ഒഴിവുള്ള തസ്തികകള്‍ പൂര്‍ണ്ണമായി നികത്തിയും പുതിയ തസ്തികകള്‍ സൃഷ്ടിച്ചും സിവില്‍ സര്‍വീസിന് സംരക്ഷണ കവചം ഒരുക്കുന്നത്. ക്ഷാമബത്ത, ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ കാര്യത്തിലും പന്ത്രണ്ടാം ശമ്പളപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുന്നതിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും
പണിമുടക്കുമായി മുന്നോട്ടുപോകുന്നത് കേരളത്തെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വെള്ളപൂശാനും സിവില്‍ സര്‍വീസിനെ സംരക്ഷിക്കുന്ന ബദല്‍ നയങ്ങളെ തകര്‍ക്കാനും മാത്രമേ സഹായകമാകൂ. ആയതിനാല്‍ ഒരു വിഭാഗം സംഘടനകള്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയപ്രേരിത പണിമുടക്ക് തള്ളിക്കളയണമെന്ന് മുഴുവന്‍ ജീവനക്കാരോടും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് ചെയര്‍പേഴ്സണ്‍ കെ ബദറുന്നിസയും ജനറല്‍ കണ്‍വീനര്‍ എം എ അജിത് കുമാറും അഭ്യര്‍ത്ഥിച്ചു.
പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാരോട് കാട്ടുന്നത് നീതിയുക്തമല്ലാത്ത നടപടികളാണെന്നു തന്നെയാണ് വ്യക്തമാകുന്നത്. കാരണം, സി.പി.ഐയുടെ ജോയിന്റ് കൗണ്‍സിലും ഈ സമരത്തില്‍ ഉള്ളതുകൊണ്ട് അതിനെ അങ്ങനെ തന്നെ കാണണം.
CONTENT HIGH LIGHTS; Struggle for rights?: We must buy what we give, this is the government of the working class party; Strike of staff and teachers tomorrow; Immediate action against the strike