സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യപ്രശ്‌നങ്ങളില്‍ പൊട്ടിത്തെറിച്ചും പടവെട്ടിയും ചൂടായി ആരംഭിച്ച നിയമസഭാ സമ്മേളനം. ചോദ്യോത്തരവേള സഭ ആരംഭിക്കും മുമ്പേ റദ്ദാക്കിയതിനാല്‍ ശ്രദ്ധക്ഷണിക്കലും ഉപക്ഷേപങ്ങളും കഴിഞ്ഞ്, ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലസുള്ള നന്ദി പ്രമേയ ചര്‍ച്ച ആരംഭിച്ചു. 20 പേരാണ് ചര്‍ച്ചയ്ക്കുള്ളത്. ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പുവില്‍ തുടങ്ങി ഇരുപതാമനായി പൊന്നാനി എം.എല്‍.എ പി. നന്ദകുമാറും. ഇരുപതു പേരില്‍ ആകെ ഒരു വനിതാ അംഗം മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അത് കേരളത്തിന്റെ പാട്ടുകാരി കൂടിയായ ദലീമയാണ്. അരൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുമാണ് ദലീമ ജോജോ നിയമസഭയില്‍ എത്തിയത്. ചര്‍ച്ചയില്‍ 9-ാമത്തെ അവസരമായിരുന്നു അവര്‍ക്ക്. എട്ടു മിനിട്ടാണ് സമയം അനുവദിച്ചത്. ചെയറില്‍ അപ്പോള്‍ സ്പീക്കര്‍ പാനലില്‍ നിന്നുള്ള പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സീന്‍ ആയിരുന്നു.
പ്രസംഗിക്കാന്‍ എഴുന്നേറ്റ അംഗം ദലീമ ആദ്യം ഗവര്‍ണറുടെ നയപ്രഖ്യാപനത്തെ പൂര്‍ണ്ണമായി പിന്താങ്ങുകയും, രണ്ടാം പിണറായി സര്‍ക്കാര്‍ നാടിന്റെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ച ഉറഖപ്പാക്കിക്കൊണ്ടുള്ള വികസ ക്ഷേമ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കൃത്യമായ സാമ്പത്തികാസൂത്രണത്തിലൂടെ, ജനകീയനയങ്ങളിലൂടെയും പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള അടിയുറച്ച വിശ്വാസം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിക്കൊണ്ടാണ് ഭരണം തുടര്‍ന്നു വന്നത്. 1970ല്‍ തുറക്കാത്ത വാതില്‍ എന്ന ചിത്രത്തില്‍ പി. ഭാസ്‌ക്കരന്‍ മാസ്റ്ററിന്റെ രചനയില്‍ കെ. രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കി, യോസുദാസ് സര്‍ പാടിയ ഒരു മനോഹരമായ ഗാനമുണ്ട് സര്‍. അതിങ്ങനെയാണ്.
“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു,
നാഴിയിടങ്ങഴി മണ്ണുണ്ട്…
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്…
അതില്‍ നാരായണക്കിളി
കൂടുപോലുള്ളൊരു,
നാലുകാലോലപ്പുരയുണ്ട്…”
ഇതാണ് പാട്ട്. അന്നത്തെ അവസ്ഥ കാണിച്ചുകൊണ്ട് പി. ഭാസ്‌ക്കര്‍മാഷ് രചിച്ച പാട്ടാണ്. പക്ഷെ, ഇന്ന് ആ പാട്ടിന്റെ പ്രസക്തി ഒരുപക്ഷെ, അപ്രസക്തമാകും വിധത്തിലാണ് നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. അടിയുറച്ച ഭംഗിയുള്ള വീടുകളും, ഇച്ഛാശക്തിയോടെ അടിത്തറയില്‍ തലയുയര്‍ത്തി നില്‍ക്കുന്നതെന്ന് അഭിമാനകരമായ കാഴ്ച തന്നെയാണ്. 4.25 ലക്ഷം വീടുകള്‍ ഈ ഭരണ കാലയളവില്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു നല്‍കിയത്. 1.13ലക്ഷം വീടുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. മൂന്നു വര്‍ഷം കൊണ്ട് 1.88 ലക്ഷം പേര്‍ക്ക് പട്ടയം നല്‍കി 1.90 ലക്ഷം പേര്‍ക്ക് കൂടി പട്ടയം നല്‍കാനുള്ള നടപടി ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുകയാണ്. ഭൂരഹിതരില്ലാത്ത, ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്‌നത്തിന്റെ തുല്യമായ നേട്ടത്തിന്റെ നെറുകയിലേക്ക് ഈ കൊച്ചു കേരളം കയറുകയാണ്. എന്റെ ചെറു പ്രായത്തില്‍, എനിക്കു ചുറ്റിനും ജീവിച്ച കുറേയേറെ പാവപ്പെട്ട ഗ്രാമീണ വാസികളുടെ ജീവിത ദുഖങ്ങള്‍ കണ്ട്, ഞാന്‍ അന്നെഴുതിയ ഒരു കവിതയുണ്ട് സര്‍. അതൊന്നു കേള്‍ക്കണം.
“ഒരു കെട്ട കുടിലില്‍ ഇരുളുകള്‍ക്കുള്ളില്‍,
പിടയുന്നു ഇണപറ്റും കോലങ്ങള്‍ ജന്‍മങ്ങള്‍..
കീറത്തുണിപ്പിഴിഞ്ഞീറന്‍ മറയ്ക്കുവാന്‍,
കാലം കരുതാത്ത നീരറ്റ ദേഹങ്ങള്‍..
അസ്ഥി തെളിഞ്ഞും വിയര്‍ത്തും പോലാനീറി,
ദീനത പോറ്റും നാടിന്‍ ഞരമ്പുകള്‍..
കണ്ണീര്‍ തിളയ്ക്കുന്ന മണ്‍കലം തന്നിലും,
അന്നത്തിനംശം അകലേ മണക്കുവോര്‍..
കഞ്ഞിക്കു പിഞ്ഞാണ പാത്രം,
നീട്ടിയ കുഞ്ഞിനു മുന്നില്‍ ചത്തു മലച്ചവര്‍..
എങ്ങും തണുത്തണുവേല്‍ക്കാത്ത,
പാടത്ത് ചൂടേറ്റു വീണൂ മരിച്ചവര്‍..
പേരും പെരുമയും കാലതന്‍ ഭാവവും,
വേരറ്റുപോന്ന ആ നാടിന്‍ ഞരമ്പുകള്‍.. “
ഇങ്ങനെ പോകുന്നു എന്റെ കവിതകള്‍ സര്‍. ഇത് സത്യമായിരുന്നു. കാരണം,ഇങ്ങനെയുള്ള മനുഷ്യര്‍ക്ക് ഒരു വീടും പറമ്പും സ്വപ്‌നം കാണാന്‍ പഠിപ്പിട്ടത് ഇടതുപക്ഷമാണ്. അരൂരിന്റെ വ്യവാസ പ്രശ്‌നങ്ങള്‍ക്കും കടലോര കര്‍ഷകര്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്യുമെന്നു വിശ്വസിക്കുന്നുവെന്നും ദലീമ പറഞ്ഞു. കവിത പാടുന്ന സമയത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചെയറിലേക്കെത്തിയിരുന്നു. ദലീമയുടെ കവിത കേട്ടിട്ടാണ് വന്നതെന്ന് തെറ്റിദ്ധരിക്കണ്ട, പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിന്റെ നിയമസഭയിലെ കന്നി പ്രസംഗം വീക്ഷിക്കാനായിരുന്നു. എന്നാല്‍, ദലീമയുടെ കവിതയും സ്പീക്കര്‍ ആസ്വദിച്ചു. മുഹ്‌സീനും കവിതയും പാട്ടുമെല്ലാം ആസ്വദിച്ചാണ് ചെയര്‍ വിട്ടത്.
ദക്ഷിണേന്ത്യന്‍ പിന്നണി ഗായികയും പൊതു പ്രവര്‍ത്തകയുമാണ് ദലീമ ജോജോ പതിനഞ്ചാം കേരള നിയമസഭയില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തകയുമാണ് 2021ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ 6,077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ദലീമ നിയമസഭയിലേക്ക് എത്തിയത്. ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ പ്രശസ്തയായ അവര്‍ 1997 ല്‍ കല്യാണപ്പിറ്റേന്ന് എന്ന സിനിമയില്‍ രവീന്ദ്രന്‍ സംഗീതം നല്‍കിയ ‘തെച്ചി മലര്‍ കാടുകളില്‍’ എന്ന ടൈറ്റില്‍ സോംഗിലൂടെ മലയാള സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചു. ധാരാളം ഹിറ്റ് മലയാളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
സ്റ്റേജ് ഷോകളില്‍ പാടിയാണ് ദലീമ തന്റെ കരിയര്‍ ആരംഭിക്കുന്നത്. കോള്‍പ്പിംഗ് സൊസൈറ്റിയിലൂടെ, ജര്‍മ്മനി, ഇറ്റലി, റോം എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര പരിപാടികളിലും ഷോകളിലും പാടാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. ബെര്‍ണി ഇഗ്‌നേഷ്യസ് രചിച്ച ആദ്യത്തെ ക്രിസ്ത്യന്‍ ഭക്തി ആല്‍ബത്തില്‍ അവര്‍ പാടി, തുടര്‍ന്ന് 5000-ലധികം ക്രിസ്ത്യന്‍ ഭക്തി ആല്‍ബങ്ങളില്‍ ആലപിച്ചു. 1995 ല്‍ മനോരമ മ്യൂസിക്ക് തപസ്യ ആല്‍ബത്തില്‍ ‘വെനാല്‍ പൂമ്പുലാര്‍ വേല’ എന്ന ഗാനത്തിന് നാന അവാര്‍ഡ് നേടി. അതേ വര്‍ഷം തന്നെ എസ്. ജാനകിയുടെ പഴയ ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആല്‍ബത്തിനായി സരിഗ ഓഡിയോസിനായി അവര്‍ പാടി.
ഏതാണ്ട് 20 മറ്റ് ചിത്രങ്ങള്‍, മലയാള സീരിയലുകള്‍ മലയാള പ്രൊഫഷണല്‍ നാടകങ്ങള്‍ എന്നിവയിലെല്ലാം പാടി. മികച്ച ഗായികയ്ക്കുള്ള 2001, 2003, 2008 വര്‍ഷങ്ങളില്‍ 3 കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടി. കൂടാതെ 2 ദൃശ്യ അവാര്‍ഡുകളും നേടി. കന്നഡ, തെലുങ്ക് എന്നിവിടങ്ങളില്‍ നിരവധി ഗാനങ്ങള്‍ ഡബ്ബ് ചെയ്തു. രാജ്യത്തും യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലെ 2000 സ്റ്റേജ് ഷോകളിലും അവര്‍ പാടി. 2015ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ രംഗത്തെത്തി, അലപ്പുഴ ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
പാട്ട് ചര്‍ച്ച നിയമസഭയുടെ രാഷ്ട്രീയ വാഗ്വാദങ്ങളുടെ പിരിമറുക്കത്തിന് അയവു വരുത്തിയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിന്റെ ചര്‍ച്ച കഴിഞ്ഞതോടെ പിരിമുറുക്കം വീണ്ടും സഭയെ പിടികൂടി.
CONTENT HIGH LIGHTS; “In the land of coconuts, I have a land of land”: assembly enjoying Dalima’s song; The discussion is even doubting whether it is a festival venue; Dalima stopped by singing her own poetry in the congregation