കേരം തിങ്ങും കേരളനാടിനെ ‘കേരളം’ എന്നു വിളിക്കുന്ന മലയാളികള്‍ ഇനി മുതല്‍ മദ്യം നിറയും മദ്ദളനാടിനെ ‘മദ്ദളം’ എന്നു വിളിക്കേണ്ടി വരുമോ ?. കേരളത്തിന്റെ പേര് തന്നെ കേരവൃക്ഷങ്ങളാല്‍ സമൃദ്ധമായതു കൊണ്ടാണ് വന്നതെന്ന് ചരിത്രവും ഐതീഹ്യവും പുരാണവുമെല്ലാം പറയുമ്പോള്‍, ആ സമൃദ്ധിയെ മറികടന്നുകൊണ്ട് മറ്റൊരു സമൃദ്ധി കേരളത്തെ കീഴടക്കിയാലോ. അതാണ് ‘മദ്യം’. കേരളത്തില്‍ ഇനി മദ്യകാലമാണ്. കേരളത്തിനാവശ്യമായ മദ്യം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവു തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
അതാണ് ഈ സര്‍ക്കാരിന്റെ നയമെന്ന് ഇന്നത്തെ വാര്‍ത്തകളും ഉറപ്പിക്കുന്നു. അങ്ങനെയെങ്കില്‍ ഭാവിയില്‍ കേരളത്തിന്റെ പേര് ‘മദ്ദളം’ എന്നു മാറ്റാനും സാദ്ധ്യത തള്ളിക്കളയാനാകില്ല. കാരണം, കേരളത്തിലെ 44 നദികളിലെയും വെള്ളം ഉപയോഗിച്ച് മദ്യം നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ കേരളത്തിന്റെ മുക്കിലും മൂലയിലും നിര്‍ബാധം മദ്യം ലഭ്യമാകും. അങ്ങനെ വരുമ്പോള്‍ “കേരംതിങ്ങും കേരള നാട്” എന്നു പറയുന്നതിനേക്കാള്‍ ഭംഗി “മദ്യം നിറയും മദ്ദള നാട്” എന്നായിരിക്കും. കേരളത്തില്‍ ഇപ്പോള്‍ രണ്ടു കൂട്ടരുണ്ട്. മദ്യം നിരോധിച്ചവരും മദ്യം നിര്‍മ്മിക്കുന്നവരും.
യു.ഡി.എഫിന്റെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് ചാരായം നിരോധിച്ചത്. അതിനു ശേഷം മദ്യ മാഫിയകളുടെ വലിയ പോരാട്ടത്തിന് ഒടുവിലാണ് ബാര്‍ലൈസന്‍സുകള്‍ വ്യാപകമായി നല്‍കുന്നതിലേക്കെത്തിയത്. പിന്നീട് അതിനെ നിയന്ത്രിച്ച് പുതിയ ബാര്‍ ലൈസന്‍സുകള്‍ കൊടുക്കാന്‍ പാടില്ലെന്നാക്കി. അപ്പോള്‍ വീണ്ടും മദ്യലോബികള്‍ കളിച്ചു. ബാര്‍ ലൈസന്‍സുകള്‍ ഉണ്ടായിരുന്ന ഹോട്ടലുകളെല്ലാം ബിയര്‍ വൈന്‍ പാര്‍ലറുകളായി മാറി. ഇങ്ങനെ കാലാകാലങ്ങളായി മദ്യം വിറ്റു കോടികള്‍ കൊയ്യുന്ന ബിസിനസ്സുകള്‍ തഴച്ചു വളരുകതന്നെ ചെയ്തു.
ഇവര്‍ക്ക് ഒളിഞ്ഞും മറഞ്ഞും നിയമത്തിന്റെ പഴുതുകളും ഉപയോഗിച്ച് സര്‍വ്വത്ര സഹായവും നല്‍കിക്കൊണ്ട് ഇടതു വലത് രാഷ്ട്രീയ കക്ഷികള്‍ നിലകൊണ്ടു. അപ്പോഴും ചുണ്ടിലൊരു വഷളന്‍ ചിരിയും ഫിറ്റ് ചെയ്ത് ജനങ്ങളോട് രാഷ്ട്രീയക്കാര്‍ പറയുന്നത്, മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നയമെന്ന്. ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ നയത്തിലൂന്നിയുള്ള നടപടികളുടെ അവസാന ഭാഗമാണ് കഞ്ചിക്കോട്ടെ ബ്രൂവറി ഡിസ്ലറി ഫാക്ടറിക്കുള്ള അനുമതിയും, സംസ്ഥാനത്തൊട്ടാകെ 74 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പുതിയ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ വഴിയൊരുക്കിയുള്ള സര്‍ക്കാര്‍ നടപടി.
ഇതിനായി ടൂറിസം ഇളവുകള്‍ പ്രഖ്യാപിച്ച് എക്‌സൈസ് വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ‘നീ അറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്…സ്വര്‍ഗ്ഗത്തിലെ മുത്തച്ഛന്‍മാര്‍ക്ക് ഇഷ്ടംപോലെ കുടിക്കാമല്ലോ..’ ഈ സിനിമാ ഗാനത്തെ അക്ഷരംപ്രതി നടപ്പാക്കുന്ന സര്‍ക്കാരിന്റെ നയം കേരളത്തിന്റെ സാംസ്‌ക്കാരിക പെരുമയെ ഇകഴ്ത്തുക തന്നെ ചെയ്യും. ഗോവയ്ക്ക് കിട്ടിയിട്ടുള്ള ഒരു പേരുണ്ട്. മദ്യം ചീപ്പായി കിട്ടുന്ന ഇടമെന്ന്. പബ്ബും ഹബ്ബും ബീച്ചും ബാറുമെല്ലാം സ്വതന്ത്രമായി ഉപയോഗിക്കുന്ന ഇടമാണെന്ന പേര് ഇന്നും അവര്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. ഗോവയുടെ സംസ്‌ക്കാരം അതാണ്.
പക്ഷെ, അവിടുള്ളവര്‍ അത് ഉപയോഗിക്കണമെന്നില്ല. കച്ചവടത്തിന്റെ സ്വഭാവത്തിനപ്പുറം അവിടുത്തുകാര്‍ക്ക് ഉപഭോഗത്തിന്റെ രീതി കുറവാണ്. എന്നാല്‍, കേരളം എന്തിനാണ് ഇങ്ങനെ വ്യഗ്രത കാട്ടുന്നത്. സ്വന്തം നാടിന്റെ സംസ്‌ക്കാരത്തെ ഇല്ലാതാക്കി, മമദ്യത്തിന്റെ പേരില്‍ അറിയപ്പെടുക എന്നതാണ് ലക്ഷ്യമെന്നാണോ ?. സി.പി.എം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്, കേരളത്തിന് ആവശ്യമായ മദ്യം ഇവിടെ ഉത്പാദിപ്പിക്കുയാണ് ലക്ഷ്യം എന്നാണ്. എന്താണ് ഇതിലൂടെ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉദ്ദേശിക്കുന്നത്. കേരളത്തിലുള്ളവര്‍ മുഴു കുടിയന്‍മാരാണെന്നോ.
അതോ മദ്യത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നവരാണ് മലയാളികളെന്നോ. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നയം, നല്ല ബെസ്റ്റ് നയം. സി.പിി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞത്, പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കുന്നതില്‍ തെറ്റില്ല പക്ഷെ, വീട്ടിലിരുന്ന മദ്യപിക്കണമെന്നാണ്. അതായത്, മദ്യപാനം എന്നത്, ഒഴിവാക്കാനോ, നിര്‍ത്താനോ, നിരോധിക്കാനോ വര്‍ജ്ജിക്കാനോ കഴിയാത്ത ഒന്നാണ് എന്നാണ്. ഈ രണ്ടു ഇടതുപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുടെ മനസ്സിലിരിപ്പും പാര്‍ട്ടീ നയവും അനുസരിച്ചാകുമല്ലോ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്.
അതാണ് പാലക്കാട്ടെ കഞ്ചിക്കോട്ട് മ്ദ്യ നിര്‍മ്മാണശാലയ്ക്ക് അനുമതി നല്‍കിയതിലൂടെ തെളിഞ്ഞത്. എം.വി ഗോവിന്ദന്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ കേരളത്തിന് ആവശ്യമായ മദ്യം എത്രയാണെന്ന് കണ്ടെത്തിയിരിക്കണം. അല്ലെങ്കില്‍ അതേക്കുറിച്ച് സര്‍വ്വേ നടത്തിയിട്ടുണ്ടാകണം. കേരളത്തിലെ മദ്യപന്‍മാരുടെ കണക്കും ഉണ്ടാകണം. പാല്‍-മുട്ട-പച്ചക്കറി-അരി എന്നിവ മുതല്‍ സകലമാന സാധനങ്ങളും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇറക്കുന്നത്. ഇതിലൊന്നും സ്വയം പര്യാപ്തത കൈവരിക്കാന്‍ നാളിതുവരെ കഴിയാത്തവരുടെ പുതിയ കണ്ടു പിടുത്തമാണ് മദ്യം കേരളത്തിനാവശ്യമുള്ളത്ര ഉത്പാദിപ്പിക്കുക എന്നത്.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നത്, വിളകളില്‍ നിന്നും സ്പിരിറ്റ് ഉത്പാദിപ്പിക്കാമെന്നാണ്. അതായത്, കേരളത്തില്‍ ലഭ്യമാകുന്ന ഏതൊക്കെ വസ്തുക്കളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാന്‍ കഴിയുമോ അതെല്ലാം ഉപയോഗപ്പെടുത്തി മദ്യനിര്‍മ്മാണം നടത്തണമെന്ന് സാരം. കേരളത്തില്‍ മദ്യക്കമ്പനികള്‍ വ്യാപകമാകുന്നതോടെ രണ്ടുതരം മൂന്നുതരം മനുഷ്യരെ വാര്‍ത്തെടുക്കുകയും ചെയ്യും.
- ഒന്ന്: മദ്യ നിര്‍മ്മാണ വിതരണക്കാരായ കോടീശ്വരന്‍മാര്‍.
- രണ്ട്: മദ്യപാനികളായ കുടുംബ നോക്കാത്ത പാവപ്പെട്ടവര്‍
- മൂന്ന്: പട്ടിണിയും ദാരിദ്ര്യവും കൊണ്ട് കണ്ണീര്‍ വാര്‍ക്കുന്ന സ്ത്രീകളും കുട്ടികളും
ഇതാണ് പരിണിത ഫലം. കുടുംബനാഥന്‍ റോഡിലും ഓടയിലും, പാടത്തുമൊക്കെ അടിച്ചു പൂസായി കിടക്കുന്ന കാലത്തെ സ്വപ്‌നം കാണുന്ന സര്‍ക്കാര്‍ അടിപൊളിയാണ്. ഇനി വനോദസഞ്ചാര കേന്ദ്രങ്ങളില്‍, അതും അപകടകരമായ ഇടങ്ങളിലെ ഹോട്ടലുകളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ നല്‍കുന്നതു വഴി ആത്മഹത്യകളും കൊലപാതകങ്ങളും ആക്‌സിഡന്റുകളും വര്‍ദ്ധിക്കുമെന്നുറപ്പാണ്. ഇവിടേക്ക് ടൂറിസ്റ്റുകള്‍ കൂടുതലായി വരുമെന്നതില്‍ തര്‍ക്കമില്ല. അത് ആ പ്രദേശത്തെ വിനോദ സഞ്ചാര ആകര്‍ഷണമല്ല, മറിച്ച് അവിടെ മദ്യം ലഭിക്കുമെന്നതു കൊണ്ടു മാത്രമാകും.
വിനോദ സഞ്ചാര മേഖലകളില്‍ സാമൂഹ്യവിരുദ്ധ ശല്യവും പെരുകുമെന്നുറപ്പാണ്. ഇങ്ങനെയുള്ള ദീര്‍ഘ വീക്ഷണങ്ങള്‍ സര്‍ക്കാരിനുമണ്ടെന്ന് മനസ്സിലാക്കേണ്ടി വരും. അതുകൊണ്ടാണ് കേരളത്തില്‍ 74 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പുതിയ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ വഴിയൊരുക്കിയിരിക്കുന്നത്. 74 സ്ഥലങ്ങളിലായി നൂറോളം ബിയര്‍ വൈന്‍ പാര്‍ലറുകളായിരിക്കും പുതിയതായി ആരംഭിക്കുക. ടൂറിസം കേന്ദ്രമായി എക്സൈസ് വിജ്ഞാപനം ചെയ്തതോടെ ഈ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന വില്ലേജുകളിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകള്‍ക്കു ബീയര്‍വൈന്‍ ലൈസന്‍സ് എടുക്കാം.
കോവളം ഉള്‍പ്പെടെ നിലവിലുള്ള 14 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് പുറമേയാണിത്. മുഖ്യമന്ത്രിയുടെ ധര്‍മ്മടം ഉള്‍പ്പെടെ പട്ടികയിലുണ്ട്. പൊന്‍മുടി, പൂവാര്‍, കാപ്പില്‍, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളൊക്കെ പട്ടികയിലുണ്ട്. ടൂറിസം വകുപ്പ് അംഗീകരിച്ച 15 കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി 2003 ല്‍ എക്സൈസ് വകുപ്പ് വിജ്ഞാപനമിറക്കിയിരുന്നു. ഇവിടെയെല്ലാം ക്ലാസിഫൈഡ് റസ്റ്ററന്റുകള്‍ക്കു ബിയര്‍ വൈന്‍ ലൈസന്‍സുകളും അനുവദിച്ചിരുന്നു. തുടര്‍ന്ന്, നൂറ്റന്‍പതോളം കേന്ദ്രങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതിനുള്ള പട്ടിക എക്സൈസ് വകുപ്പിനു മുന്‍പിലെത്തി.
ഇക്കൂട്ടത്തില്‍ നിന്നു തീര്‍ഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് ഇപ്പോള്‍ ഒരുമിച്ച് 74 കേന്ദ്രങ്ങളെ അംഗീകരിച്ചത്. വിദേശമദ്യ ചട്ടം, കേരള അബ്കാരി ഷോപ്സ് ഡിസ്പോസല്‍ റൂള്‍സ് എന്നിവയനുസരിച്ചാണ് നടപടി.നിലവില്‍ സംസ്ഥാനത്ത് ഇരുനൂറിലധികം ബീയര്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ അധികവും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിപ്പോയ ബാറുകള്‍ പിന്നീട് ബിയര്‍ ലൈസന്‍സ് എടുത്തവയാണ്. വിദേശ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന ടൂറിസം മേഖലകളിലെ റസ്റ്ററന്റുകള്‍ക്കു പ്രത്യേക കാലയളവില്‍ ബീയറും വൈനും വില്‍ക്കാന്‍ ലൈസന്‍സ് അനുവദിക്കുമെന്നു കഴിഞ്ഞ മദ്യനയത്തില്‍ നിര്‍ദേശമുണ്ട്.
വാര്‍ഷിക ലൈസന്‍സ് ഫീ 4 ലക്ഷം അടയ്ക്കേണ്ട സ്ഥാനത്ത് ഇവ സീസണിലേക്കുള്ള വിഹിതം മാത്രം അടച്ചാല്‍ മതിയാകും. കെ.ടിഡി.സിയുടെ ബിയര്‍ പാര്‍ലറുകള്‍ ഘട്ടംഘട്ടമായി ബാറുകളാക്കി മാറ്റാനും ആലോചനയുണ്ട്. അറുപതിലധികം ബിയര്‍ പാര്‍ലറുകള്‍ കെ.ടി.ഡി.സിക്കുണ്ട്.
- തിരുവനന്തപുരം: പൊന്‍മുടി, പൂവാര്‍, ചൊവ്വര, വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, നെയ്യാര്‍ ഡാം, തിരുവനന്തപുരം വിക്രമപുരം ഹില്‍സ്, കാപ്പില്‍
- കൊല്ലം: തെന്മലപാലരുവി, പരവൂര്‍തെക്കുംഭാഗം, കൊല്ലം ബീച്ച്, മണ്‍റോതുരുത്ത്, തങ്കശ്ശേരി, ജടായുപ്പാറ, അഷ്ടമുടി
- പത്തനംതിട്ട: പെരുന്തേനരുവി, ഗവി, കോന്നി ഇക്കോ ടൂറിസം സെന്റര്‍ ആന സഫാരി ട്രെയ്നിങ് സെന്റര്‍
- ആലപ്പുഴ: ആലപ്പുഴ, ആലപ്പുഴ കായല്‍, കാക്കത്തുരുത്ത്, പാതിരാമണല്‍
- കോട്ടയം: വൈക്കം, കോടിമത
- ഇടുക്കി: പരുന്തുംപാറ, പാഞ്ചാലിമേട്, ആമപ്പാറരാമക്കല്‍മേട്, മാട്ടുപ്പെട്ടി, ഇരവികുളം, ചിന്നക്കനാല്‍, ഇലവീഴാപൂഞ്ചിറ, വാഗമണ്‍
- എറണാകുളം: കൊച്ചി, കാലടി, മലയാറ്റൂര്‍മണപ്പാട്ടുചിറ, കുഴിപ്പള്ളി – ചെറായി -മുനമ്പം ബീച്ച്, ഭൂതത്താന്‍കെട്ട്, കുമ്പളങ്ങി, കടമക്കുടി, മുസിരിസ് ഹെറിറ്റേജ് ടൂറിസം പ്രദേശം
- തൃശൂര്‍: സ്നേഹതീരം ബീച്ച്, നാട്ടിക ബീച്ച്, തുമ്പൂര്‍മുഴി ഡാം, പൂമല ഡാം, അതിരപ്പിള്ളി, മലക്കപ്പാറ
- പാലക്കാട്: പറമ്പിക്കുളം, നെല്ലിയാമ്പതി, മലമ്പുഴ, സൈലന്റ് വാലി
- മലപ്പുറം: കോട്ടക്കുന്ന്, പൊന്നാനി, തിരുനാവായ
- കോഴിക്കോട്: കോഴിക്കോട് ബീച്ച്, കാപ്പാട്, കടലുണ്ടി പക്ഷിസങ്കേതം, കക്കയം, തുഷാരഗിരി, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, ബേപ്പൂര്‍ കോട്ടബീച്ച്
- വയനാട്: കുറുവ ദ്വീപ്, ഇടയ്ക്കല്‍ ഗുഹ, പൂക്കോട് തടാകം, പഴശ്ശിരാജ പാര്‍ക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, തിരുനെല്ലി, ബത്തേരി, ഫാന്റം റോക്ക്
- കണ്ണൂര്‍: പാലക്കയം തട്ട്, പൈതല്‍മല, തലശ്ശേരി, ധര്‍മടം, കൊട്ടിയൂര്‍
- കാസര്‍കോട്: കോട്ടപ്പുറം.
എന്നിവിടങ്ങളിലാണ് പുതുതായി ബിയര്‍-വൈന്‍ പാര്‍ലറുകള്‍ വരുന്നത്. ആനന്ദലബ്ദിക്കിനി എന്തുവേണം. കുടിയന്‍മാരെ സ്‌നേഹിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.
CONTENT HIGH LIGHTS; Will “Kerala” be renamed as “Maddalam”?: The time is not far when the rivers of liquor will run dry; Abhinava king’s saying that it is not alcohol abstinence, but alcohol culture, will be counterintuitive at the time of destruction?