കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയത്തിലെ പ്രധാന ഭാഗമാണ് അധികാരവും അതിനു വേണ്ടിയുള്ള ഗ്രൂപ്പിസവും വടംവലിയും. ഇതില്ലാതെ കോണ്‍ഗ്രസിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ ഗ്രൂപ്പുകതളും കോണ്‍ഗ്രസിലുണ്ട്. ആവശ്യം വരുമ്പോള്‍ തലപൊക്കാന്‍ കാത്തിരിക്കുന്നവരാണ് ഇവര്‍. തെരഞ്ഞെടുപ്പ് സമയങ്ങളില്‍, പാര്‍ട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പ് സമയങ്ങളിലൊക്കെയും ഈ ഗ്രൂപ്പുകള്‍ തലപൊക്കും. ഇപ്പോഴിതാ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള വടംവലിയും മത്സരവും ആരംഭിച്ചു കഴിഞ്ഞു. പുതിയ കെ.പി.സി.സി അധ്യക്ഷന്‍ ആരായിരിക്കണമെന്നുള്ള സര്‍വ്വെ വരെ മാധ്യമങ്ങളും ചെയ്തു തുടങ്ങിയിട്ടുണ്ട്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്കുപ്പായം തുന്നിവെച്ചു കഴിഞ്ഞു. ഇതിനു വേണ്ടി ആരും വെള്ളം കോരേണ്ടതില്ലാ എന്ന നിലയിലാണ് സതീശന്‍. എന്നാല്‍, രമേശ് ചെന്നിത്തല എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി സഖ്യത്തിന്റെ പിന്തുണയോടെ കരുക്കള്‍ മുന്‍കൂട്ടി നീക്കക്കഴിഞ്ഞു. ഹൈക്കമാന്റിന്റെ മനസ്സില്‍ ആരാണെന്ന് കണ്ടുതന്നെ അറിയണം. സമവായത്തിന്റെ റോളില്‍ കെ.സി. വേണുഗോപാല്‍ എത്താനും സാധ്യതയുണ്ട്. അതിനു മുമ്പേ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യമാണ് നിറവേറ്റേണ്ടത്. കേരളത്തിലെ കോണ്‍ഗ്രസ് ആര്‍ക്കൊപ്പം നില്‍ക്കുന്നുവോ അയാള്‍ക്ക് മുഖ്യമന്ത്രിക്കസേര ഈസിയാണെന്ന ധാരണയുണ്ട്.
അപ്പോള്‍ വി.ഡി. സതീശന് കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോള്‍ മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്നുറപ്പാണ്. ചെന്നിത്തലയ്ക്കും സുധാകരനെ അത്രയ്ക്ക് ബോധിച്ചിട്ടില്ല. സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നിറക്കി തങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമുള്ളയാളെ എത്തിക്കാനാണ് നീക്കം. കെ.പി.സി.സി അധ്യക്ഷ പദവിയില്‍ അങ്ങനെയൊന്നും ആര്‍ക്കും ഇരിക്കാനാകില്ല. അത്രയും കളികള്‍ കഴിഞ്ഞാല്‍ മാത്രമേ കസേര കിട്ടൂ. കസേര കിട്ടിക്കഴിഞ്ഞാല്‍ നടക്കുന്നത്, വലിയൊരു യുദ്ധമാണ്. ഇതെല്ലാം തട്ടിയും തെറിച്ചും സുധാകരന്‍ രക്ഷപ്പെട്ടെങ്കിലും ശത്രുക്കളുടെ എണ്ണം കൂടി. പ്രതിപക്ഷ നേതാവ് തന്നെ അധ്യക്ഷനെ വെട്ടാന്‍ ആദ്യം വാളെടുക്കും. പിന്നാലെ സ്ഥാന മോഹികളും.
എന്നാല്‍, എ.കെ. ആന്റണി സുധാകരന് അനുകൂലമായാണ് നില്‍ക്കുന്നത്. സുധാകരന്റെ പരിഭവങ്ങളില്‍ കഴമ്പുണ്ടെന്ന നിലപാട് എകെ ആന്റണി എടുത്തതാണ് നിര്‍ണ്ണായകമായത്. ഇതോടെ സുധാകരനെ വിശ്വാസത്തിലെടുത്ത് മുമ്പോട്ട് പോകണമെന്ന നിര്‍ദ്ദേശം സതീശന് ഹൈക്കമാണ്ട് നല്‍കി.
അപമാനിച്ചു ഇറക്കിവിടാനാണെങ്കില്‍ താന്‍ എം.പി സ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുമെന്ന് സുധാകരന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തന്നെ മാറ്റുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മാറ്റണമെന്നായിരുന്നു സുധാകരന്റെ ഡിമാന്‍ഡ്. മാത്രമല്ല പേരാവൂര്‍ എം.എല്‍.എയും വിശ്വസ്തനുമായ സണ്ണി ജോസഫിനെ കെ പി.സി.സി അദ്ധ്യക്ഷനാക്കണമെന്നും സുധാകരന്‍ ഡിമാന്‍ഡ് ഉന്നയിച്ചു.
ഇതോടെയാണ് സുധാകരനെ മാറ്റണമെന്ന നേതാക്കളില്‍ ചിലരുടെ ആവശ്യം പരിഗണിച്ച ഹൈക്കമാന്‍ഡ് പിന്നോട്ടു പോയത്. കേരളത്തിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് ശക്തമാണെന്നും കെ.പി സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മില്‍ സ്വരചേര്‍ച്ചയില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ചുമതലക്കാരിയുമായ ദീപാ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ കൂടിയാണ് ആന്റണി നിലപാട് എടുത്തത്. സുധാകരനും സതീശനും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പാര്‍ട്ടി പരിപാടികളെയും ഐക്യ ശ്രമങ്ങളെയും വല്ലാതെ ബാധിച്ചു തുടങ്ങിയിരുന്നു.
മുഖ്യമന്ത്രി പദത്തെച്ചൊല്ലി ചില നേതാക്കള്‍ അനവസരത്തില്‍ നടത്തിയ പരസ്യ പ്രതികരണം വിവാദമായതിന് പിന്നാലെയാണ് പോര് മൂര്‍ച്ഛിച്ചത്. മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും എ.ഐ.സി.സി പ്രഖ്യാപിച്ച ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാന്‍ ക്യാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനത്ത് നടന്നപ്പോള്‍, തലസ്ഥാനത്തുണ്ടായിരുന്നിട്ടും വി.ഡി.സതീശന്‍ പങ്കെടുത്തില്ല. ആ യോഗത്തില്‍ ചില ഉപദേശം മുതിര്‍ന്ന നേതാക്കള്‍ക്ക് ആന്റണി നല്‍കിയിരുന്നു. എന്നാല്‍ അതിന് വിഭിന്നമായി സതീശന്‍ അന്ന് ഉച്ചയ്ക്ക് തന്നെ പ്രതികരിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള കെപിസിസി ഭാരവാഹി യോഗത്തില്‍ സതീശന്‍ പങ്കെടുത്തില്ല.
കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇടപെടാതെ മാറി നിന്ന ആന്റണി ഹൈക്കമാണ്ടില്‍ ബന്ധപ്പെട്ടതും സുധാകരന് അനുകൂല നിലപാട് എടുത്തതും. മുമ്പും സുധാകരനെ നീക്കാന്‍ സതീശന്‍ നാടകയീയ നീക്കം നടത്തിയിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണയില്‍ സതീശന്‍ കരുക്കള്‍ നീക്കയപ്പോള്‍ സുധാകരന്‍ അഭയം തേടിയത് അന്റണിയിലാണ്. അന്നും സുധാകരന് വേണ്ടി ആന്റണി നിലപാട് എടുത്തു. ഇത്തവണ സുധാകരന്‍ പറയാതെ തന്നെ സതീശന്റെ പോക്കില്‍ ആന്റണി അസ്വസ്ഥത അറിയിച്ചെന്നാണ് സൂചന. അഞ്ജനത്തിലെ വിശ്രമ ജീവിതത്തിനിടെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമേ ആന്റണി രാഷ്ട്രീയ ഇടപെടല്‍ നടത്തൂ.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്ക് ഈ ഇടപെടല്‍ തള്ളാനുമാകില്ലെന്നതാണ് വസ്തുത. ഖാര്‍ഗെയെ എഐസിസി പ്രസിഡന്റാക്കിയതിന് പിന്നില്‍ പോലും ആന്റണിയുടെ ഇടപെടലായിരുന്നു. കെ. സുധാകരനെ മാറ്റിയാല്‍ മാത്രമേ സംഘടനാപരമായി ഐക്യത്തോടെ മുന്‍പോട്ടു പോകാന്‍ കഴിയുകയുള്ളു എന്നായിരുന്നു ദീപാ ദാസ് മുന്‍ഷി ഹൈക്കമാണ്ടിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇതിനെതിരെ കെ.സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ശക്തമായി രംഗത്തുവന്നതോടെ കേരളത്തിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് തുടങ്ങുകയായിരുന്നു. കെ.സുധാകരനെ അനുകുലിച്ചു കൊണ്ട് മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ രംഗത്തുവന്നതോടെ സതീശനും സംഘവും പത്തി മടക്കി.
മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കഴിയും വരെ സുധാകരനെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നിട്ടുള്ളത്. എന്നാല്‍ സംഘടനപരമായി ദുര്‍ബലരായ പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരെയും വയനാട്-തൃശൂര്‍ ഡി.സി.സി അദ്ധ്യക്ഷന്‍മാരെയും മാറ്റിയേക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിലപാട് എടുത്തിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കിയത്.
കെപിസിസി അധ്യക്ഷനെ വിശ്വാസത്തില്‍ എടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകരുതെന്ന് എഐസിസി നേതൃത്വത്തോട് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇതോടെ ഹൈക്കമാണ്ട് വെട്ടിലായി. പിന്നാലെ ആന്റണിയുടെ ഇടപെടല്‍ കൂടിയായപ്പോള്‍ എല്ലാം കീഴ്മേല്‍ മറിഞ്ഞു. സുധാകരനെ പെട്ടെന്ന് ഒഴിവാക്കിയാല്‍ സാമുദായിക സമവാക്യങ്ങളില്‍ വിള്ളല്‍ വീഴുമെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളിയും ഈഴവ സമുദായവും ഇടഞ്ഞാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആശങ്കയും നേതൃത്വത്തിനുണ്ട്. അതിനിടെ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ ആന്റോ ആന്റണിയും നീക്കം സജീവമാക്കിയിട്ടുണ്ട്. പിന്നാലെ കൊടിക്കുന്നില്‍ സുരേഷും നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന.
CONTENT HIGH LIGHTS; Congress kicks off: Leaders fight back and forth over KPCC chief post; Who shall fall and who shall reign; Sudhakaran and Satheesan on two floors