Explainers

‘അന്ന് പൂച്ചക്കുട്ടി, ഇന്ന് ഫാഷന്‍ ഷോ’: യുവതിയെ കടുവകടിച്ചു കൊന്നു തിന്നിട്ടും പാടാന്‍തോന്നിയ വനംമന്ത്രി ‘മരണമാസ്സാണ്’; നീറോ ചക്രവര്‍ത്തിയും എ.കെ. ശശീന്ദ്രന്‍ മന്ത്രിയും തമ്മിലെന്തു വ്യത്യാസം ?

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചത് ലോക ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തില്‍ ഒരു സാധു സ്ത്രീയെ കടിച്ചുകീറിക്കുടഞ്ഞ് ഭക്ഷണമാക്കിയ നരഭോജി കടുവ വിലസുമ്പോള്‍ വകുപ്പുമന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടു പാടുകയായിരുന്നു. ഇത് കേരള ചരിത്രത്തിലെ നാണംകെട്ട ചരിത്രമായി മാറിക്കഴിഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയില്‍ നിന്നും മന്ത്രിസ്ഥാനം രാജിവെയ്ക്കാനുണ്ടായ ഒരു സംഭവം ഇന്നും ഓര്‍മ്മിക്കേണ്ടതായുണ്ട്.

അന്ന് ‘പൂച്ചക്കുട്ടി’ എന്ന വിളി ഉണ്ടാക്കിയ പൊല്ലാപ്പ് ഒടുവില്‍ നാണംകെട്ട രാജിയിലേക്കു നയിച്ചു. പിന്നീട് അത് ഫാബ്രിക്കേറ്റ് ചെയ്തതാണെന്ന ഇളവിലും ന്യായത്തിലും വീണ്ടും മന്ത്രിയായി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ മന്ത്രിയായിരിക്കാന്‍ കടുത്ത എതിര്‍പ്പുയരുമ്പോള്‍ പോലും താങ്ങി നിര്‍ത്തുന്നത് പിണറായി വിജയന്‍ എന്ന ഐക ഭരണാധികാരിയാണ്.

രാഷ്ട്രീയ ഭാവിക്കൊപ്പം മന്ത്രിസ്ഥാനവും കൈവിടാതിരിക്കുന്ന എ.കെ. ശശീന്ദ്രന്‍ എന്ന മന്ത്രിയാണ് നീറോ ചക്രവര്‍ത്തിക്കൊപ്പം എത്താന്‍ ഫാഷന്‍ ഷോയില്‍ പാട്ടുപാടിയത്. എന്നാല്‍, താന്‍ പാട്ടുപാടിയതില്‍ ആര്‍ക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ടതാണെന്ന ഉള്‍വിളി മന്ത്രിക്കുണ്ടായിട്ടുണ്ട്. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും ഇനി അക്കാര്യങ്ങളില്‍ ശ്രദ്ധിക്കുമെന്നുമാണ് മന്ത്രി ശശീന്ദ്രന്റെ പ്രതികരണം.

ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ പ്രത്യേകമായി ശ്രദ്ധിക്കാം. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത്തരം നിരീക്ഷണങ്ങളെ ഗൗരവത്തോടെ കാണും. തിരുത്താന്‍ ഉണ്ടെങ്കില്‍ തിരുത്തും. തിരുത്തുന്നത് നല്ലതാണെന്നാണ് വിശ്വസിക്കുന്നത്. വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതില്‍ വകുപ്പുകളില്‍ ഏകോപന കുറവില്ല. ഇപ്പോള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി ചെയ്യാനുണ്ടോ എന്ന് യോഗത്തില്‍ പരിശോധിക്കും.

ഇന്നലെ ഏകോപനക്കുറവ് ഉണ്ടായോ എന്നത് പരിശോധിക്കാമെന്നും മന്ത്രി. വയനാട്ടില്‍ ഒരു സ്ത്രീയെ കടുവ കടിച്ചുകൊന്നതില്‍ പ്രദേശവാസികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ സ്ഥലത്തെത്താതെയാണ് മന്ത്രി സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. ഒരു പ്രദേശം മുഴുവന്‍ കടുവാ ഭീതിയില്‍ കഴിയുന്നതിനിടെ കോഴിക്കോട് നഗരത്തില്‍ നടന്ന ഫാഷന്‍ ഷോയില്‍ പങ്കെടുത്ത വനംമന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടുപാടുന്നു വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിമര്‍ശനമുയര്‍ന്നത്.

വനം മന്ത്രി എ.കെ ശശീന്ദ്രനെ ഇനിയും ചുമക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനമെങ്കില്‍ അതിന് വലിയ വില തന്നെ നല്‍കേണ്ടി വരുമെന്നുറപ്പാണ്. മറ്റുള്ളവരുടെ ദുഃഖത്തില്‍ ആനന്ദം കണ്ടെത്തുന്ന നികൃഷ്ട ജീവി ആയി മാത്രമേ, എ.കെ ശശീന്ദ്രന്‍ എന്ന മന്ത്രിയെ ഇനി വിലയിരുത്താനാകൂ എന്നാണ് ഇടതുപക്ഷത്തു നിന്നുള്ള കടുത്ത വിമര്‍ശനം. ഒരു പ്രദേശം മുഴുവന്‍ കടുവാ ഭീതിയില്‍ കഴിയുകയും കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീയെ കടുവ ഭക്ഷിക്കുകയും ചെയ്ത ഭീതിജനകമായ അന്തരീക്ഷത്തിലും

ഫാഷന്‍ ഷോയില്‍ പങ്കെടുത്ത് പാട്ട് പാടിയ വനംമന്ത്രിയുടെ മാനസികാവസ്ഥ എന്തായിരുന്നു. ‘പൂച്ചക്കുട്ടീ’ എന്നു വിളിച്ച് സംസാരിച്ച ഞരമ്പന്‍ രോഗിയുടചെ മാനസികാവസ്ഥയുടെ മറ്റൊരു വേര്‍ഷല്ലേ ഈ ഫാഷന്‍ ഷോയിലെ പാട്ടും എന്നാണ് വിമര്‍ശം. ജനങ്ങളുടെ ഒപ്പം അവരുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ട മന്ത്രിയാണ് ഇത്തരം ഒരു നെറികേട് കാണിച്ചിരിക്കുന്നത്. ‘റോമാ സാമ്രാജ്യം കത്തിയപ്പോള്‍, ചക്രവര്‍ത്തി വീണ വായിച്ചത് പോലെയാണ് ഈ സംഭവമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പരാമര്‍ശം ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാണ്.

യഥാര്‍ത്ഥത്തില്‍ അത്തരം ഹീനമായ ഒരു പ്രവര്‍ത്തിയാണ് മന്ത്രി എ.കെ ശശീന്ദ്രനില്‍ നിന്നുണ്ടായിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. കോഴിക്കോട്ടെ സ്വകാര്യ പരിപാടിയില്‍ പാട്ടുപാടിയ സംഭവത്തില്‍ ജാഗ്രത കുറവ് ഉണ്ടായെന്ന് പറഞ്ഞത്‌കൊണ്ട് മാത്രം കാണിച്ച നിരുത്തരവാദ സമീപനത്തില്‍ നിന്നും എ.കെ ശശീന്ദ്രന് രക്ഷപ്പെടാനാകില്ല. അധികാരമോഹിയും ഒന്നിനും കൊള്ളാത്തവനുമായ ഈ മന്ത്രിയെ ചവിട്ടി പുറത്താക്കുകയാണ് ഇനി വേണ്ടതെന്നാണ് സി.പി.എം അണികളും പറയുന്നത്.

എന്തിനാണ് ഇങ്ങനെ ഒരു മന്ത്രി എന്ന ചോദ്യത്തിന് ഇടതുപക്ഷ നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണം. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി തുടര്‍ച്ചയായി മന്ത്രി കസേരയില്‍ ഇരിക്കുന്ന എ.കെ ശശീന്ദ്രന്‍ തികഞ്ഞ ഒരു പരാജയമാണ് എന്നത് ഓരോ ദിവസവും തെളിഞ്ഞ് കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന് സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ ഒന്നാന്തരം ഒരു വടിയായി വനം വകുപ്പിന്റെ പ്രവര്‍ത്തനവും മന്ത്രിയുടെ പാട്ടും മാറി കഴിഞ്ഞു. കോണ്‍ഗ്രസ്സിലെ അധികാര തര്‍ക്കത്തിലും, വയനാട്ടിലെ ഡി.സി.സി ട്രഷററുടെ ആത്മഹത്യ ഉയര്‍ത്തിയ വിവാദത്തിലുമെല്ലാം പെട്ട് പ്രതിരോധത്തിലായ കോണ്‍ഗ്രസ്സിന് എ.കെ ശശീന്ദ്രന്റ നടപടികള്‍ ശരിക്കും ഒരു പിടിവള്ളിയാണ്.

വയനാട്ടിലെ ജനതയെ സംബന്ധിച്ച് ഇപ്പോള്‍ അവരുടെ പ്രധാന വിഷയം നരഭോജി കടുവയാണ് അതല്ലാതെ കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളല്ല. കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി കൊണ്ട് സി.പി.എം വയനാട് ജില്ലാ കമ്മറ്റിയാണ് കോണ്‍ഗ്രസ്സ് നേതാവ് എന്‍.എം വിജയന്റെ ആത്മഹത്യയുടെ പിന്നിലെ കാരണങ്ങള്‍ പൊതു സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നത്. ഈ സംഭവത്തില്‍, വിജയന്റെ കുടുബം പുറത്ത് വിട്ട കത്തിന്റെ കൂടി അടിസ്ഥാനത്തില്‍ പിന്നീട് കോണ്‍ഗ്രസ്സ് എം.എല്‍.എ ഐ.സി ബാലകൃഷ്ണനെതിരെയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെതിരെയും, ആത്മഹത്യാ പ്രേരണ കുറ്റത്തിന് പൊലീസ് കേസെടുക്കുകയാണ് ഉണ്ടായത്. ഇതോടെയാണ് കോണ്‍ഗ്രസ്സ് നേതൃത്വം വെട്ടിലായിപ്പോയിരുന്നത്.

എന്നാല്‍, നരഭോജി കടുവയുടെ വരവും വനം വകുപ്പിന്റെ അനാസ്ഥയും അതിന് പുറമെ വകുപ്പ് മന്ത്രിയുടെ ഫാഷന്‍ ഷോയും കൂടി ആയതോടെ ജില്ലയിലെ രാഷ്ട്രീയ വിഷയം കൂടിയാണ് മാറി പോയിരിക്കുന്നത്. സകല നിയത്രണവും വിട്ട അവസ്ഥയിലാണ് വയനാട്ടിലെ ജനങ്ങള്‍ ഇപ്പോള്‍ ഉള്ളത്. ജില്ലയിലെ സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെയുള്ളവരും വനംമന്ത്രിയുടെ പക്വത ഇല്ലാത്ത പ്രവര്‍ത്തിയില്‍ അമര്‍ഷത്തിലാണ്. കടുവാ ഭീഷണി ഉണ്ടായ ഉടനെ തന്നെ വയനാട്ടില്‍ എത്തി ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കേണ്ട മന്ത്രി എന്തടിസ്ഥാനത്തിലാണ് ഫാഷന്‍ ഷോയ്ക്ക് പോയതെന്നാണ് സി.പി.എം അനുഭാവികളും ചോദിക്കുന്നത്.

അവിടെ വച്ച് പാട്ട് പാടുക വഴി വയനാട്ടിലെ ജനങ്ങളെയാകെ മന്ത്രി അപമാനിച്ചെന്ന വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ശക്തമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ തെറ്റ് ഏറ്റുപറച്ചില്‍ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് വച്ച് നടന്ന ഫാഷന്‍ ഷോ ഒരു സ്വകാര്യ പരിപാടിയാണെന്ന് വ്യക്തമായതോടെ ഇതില്‍ പങ്കെടുക്കാന്‍ മന്ത്രി ശശീന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയിരുന്നോ എന്നതിനും ഇനി മറുപടി ലഭിക്കേണ്ടതുണ്ട്. എന്നാല്‍ എന്ത് താല്‍പ്പര്യത്തിന്റെ പുറത്താണ് എ.കെ ശശീന്ദ്രന്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തത് എന്നതും സംശയത്തോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയുകയൂള്ളൂ.

കാരണം, വളരെ മോശം പ്രതിച്ഛായ വ്യക്തി ജീവിതത്തിലും ഉള്ള വ്യക്തിയാണ് എ.കെ ശശീന്ദ്രന്‍. ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്നും അദ്ദേഹത്തിന് ഇടയ്ക്ക് രാജിവയ്ക്കേണ്ടി വന്നതും അതു കൊണ്ടാണ്. ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയോട് ലൈംഗീക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്ന് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങിയത്. മന്ത്രിയും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും അക്കാലത്ത് ഏറെ വൈറലായിരുന്നു.

മംഗളം ചാനലാണ് ശശീന്ദ്രന്റെതെന്ന് പറഞ്ഞ് ലൈംഗികചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടിരുന്നത്. എന്നാല്‍, മംഗളം ചാനല്‍ തങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് കണ്ട് ഈ സംഭവം ഏറ്റെടുക്കാതെ മംഗളത്തെ അതിന്റെ പിറവിയില്‍ തന്നെ തകര്‍ക്കാന്‍ മറ്റു മാധ്യമങ്ങള്‍ സംഘടിതമായി മത്സരിക്കുകയാണുണ്ടായത്. ഈ ചാനല്‍ പക ഒടുവില്‍ ശശീന്ദ്രന് തുണയായി മാറി. തുടര്‍ന്ന്, പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക പരാതിയുമായി മുന്നോട്ട് പോകാതിരുന്നതോടെ ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാനും സാധിച്ചു.

ഫോണ്‍കെണി കേസില്‍ 2017 മാര്‍ച്ച് 26നാണു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി. അന്ന് ‘പൂച്ചക്കുട്ടി’ എന്ന് വിളിച്ച് മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ച, മന്ത്രിയുടേതായി പുറത്ത് വന്ന സംഭാഷണം തന്റേതല്ലെന്ന് ഇന്നുവരെ എ.കെ ശശീന്ദ്രന്‍ പറഞ്ഞിട്ടുമില്ല, ഒരു ഏജന്‍സിയും അങ്ങനെ ഒരു കണ്ടെത്തല്‍ നടത്തിയിട്ടുമില്ല. ഈ ഒരു സാഹചര്യത്തില്‍, ഇങ്ങനെ ഒരു പശ്ചാത്തലമുള്ള മന്ത്രി എകെ ശശീന്ദ്രന്‍ കോഴിക്കോട്ടെ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ പോയത് അത്ര നിഷ്‌കളങ്കമായി കാണാനും കഴിയില്ല.

മന്ത്രി ആര് വിളിച്ചിട്ടാണ് പോയതെന്നും ഈ ഫാഷന്‍ ഷോക്ക് പിന്നിലെ മന്ത്രിയുടെ റോള്‍ എന്താണെന്നതും നാടിന് അറിയേണ്ടതുണ്ട്. ജനങ്ങളെ കടുവയും ആനയും എല്ലാം കടിച്ചും ചവിട്ടിയും കൊന്നാലും വേണ്ടില്ല തനിക്ക് ഫാഷന്‍ ഷോയും പാട്ടുമൊക്കെയാണ് വേണ്ടതെന്ന മാനസിക നിലവാരത്തില്‍ നില്‍ക്കുന്ന മന്ത്രിക്കെതിരേ എന്തു നടപടിയാണ് മുഖ്യമന്ത്രി എടുക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം.

CONTENT HIGH LIGHTS; ‘That was a kitten, today is a fashion show’: The forest minister who tried to sing despite being bitten and eaten by a tiger is ‘in the month of death’; Nero Chakraborty and A.K. What is the difference between Sashindran and the minister?

Latest News