കറിയിൽ കറി വേപ്പില മസ്റ്റ് ആണ് നമ്മൾ മലയാളികൾക്ക്. എന്നാൽ ഇന്നത്തെ കാലത്ത് കറിവേപ്പില കടയിൽ പോയി വാങ്ങണം, വീടുകളിൽ നാട്ടു നനച്ചുണ്ടാക്കുന്ന കറി വേപ്പില കുറവാണ്. കടയിൽ നിന്ന് വാങ്ങുന്നതിലാണെങ്കിൽ നിറയെ വിഷവും അടിച്ചാണ് എത്തുന്നത്. അപ്പോൾ വീട്ടിൽ തന്നെ കറിവേപ്പില എങ്ങനെ വെച്ചുപിടിപ്പിച്ച് പരിപാലിക്കാം എന്ന് നോക്കാം.
വേനൽക്കാലം എത്തിക്കഴിഞ്ഞാൽ ചെടികളെല്ലാം കരിഞ്ഞു തുടങ്ങുന്ന പതിവുണ്ട്. ആവശ്യത്തിന് വെള്ളവും വളവും നൽകിയാൽ മാത്രമാണ് വേനൽക്കാലത്ത് ചെടികൾക്ക് ചൂടിനെ അതിജീവിക്കാനായി സാധിക്കുകയുള്ളൂ. കടുത്ത വേനലിൽ കറിവേപ്പില ചെടി നിലനിർത്തണമെങ്കിൽ ആവശ്യത്തിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും കറിവേപ്പില ചെടിക്ക് വളമായി പുളിപ്പിച്ച കഞ്ഞിവെള്ളം സ്ഥിരം ഒഴിക്കുന്നത് ഗുണം ചെയ്യും. ചെടിക്ക് ചുറ്റും മണ്ണ് നല്ലതു പോലെ ഇളക്കിയാണ് പുളിപ്പിച്ച കഞ്ഞിവെള്ളം ഒഴിക്കേണ്ടത്. അതുപോലെ മാസത്തിൽ ഒരു തവണയെങ്കിലും അല്പം ചുണ്ണാമ്പ് പൊടി ചേർത്തു കൊടുക്കുന്നതും ചെടിയുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ചെടിയുടെ മുകളിൽ മഞ്ഞൾപൊടി വിതറി നൽകുന്നത് കീടാണു ബാധകളിൽ നിന്നും ചെടിയെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ്.
പഴകിയ ചോറ് വെള്ളത്തിൽ ഇട്ടു വെച്ച ശേഷം പിറ്റേദിവസം ഒരു മിക്സിയുടെ ജാറിൽ അല്പം മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചു പേസ്റ്റ് ആക്കി എടുക്കുക. അത് ചെടിയുടെ ചുറ്റും ഇട്ടു കൊടുക്കുന്നത് കറിവേപ്പില കൂടുതൽ വളരുന്നതിന് സഹായിക്കും. കഞ്ഞി വെള്ളത്തോടൊപ്പം മഞ്ഞൾപൊടി ഇട്ട് അത് ചെടിയിൽ ഒഴിച്ചു കൊടുക്കുന്നതും വളരെ നല്ലതാണ്. ഏതു വളപ്രയോഗം നടത്തുമ്പോഴും മണ്ണ് നല്ലതുപോലെ ഇളക്കി വേണം ചെയ്യാൻ. ചെടിയിൽ നല്ലതുപോലെ വെള്ളമൊഴിച്ചു കൊടുക്കേണ്ടതും അത്യാവശ്യമാണ്. വേനൽക്കാലത്ത് സാധാരണ ഒഴിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളം ഒഴിച്ചാൽ മാത്രമാണ് ചെടി വാടാതെ നിൽക്കുകയുള്ളൂ. അതുപോലെ അടുക്കളയിൽ ബാക്കി വരുന്ന ചാരം ഇലയിലും മണ്ണിലും ഇട്ടു കൊടുക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.
കറിവേപ്പില മരങ്ങള്‍ക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. ഇങ്ങനെ സൂര്യപ്രകാശം ലഭിച്ചാല്‍ ചെടി ശക്തവും ആരോഗ്യകരവുമായി വളരും. ആ ചെടിയിലെ കറിവേപ്പിലകള്‍ക്ക് സുഗന്ധം നിറഞ്ഞ പച്ചനിറത്തിലുള്ള ഇലകള്‍ ഉറപ്പാണ്. സ്ഥല പരിമിതി ഉണ്ടെങ്കില്‍ വീടിനുള്ളിലും കറിവേപ്പില വളര്‍ത്താം. നേരിട്ട് വെളിച്ചം ലഭിക്കുന്ന ജനാലയ്ക്ക് സമീപം വലിയ ചട്ടിയില്‍ ചെടി വയ്ക്കുക. ആവശ്യമെങ്കില്‍ ഇന്‍ഡോര്‍ ചെടികള്‍ക്ക് ഉപയോഗിക്കുന്ന ഗ്രോ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് പരിഗണിക്കാം.