വീടിനോട് ചേർന്ന് ഒരു ചെറിയ പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം നിർമിക്കാൻ ആഗ്രഹം ഉള്ളവർ ആകും കൂടുതൽ ആളുകളും. എന്നാൽ അവയ്ക്ക് നല്ല രീതിയിൽ വളർച്ച ഉണ്ടാകണമെങ്കിൽ കൃത്യമായ പരിപാലനവും ആവശ്യത്തിന് വളപ്രയോഗവും നടത്തേണ്ടതുണ്ട്. പലരും അതിനായി കടയിൽ നിന്നും ഉയർന്ന വില കൊടുത്ത് വളം വാങ്ങുന്നതായിരിക്കും ശീലം. എന്നാൽ അതിന് പകരമായി വീട്ടിൽ തന്നെ കരിയില കമ്പോസ്റ്റ് നിർമ്മിക്കാം.
കരിയില കമ്പോസ്റ്റ് ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കുറച്ച് പച്ചയില, കരിയില, ചാണകവെള്ളം എന്നിവ മാത്രമാണ്. കമ്പോസ്റ്റ് ഉണ്ടാക്കാനായി ഒരു പ്ലാസ്റ്റിക് ചാക്കെടുത്ത് അതിലേക്ക് കരിയില നിറച്ചു കൊടുക്കുക. കൂട്ടിയിട്ട കരിയിലയിൽ കാൽ ഭാഗമാണ് ആദ്യം ചാക്കിലേക്ക് നിറച്ചു കൊടുക്കേണ്ടത്. അതിനുശേഷം എടുത്തുവച്ച പച്ചിലകൾ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്തത് ഒരു ലയർ ഇട്ടു കൊടുക്കണം. പച്ചിലകൾ തിരഞ്ഞെടുക്കുമ്പോൾ വള്ളിപ്പടർപ്പു പോലുള്ളവ തിരഞ്ഞെടുത്ത് അവ ചെറുതായി കട്ട് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. അതിനുശേഷം എടുത്തു വെച്ച ചാണകവെള്ളം അല്പം ഒഴിച്ചു കൊടുക്കാവുന്നതാണ്. എത്രത്തോളം കരിയിലകൾ കൂട്ടി വെച്ചിട്ടുണ്ടോ അതിന്റെ അത്രയും അളവിൽ ലയർ തയ്യാറാക്കണം.
കരിയില കമ്പോസ്റ്റ് ഉണ്ടാക്കാൻ പ്ലാസ്റ്റിക് ചാക്ക് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഒരു പ്രധാന ഗുണം അതിൽ ചെറിയ ഹോളുകൾ ഉള്ളതു കൊണ്ട് തന്നെ ആവശ്യത്തിന് വായു സഞ്ചാരം അകത്തേക്ക് ലഭിക്കും എന്നതാണ്. ചാക്ക് പൂർണ്ണമായും ഫിൽ ചെയ്ത ശേഷം മുകൾ ഭാഗം ഒരു ചാക്ക് നൂല് ഉപയോഗിച്ച് ടൈറ്റായി കെട്ടണം. ഈ ചാക്ക് കുറച്ചു ദിവസം തുറക്കാതെ വയ്ക്കുകയാണെങ്കിൽ അതിലെ ഇലകളും മറ്റും നല്ലതുപോലെ അഴുകിച്ചേർന്ന് വളമായി മാറും. ബാക്കി അവശേഷിക്കുന്നത് ഇലകളുടെ തണ്ടിന്റെ ചെറിയ ഭാഗങ്ങൾ മാത്രമായിരിക്കും. ഇവ ചെടികൾക്ക് ഇട്ടു കൊടുക്കുകയാണെങ്കിൽ കായ്ഫലങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
അടുത്തതായി മണ്ണും ചാണകപ്പൊടിയും ഉപയോഗിച്ച് കരിയില കമ്പോസ്റ്റ് നിർമ്മിക്കുവാൻ സാധിക്കും. അതിനായി ഒരു പ്ലാസ്റ്റിക് ചാക്കിലേക്ക് മണ്ണും ചാണകപ്പൊടിയും വിതറുക. ഇതിനു മുകളിലേക്ക് കരിയില വിതറുക. ശേഷം അല്പം വെള്ളം തളിച്ച് കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ ചാക്കു നിറയുന്നതുവരെ ലെയർ തിരിച്ചു ചെയ്യുക. ഇത്തരത്തിൽ കെട്ടി സൂക്ഷിക്കുന്ന ചാക്കുകൾ അധികം വെയിൽ തട്ടാത്ത സ്ഥലത്ത് വേണം വെക്കുവാൻ. നാലു മാസത്തോളം എടുക്കും ഇത്തരത്തിൽ വച്ചിരിക്കുന്ന കരിയില കമ്പോസ്റ്റ് ആയി മാറുവാൻ. നാലു മാസത്തിനു ശേഷം ചാക്ക് അഴിച്ച് നോക്കിയാൽ കരിയില എല്ലാം നന്നായി പൊടിഞ്ഞു കമ്പോസ്റ്റ് ആയി മാറിയത് കാണാൻ സാധിക്കും.