മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട ഒരു കിഴങ്ങ് വർഗമാണ് കൂർക്ക. ഭക്ഷണത്തിന് കൂർക്ക ഉപ്പേരി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട, അത്രത്തോളം പ്രിയമാണ് ഈ വിഭവത്തോട്. അന്നജ സമ്പുഷ്ടമായ കൂര്ക്കയില് മാംസ്യം, ധാതുലവണങ്ങൾ എന്നിവ കൂടി അടങ്ങിയിട്ടുണ്ട്. കൂർക്കയുടെ സീസണായാൽ എല്ലാ കടകളിലും ഇത് സുലഭമായി ലഭിക്കുകയും ചെയ്യും. എന്നാൽ ഇനി കടകൾ കയറിയിറങ്ങി കഷ്ടപ്പെടേണ്ട കാര്യമില്ല സീസണായാൽ നമുക്ക് വീട്ടിൽ തന്നെ കൂർക്ക കൃഷി ചെയ്യാം. നല്ല അയവും വളക്കൂറുമുള്ള ഏതുതരം മണ്ണിലും കൂർക്ക കൃഷിചെയ്യാം. പക്ഷെ നീർവാർച്ച ഉറപ്പുവരുത്തണം.
കൂർക്ക കൃഷി ചെയ്യാനായി പ്രധാനമായും ആവശ്യമായിട്ടുള്ള ഒരു സാധനം പഴയ ഉപയോഗിക്കാത്ത പെയിന്റ് ബക്കറ്റ് ആണ്. അതല്ലെങ്കിൽ സാധാരണ ചെടികൾ നടാനായി ഉപയോഗിക്കുന്ന പോട്ട് വേണമെങ്കിലും ഉപയോഗപ്പെടുത്താം. ആദ്യം തന്നെ പാത്രം എടുത്ത് അതിന്റെ ഏറ്റവും താഴെ ഭാഗത്തായി മുക്കാൽ ഭാഗത്തോളം കരിയില നിറച്ചു കൊടുക്കണം. ശേഷം അതിന് മുകളിലായി പോട്ടിംഗ് മിക്സ് ഇട്ടുകൊടുക്കണം. പോട്ടിങ് മിക്സ് തയ്യാറാക്കുമ്പോൾ അടുക്കളയിൽ നിന്നും മറ്റും ലഭിക്കുന്ന വേസ്റ്റ് ഉപയോഗപ്പെടുത്തി ജൈവവളം തയ്യാറാക്കി അത് മണ്ണിൽ മിക്സ് ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ഫലം ലഭിക്കുന്നതാണ്. ശേഷം മണ്ണിനു മുകളിലായി അല്പം ചാരും കൂടി വിതറി കൊടുക്കാം.
ഉപയോഗിക്കാതെ ഇരിക്കുന്ന പഴയ വെള്ള കുപ്പി ഉണ്ടെങ്കിൽ അതിന്റെ മുകൾഭാഗവും, താഴ്ഭാഗവും കട്ട് ചെയ്ത് എടുക്കുക. അത് പോട്ടിന്റെ നടുക്കായി ഇറക്കിവെച്ച് അതിനകത്ത് കുറച്ച് ജൈവ കമ്പോസ്റ്റ്, ചാരം, മണ്ണ് എന്നിവ നിറച്ചു കൊടുക്കാം. കുപ്പിയുടെ ചുറ്റുമായി വളർത്താൻ ആവശ്യമായ കൂർക്ക നട്ടു കൊടുക്കാവുന്നതാണ്. പിന്നീട് നടുഭാഗത്തായി കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. വീണ്ടും അതിനു മുകളിലായി കരിയിലയും മണ്ണും ഇട്ട് നല്ലതുപോലെ നിറച്ചു കൊടുക്കുക. ഈയൊരു രീതിയിൽ ചെയ്യുകയാണെങ്കിൽ കൂർക്ക എളുപ്പത്തിൽ മുളച്ച് കിട്ടുന്നതാണ്.
നടീൽകാലം ജൂലൈ മുതൽ ഒക്ടോബർ വരെയാണ്. നാല്–അഞ്ചു മാസത്തിനുശേഷം ഇലകൾ മഞ്ഞളിച്ച് തുടങ്ങുമ്പോൾ വിളവെടുക്കാം. ഉണങ്ങിത്തുടങ്ങുന്ന വള്ളി നീക്കം ചെയ്ത് വാരങ്ങൾ കിളച്ചിളക്കി കിഴങ്ങുകൾ മുറിവുകൾ ഉണ്ടാക്കാതെ വേർതിരിച്ചെടുക്കണം.