കഴിഞ്ഞ സംസ്ഥാന ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ തന്റെ പ്ലാന്‍ ബിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ തന്റെ കൈവശം പ്ലാന്‍ ബി ഉണ്ടെന്നായിരുന്നു പറഞ്ഞത്. അതുകേട്ട് നിയമസഭയിലെ ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം ഞെട്ടി. ഒന്നാം പിണറായി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ തലയെ വെല്ലുന്ന ആളാണോ രണ്ടാം പിണറായി സര്‍ക്കാര്‍ കണ്ടെത്തിയ ധമന്ത്രി ബാലഗോപാലനെന്ന് സംശയിച്ചുപോയി.
ഇല്ലാത്ത പണം ഉണ്ടാക്കി സംസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ എങ്ങനെയാണ് പ്ലാന്‍ തയ്യാറാക്കുന്നതെന്നായിരുന്നു ചിന്ത. എന്നാല്‍, സംസ്ഥാനത്തിന്റെ പദ്ധതികളെല്ലാം വെട്ടിക്കുറച്ചാണ് പരിഹാരം കണ്ടതെന്ന് തിരിച്ചറിഞ്ഞ മലയാളികള്‍ വീണ്ടും ഞെട്ടിയിരിക്കുകയാണ്. തോമസ് ഐസക്ക് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും, കിഫ്ബി വഴിയുമൊക്കെ കടം വാങ്ങിയും തന്ത്രം മെനഞ്ഞും കേരളത്തെ മുന്നോട്ടു കൊണ്ടു പോയെങ്കില്‍, ബാലഗോപാലന്‍ ഉള്ളതെല്ലാം ഇല്ലാതാക്കിക്കൊണ്ടാണ് കേരളത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്.
ഈ പോക്ക് പോയാല്‍, സര്‍ക്കാര്‍ ഏറ്റവും മോശം സര്‍ക്കാരെന്ന പേരോടു കൂടിയേ ഭരണം അവസാനിപ്പിക്കൂ എന്നതില്‍ തര്‍ക്കമില്ല. പെട്ടിയും തൂക്കി നിയമസഭയില്‍ വന്നു നിന്ന് വിളിച്ചു കൂവി കൈയ്യടി നേടുന്ന പദ്ധതികളെല്ലാം ആരും അറിയാതെ വെട്ടിക്കുറയ്ക്കുന്നത് വല്ല കേമത്തരമൊന്നുമല്ല. എന്തിനും കേന്ദ്രത്തിനെ കുറ്റം പറയുകയും ചെയ്യും. കേരളം നവോത്ഥാനത്തിലേക്ക് വന്നിട്ട് അദികകാലമൊന്നുമായില്ല. പക്ഷെ, അത് പൂര്‍ത്തീകരിക്കപ്പെട്ടില്ല എന്നു തന്നെ പറയണം. ഇന്നും അധകൃതരും അധസ്ഥിതരും സാമ്പത്തികമായും സാമൂഹികമായും എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെയാണ് മനസ്സുകൊണ്ട് നില്‍ക്കുന്നത്.
പുറമേ എല്ലാം മാറിയെന്ന് പറയുന്നവര്‍ തന്നെ അകമേ അവരെ താഴെയിട്ട് ചവിട്ടുകയാണ്. അതാണ് കേരള സര്‍ക്കാരും ധനമന്ത്രിയിലൂടെ ചെയ്തിരപിക്കുന്നത്. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്ലാന്‍ ബി എന്ന് വാള്‍ പട്ടികജാതി വകുപ്പിന്റെ പദ്ധതികളില്‍ 50 ശതമാനം വെട്ടിമുറിക്കാനായിരുന്നു തേച്ചു മിനുക്കിയത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയും, അത് രാകിരാകി മൂര്‍ച്ച കൂട്ടുകയുമായിരുന്നു ഇതുവരെ. സമയമായപ്പോള്‍ പ്ലാന്‍ ബി എന്ന വാളുകൊണ്ട് പട്ടികജാതി വിഭാഗത്തിന്റെ നഞ്ചിലേക്ക് ആഞ്ഞു വെട്ടുകയും ചെയ്തു. ചോദിക്കാനാരുണ്ട്.
പട്ടികജാതി വിഭാഗക്കാര്‍ക്ക് ലൈഫ് മിഷന്‍ വഴി വീട് നല്‍കുന്ന പദ്ധതിക്ക് വകയിരുത്തിയ തുക ഉള്‍പ്പെടെയാണ് വ്യാപകമായി വെട്ടിക്കുറച്ചത്. ജനുവരി 25 നാണ് പട്ടിക ജാതി വകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. ഭവന രഹിത പട്ടികജാതി വിഭാഗക്കാര്‍ക്ക് ലൈഫ് മിഷന്‍ വഴി നടപ്പാക്കുന്ന ഭവന പദ്ധതിക്ക് 300 കോടിയാണ് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയത്. ഇത് 120 കോടിയാക്കിയാണ് വെട്ടി കുറച്ചിരിക്കുന്നത്. 60 ശതമാനം വെട്ടികുറവാണ് ഈ പദ്ധതിയില്‍ മാത്രം വരുത്തിയിരിക്കുന്നത്.
പട്ടികജാതി കുടുംബങ്ങളുടെ ഭാഗികമായി നിര്‍മ്മിച്ച ഭവനങ്ങളുടെ പൂര്‍ത്തികരണത്തിനും ജീര്‍ണ്ണിച്ച ഭവനങ്ങളുടെ മെച്ചപ്പെടുത്തലിനും പഠനമുറികളുടെ നിര്‍മ്മാണത്തിനും ധനസഹായം നല്‍കുന്നതിന് ബജറ്റില്‍ 222.06 കോടിയാണ് വകയിരുത്തിയിരുന്നത്. ഇത് 173.06 കോടിയായി വെട്ടികുറച്ചു. ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ഭൂമി വാങ്ങാന്‍ സഹായം നല്‍കുന്ന പദ്ധതിക്ക് 170 കോടിയായിരുന്നു ബജറ്റ് വിഹിതം. ഇത് 70.25 കോടിയായി വെട്ടികുറച്ചു.
ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് / രക്ഷിതാക്കള്‍ക്ക് അവരുടെ പെണ്‍മക്കളുടെ വിവാഹത്തിനായി വിവാഹ ധനസഹായമായി 1.25 ലക്ഷം രൂപ നല്‍കുന്ന പട്ടിക ജാതി യുവതികള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്ന പദ്ധതിക്ക് 86 ലക്ഷം ആയിരുന്നു ബജറ്റ് വിഹിതം. ഇത് 50 ലക്ഷമാക്കി വെട്ടി കുറച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, കഴിവുകള്‍, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് വാല്‍സല്യ നിധി.
10 കോടി രൂപയായിരുന്നു ഇതിന്റെ ബജറ്റ് വിഹിതം. ഈ പദ്ധതിക്ക് ഒരു രൂപ പോലും കൊടുക്കണ്ട എന്നാണ് ഉത്തരവ്. വാല്‍സല്യ നിധിക്ക് 100 ശതമാനം വെട്ടി കുറവ് എന്നര്‍ത്ഥം.നിരവധി പദ്ധതികള്‍ സമാന മാതൃകയില്‍ വെട്ടികുറവ് നടത്തി. സാമ്പത്തിക വര്‍ഷം തീരാന്‍ 2 മാസം മാത്രം ഉള്ളപ്പോള്‍ പട്ടിക ജാതി വിഭാഗക്കാരുടെ ലൈഫ് മിഷന് നല്‍കിയത് വെറും 30 ശതമാനം മാത്രമാണെന്ന് പ്ലാനിംഗ് ബോര്‍ഡ് രേഖകള്‍. 9 ഓളം ന്യൂന പക്ഷ സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ 50 ശതമാനമായി വെട്ടി കുറച്ചതിന് പിന്നാലെയാണ് പട്ടിക ജാതി വിഭാഗക്കാരുടെ പദ്ധതികളിലും വെട്ടി കുറവ് നടത്തിയത്.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിനും മന്ത്രി മന്ദിരം മോടി പിടിപ്പിക്കാനും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും കുടുംബങ്ങളുടേയും വിദേശ സന്ദര്‍ശനത്തിനും ലോക കേരള സഭക്കും മാത്രമാണ് പണം കൃത്യമായി ബാലഗോപാല്‍ നല്‍കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് പദ്ധതി വിഹിതത്തിലെ 50 ശതമാനം വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. മറ്റൊരു പദ്ധതിയിലും കൈവെയ്ക്കാതെ പട്ടികജാതി വിഭാഗത്തെ തന്നെ പ്ലാന്‍ ബി ആക്കിയതു പോലും മേലാള വര്‍ഗത്തിന്റെ അഹന്തയുടെ പ്രതിഫലനമാണ്. സ്വന്തമായി ഒരുതുണ്ടു ഭൂമിപോലും ഇല്ലാതിരുന്ന വിഭാഗത്തിന്റെ ഉന്നമനം ഉണ്ടായിട്ട് കാലം അത്രയൊന്നും ആയിട്ടില്ല.
അവരോടാണ് സര്‍ക്കാരിന്റെ ഈ കടുംവെട്ട്. ഇതിനെല്ലാം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അല്ലാതെ എങ്ങനെയാണ് ഇവര്‍ക്കു പ്രതികരിക്കാനാവുക. ഇത് പട്ടികജാതി വിഭാഗത്തിനെതിരേ നടത്തിയ പീഡനത്തിനു തുല്യമല്ലേ. അവര്‍ക്ക് അവകാശപ്പെട്ടത് നല്‍കാതെയും, അവര്‍ക്കു വേണ്ടി ബജറ്റില്‍ വകയിരുത്തിയ തുക ചെലവാക്കാതെയും മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നീതീകരിക്കാനാവാത്തതാണ്. പട്ടികജാതി വിഭാഗത്തിന് മുപ്പത്തി മുക്കോടി സംഘടനകളും നേതാക്കളും ഉണ്ടെങ്കിലും സര്‍ക്കാരിന്റെയും ധനവകുപ്പിന്റെ ഈ നടപടിക്കെതിരേ ആരും വാ തുറക്കില്ലെന്നുറപ്പാണ്.
പട്ടികജാതി-വര്‍ഗ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഈ വിഭാഗക്കാരുടെ അംഗീകൃത സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. അത് എന്തിനു വേണ്ടിയാണെന്ന് ധനമന്ത്രിക്ക് നന്നായറിയാം. പദ്ധതി വിഹിതം വെട്ടിക്കുറച്ചതു കൊണ്ട് ആരും പ്രശ്‌നങ്ങളോ സമരങ്ങളോ, പ്രതിപക്ഷത്തിന്റെ ചട്ടുകമോ ആകാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍. സര്‍ക്കാര്‍ പട്ടികജാതി വിഭാഗത്തോട് ചെയ്തിരിക്കുന്ന ഈ നടപടി ശരിക്കും അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കേണ്ടതല്ലേ.
CONTENT HIGH LIGHTS; ‘Plan B’ for Scheduled Castes: K.N. Balagopal’s strategy on the chest of the poor?; Sarkar that you should not learn? The renaissance and renaissance heroes who cannot be trusted in drinking water; Shouldn’t a case be filed under the Atrocities Act?