നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് മഞ്ഞൾ. അതുകൊണ്ട് തന്നെ നമ്മുടെയൊക്കെ അടുക്കളകളിൽ മഞ്ഞളിന് പ്രത്യേകം സ്ഥാനവുമുണ്ട്. മഞ്ഞളിൻ്റെ ഉപയോഗം പല വിധത്തിൽ ഗുണകരമാണ്. പാചകത്തിന് ഉപയോഗിക്കുന്നത് പുറമെ ചർമ്മ സംരക്ഷണത്തിനും സൗന്ദര്യ വർധക വസ്‌തുവായുമൊക്കെ ഇത് ധാരാളമായി ഉപയോഗിക്കാറുണ്ട്. മഞ്ഞൾ പൊടി, പച്ച മഞ്ഞൾ എന്നിവ ദിവസവും കഴിക്കുന്നത് പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നു. മഞ്ഞളിലെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. സന്ധിവാതം, റുമാറ്റോയ്‌ഡ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ആർത്രൈറ്റിസ് എന്നിവയുൾപ്പെടെ ക്യാൻസറിനെ വരെ തടയാൻ മഞ്ഞൾ ഫലപ്രദമാണ്. കൂടാതെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാനും ഇത് വളെരെയധികം സഹായിക്കുന്നു. ഇത്രയും ഗുണങ്ങൾ ഉള്ള മഞ്ഞൾ ചിലപ്പോൾ കടകളിൽ നിന്നും വാങ്ങുമ്പോൾ ലഭിക്കണമെന്നില്ല. കടകളിൽനിന്ന് വാങ്ങുന്നവയിൽ പല രീതിയിലുള്ള കെമിക്കലുകളും കലർന്നിരിക്കും. അതുകൊണ്ട് വീട്ടിൽ തന്നെ മഞ്ഞൾ എങ്ങനെ എളുപ്പത്തിൽ കൃഷി ചെയ്യാം എന്ന് നോക്കാം.
അത്തരത്തിൽ ജൈവ രീതിയിൽ മഞ്ഞൾ നട്ടുവളർത്തി അതിൽനിന്നും മഞ്ഞൾപൊടി ശേഖരിക്കാം. ഏകദേശം ജനുവരി മാസത്തിന്റെ അവസാനത്തോട് കൂടിയാണ് മഞ്ഞളിന്റെ വിളവെടുപ്പ് കാലമായി കണക്കാക്കുന്നത്. വിത്ത് നട്ടുപിടിപ്പിച്ച് ശേഷം വലിയ രീതിയിൽ പരിചരണമൊന്നും നൽകിയില്ല എങ്കിലും മഞ്ഞൾ നല്ല രീതിയിൽ വളരും.
വളർത്തിയെടുത്ത മഞ്ഞൾ കൃത്യമായി മണ്ണിൽ നിന്ന് കുഴിച്ചെടുത്ത് വൃത്തിയായി കഴുകിയെടുക്കണം. കുറഞ്ഞത് മൂന്നു മുതൽ 4 തവണ വരെ കഴുകിയാൽ മാത്രമേ മണ്ണ് നല്ല രീതിയിൽ പോയി കിട്ടുകയുള്ളൂ. ശേഷം അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം നിറച്ചു കൊടുക്കുക. പാത്രത്തിന്റെ മുകളിലേക്ക് നിൽക്കുന്ന രീതിയിലാണ് മഞ്ഞൾ ഇട്ടുകൊടുക്കേണ്ടത്. അടച്ചുവെച്ച് വേവിക്കുമ്പോൾ മഞ്ഞളിലേക്ക് ആവി കയറി വരണം. മഞ്ഞൾ നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ പാത്രത്തിലെ വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് തണുക്കാനായി മാറ്റിവയ്ക്കാം. ചൂടാറിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത മഞ്ഞൾ വെയിലത്തിട്ട് ഉണക്കി എടുക്കണം. ഏകദേശം ഒരാഴ്ച്ച വരെ സമയമെടുത്ത് മാത്രമേ മഞ്ഞൾ ഉണക്കിയെടുക്കാനായി സാധിക്കുകയുള്ളൂ. അതിനുശേഷം മില്ലിൽ കൊണ്ടുപോയി പൊടിച്ചെടുക്കാം. ഈയൊരു രീതിയിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾപൊടി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്.