Agriculture

വഴുതന കൃഷി, എപ്പോൾ ചെയ്യാം ? | agriculture brinjal

പല തരത്തിലുള്ള വഴുതന ഇനം ലഭ്യമാണ്

അടുക്കളത്തോട്ടത്തിൽ ഒട്ടും ഒഴിച്ചുകൂടാൻ സാധിക്കാത്ത പച്ചക്കറിയാണ് വഴുതന. ഇത് നടാനും പരിചരിക്കാനും എളുപ്പമായത് കൊണ്ട് തന്നെ വീട്ടിലെ അടുക്കളത്തോട്ടത്തിൽ സ്ഥാനം പിടിക്കുന്നു. മലയാളികളുടെ ഭക്ഷണശീലങ്ങളിൽ വഴുതനയ്ക്കുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ. സാമ്പാറിലും ഉപ്പേരിയിലും തീയലിലും എല്ലാം വഴുതന മുൻപന്തിയിൽ ഉണ്ട്. വഴുതനങ്ങ കൃഷി വളരെ എളുപ്പമാണ്. ഇത് ഒരിക്കൽ പിടിച്ചു കിട്ടിയാൽ രണ്ടുവർഷം വരെ വിളവ് നൽകുന്നു. പല തരത്തിലുള്ള വഴുതന ഇനം ലഭ്യമാണ്. ശ്വേത (വെളുത്ത കളര്‍ , ഇടത്തരം നീളം), ഹരിത (ഇളം പച്ച, നല്ല നീളമുള്ളത്), നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) ഇവയാണ് ചില വഴുതന ഇനങ്ങള്‍.

വിത്ത് പാകി ആണ് വഴുതന തൈകള്‍ മുളപ്പിക്കുക. മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുക. വിത്തുകള്‍ തീരെ ചെറുതാണ്, വിത്ത് ശേഖരിക്കാന്‍ ഒരു എളുപ്പ പണിയുണ്ട്. മൂത്ത കായകള്‍ എടുത്തു നടുവേ മുറിക്കുക. ഇനി ഒരു പത്രത്തില്‍ വെള്ളം എടുത്തു വിത്തുള്ള ഭാഗം അതില്‍ ഇടുക, നന്നായി കഴുകി, അവശിഷ്ട്ടങ്ങള്‍ എല്ലാ പെറുക്കി കളഞ്ഞു ഒരു അരിപ്പ ഉപയോഗിച്ചു വെള്ളം കളയുക , വിത്തുകള്‍ ഉണക്കി സൂക്ഷിക്കുക.

വിത്തുകള്‍ പാകുന്ന വിധം – മെയ്, ജൂണ്‍ മാസമാണ് വഴുതന കൃഷിക്ക് ഏറ്റവും ഉചിതം. പാകേണ്ട വിത്തുകള്‍ എടുക്കുക, ഒരുപാടു എടുക്കണ്ട, നമുക്ക് ഒരു പത്തു മൂട് വഴുതന നടാന്‍ ആണ് എങ്കില്‍ ഒരു അമ്പതു-അറുപതു വിത്തുകള്‍ എടുക്കാം. വിതയ്ക്കുന്ന വിത്തുകള്‍ എല്ലാം മുളക്കില്ല. വളര്‍ന്നു വരുന്നവയില്‍ തന്നെ ആരോഗ്യുള്ളവ മാത്രം എടുക്കുക. ടെറസ്സിലെ ഗ്രോ ബാഗ്‌/ചെടിചട്ടി അല്ലെങ്കില്‍ തറയിൽ വിരിച്ച മണലിലോ വിത്ത് വിതക്കാം. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി, മുക്കി വെക്കാം. വിത്തുകള്‍ പാകുമ്പോൾ  അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോഴും ശ്രദ്ധിക്കുക, വെള്ളം ഒഴിച്ച് കൊടുക്കാതെ കൈയ്യില്‍ എടുത്തു കുടയുക.

വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകൾ അല്ലെങ്കില്‍ വഴുതന തൈകള്‍ പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ ഇളക്കിമാറ്റി നടാം. ആരോഗ്യുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കി എടുക്കാം. വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗ്‌/ പ്ലാസ്റ്റിക്‌ ചാക്ക് ഇവ ഉപയോഗിക്കാം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീല്‍ മിശ്രിതം ഉപയോഗിക്കാം. നടുബോള്‍ വേറെ വളം ഒന്ന് പാടില്ല. അടിവളായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് ജൈവവളം ഇട്ടു കൊടുക്കാം. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുബോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.

content highlight: agriculture brinjal