വിപണിയിൽ മികച്ച മുന്നേറ്റമുള്ള മത്സ്യങ്ങളിൽ ഒന്നാണ് കരിമീൻ. രുചിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. കരിമീൻ നല്ലൊരു വരുമാന മാർഗമാണ്. നാച്ചുറൽ കുളങ്ങളിലും പാറക്കുളങ്ങളിലും കരിമീനിനെ അനായാസം വളർത്തിയെടുക്കാം. എന്നാൽ പരിചരണത്തിലും പരിരക്ഷയിലും പ്രത്യേകം ശ്രദ്ധയും കരുതലും ആവശ്യമാണ്. ഒരു സെന്റിൽ ഒരേസമയം പരമാവധി 100 കരിമീനിനെ വളർത്തിയെടുക്കാം.
വെള്ളത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളോട് വളരെവേഗം പ്രതികരിക്കുന്ന മത്സ്യമാണ് കരിമീന്‍. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കാന്‍ കഴിയുമെന്നത് കരിമീനിന്റെ പ്രധാന പ്രത്യേകതയാണ്. എന്നാല്‍, പിഎച്ച് 6നു താഴെപ്പോയാല്‍ പെട്ടെന്നു ചാകും. ഫ്‌ളോട്ടിംഗ് ഫീഡ് നല്കി ശീലിപ്പിച്ചാല്‍ കരിമീനുകള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കും. കൂടാതെ കപ്പ ഉണങ്ങി പൊടിച്ചു നല്കുകയോ തേങ്ങാപ്പിണ്ണാക്ക് തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം പിറ്റേദിവസം വെള്ളമൂറ്റിക്കളഞ്ഞിട്ട് നല്കുകയോ ചെയ്യാം. ജോഡി തിരിഞ്ഞ കരിമീനുകള്‍ക്ക് 300 രൂപയോളം വിലയുണ്ട്. ഇവയെ നാച്വറല്‍ കുളങ്ങളില്‍ നിക്ഷേപിച്ചാല്‍ 20ാം ദിവസം കുഞ്ഞിലെ ലഭിക്കുമെന്നാണ് ഈ മേഖലയില്‍ പരിചയസമ്പന്നരായ കര്‍ഷകരുടെ അഭിപ്രായം.
50 പൈസാ വലുപ്പത്തിലുള്ള കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്നതാണ് മരണനിരക്ക് കുറയ്ക്കാന്‍ ഏറ്റവും നല്ലത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഗ്രേഡ് ചെയ്ത് വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. അതായത് മൂന്നു മാസം പ്രായമാകുമ്പേഴേക്കും കരിമീനുകളെ കേജ് സിസ്റ്റത്തിലാക്കി വളര്‍ത്തണം. ഇതുവഴി പ്രജനനത്തിനു തയാറാകാതെ നല്ല വളര്‍ച്ച നേടാന്‍ കരിമീനുകള്‍ക്കു കഴിയും. എട്ടു മാസമാണ് വളര്‍ച്ചാ കാലയളവെങ്കിലും ആറാം മാസം മുതല്‍ ഇത്തരത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ വിപണിയിലെത്തിക്കാം. സീസണില്‍ കിലോഗ്രാമിന് 400-450 രൂപയാണ് മാര്‍ക്കറ്റ് വില.
പ്രജനനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേജ് സിസ്റ്റം ആവശ്യമില്ല. നാലാം മാസം മുതല്‍ (70ഗ്രാം തൂക്കം) മുട്ടയിട്ടു തുടങ്ങും. നാലടിയെങ്കിലും വെള്ളത്തിന് ആഴമുണ്ടായിരിക്കണം. അടിത്തട്ടിലെ ചെളിയില്‍ കുഴിയുണ്ടാക്കിയാണ് കരിമീന്‍ മുട്ടയിടുക. ഡിസംബര്‍ജനുവരിയാണ് പ്രജനനകാലം. ഒരു തവണ 500-800 കുഞ്ഞുങ്ങള്‍ വരെയുണ്ടാകും. മുട്ടയിടുന്നതുമുതല്‍ മാതാപിതാക്കളുടെ സംരക്ഷണമുള്ളതിനാല്‍ ഇതില്‍ നല്ലൊരു ശതമാനം കുഞ്ഞുങ്ങളും വളര്‍ന്നുകിട്ടും. കരിമീനിന്റെ ഒരു കുഞ്ഞിന് 25 രൂപ വരെ മാര്‍ക്കറ്റ് വിലയുണ്ട്. സിമന്റ് കുളങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കി പ്രജനനം നടത്തുമെങ്കിലും നാച്വറല്‍ കുളങ്ങളോ പാറക്കുളങ്ങളോ ആണ് കരിമീനുകള്‍ക്ക് വളരാനും പ്രജനനത്തിനും ഏറ്റവും അനുയോജ്യം.
content highlight: karimeen-farming