Explainers

ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ നഗരം കണ്ട് ഞെട്ടി ലോകം: വിന്യസിക്കാനും വിക്ഷേപിക്കാനും വെറും അഞ്ച് മിനിട്ട്; ഭയപ്പാടോടെ ഇസ്രയേല്‍, അന്തം വിട്ട് അമേരിക്ക; ഇസ്ലമിക് റെവല്യൂഷറി ഗാര്‍ഡ്‌സ് അതിശക്തരോ?; വന്‍ പ്രഹര ശേഷിയുള്ള ക്രൂയിസ് മിസൈലുകളുടെ ആസ്ഥാനം

സഖ്യകക്ഷികളുടെ ചിറകില്‍ ചുറ്റുമുള്ള രാജ്യങ്ങളെ ആക്രമിക്കുന്ന ഇസ്രയേലിന് നേരിട്ട് ഏറ്റുമുട്ടാന്‍ ഭമുള്ള ഏക രാജ്യമാണ് ഇറാന്‍. ഇറാന് റഷ്യയും ചൈനയും കൊറിയയും പിന്തുണയുണ്ടെന്ന ഭയവും, ഇറാന്റെ ആണവായുധങ്ങളുടെ ശേകരവുമാണ് പ്രധാനമായും ഇസ്രയേല്‍ ഭയക്കുന്നത്. എന്നാല്‍, ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇറാന്‍ മറ്റൊരു രഹസ്യം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇറാന്‍ വളര്‍ത്തുന്ന തീവ്രവാദ സംഘടനകളാണ് ഹമാസ്-ഹൂതി-ഹിസ്ബുള്ള എന്നിവ. ഇവര്‍ക്കു വേണ്ടുന്ന ആയുധങ്ങള്‍, സൈനിക ശക്തി, പിന്തുണ എല്ലാം ഇറാന്‍ നിര്‍ബാധം നല്‍കുന്നുണ്ട്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ആദ്യമൊക്കെ ഇറാന്‍ ഇടപെടാതിരുന്നുവെങ്കില്‍ ഇപ്പോള്‍ നേരിട്ടുള്ള യുദ്ധത്തിന്റെ വക്കിലാണ് ഇരു രാജ്യങ്ങളും.

തീവ്രവാദ സംഘടനകളുടെ തലപ്പത്ത് ഇറാന്‍ ആണെന്ന് അമേരിക്കയക്കും ഇസ്രയേലിനും വ്യക്തമായറിയാം. എന്നാല്‍, ഇറാനുമായി യുദ്ധം ചെയ്യുന്നതിനു മുമ്പ് പലവട്ടം ആലോചിക്കേണ്ടതുണ്ട്. പ്രത്യാഘാതം എന്തായിരിക്കുമെന്നതാണ് പ്രധാനം. റഷ്യയും ചൈനയും ഇറാനൊപ്പം നിലകൊണ്ടാല്‍, വരാനിരിക്കുന്നത് മൂന്നാം ലോക യുദ്ധമാകുമെന്നതില്‍ തര്‍ക്കം രണ്ടില്ല. ഇത്കൂടി കണക്കു കൂട്ടിയാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരേ നേരിട്ടുള്ള യുദ്ധം ഒഴിവാക്കാന്നത്. എന്നാല്‍, ഇറാന്റെ ആണവ ശക്തി പോലെത്തന്നെയാണ്, സൈനിക ശക്തിയും. അതിന്റെ പുതിയൊരു വീഡിയോ കഴിഞ്ഞ ദിവസം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് പുറത്തു വിട്ടിരുന്നു.

ഇറാന്റെ വ്യോമ മേഖലയില്‍ പോലും പ്രവേശിക്കാന്‍ ഇസ്രയേല്‍ ഭയപ്പെടുന്നത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇറാന്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന വീഡിയോ. ഒരേസമയം ലോകത്തെ അത്ഭുതപ്പെടുത്തുകയും, അമേരിക്കയെയും ഇസ്രയേലിനെയും ഭയപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണവ. ഇറാന്റെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുതിയ സൈനിക ഭൂഗര്‍ഭ താവളമാണ്, ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കാണിച്ച് ഞെട്ടിച്ചിരിക്കുന്നത്. ”മിസൈല്‍ നഗരം” എന്ന് വിളിക്കപ്പെടുന്ന പുതിയ ഭൂഗര്‍ഭ താവളത്തില്‍ ട്രക്കുകളില്‍ ഘടിപ്പിച്ച ഡസന്‍ കണക്കിന് മിസൈല്‍ ലോഞ്ചറുകള്‍ ഉള്ളതായാണ് കഴിഞ്ഞ ദിവസം ഇറാന്‍ സൈന്യം പുറത്ത് വിട്ട വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

ഇറാന്‍ സൈന്യത്തിന്റെ ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയും നേവല്‍ ഫോഴ്സ് ചീഫ് റിയര്‍ അഡ്മിറല്‍ അലിറേസ താങ്സിരിയും ചേര്‍ന്ന് സഞ്ചരിക്കുന്ന മിസൈല്‍ ലോഞ്ചറുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂഗര്‍ഭ തുരങ്ക ശൃംഖല പരിശോധിക്കുന്നതാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ.
അഞ്ച് മിനിട്ടുപോലും വേണ്ട ഇത് വിന്യസിക്കാനും വിക്ഷേപിക്കാനും. വന്‍ പ്രഹര ശേഷിയുള്ള ക്രൂയിസ് മിസൈലുകളുടെ ആസ്ഥാനമാണ് ഈ താവളം. ഭൂഗര്‍ഭ താവളത്തിനുള്ളില്‍ നിന്നുകൊണ്ട് വീഡിയോയിലൂടെ താങ്സിരി ഇത് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഈ മിസൈലുകള്‍ക്ക് 1,000 കിലോമീറ്ററില്‍ അധികം ദൂരപരിധിയുണ്ടെന്നും ഇലക്ട്രോണിക് യുദ്ധത്തെ ചെറുക്കുന്നതിനുള്ള ആന്റി-ജാമിംഗ് സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി ഐ.ആര്‍.എന്‍.എയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇത്തരത്തിലുള്ള ഇറാനിലെ മൂന്നാമത്തെ താവളമാണ് ഇതെന്നും ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട്. ജനുവരി പകുതിയോടെ പേര്‍ഷ്യന്‍ തീരദേശത്ത് ഇറാന്‍ നാവികസേന മറ്റൊരു ഭൂഗര്‍ഭ കപ്പല്‍ വിരുദ്ധ മിസൈല്‍ ബേസ് തുറന്നിരുന്നു. ഇതിനു പുറമെ സമാനമായ ഒരു ഭൂഗര്‍ഭ താവളം കഴിഞ്ഞ ജനുവരി 10 നും ഇറാന്‍ എയര്‍ഫോഴ്സ് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെയൊന്നും കൃത്യമായ സ്ഥാനം എവിടെയെന്ന് ഇതുവരെയും ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല. ഒരു യുദ്ധം ആരംഭിക്കുകയാണെങ്കില്‍ ഇറാന്റെ പ്രതിരോധവും ആക്രമണവും എവിടുന്നൊക്കെ ആണെന്ന് ആര്‍ക്കും നിശ്ചയമുണ്ടാകില്ല. അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ എതിരാളികള്‍ക്കെതിരായ പ്രതിരോധമായി മാത്രമല്ല, ആവശ്യമെങ്കില്‍ ആക്രമിക്കാനും കൂടിയാണ് ഇറാന്‍ തങ്ങളുടെ ആയുധ സംഭരണി നിറച്ച് തയ്യാറാക്കി വച്ചിരിക്കുന്നത് എന്നാണ് സൂചനകള്‍.

ഇറാന്റെ ശത്രുക്കള്‍ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താനും, സാധ്യതയുള്ള ഭീഷണികളെ തടയാനുമാണ് ഇത് ലോകത്തിനു മുമ്പില്‍ തുറന്നു കാണിച്ചതുകൊണ്ട് ഉദ്ദേശിച്ചതെന്നാണ്, കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇറാന്‍ സൈന്യം വ്യക്തമാക്കുന്നത്. ഇറാന്റെ മിസൈല്‍ പദ്ധതി വിദേശ ഭീഷണികളെ തടയുന്നതില്‍ നിര്‍ണായക ഘടകമാണെന്ന് ജനുവരിയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കിയിരുന്നു. ‘ഞങ്ങള്‍ക്ക് ഇത്തരം മിസൈല്‍ കഴിവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ആരും ഞങ്ങളുമായി ചര്‍ച്ച നടത്തില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാന്റെ ഈ ആയുധ കരുത്ത്, മേലില്‍ അമേരിക്കയെയും സഖ്യകക്ഷികളെയും ബലപ്രയോഗത്തിന് പകരം നയതന്ത്രപരമായി ഇടപെടാന്‍ പ്രേരിപ്പിക്കുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതീക്ഷയും. റഷ്യയുമായുള്ള ഇറാന്റെ പുതിയ കരാര്‍ പ്രബല്യത്തില്‍ വന്ന ശേഷമുള്ള ഇറാന്റെ ഭൂഗര്‍ഭ താവളത്തിന്റെ പ്രദര്‍ശനത്തെ അമേരിക്കന്‍ ചേരിക്കുള്ള കൃത്യമായ ഒരു മുന്നറിയിപ്പായാണ് നയതന്ത്ര വിദഗ്ദരുടെ വിലയിരുത്തല്‍.

റഷ്യ – ഉത്തര കൊറിയ സഖ്യമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ത്രികക്ഷി സഖ്യത്തിനെതിരേ ഇസ്രയേലിന്റെ ആക്രമണം അസാധ്യമായ കാര്യമാകും. കാരണം, ഇറാന്‍ വെളിപ്പെടുത്തിയത് ഇത്രയുമാണെങ്കില്‍ പുറത്ത് കാണിക്കാത്ത എന്തൊക്കെ യുദ്ധ സന്നാഹങ്ങളായിരിക്കും ആ രാജ്യത്തിന്റെ ഭൂഗര്‍ഭ അറകളില്‍ ഉണ്ടാകും. ഇതിനെ ഇസ്രയേല്‍ ഭയപ്പെടുക തന്നെ വേണം. അതേസമയം, ആണവ പോര്‍മുനകള്‍ സ്വന്തമാക്കുന്നതിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുന്ന ഇറാന് ഇക്കാര്യത്തില്‍ ലോകത്ത് ഏറ്റവും അധികം ആണവായുധ ശേഖരമുള്ള റഷ്യയില്‍ നിന്നും സഹായം ലഭിച്ചു കഴിഞ്ഞതായ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. യൂറോപ്പിലെത്താന്‍ കഴിയുന്ന മിസൈലുകള്‍ക്കായി ഇറാന്‍ രഹസ്യമായി രൂപകല്‍പ്പനചെയ്ത ആണവശേഷിയുള്ള പോര്‍മുനകള്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ഇറാനില്‍ നിന്നും നാടുകടത്തപ്പെട്ട പ്രതിപക്ഷ സംഘം വെളിപ്പെടുത്തിയിരിക്കുന്നത്.

വടക്കുകിഴക്കന്‍ ഇറാനിലെ ഷാരൂദ് മിസൈല്‍ സൈറ്റില്‍ 3,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഖര-ഇന്ധന മിസൈലുകള്‍ക്കായ, ഇറാന്‍ രഹസ്യമായി ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ വികസിപ്പിക്കുകയാണെന്നാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍, വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ടെഹ്റാനില്‍ നിന്ന് ഏകദേശം 220 കിലോമീറ്റര്‍ കിഴക്ക് സെമ്നാന്റെ പ്രാന്തപ്രദേശത്ത്, ഇറാന്റെ ആണവായുധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമായ ഓര്‍ഗനൈസേഷന്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് റിസര്‍ച്ചിന് കീഴില്‍ , നിലവില്‍ ആണവ പോര്‍മുനകളുള്ള ദ്രാവക-ഇന്ധന മിസൈലുകള്‍ നിര്‍മ്മിക്കാന്‍ ഒരു രഹസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്, ഈ സംഘം പറയുന്നത്.

അണുബോംബ് സൃഷ്ടിക്കാന്‍ ഇറാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി കഴിഞ്ഞ വര്‍ഷം വിലയിരുത്തിയിട്ടുണ്ടെങ്കിലും, ഇസ്രയേല്‍ ഈ നിഗമനം തള്ളിക്കളഞ്ഞിട്ടുണ്ട്. ഇറാന്‍ ആണവായുധങ്ങളുടെ പണിപ്പുരയിലാണെന്നാണ്, ഇസ്രയേല്‍ ആരോപിക്കുന്നത്. 2002 ഓഗസ്റ്റ് 14നും നിലവിലത്തേതിന് സമാനമായി വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍, ഇറാന്‍ രഹസ്യമായി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന്, നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ ആരോപിച്ചിരുന്നു. ആണവ വസ്തുക്കളും ഉപകരണങ്ങളും വാങ്ങുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫ്രണ്ട് കമ്പനികളുടെ മറവില്‍, ഇറാനിലെ നതാന്‍സിലും അറാക്കിലും രണ്ട് രഹസ്യ ആണവ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയാണെന്നായിരുന്നു എന്നാണ് ഈ ഗ്രൂപ്പിന്റെ വക്താവ് അലിറേസ ജാഫര്‍സാഡെ വെളിപ്പെടുത്തിയിരുന്നത്.

ഇപ്പോള്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മാധ്യമ പ്രതിനിധികള്‍ക്ക് മുന്നില്‍, ഇറാന്‍ എങ്ങനെയാണ് ഉപഗ്രഹ വിക്ഷേപണ സംരംഭമെന്ന നിലയില്‍ ഷാരൂദ്, സെമ്നാന്‍ മിസൈല്‍ സൈറ്റുകളില്‍, ആണവായുധ വല്‍ക്കരണ ശ്രമങ്ങള്‍ മറച്ചുവെക്കുന്നത് എന്നാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സകല ഉപരോധങ്ങളും മറികടന്ന് റഷ്യയുമായി ചേര്‍ന്ന് മുന്നോട്ട് പോകുന്ന ഇറാന്‍, കഴിഞ്ഞ കുറച്ച് ആഴ്ചകളായി, നതാന്‍സ്, ഫോര്‍ഡോ തുടങ്ങിയ പ്രധാന ആണവ സൈറ്റുകളെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, സൈനികാഭ്യാസങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.

കടുത്ത ഇറാന്‍ വിരോധിയായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്, ഇറാനെ ആക്രമിക്കണമെന്ന താല്‍പ്പര്യം ഉണ്ടെങ്കിലും, നിലവിലെ യാഥാര്‍ത്ഥ്യം അതിന് അനുവദിക്കുന്നില്ല. ഇറാന് എതിരായ ഏതൊരു നീക്കവും, പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് അപകടത്തിലാക്കുക. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്ക് മുന്നില്‍ പതറിപ്പോകുന്ന നാവിക പടയെ വച്ച്, എത്രമാത്രം ഈ മേഖലയില്‍ അമേരിക്കയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയും എന്നതും, വലിയ ഒരു ചോദ്യമാണ്. ഗാസയില്‍ നിന്നും പലസ്തീനികളെ തുരത്താന്‍ അമേരിക്കയും ഇസ്രയേലും ശ്രമിച്ചാല്‍, ഹൂതികള്‍ക്കും ഹിസ്ബുള്ളയ്ക്കും ഹമാസിനും ഒപ്പം, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും നേരിട്ട് യുദ്ധത്തിന് ഇറങ്ങാനാണ് സാധ്യത. അതിന് തങ്ങള്‍ തയ്യാറാണെന്ന സൂചനയാണ്, സൈനിക ഭൂഗര്‍ഭ താവളം വഴി ഇറാന്‍ ഇപ്പോള്‍ അമേരിക്കന്‍ ചേരിക്ക് നല്‍കിയിരിക്കുന്നത്.

വരാനിരിക്കുന്നത് ഒരു ലോകമഹായുദ്ധമാണെന്ന് സൂചനകള്‍ നല്‍കുന്ന ചെറു യുദ്ധങ്ങളും ചെരുത്തു നില്‍പ്പുകളുമാണ് പശ്ചിമേഷ്യയില്‍ നടക്കുന്നത്. ആക്രമങ്ങള്‍ക്കപ്പുറം സമാധാനമെന്നത് അനിവാര്യമാണെന്ന് ലോക ജനത വിളിച്ചു പറയുന്നുണ്ടെങ്കിലും മുതലാളിത്ത രാജ്യങ്ങളൊന്നും അത് ചെവിക്കൊള്ളുന്നില്ലെന്നതാണ് വസ്തുത.

CONTENT HIGHLIGHTS; World Shocked by Iran’s Underground Missile City: Just Five Minutes to Deploy and Launch; Israel in fear, leaving America behind; Are the Islamic Revolutionary Guards Overpowered?; Home to massive cruise missiles

Latest News