Explainers

ഭാസ്‌ക്കരകാരണവര്‍ വധക്കേസ് പ്രതിയുടെ ജയില്‍ മോചനം: ഗവര്‍ണറെ പരീക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ചൂണ്ട; ഷെറിന്റെ മോചന നീക്കം വെല്‍പ്ലാന്‍ഡ്; ജയില്‍ അഡൈ്വസറി ബോര്‍ഡിലെ നോണ്‍ ഗവണ്‍മെന്റ് അംഗം പറയുന്നതേ നടക്കൂ

ചെങ്ങന്നൂര്‍ ഭാസ്‌കരക്കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷാ ഇളവു നല്‍കി പുറത്തു വിടാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ പരിഗണനയിലാണ്. ഗവര്‍ണര്‍ മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നല്‍കി ഒപ്പിട്ടാല്‍ ഷെറിന്‍ ജയില്‍ മോചിതയാകും. എന്നാല്‍, സര്‍ക്കാരിന് ഷെറിനെ പുറത്തു കൊണ്ടു വരുന്നതില്‍ രാഷ്ട്രീയ ലാഭമൊന്നുമില്ല. കൂട്ടുകക്ഷി മന്ത്രിസഭയില്‍ മാനുഷിക അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമാണിത്. പക്ഷെ, ഈ തീരുമാനത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, മറ്റൊന്നാണ്. പുതിയ ഗവര്‍ണര്‍ ആര്‍ലേക്കര്‍ എങ്ങനെയാണ് സര്‍ക്കാരിന്റെ തീരുമാനങ്ങളെ കാണുന്നു എന്നാണ്. ആര്‍ലേക്കറെ പഠിക്കാനും പരീക്ഷിക്കാനുമുള്ള ചൂണ്ടയെന്നോണമാണ് ഷെറിന്റെ മോചന തീരുമാനം ഗവര്‍ണര്‍ക്ക് അയച്ചിരിക്കുന്നത്.

ഷെറിന്റെ മോചനവുമായി ബന്ധപ്പെട്ട ഫയലില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കിലും സര്‍ക്കാരിന് പ്രശ്‌നമൊന്നുമില്ല. പക്ഷെ, അതിലൂടെ ഗവര്‍ണരുടെ നയം മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് ഗുണം. എന്നാല്‍, ഷെറിന്റെ കാര്യത്തില്‍ സര്‍ക്കാരിന് എടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് മന്ത്രിസഭാ തീരുമാനം. അത് ചെയ്തതു കൊണ്ട് ഷെറിനു വേണ്ടി സംസാരിച്ച മന്ത്രിക്കോ, ഷെറിന്റെ പിന്തുണക്കാര്‍ക്കോ സര്‍ക്കാരിനെ കുറ്റപ്പെടുത്താനുമാകില്ല. മാത്രമല്ല, ഷെറിന്റെ പരോള്‍ അപേക്ഷകളിലും, അവധി നല്‍കുന്നതിനുള്ള അപേക്ഷകളിലും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമാണ് ഇടപെട്ടിരുന്നതും. സര്‍ക്കാരിന് ചെയ്യാനുള്ളതിന്റെ പരമാവധിയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതിനായി കണ്ണൂര്‍ ജയില്‍ അഡൈ്വസറി ബോര്‍ഡിനെ വരെ സ്വാധീനിച്ചിട്ടുണ്ട്.

ജയിലിലെ നല്ല നടപ്പും, ജീവപര്യന്തം തടവ് ശിക്ഷാക്കാലത്തില്‍ 18 വര്‍ഷവും പൂര്‍ത്തിയാക്കിയയെന്നുമുള്ള റിപ്പോര്‍ട്ട് ലഭിക്കാന്‍ വേണ്ടിയായിരുന്നു ഇത്. കണ്ണൂര്‍ ജയില്‍ അഡൈ്വസറി ബോര്‍ഡിന്റെ ശുപാര്‍ശയാണ് ആഭ്യന്തര വകുപ്പു വഴി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വന്നത്. ജയില്‍ അഡൈ്വസറി ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അല്ലാതെ നോണ്‍ ഗവണ്‍മെന്റ് അംഗം കൂടിയുണ്ട്. അത് ഭരിക്കുന്ന സര്‍ക്കാരിന്റെ പാര്‍ട്ടിക്കാരനായിരിക്കും. ഇദ്ദേഹം പറയുന്ന അഭിപ്രായത്തിനനുസരിച്ചാണ് അഡൈ്വസറി ബോര്‍ഡ് തന്നെ ചലിക്കുന്നത്. പാര്‍ട്ടിക്കും, സര്‍ക്കാരിനും വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടപ്പെട്ടത് ചെയ്തു കൊടുക്കുക എന്നതാണ് ഈ അംഗത്തിന്റെ ഉത്തരവാദിത്വവും. ബോര്‍ഡജ് മീറ്റിംഗില്‍ പാവകളെപ്പോലെ വന്നിരിക്കുന്ന ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഈ അംഗം പറയുന്നത്, മിനിട്‌സ് ചെയ്ത്, ശുപാര്‍ശയാക്കി സര്‍ക്കാരിന് അയക്കും.

ഷെറിന്റെ ഒപ്പം ഒരു ലൈല എന്ന തടവുകാരിയുടെ ജയില്‍ മോചനവും ശുപാര്‍ശയായി ആഭ്യന്തര വകുപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഷെരിന്‍ മന്ത്രിസഭാ യോഗത്തില്‍ വരികയും, ലൈല സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പിലെ ഫയലുകളില്‍ മുങ്ങുകയും ചെയ്തു. ഇതാണ് ജയില്‍ അഡൈ്വസറി ബോര്‍ഡിലെ പാര്‍ട്ടി അംഗത്തിന്റെ ഇടപെടലുകള്‍. ഓരോ ജയിലുകള്‍ക്കും ഓരോ അഡൈ്വസറി ബോര്‍ഡുകളുണ്ട്. ഈ ബോര്‍ഡുകളിലെല്ലാം സര്‍ക്കാരിന്റെ പാര്‍ട്ടിയില്‍പ്പെട്ട അംഗങ്ങളുമുണ്ട്. അവരാണ് ഓരോ ജയിലുകളിലെയും ശുപാര്‍ശകള്‍ ജയില്‍ അധികൃതര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്. ഇത് മാധ്യമങ്ങള്‍ക്കോ, പുറത്തുള്ളവര്‍ക്കോ, തടവുകാര്‍ക്കോ അറിയില്ല.

എന്നാല്‍, ശുപാര്‍ശകള്‍ തസ്സമില്ലാതെ സര്‍ക്കാരിനു മുമ്പില്‍ എത്തിക്കാനും, സര്‍ക്കാരിന് അത് മന്ത്രിസഭാ യോഗത്തില്‍ വെച്ച് പാസാക്കാനും പിന്നെ ഗവര്‍ണറുടെ അംഗീകാരത്തിനായ് അയക്കാനും കഴിയും. എന്നാല്‍, ഗവര്‍ണര്‍ ഇത് അംഗീകരിച്ചില്ലെങ്കില്‍ എല്ലാം തകിടം മറിയും. അംഗീകരിച്ചാല്‍, സര്‍ക്കാരിന്റെ വഴിയേ ഗവര്‍ണര്‍ നടന്നു തുടങ്ങി എന്ന് മനസ്സിലാക്കാം. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആയിരുന്നുവെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ ഫയല്‍ അപ്പോള്‍ത്തന്നെ മടക്കിയേനെ. മാത്രമല്ല, ജയില്‍ ഡി.ജി.പിയെ വിളിച്ചു വരുത്തുകയും ചെയ്യുമായിരുന്നു. ആര്‍ലേക്കര്‍ എന്ത് നിലപാട് എടുക്കുമെന്നതിലാണ് ആശങ്ക. ഇനി ആര്‍ലേക്കറുടെ ഇടപെടല്‍ പോലിരിക്കും സര്‍ക്കാരിന്റെ മുന്നോട്ടുള്ള നീക്കങ്ങളും ഷെരിന്റെ സ്വാതന്ത്ര്യവും.

നിലവിലെ സാഹചര്യങ്ങള്‍ നോക്കിയാല്‍ ഷെറിന്‍ ജയില്‍ മോചിതയാകാനുള്ള സാധ്യത വളരെ കുറവാണ്. പ്രതിപക്ഷം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഇതുകൂടിീ പരിഗണിച്ചാല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം രാജ്ഭവന്‍ അംഗീകരിക്കാന്‍ ഇടയില്ല. എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും. ഏത് സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷാ ഇളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോ എന്നും പരിശോധിക്കും. ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും സൂചനയുണ്ട്. മന്ത്രിസഭ അംഗീകരിച്ചെങ്കിലും ഷെറിന്‍ പുറത്തു പോകുന്നതില്‍ മുഖ്യമന്ത്രിയ്ക്ക് പൂര്‍ണ്ണ മനസ്സ് അല്ലെന്നാണ് സൂചന.

കണ്ണൂര്‍ വിമണ്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ ഓഗസ്ത് എട്ടിനു കൂടിയ ഉപദേശക സമിതിയുടെ ശുപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടി. ഇതില്‍ രാജ്ഭവന്‍ അന്തിമ തീരുമാനം എടുക്കട്ടേ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഈ ഫയലില്‍ തീരുമാനം എടുക്കാന്‍ രാജ്ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദവും ചെലുത്തില്ല. നിയമവശങ്ങള്‍ നോക്കി ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കും. ഒരു ഘടക കക്ഷി സമ്മര്‍ദ്ദമാണ് ഈ ഫയലിന് പിന്നിലെന്നാണ് സൂചന. അതു പരിഗണിച്ചാണ് മന്ത്രിസഭയുടെ അനുമതി. ബ്രൂവറി അടക്കമുള്ള വിഷയങ്ങള്‍ ഇടതുപക്ഷത്ത് നിര്‍ണ്ണായക ചര്‍ച്ചയാകാനിരിക്കുമ്പോള്‍ ആരേയും പിണക്കാന്‍ സര്‍ക്കാരും സിപിഎമ്മും ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് അസാധാരണ ഫയലില്‍ അസാധാരണ തീരുമാനം സര്‍ക്കാര്‍ എടുത്തത്.

2009 നവംബര്‍ ഏഴിനാണ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരക്കാരണവര്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകന്റെ ഭാര്യയായിരുന്നു ഷെറിന്‍. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. ഷെറിന്‍ ആയിരുന്നു കേസിലെ ഒന്നാംപ്രതിയായി. ഷെറിനും ആണ്‍സുഹൃത്തും ചേര്‍ന്ന് കാരണവരെ കൊലപ്പെടുത്തുകയായിരുന്നു. ശാരീരിക വെല്ലുവിളികളുള്ള ഇളയമകന്‍ ബിനു പീറ്റര്‍ ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിന്റെ വഴിവിട്ടബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭര്‍ത്തൃപിതാവ് വധിക്കപ്പെട്ടു. അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും വഴി ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു.

ഇതോടെ ഷെറിനു തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ ധനനിശ്ചയാധാരമുണ്ടാക്കി. സാമ്പത്തിക അച്ചടക്കത്തിനു കാരണവര്‍ ശ്രമിച്ചതോടെ പലരില്‍നിന്നും ഷെറിന്‍ പണം കടം വാങ്ങാന്‍ തുടങ്ങി. കാരണവരാണ് അതെല്ലാം വീട്ടിയത്. ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ശിക്ഷിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു.

കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. ഇതെല്ലാം വിവിധ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ സമാനമായ സൗകര്യങ്ങള്‍ ഷെറിന് ജയിലില്‍ കിട്ടിയെന്നും ആരോപണമുണ്ടായിരുന്നു. ഇങ്ങനെ ജയില്‍വാസ കാലത്ത് നിരവധി വിവാദങ്ങളുണ്ടാക്കിയ ഷെറിനാണ് നല്ല നടപ്പിന്റെ ആനുകൂല്യം കിട്ടുന്നത്. നേരത്തെയും ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ടായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍.

2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍. ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. ഷെറിന്റെ മോചനത്തിനുള്ള സുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുന്നതും കാത്ത് സര്‍ക്കാരും, ഷെറിനെ സഹായിക്കുന്നവരും സെക്രട്ടറിയറ്റില്‍ ഇരിക്കുകയാണ്. അതേസമയം, മോചന ശുപാര്‍ശയില്‍ ഒപ്പിടാന്‍ കണ്ണൂര്‍ വനിതാ ജയിലില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയാണ് ഷെറിന്‍.

CONTENT HIGH LIGHTS; Release of accused in Bhaskarakaranavar murder case: Govt’s bait to try Governor; Scherr’s release move was well planned; Do what the non-government member of the Jail Advisory Board says

Latest News