ഉള്‍പാര്‍ട്ടീ ജനാധിപത്യത്തില്‍ വിശ്വസിക്കുകയും, അതിലൂടെ ജനങ്ങളിലേക്ക് അവരുടെ ഏകാധിപത്യ രാഷ്ട്രീയ അജണ്ട അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ഇടതുപക്ഷമെന്ന ധാരണ പൊതുവേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് ആശയം വിദേശ ഉത്പ്പന്നമാണെങ്കിലും തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം എന്നത് ലോകത്തെല്ലായിടത്തും വേണ്ടതാണ്. ആ ഒരു പ്രത്യയശാസ്ത്ര അടിത്തറയാണ് ഇടതുപക്ഷത്തെ ജനപക്ഷത്തേക്ക് അടുപ്പിക്കുന്നതും. ഇന്ത്യയിലെ തന്നെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപം കൊണ്ടത് കേരളത്തിലാണെന്നത് മറക്കാനാവുന്നതുമല്ല.
തൊഴിലാളികള്‍ക്കു വേണ്ടി മുമ്പില്‍ നിന്നതും, ജന്‍മിത്വത്തിനും, രാജവാഴ്ചയുടെ അവശിഷ്ടങ്ങള്‍ തുടച്ചു നീക്കുന്നതിനും, സമൂഹത്തിലെ ഉച്ചനീചത്വങ്ങളും, അനാചാരങ്ങളും, അന്ധ വിശ്വാസങ്ങളും തച്ചുടയ്ക്കാനും കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ ചോരയും നീരം കൊടുത്താണ് പാര്‍ട്ടിയെ വളര്‍ത്തിയെടുത്തത്. ഫാക്ടറികള്‍, തൊഴിലിടങ്ങളിലെ അസമത്വം, ജോലിക്കു കൂലി, പിന്നോട്ട വിഭാഗത്തിന്റെ ഉന്നമനം, വഴിനടക്കാനുള്ള അവകാശം സമരം, മണ്ണിന്റെ അവകാശികളാക്കല്‍, മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യ സമരം, മുലക്കരം നിര്‍ത്തലാക്കാനുള്ള സമരം അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സമര പാതകളില്‍ ഇടതുപക്ഷ ജനപക്ഷത്തിനൊപ്പം സഞ്ചരിച്ചിരുന്നു.
അതിന്റെ ഗുണങ്ങളും പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി വളര്‍ന്ന്, പിളര്‍ന്ന് രണ്ടായപ്പോഴും കേരളം ഇടതുപക്ഷത്തെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞില്ല. ലോകരാഷ്ട്രങ്ങളില്‍ കമ്യൂണിസം പൊട്ടിത്താറുമായപ്പോഴും കൊച്ചു കേരളം പ്രതീക്ഷ വെച്ചു പുലര്‍ത്തി. വര്‍ഷങ്ങളായി നിരന്തരം ഇടതുപക്ഷം ചുവപ്പിച്ചു നിര്‍ത്തിയ പശ്ചിമ ബംഗാളും, തൃപുരയും നിറം മാറിപ്പോയപ്പോഴും കേരളം അടിയുറച്ചു നിന്നു. എന്നാല്‍, കാലത്തിന്റെ മാറ്റവും, വ്ൃവസായ വിപ്ലവം എ.ഐ സാങ്കേതികതയില്‍ എത്തുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷത്തിനും പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചു. പഴയകാല സമരങ്ങളെല്ലാം ഇന്ന് വേണ്ടെന്നു വെയ്‌ക്കേണ്ട സ്ഥിതിയിലായി. പിന്നോട്ടക്കാരെയും, ന്യൂനപക്ഷങ്ങളെയും അവര്‍പോലമറിയാതെ പീഡിപ്പിക്കുന്ന നിലയിലേക്കെത്തി.
അവര്‍ക്ക് ബജറ്റില്‍ പ്രഖ്യാപനം നടത്തുകയും, ആരുമറിയാതെ പ്രഖ്യാപിച്ചതെല്ലാം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന പ്ലാനുകളില്‍ വിശ്വസിക്കുന്നവരായി ഇടതുപക്ഷം മാറിക്കഴിഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് വളമിട്ടു. ഇപ്പോള്‍ ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുമിച്ച് ഇടതുപക്ഷത്തെ ആക്രമിക്കുകയാണ്. ഇതിനെല്ലാം വഴിയൊരുക്കിയ സി.പി.എം. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിലൂടെ കുമ്പസാരം നടത്തുകയാണ്. തെറ്റുകള്‍ ഏറ്റു പറഞ്ഞാല്‍ ചെയ്ത പാപങ്ങളെല്ലാം തീരുമെന്ന ക്രിസ്തീയ വചനം പോലെ ഇടതുപക്ഷവും തെറ്റ് ഏറ്റു പറയുകയാണ്.
കേരളത്തിലെ മത സാമുദയിക ശക്തികള്‍ക്കിടയില്‍ സിപിഎമ്മിന് സ്വാധീനം പോകുന്നു എന്ന് വ്യക്തമാക്കുന്നതാണ് പ്രമേയം. ആനുകാലിക രാഷ്ട്രീയത്തില്‍ സിപിഎമ്മിന് അടിതെറ്റുന്നത് എവിടെയാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തില്‍ ബി.ജെ.പി.യെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് ആശയപരമായ വീഴ്ചയുണ്ടായെന്നും ഇത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായി. സി.പി.എം.കേരളത്തില്‍ ന്യൂനപക്ഷ സമുദായത്തിനിടയിലുള്ള പാര്‍ട്ടിയുടെ സ്വാധീനം തടയാന്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ശ്രമിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ സ്വാധീനം തിരിച്ചു പിടിക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
ഹിന്ദുത്വശക്തികളുടെ നിരന്തര ആക്രമണത്തിനിരയാകുന്ന ന്യൂനപക്ഷവിഭാഗങ്ങളുടെ ഒറ്റപ്പെടലും ആശങ്കകളും മുതലെടുക്കാന്‍ ഇരുസംഘടനകളും ശ്രമിക്കുന്നുണ്ട്. രാജ്യത്ത് മുസ്ലിം ജനസാമാന്യത്തിനിടയില്‍ തങ്ങളുടെ സ്വാധീനം വികസിപ്പിക്കാനാണ് ഇരുസംഘടനകളുടെയും ശ്രമമെന്നുംകരട് രാഷ്ട്രീയപ്രമേയത്തില്‍ സി.പി.എം. ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്തുണ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്. ന്യൂനപക്ഷ തീവ്രവാദത്തെ അധികാരത്തിലുള്ള ഹിന്ദുത്വ വര്‍ഗീയ ശക്തികളുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, ഭൂരിപക്ഷ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് അവഗണിക്കാനാകില്ല.
അതേസമയം, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രം ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഒറ്റപ്പെടുത്താനോ പരാജയപ്പെടുത്താനോ കഴിയില്ല. എന്നാല്‍, ഹിന്ദുത്വത്തെ എങ്ങനെ പ്രതിരോധിക്കാമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. കേരളത്തില്‍ ബി.ജെ.പി.യെ എതിരിടുന്നതില്‍ പാര്‍ട്ടിക്ക് ആശയപരമായ വീഴ്ചയുണ്ടായെന്നും ഇത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായെന്നും സി.പി.എം. വിലയിരുത്തുന്നു. ന്യൂനപക്ഷവര്‍ഗീയത വളരുന്നത് ഭൂരിപക്ഷവര്‍ഗീയതയെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിലും യാഥാസ്ഥിതിക ശക്തികളെ ചെറുത്ത് അവരെ മതേതരധാരയില്‍ അണിനിരത്തുന്നതിലും ഇടത്-ജനാധിപത്യ കക്ഷികള്‍ നിലകൊള്ളണം.
കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധശക്തികളുടെ യോജിച്ചുള്ള പ്രചാരണത്തെയും കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനത്തെയും ഒറ്റയ്ക്ക് എതിരിട്ടാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിജയകരമായി രണ്ടാം തവണ മുന്നോട്ടുപോകുന്നത്. അതിദാരിദ്ര്യം ഇല്ലാതാക്കാനും എല്ലാവര്‍ക്കും വീട് ലഭ്യമാക്കാനും കേരളസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പാവപ്പെട്ടവരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ക്ഷേമത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഹിന്ദുത്വവര്‍ഗീയതയ്‌ക്കെതിരേ കോണ്‍ഗ്രസ് അടക്കമുള്ള മതേതരശക്തികളുടെ വിശാല ഐക്യനിര കെട്ടിപ്പടുക്കുകയെന്ന രാഷ്ട്രീയ അടവുനയത്തില്‍ മാറ്റമില്ലെന്നാണ് സി.പി.എമ്മിന്റെ കരട് രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തമാക്കുന്നത്.
2022-ല്‍ കണ്ണൂരില്‍ ചേര്‍ന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയത്തില്‍ പാര്‍ട്ടി മാറ്റംവരുത്തിയിട്ടില്ല. മാറ്റംവരുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. ഏപ്രില്‍ രണ്ടുമുതല്‍ ആറുവരെ തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരടുപ്രമേയം കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗമാണ് അംഗീകരിച്ചത്. ഭേദഗതികള്‍ സഹിതമാകും പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുക. മൂന്ന് ഘടകങ്ങളാണ് കരട് രാഷ്ട്രീയപ്രമേയത്തില്‍.
1. പാര്‍ട്ടിയുടെ സ്വതന്ത്രശക്തി വളര്‍ത്തിയെടുക്കുക വഴി ഇടതുപക്ഷസ്വാധീനം ശക്തിപ്പെടുത്തുക. 2. ബി.ജെ.പി.യുടെ നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരേ എല്ലാ ജനാധിപത്യശക്തികളെയും അണിനിരത്തുക. 3. ബി.ജെ.പി.വിരുദ്ധ വോട്ടുകളുടെ ഏകോപനത്തിന് മതേതരശക്തികളുടെ വിശാല ഐക്യനിര. ബി.ജെ.പി.ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്താനാവില്ല. മതേതര, ജനാധിപത്യ കക്ഷികളുടെ വിശാല ഐക്യനിരയുടെ ഭാഗമായാണ് കോണ്‍ഗ്രസിനോടുള്ള സമീപനത്തെ പാര്‍ട്ടി വിലയിരുത്തുന്നത്.
CONTENT HIGH LIGHTS; CPM in the confessional booth: Party Congress draft political resolution admits wrongdoing; Failed to fight BJP in Kerala; It was also agreed that both minority communalism and majority communalism grew