ഭരണാധികാരികള്‍ എന്നും ഏകാധിപതികളായി തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. കാരണം, അവരുടെ വാക്കുകള്‍ക്ക് ജനാധിപത്യത്തിലും ഏകാധിപത്യത്തിലും ഒരേ വില തന്നെയാണ്. ഏകാധിപതികളുടെ ആധുനിക പതിപ്പാണ് ജനാധിപത്യം എന്നത്. തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി മാത്രമാണ് ജനാധിപത്യം ഉപയോഗിക്കുക. അധികാരത്തിലേറിയാല്‍ തുടരുന്നത് ഏകാധിപത്യം തന്നെയാണ്. അമേരിക്കന്‍ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും ഇതാണ് പ്രതിഫലിക്കുന്നത്. രണ്ടാം വട്ടം അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപ് സമനില തെറ്റിയപോലെയാണ് പെരുമാറുന്നത് എന്നു തോന്നിപ്പോകും.
ലോകത്തോടു തന്നെ വിരോധം വെച്ചുള്ള ഉത്തരവുകള്‍ പോലെ തോന്നിപ്പിക്കുന്നതാണ് ഓരോ നടപടികളും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കുടിയേറ്റക്കാര്‍ക്കെതിരേ നടത്തുന്ന നടപടി. അനധികൃത കുടിയേറ്റക്കാരെയെല്ലാം നാടുകടത്തുമെന്നായിരുന്നു ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെല്ലാം ആവര്‍ത്തിച്ചിരുന്നത്. അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നുവെന്ന് തന്നെ വിശ്വസിച്ചാലും, കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കടത്തുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെയെല്ലാം ക്യൂബയിലെ ഗ്വാണ്ടനാമോ തടവറയിലാക്കുമെന്ന പ്രസ്താവനയാണ് ട്രംപില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
ഇതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പു വയ്ക്കുകയും ചെയ്തു. മുപ്പതിനായിരത്തിലേറെ പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഇവിടുത്തെ സൗകര്യങ്ങള്‍ ഇരട്ടിയായി ക്രമീകരിക്കാന്‍ ട്രംപ് ഭരണകൂടം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനം നടക്കാനിരിക്കെ അണേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെയും ട്രംപ് നാടുകയത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയ ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ തിങ്കളാഴ്ച സൈനിക വിമാനത്തില്‍ തിരിച്ചയച്ചു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയിലെത്തിച്ചേര്‍ന്നിട്ടില്ല. അതിനാല്‍ തന്നെ ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തുടക്കമിട്ടിരിക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റിയോ എന്നും ഇപ്പോള്‍ സംശയമുണ്ട്. ആകെ 15 ലക്ഷം പേരാണ് അനധികൃത കുടിയേറ്റ പട്ടികയിലുള്ളത്.
ഇതില്‍ 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചനകള്‍. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യു.എസില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെയും ലഭ്യമായിട്ടില്ല. വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറയുന്നത്. സാധുവായ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചെത്തുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഉചിതമായത് ചെയ്യുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിലപാട് എടുത്തിരിക്കുന്നത്.
ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി കുടിയേറിയ ആളുകളുമായുള്ള വിമാനം ഇതിനോടകം തന്നെ പുറപ്പെട്ടുകഴിഞ്ഞു. അമേരിക്കയില്‍ നിന്ന് യാത്രാസമയം ഏറ്റവും കൂടുതല്‍ വേണ്ട രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി സുഗമമാക്കുന്നതിനായി ട്രംപ് ഭരണകൂടം യു.എസ് സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ അയയ്ക്കുകയും അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഗ്വാണ്ടനാമോ തടവറയും സജീവമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടാണ് ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ തടവറയായ ഗ്വാണ്ടനാമോ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. അമേരിക്കയുടെ നാവികത്താവളമായ ഗ്വാണ്ടനാമോയില്‍ ഭീകര കുറ്റവാളികള്‍ക്കായി 2002ല്‍ സ്ഥാപിച്ച തടവറയുടെ പേരിലാണ് ഗ്വാണ്ടനാമോ കുപ്രസിദ്ധമാകുന്നത്. 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം അമേരിക്ക കസ്റ്റഡിയിലെടുത്തവരാണ് ഇപ്പോള്‍ ഇവിടുത്തെ അന്തേവാസികള്‍. ഗ്വാണ്ടനാമോയിലെ അതിക്രൂര പീഡനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നിലവില്‍ പതിനഞ്ച് അന്തേവാസികളാണ് ഗ്വാണ്ടനാമോ തടവറയില്‍ ഉള്ളത്. സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണക്കേസിലെ മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് അടക്കമുള്ളവരാണ് നിലവില്‍ ഇവിടെയുള്ളത്.
തീവ്രവാദികളും കുപ്രസിദ്ധ കുറ്റവാളികളുമടക്കം 800 പേര്‍ വരെയുണ്ടായിരുന്ന തടവറയാണിത്. രാജ്യാന്തര നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും എല്ലാം കാറ്റില്‍ പറത്തുന്ന തടവറയാണ് ഗ്വാണ്ടനാമോ എന്നാണ് ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. തടവുകാരെ പീഡിപ്പിക്കുന്നതിന്റെ അന്തമില്ലാത്ത കഥകളായിരുന്നു ഇവിടെ നിന്ന് മുന്‍കാലങ്ങളില്‍ പുറത്ത് വന്നിരുന്നത്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കാന്‍ അമേരിക്ക ഉപയോഗിച്ചിരുന്ന തടങ്കല്‍ പാളയം. 1903ലെ ഒരു കരാര്‍ പ്രകാരം ഹവാനയില്‍ നിന്ന് പാട്ടത്തിനെടുത്ത തെക്കുകിഴക്കന്‍ ക്യൂബയിലെ തീരപ്രദേശത്തുള്ള അമേരിക്കന്‍ നാവിക താവളത്തില്‍ 2002 ജനുവരിയിലാണ് ഗ്വാണ്ടനാമോ ബേ സൈനിക ജയില്‍ തുറക്കുന്നത്.
2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന് ശേഷം അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഭരണത്തിന് കീഴില്‍ ശത്രു പോരാളികള്‍ എന്ന് വിളിക്കുന്ന തടവുകാരെ കൈകാര്യം ചെയ്യുന്നതിനായി ഇവിടെ തടങ്കല്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കുകയായിരുന്നു. ഡെമോക്രാറ്റിക് പ്രസിഡന്റുമാരായിരുന്ന ബരാക് ഒബാമയും ജോ ബൈഡനും ഗ്വാണ്ടനാമോ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഈ നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ ഇന്നും ഗ്വാണ്ടനാമോ പ്രവര്‍ത്തിക്കുന്നു.
പതിറ്റാണ്ടുകളായി അമേരിക്ക കടലില്‍ പിടിച്ച് വച്ച കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ സൈനികത്താവളത്തിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. അതേസമയം ഭീകരവാദം ആരോപിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്നത് ഇതിന് സമീപമുള്ള മറ്റൊരിടത്തായിരുന്നു. ഇവിടെ തടഞ്ഞ് വച്ചിട്ടുള്ള കുടിയേറ്റക്കാരുടെ എണ്ണം വളരെ കുറവാണ്. 2020 മുതല്‍ 2023 വരെ വെറും 37 കുടിയേറ്റക്കാരെ മാത്രമാണ് ഇവിടെ തടവിലാക്കിയിട്ടുള്ളത്. ട്രംപിന്റെ പ്രഖ്യാപനത്തോടെ ഈ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ആരോപിച്ച് ഗ്വാണ്ടനാമോയില്‍ 2002 മുതല്‍ ഏകദേശം 800 പേരെയാണ് തടവിലാക്കിയിരുന്നത്. ഇതില്‍ നിരവധി പേരെ ജോബൈഡന്‍ ഭരണകൂടത്തിന്റെ അവസാനം മോചിപ്പിച്ചു. നിലവില്‍ പതിനഞ്ച് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതില്‍ മൂന്ന് പേരുടെ മോചനത്തിനുള്ള നടപടികള്‍ തുടരുകയാണ്. മറ്റ് മൂന്ന് പേര്‍ മോചനത്തിന് സാധ്യതയുള്ളവരാണ്. ഏഴു പേര്‍ കുറ്റാരോപിതരും. രണ്ടു പേരെ ശിക്ഷിച്ചു. തടവിലാക്കിയ 11 യെമനികളെ അടുത്തിടെ മോചിപ്പിച്ചിരുന്നു.
2001 സെപ്റ്റംബര്‍ 11ന് നടന്ന തീവ്രാദി ആക്രമണത്തിന്റെ സൂത്രധാരന്‍മാരായ നിരവധി പ്രതികളെ ഗ്വാണ്ടനാമോയില്‍ പാര്‍പ്പിച്ചിട്ടുണ്ട്. അവരില്‍ സ്വയം പ്രഖ്യാപിത സൂത്രധാരന്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദുമുണ്ട്. 2000ത്തില്‍ അമേരിക്കന്‍ നാവിക സേനയുടെ മിസൈല്‍ വേധ സംവിധാനമായ യുഎസ്എസ് കോളിന് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അബ്ദുള്‍ റഹീം അല്‍ നഷിരിയും ഇവിടെയുണ്ട്. 2002ല്‍ പിടികൂടിയ അബ്ദുള്‍ റഹീമിനെ 2006ല്‍ ഗ്വാണ്ടനാമോയിലേക്ക് മാറ്റുകയായിരുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുടെ നിരവധി കഥകളാണ് ഗ്വാണ്ടനാമോയില്‍ നിന്ന് പുറത്ത് വരുന്നത്. ഭക്ഷണം നിരസിക്കുന്നവരെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്ന രീതിയാണ് അതിലൊന്ന്. ഇത് ആവശ്യമാണെന്നാണ് അമേരിക്കന്‍ സൈന്യത്തിന്റെ വിശദീകരണം. ഈ പ്രക്രിയയില്‍ തടവിലാക്കപ്പെടുന്നവരുടെ മൂക്കിലേക്കും വയറിലേക്കും ട്യൂബ് കുത്തിക്കയറ്റി പമ്പ് ചെയ്താണ് ഭക്ഷണം നല്‍കുന്നത്. ഏതായാലും നിഗൂഢമായ ഗ്വാണ്ടനാമോ ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.
ഒരു നൂറ്റാണ്ടിലേറെയായി അമേരിക്ക ക്യൂബയില്‍ നിന്ന് പാട്ടത്തിനെടുത്തിട്ടുള്ള ഗ്വാണ്ടനാമോയിലേക്ക് പുത്തന്‍ തടവുകാരെ എത്തിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ക്യൂബ അപലപിച്ചു. ഇത് മൃഗീയ നടപടിയെന്നാണ് പ്രസിഡന്റ് മിഗുവേല്‍ ഡയാസ് കാനല്‍ പ്രതികരിച്ചത്. അനധികൃതമായി കയ്യേറിയ തങ്ങളുടെ സ്ഥലത്താണ് തടവറ സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പീഡനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കേന്ദ്രമായ ഗ്വാണ്ടനാമോയിലേക്ക് അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്നത് തികച്ചും അപലപനീയമാണെന്നാണ് വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് എക്സില്‍ കുറിച്ചത്.
ഒറ്റ നോട്ടത്തില്‍ തലയക്ക് സ്ഥിരതയില്ലാത്ത ഒരു വയസ്സന്‍, എന്നതില്‍ കവിഞ്ഞ് ഡൊണാള്‍ഡ് ട്രംപിനെ വിശേഷിപ്പിക്കാനാവില്ല. ചുണ്ടുകൊണ്ടു ഗോഷ്ടി കാണിച്ചും, മുഖം കോട്ടിയും, വാ പൊളിച്ചുമൊക്കെ പ്രസംഗിക്കുന്ന ട്രംപിന്റെ ഇപ്പോഴത്തെ ഇടപെടലുകള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാം വരവ് വളരെ ഭീകരത നിറഞ്ഞതായിരുന്നു. തെരഞ്ഞെടുപ്പു വേളയില്‍ തനിക്കു നേരെ രണ്ടു തവണയാണ് കൊലപാതക ശ്രമം നടന്നത്. ആദ്യം തല തുളച്ച്‌പോകേണ്ട വെടിയുണ്ട് ചെവിയില്‍ തുളച്ചു കയരുകയും, രണ്ടാമത് അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.
ഇതെല്ലാമായിരിക്കും അദ്ദേഹം പ്രസിഡന്റായതു മുതല്‍ വാശിയോടെ എടുക്കുന്ന തീരുമാനത്തിനു പിന്നില്‍ എന്നു സംശയിച്ചു പോകും. 1946 ജൂണ്‍ 14 ന് ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ മാതാപിതാക്കളായ ഫ്രെഡ് ട്രംപിന്റെയും മേരി ട്രംപിന്റെയും മകനായി ഡൊണാള്‍ഡ് ജെ. ട്രംപ് ജനിച്ചു. അദ്ദേഹത്തിന് മൂന്ന് മൂത്ത സഹോദരന്മാരും ഒരു ഇളയ സഹോദരനുമുണ്ട്. ട്രംപ് ന്യൂയോര്‍ക്ക് മിലിട്ടറി അക്കാദമിയിലും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സ് ആന്‍ഡ് കൊമേഴ്സിലും പഠിച്ചു. പിതാവിന്റെ പാത പിന്തുടര്‍ന്ന്, ട്രംപ് ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായും ബിസിനസുകാരനായും ശ്രദ്ധേയമായ ഒരു കരിയര്‍ ആരംഭിച്ചു. അദ്ദേഹം പതിനാലില്‍ അധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ദി ആര്‍ട്ട് ഓഫ് ദി ഡീല്‍ 1987ല്‍ പ്രസിദ്ധീകരിച്ചു.
2004 മുതല്‍ 2015 വരെ ട്രംപ് ജനപ്രിയ ടെലിവിഷന്‍ ഷോയായ ദി അപ്രന്റീസിനെ അവതാരകനും നിര്‍മ്മാണവും ചെയ്തു. ട്രംപ് 2005ല്‍ മെലാനിയയെ വിവാഹം കഴിച്ചു. അവര്‍ക്ക് ബാരണ്‍ എന്നൊരു മകനുണ്ട്. ട്രംപിന് ഡൊണാള്‍ഡ് ജൂനിയര്‍, ഇവാങ്ക, എറിക്, ടിഫാനി എന്നിങ്ങനെ നാല് മുതിര്‍ന്ന കുട്ടികളുമുണ്ട്. അദ്ദേഹത്തിന് 10 പേരക്കുട്ടികളുണ്ട്. 2015 ജൂണ്‍ 16ന് ട്രംപ് തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. 2016 ജൂലൈയില്‍ ഇന്ത്യാന ഗവര്‍ണര്‍ മൈക്ക് പെന്‍സിനെ റണ്ണിംഗ് മേറ്റായി നിയമിച്ചുകൊണ്ട് അദ്ദേഹം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചു. 2016 നവംബര്‍ 8 ന്, മുന്‍ പ്രഥമ വനിതയും സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലാരി ക്ലിന്റണെ പരാജയപ്പെടുത്തി ട്രംപ് തന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2017 ജനുവരി 20 ന് അദ്ദേഹം അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി സ്ഥാനമേറ്റു.
2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉക്രെയ്നിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് അധികാര ദുര്‍വിനിയോഗം നടത്തിയതിനും പ്രതിനിധി സഭ പുറപ്പെടുവിച്ച ചില സമന്‍സ് ലംഘിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് കോണ്‍ഗ്രസിനെ തടസ്സപ്പെടുത്തിയതിനും 2019ല്‍ യുഎസ് പ്രതിനിധി സഭ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്തു. യുഎസ് സെനറ്റില്‍ നടന്ന ഒരു വിചാരണയില്‍ പ്രസിഡന്റ് തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. 2020ല്‍ വീണ്ടും തിരഞ്ഞെടുപ്പിനുള്ള ശ്രമത്തില്‍ പ്രസിഡന്റ് ട്രംപ്, മുന്‍ വൈസ് പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനോട് പരാജയപ്പെട്ടു.
2021ല്‍, അമേരിക്കന്‍ ഗവണ്‍മെന്റിനെതിരെ കലാപത്തിന് പ്രേരിപ്പിച്ചതിന് പ്രസിഡന്റ് ട്രംപിനെ രണ്ടാമതും യുഎസ് പ്രതിനിധി സഭ ഇംപീച്ച് ചെയ്തു.
യുഎസ് സെനറ്റില്‍ നടന്ന ഒരു വിചാരണയില്‍ പ്രസിഡന്റ് തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. 2024 നവംബറില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ നടന്ന തന്റെ രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപ് വിജയിച്ചു, ഗ്രോവര്‍ ക്ലീവ്ലാന്‍ഡിനു പുറമേ തുടര്‍ച്ചയായി രണ്ട് തവണയല്ലാത്ത പദവികള്‍ വഹിച്ച ഏക പ്രസിഡന്റായി അദ്ദേഹം മാറി. പ്രസിഡന്റ് ട്രംപ് 2025 ജനുവരി 20 ന് വൈറ്റ് ഹൗസില്‍ തന്റെ രണ്ടാം ടേം ആരംഭിച്ചു. വൈസ് പ്രസിഡന്റായി ഒഹായോ സെനറ്റര്‍ ജെഡി വാന്‍സിനൊപ്പം അദ്ദേഹത്തോടൊപ്പം ചേരുന്നു.
CONTENT HIGH LIGHTS; America, while filling the prisons?: The second coming of Donald Trump as a world villain; Proposal to activate detention camps for migrants; Are there any Indians in jail?; What is the history of Guantanamo prison?