മരണത്തെ അതിജീവിച്ച് അമരത്വം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. മലയാളികളുടെ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ്. അതായത്, മറ്റു സംസ്ഥാനത്തുള്ളവരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നവര്‍. മറ്റുള്ളവരെ അപേക്ഷിച്ച് മലയാളികളുടെ അമരത്വമാണിത്. വര്‍ഷം തോറും കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യം കൂടിവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതു പോലും.
2025 ജനുവരിയിലെ കണക്കനുസരിച്ച് കേരളത്തിലെ പുരുഷന്മാര്‍ ശരാശരി 74.39 വയസ്സു വരെ ജീവിക്കും. സ്ത്രീകള്‍ക്ക് ആണെങ്കില്‍ ശരാശരി 79.98 വര്‍ഷവുമാണ് ആയുസ്സ്. കേരളത്തില്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യ നിരക്ക് പുരുഷന്മാരേക്കാള്‍ കൂടുതലാണ്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനമാണ് കേരളം. കേരളം രൂപീകരിച്ചതു മുതല്‍ ആയുര്‍ദൈര്‍ഘ്യ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. 1951 മുതല്‍ 1960 വരെ കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യ നിരക്ക് 48 ആയിരുന്നു.
അക്കാലത്ത് ഇന്ത്യയുടേത് 41 ആയിരുന്നു. വികസിത രാജ്യങ്ങളുടെ മാതൃകയ്ക്ക് തുല്യമാണ് കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യമെന്നും വിലയിരുത്തുന്നു. 2031-35 ആകുമ്പോഴേക്കും കേരളത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 80 കടക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ ആകെ ശരാശരി 77.32 ആയിരിക്കും. ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം 72.9 ആയിരിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-25 ല്‍ കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യം 76.32ഉം ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം 71.01ഉം ആണ്.
അതേസമയം, ലോക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കും വലിയ പ്രത്യേകതയുണ്ട്. അത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ജനതയ്ക്കുള്ള ആയുര്‍ദൈര്‍ഘ്യമാണ്. 1990 ന് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പ്രമുഖ ശാസ്ത്ര ജേര്‍ണലായ ലാന്‍സെറ്റ് നടത്തിയ പഠനത്തില്‍ പറയുന്നു. ലോകമെങ്ങുമുള്ള 200ലേറെ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. 369തരം രോഗങ്ങളും 286 മരണകാരണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു പഠനം. ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 1990ല്‍, 59.6 വയസ്സായിരുന്നു. ഇത് 2019 ആയപ്പോള്‍ 70.8 വയസ്സായി മാറി. കേരളത്തില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും ലാന്‍സെറ്റിന്റെ പഠനത്തിലും പറയുന്നു.
മികച്ച ആരോഗ്യ സംരക്ഷണം, പ്രാഥമിക ആരോഗ്യ സൗകര്യങ്ങള്‍, ഉയര്‍ന്ന സാക്ഷരതാ നിരക്ക്, പോഷകാഹാരം, ശുചിത്വം, ശുദ്ധമായ കുടിവെള്ളം, ശക്തമായ പൊതുവിതരണ സംവിധാനം എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങളാണ് കേരളത്തിന്റെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യത്തിന് പ്രധാന കാരണം. ഇവയെല്ലാം ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കുകയും ജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
കേരളം നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിലൂടെ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആരോഗ്യം സംരക്ഷിക്കുന്നു. ഇത് മൊത്തത്തിലുള്ള മരണനിരക്ക് കുറയ്ക്കുകയും ആയുസ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 1956 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ മരണനിരക്ക് കുറയ്ക്കുന്നതില്‍ പ്രത്യേക ഇടപെടല്‍ നടത്തി വരുന്നുണ്ട്. ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ കുറിച്ച് പഠനം നടത്തിയ ഗവേഷകര്‍ കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തെ പ്രശംസിച്ചിരുന്നു. ‘പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കി വരുന്ന മികച്ച വൈദ്യ പരിചരണവും, 1956-ല്‍ സംസ്ഥാനം രൂപീകൃതമായതിനുശേഷം അവതരിപ്പിച്ച ശുദ്ധജലം, സാനിറ്ററി സൗകര്യങ്ങള്‍, കാര്യക്ഷമമായ പൊതുവിതരണ സംവിധാനം തുടങ്ങിയ മറ്റ് പദ്ധതികളുമാണ് കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണം.
കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് നല്‍കുന്ന വാക്സിനേഷന്‍, പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള വൈദ്യസഹായം, പ്രസവാനന്തരം, മാതൃ, ശിശു സംരക്ഷണം തുടങ്ങിയ പ്രാഥമിക ആരോഗ്യ സേവനങ്ങളും, ആരോഗ്യത്തെക്കുറിച്ചുള്ള പൊതുവായ അവബോധം വളര്‍ത്തുന്നതും കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിന് കാരണമായെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് സെന്ററുകള്‍, വിദ്യാഭ്യാസ മേഖല, എല്ലാവര്‍ക്കും പൊതുജനാരോഗ്യം ലഭ്യമാക്കുന്ന പദ്ധതികള്‍, സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ്, പ്രസവത്തിനു മുമ്പും പ്രസവത്തിനു ശേഷവുമുള്ള സേവനങ്ങള്‍ ലഭ്യമാക്കല്‍ എന്നിവ ശ്രദ്ധേയമായ ഘടകങ്ങളാണ്.
അതേസമയം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലോക രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാലവും ജീവിക്കുന്നുണ്ടെങ്കില്‍ അത് രോഗങ്ങളും അവശതകളും പേറിയാണെന്ന് പഠനത്തില്‍ പറയുന്നു. രക്തസമ്മര്‍ദ്ദം, പുകയില ഉപയോഗം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ രോഗകാരണങ്ങളാണ് ഇതിനു കാരണമായി പറയുന്നത്. എന്നാല്‍, പകര്‍ച്ചവ്യാധികളുടെ എണ്ണം കുറഞ്ഞു എന്നതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആരോഗ്യരംഗത്തുണ്ടായിട്ടുള്ള പ്രധാന പുരോഗതി. ഇന്ത്യയില്‍ പ്രസവത്തെ തുടര്‍ന്നുള്ള മരണ നിരക്ക് വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കുറഞ്ഞു. ഹൃദയസംബന്ധിയായ അസുഖങ്ങള്‍ അഞ്ചാം സ്ഥാനത്തായിരുന്നു. അതിപ്പോള്‍ ഒന്നാം സ്ഥാനത്താണ്. കാന്‍സര്‍ രോഗങ്ങളും വല്ലാതെ കൂടിയിട്ടുണ്ട്.
തെക്കനേഷ്യന്‍ രാജ്യങ്ങളിലെ അനാരോഗ്യത്തിനും മരണത്തിന് ഇപ്പോള്‍ കാരണമാകുന്നത് പകര്‍ച്ചവ്യാധികളല്ലാത്ത മരണങ്ങളാണ്. എന്നാല്‍ അതല്ലായിരുന്നു 30 വര്‍ഷം മുമ്പുള്ള അവസ്ഥ. അന്ന് ഇവിടങ്ങളിലെ കൂടിയ മരണനിരക്കിന് കാരണമായത് പകര്‍ച്ചാവ്യാധികളും മാതൃശിശു മരണങ്ങളും പോഷകക്കുറവ് മൂലമുള്ള രോഗങ്ങളുമായിരുന്നു. ഇന്ത്യയില്‍ ഇന്ന് മൊത്തം രോഗബാധിതരില്‍ 58 ശതമാനത്തിന്റെ അസുഖവും പകര്‍ച്ചവ്യാധികള്‍ മൂലമുള്ളതല്ല. 1990ല്‍ ഇത് 29 ശതമാനമായിരുന്നു. പകര്‍ച്ചാവ്യാധികള്‍ മൂലമല്ലാത്ത അകാല മരണങ്ങള്‍ 22 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഇക്കാലയളില്‍ രാജ്യത്ത് വര്‍ധിക്കുകയും ചെയ്തു.
ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ കൂടുതല്‍ പേരുടേയും മരണത്തിനിടയാക്കിയത് ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളാണെന്നും പഠനം പറയുന്നു. 2019ല്‍ രാജ്യത്തെ ജനങ്ങളുടെ മരണകാരണമായ അഞ്ചു പ്രശ്‌നങ്ങളെ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ മുന്നില്‍ അന്തരീക്ഷ മലിനീകരണമാണ്. രണ്ടാം സ്ഥാനത്ത് രക്തസമ്മര്‍ദ്ദവും മൂന്നാംസ്ഥാനത്ത് പുകയില ഉപയോഗവുമാണ്. നാലും അഞ്ചും സ്ഥാനത്തുള്ള മരണകാരമായേക്കാവുന്ന പ്രശ്‌നങ്ങള്‍ അപര്യാപ്തമായ ഭക്ഷണവും പ്രമേഹവുമാണ്.
CONTENT HIGH LIGHTS; Malayalees achieving immortality: Kerala’s life expectancy increases year by year; Malayalis live longest in India; Kerala is far ahead of the national average: What is the reason for the increase in life expectancy?